
83-ാം വയസ്സിലും അഭിനയത്തിന്റെ പുതിയ അധ്യായവുമായി എത്തുകയാണ് പ്രേം പ്രകാശ്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'കോട്ടയം ബെൽറ്റ്' എന്ന ചിത്രത്തിൽ അദ്ദേഹത്തിന് വൈദികന്റെ വേഷമാണ്. കോട്ടയം സ്വദേശിയായ പ്രേം പ്രകാശ് നാടിന്റെ പേരുള്ള ഒരു സിനിമയിൽ എത്തുന്നതും കൗതുകമുണർത്തുന്നു. ചിത്രീകരണം പുരോഗമിക്കുന്ന 'കോട്ടയം ബെൽറ്റ്' 2026ൽ തിയറ്ററുകളിലെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. തൃശൂർ, കൊച്ചി, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്.
മലയാള സിനിമയിൽ അരനൂറ്റാണ്ടിലേറെയായി അഭിനയത്തിലും നിർമാണത്തിലും അദ്ദേഹം ശ്രദ്ധേയമായ സാന്നിധ്യമാണ്. 1968ൽ 'കാർത്തിക' എന്ന ചിത്രത്തിനായി യൂസഫലി കേച്ചേരി രചിച്ച് എം.എസ്. ബാബുരാജ് ഈണമിട്ട 'കാർത്തികനക്ഷത്രത്തെ' എന്ന ഗാനം പിന്നണി പാടിയാണ് ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം. 1970ൽ വിഖ്യാത സംവിധായകൻ കെ.എസ്. സേതുമാധവന്റെ 'അരനാഴികനേരം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും തുടക്കം കുറിച്ചു.
1979ൽ പത്മരാജന്റെ ആദ്യ സംവിധാന ചിത്രമായ 'പെരുവഴിയമ്പലം' നിർമിച്ചുകൊണ്ടാണ് നിർമാണരംഗത്തേക്ക് കടന്നത്. പിന്നീട് 'കൂടെവിടെ', 'ആകാശദൂത്', 'ജോണി വാക്കർ', 'എന്റെ വീട് അപ്പൂന്റേം', 'അയാളും ഞാനും തമ്മിൽ' തുടങ്ങി 19 സിനിമകൾ നിർമിച്ചു. 'പെരുവഴിയമ്പലം', 'കൂടെവിടെ', 'ആകാശദൂത്', 'എന്റെ വീട് അപ്പൂന്റേം' എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ ഇടംനേടുകയും ദേശീയതലത്തിൽ അംഗീകാരം നേടുകയും ചെയ്തു. 'അയാളും ഞാനും തമ്മിൽ' സംസ്ഥാന അവാർഡിനും അർഹമായി.

ടെലിവിഷൻ നിർമാണരംഗത്തും പ്രേം പ്രകാശിന്റെ സംഭാവന സ്തുത്യർഹമാണ്. അദ്ദേഹം നിർമ്മിച്ച 'അവസ്ഥാന്തരം', 'അവിചാരിതം', 'ആഗ്നേയം' എന്നീ സീരിയലുകൾ മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള സംസ്ഥാന പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടി.
പ്രേം പ്രകാശ് നിർമിച്ച ചിത്രങ്ങളിലൂടെ പത്മരാജന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. സിബി മലയിലിനും ലാൽ ജോസിനും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിലേക്കുള്ള വഴിയൊരുങ്ങിയതും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്. അശോകൻ, ബിജു മേനോൻ, റഹ്മാൻ തുടങ്ങിയ നായകതാരങ്ങളുടെ വളർച്ചയ്ക്കും സുഹാസിനി, എൻ.എഫ്. വർഗീസ് തുടങ്ങിയവരുടെ മുന്നേറ്റത്തിനും അദ്ദേഹത്തിന്റെ നിർമാണസംരംഭങ്ങൾ വേദിയായി. സംഗീതസംവിധായകൻ എ.ജെ. ജോസഫിന്റെ വളർച്ചയ്ക്കും പ്രേം പ്രകാശ് നിർമിച്ച ചിത്രങ്ങൾ നിർണായകമായി.
നടനെന്ന നിലയിൽ നൂറോളം സിനിമകളിലും 25 സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'ഒരിടത്തൊരു ഫയൽവാൻ', 'കൂടെവിടെ', 'ജോണി വാക്കർ', 'നിർണായകം', 'ചിന്താമണി കൊലക്കേസ്', 'ഇവിടം സ്വർഗ്ഗമാണ്' തുടങ്ങിയ സിനിമകളിലെയും 'അവിചാരിതം', 'സ്വപ്നം', 'അൽഫോൻസാമ്മ' തുടങ്ങിയ സീരിയലുകളിലെയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2016ൽ 'നിർണായകം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏഷ്യാനെറ്റ്, ഹെൻകോ, ഫിലിം ക്രിട്ടിക്സ്, ഫിലിംഫെയർ പുരസ്കാരങ്ങൾക്കും മികച്ച സീരിയൽ നടനുള്ള സംസ്ഥാന പുരസ്കാരത്തിനും പത്മരാജൻ പ്രതിഭാ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.
അഭിനയത്തിലെ വ്യത്യസ്തതയും കഥാപാത്രങ്ങളെ സ്വാഭാവികമായി അവതരിപ്പിക്കുന്ന ശൈലിയുമാണ് പ്രേം പ്രകാശിന്റെ പ്രത്യേകത. സഹോദരനും മലയാള സിനിമയിലെ പ്രമുഖ നടനുമായ ജോസ് പ്രകാശിന്റെ സ്വാധീനവും സിനിമയോടുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിൽ പ്രധാനമായിരുന്നു. തലമുറകളിലെ പ്രമുഖ അഭിനേതാക്കളുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ആസിഫ് അലിയും ജിസ് ജോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കോട്ടയം ബെൽറ്റ്'. 'കിഴക്കൻ മലയോര മേഖലയിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ ഒരുക്കുന്ന കുടുംബ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സുരേഷ് ഗോപാലാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ബോബി-സഞ്ജയ് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകുന്നു.
ആസിഫ് അലിക്കൊപ്പം വിജയരാഘവൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, വിഷ്ണു അഗസ്ത്യ, ബോബി കുര്യൻ, അശോകൻ, ഫർഹാൻ ഫാസിൽ, ശ്രുതി രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അലൻസിയർ, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, വിനീത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി.ആർ. ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിനേന്ദ്ര മേനോൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു.
'പ്രകാശവർഷങ്ങൾ' എന്ന ആത്മകഥ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിട്ടയേഡ് ഇംഗ്ലീഷ് പ്രഫസറും കോട്ടയം ബി.സി.എം. കോളജ് അധ്യാപികയുമായ ഡെയ്സി ലൂക്കാണ് ഭാര്യ. പ്രമുഖ തിരക്കഥാകൃത്തുക്കളായ ഡോ. ബോബി-സഞ്ജയ്, തങ്കം എലിസബത്ത് എന്നിവരാണ് മക്കൾ.
സിനിമയിലെ വിവിധ മേഖലകളിൽ അഞ്ച് പതിറ്റാണ്ടിലേറെ സജീവമായ പ്രേം പ്രകാശ്, പുതിയ തലമുറയിലെ താരങ്ങൾക്കൊപ്പം 83-ാം വയസ്സിലും ക്യാമറയ്ക്കു മുന്നിൽ സജീവമായി തുടരുകയാണ്. 'കോട്ടയം ബെൽറ്റിലെ വൈദികവേഷം അദ്ദേഹത്തിന്റെ അഭിനയയാത്രയിലെ മറ്റൊരു ശ്രദ്ധേയമായ ഏടാകുമെന്നാണ് പ്രതീക്ഷ.