Image

നേപ്പാളിന് വീണ്ടും വൻ പ്രളയ മുന്നറിയിപ്പുമായി ചൈന; ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം

Published on 27 August, 2026
നേപ്പാളിന് വീണ്ടും വൻ പ്രളയ മുന്നറിയിപ്പുമായി ചൈന; ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ  നിർദ്ദേശം

കാഠ്മണ്ഡു [നേപ്പാൾ]: ലെൻഡെ നദിയുടെ മേൽഭാഗത്തുണ്ടായ തടസ്സത്തെതുടർന്ന് രൂപപ്പെട്ട തടാകം പൊട്ടി ഭോട്ടേകോശി നദിയിൽ വീണ്ടും വൻ പ്രളയത്തിന് സാധ്യതയെന്ന്  നേപ്പാളിന് മുന്നറിയിപ്പ്. നദീതീരങ്ങളിൽ താഴെയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങളും ബന്ധപ്പെട്ട ഏജൻസികളും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും  അതീവ ജാഗ്രത പാലിക്കാനും ദേശീയ ദുരന്ത അപകടസാധ്യത ലഘൂകരണ പ്രതികരണ അതോറിറ്റി (NDRRMA) മുന്നറിയിപ്പ് നൽകി .

ചൈനയിൽ നിന്നുള്ള വിവരങ്ങൾ നേപ്പാൾ വിദേശകാര്യ മന്ത്രാലയം വഴി ലഭിച്ചതായി  നേപ്പാളിലെ ഹൈഡ്രോളജി ആൻഡ് മെറ്റീരിയോളജി വകുപ്പിന്റെ ഫ്ലഡ് ഫോർകാസ്റ്റിംഗ് ഡിവിഷൻ പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പ് പറയുന്നു.  ബുധനാഴ്ച വൻ നാശനഷ്ടമുണ്ടാക്കിയ മിന്നൽ പ്രളയമുണ്ടായ സ്ഥലത്ത്  നദി തടസ്സപ്പെട്ട് തടാകം രൂപപ്പെട്ടിരിക്കുന്നതായും തടാകത്തിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അത് പൊട്ടാൻ സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.

"ഈ സാഹചര്യത്തിൽ, തുടർന്നുള്ള അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഭോട്ടേകോശി നദിയുടെ താഴ്ന്ന തീരങ്ങളിൽ താമസിക്കുന്നവർ, യാത്രക്കാർ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങി ബന്ധപ്പെട്ട എല്ലാവരും പ്രത്യേക ജാഗ്രത പുലർത്താനും നദീതീരങ്ങളിലും  അപായസാധ്യതയുള്ള പ്രദേശങ്ങളിലും  നിന്നും മാറി സുരക്ഷിത  സ്ഥലങ്ങളിൽ തുടരണമെന്നും  ഹൈഡ്രോളജി ആൻഡ് മെറ്റീരിയോളജി വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.

രസൂവഗധി അതിർത്തിയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ മുകളിലായി ലെൻഡെ നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെന്നും 0.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തടാകം രൂപപ്പെട്ടിട്ടുണ്ടെന്നും  മറ്റൊരു വൻ പ്രളയത്തിന് സാധ്യതയുള്ളതിനാൽ, താഴ്ന്ന തീരപ്രദേശങ്ങളിലുള്ള ബന്ധപ്പെട്ട എല്ലാവരും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അതീവ ജാഗ്രത പാലിക്കാനും അഭ്യർത്ഥിക്കുന്നു," NDRRMA വ്യക്തമാക്കി.

ഭോട്ടേകോശി നദിയിൽ വൻ നാശനഷ്ടം  വിതച്ച പ്രളയം ഉണ്ടായി തൊട്ടടുത്ത ദിവസമാണ് ഈ മുന്നറിയിപ്പ്. പ്രളയത്തിൽ വ്യാപകമായ ജീവഹാനിയും വസതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

ദ് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ബുധനാഴ്ചയുണ്ടായ വിനാശകരമായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ 359 ആയി ഉയർന്നു. നേപ്പാളിലെ എട്ട് ജില്ലകളിൽ നിന്ന്  മൃതദേഹങ്ങൾ  കണ്ടെടുത്തു .

പോലീസും മറ്റ് സുരക്ഷാ ഏജൻസികളും പ്രളയ ബാധിത ജില്ലകളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ഒപ്പം വീണ്ടും പ്രളയസാധ്യത നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കാണാതായവർക്കായുള്ള തിരച്ചിലിനും അവശിഷ്ടങ്ങളും വെള്ളപ്പൊക്ക നാശനഷ്ടങ്ങളും കാരണം അടഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുമായി അധികൃതർ പ്രാദേശിക ജനപ്രതിനിധികളുമായും നിവാസികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക