
ഹേവാർഡ്, കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (MANCA) സംഘടിപ്പിച്ച ഏറ്റവും വലിയ ഓണാഘോഷത്തിന് ഹേവാർഡിലെ ഷുബോ കോളേജ് (Chabot College) വേദിയായി. കേരളത്തിന്റെ സംസ്കാരം, പാരമ്പര്യം, ഭക്ഷണം, സംഗീതം, ഒരുമയുടെ കരുത്ത് എന്നിവ വിളിച്ചോതിയ ആഘോഷത്തിൽ 1,750-ലധികം 'മങ്ക' കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്തു. നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ ഓണാഘോഷമായി പരിപാടി ശ്രദ്ധേയമായി.
കേരളീയ സംസ്കാരത്തിന്റെ വൈവിധ്യവും പാരമ്പര്യവും വിളിച്ചോതിയ പരമ്പരാഗത ആഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള വിവിധ വിനോദങ്ങൾ എന്നിവയോടെ അവിസ്മരണീയ അനുഭവമായി 'മങ്ക' യുടെ ഓണാഘോഷം.

'മങ്ക' പ്രസിഡന്റ് പദ്മപ്രിയ പാലോട്ടിന്റെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വവും ദീർഘവീക്ഷണവുമാണ് ഈ വൻ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ഒരുമിപ്പിച്ച് ആവേശകരമായ ആഘോഷം സംഘടിപ്പിക്കാൻ സഹായകമായത് .
മനോഹരമായി ഒരുക്കിയ പൂക്കളം ആഘോഷങ്ങൾക്ക് നിറപ്പൊലിമ പകർന്നു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കേരളത്തിന്റെ തനത് ഓണാവേശം പുനഃസൃഷ്ടിച്ച മാവേലിയുടെ പ്രൗഢമായ വരവേൽപ്പ് സമ്മേളനസ്ഥലമാകെ ആവേശത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു.
ഫ്രീമോണ്ട് മേയർ രാജ് സൽവാൻ മുഖ്യാതിഥിയായിരുന്നു. ആനന്ദ് കുചിഭോട്‌ല, അജയ് ബുട്ടോറിയ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. 'മങ്ക' യും വടക്കൻ കാലിഫോർണിയയിലെ പൊതുസമൂഹവും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ഉദാഹരണമായിരുന്നു അവരുടെ സാന്നിധ്യം.

'മങ്ക' ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം വാഴയിലയിൽ വിളമ്പിയ 27 വിഭവങ്ങൾ അടങ്ങിയ പരമ്പരാഗത ഓണസദ്യയായിരുന്നു. 'സിനോയ്‌സ് കിച്ചൺ' (Sinoy’s Kitchen) ഒരുക്കിയ സദ്യയിൽ കേരളത്തിന്റെ തനിമയാർന്ന രുചികൾ അതിഥികൾക്ക് ഒരുമയോടെ ആവോളം ആസ്വദിക്കാൻ കഴിഞ്ഞു.
സദ്യ ആസ്വദിക്കുന്നതിനൊപ്പം തത്സമയ ചെണ്ടമേളവും അരങ്ങേറി. കൂടാതെ സദ്യാ വേളയിൽ 'മങ്ക' യിലെ പ്രതിഭാധനരായ ഗായകർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചതും ആഘോഷങ്ങൾക്ക് കൂടുതൽ ഉത്സവച്ഛായ നൽകി.

സദ്യയ്ക്കും മാവേലിയുടെ എഴുന്നള്ളത്തിനും പിന്നാലെ കമ്യൂണിറ്റിയിലെ പ്രതിഭാധനർ പങ്കെടുത്ത വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി. കുട്ടികളും യുവാക്കളും കുടുംബങ്ങളും വിവിധ സാംസ്‌കാരിക സംഘങ്ങളും പരിപാടികളിൽ പങ്കെടുത്തു. മലയാളി കമ്യൂണിറ്റിയുടെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു കലാപ്രകടനങ്ങൾ. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം സമകാലിക കലാപ്രകടനങ്ങളും വേദിയിലെത്തി.
ഓണം മുഴുവൻ സമൂഹത്തിന്റെയും ആഘോഷമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മങ്ക കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ കളികളും വിനോദപരിപാടികളും ഒരുക്കിയിരുന്നു. ഔട്ട്ഡോർ പരിപാടികൾ ആഘോഷത്തിൽ പങ്കെടുത്തവർക്ക് സൗഹൃദവും ബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള അവസരമായി.
സ്പോൺസർമാരുടെയും കമ്യൂണിറ്റിയുടെയും പിന്തുണ ഓണം 2026 വിജയകരമാക്കുന്നതിൽ നിർണായകമായി.

ഓണം 2026-ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഗ്രാൻഡ് സ്പോൺസർമാർ- ഷൈജു വർഗീസ്, മന്നി ജോഹൽ, പ്ലാറ്റിനം സ്പോൺസർമാർ- വിപിൻ സറാഫ്, എഡ് തിയറി (Ed Theory), ഗോൾഡ് സ്പോൺസർ- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിങ്ങനെ ആഘോഷങ്ങൾക്ക് ഉദാരമായ പിന്തുണ നൽകിയ എല്ലാ സ്പോൺസർമാർക്കും മങ്ക നന്ദി അറിയിച്ചു.
ജോൺ പോൾ വർക്കി, സുനിൽ വർഗീസ്, ജാക്സൺ പൂയപ്പാടം, ദേവി ഗിരീഷ് എന്നിവരായിരുന്നു ഇവന്റ് കോ ഓർഡിനേറ്റേഴ്സ്. ഭക്ഷണം തയ്യാറാക്കൽ, വിതരണം, രജിസ്ട്രേഷൻ, സ്റ്റേജ് മാനേജ്മെന്റ്, കായിക മത്സരങ്ങൾ, ഗ്രൗണ്ട് ഏകോപനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച എണ്ണമറ്റ വോളന്റീയേഴ്സ്സിന്റെ നിസ്വാർത്ഥ സേവനം പരിപാടിയെ വൻ വിജയമാക്കുന്നതിൽ നിർണായകമായി .

1,750-ലേറെ ആളുകളുടെ പങ്കാളിത്തത്തോടെ MANCA ഓണം 2026 നോർത്തേൺ കാലിഫോർണിയയിലെ മലയാളി സമൂഹത്തിന്റെ ശക്തിയും ഐക്യവും വിളിച്ചോതുന്ന ശ്രദ്ധേയ ആഘോഷമായി മാറി.
അതിശയിപ്പിക്കുന്ന പൂക്കളവും മാവേലിയുടെ പ്രൗഢമായ വരവേൽപ്പും, ചെണ്ടമേളവും, പരമ്പരാഗത ഓണസദ്യയും, ഓണപ്പാട്ടുകളും, കലാപരിപാടികളും കുടുംബവിനോദങ്ങളും ഒത്തുചേർന്നപ്പോൾ ഒരുമയും പാരമ്പര്യവും സന്തോഷവും ഒത്തുചേർന്ന കേരളത്തിന്റെ തനത് ഓണാനുഭവമാണ് ഹേവാർഡിൽ സൃഷ്ടിക്കപ്പെട്ടത്.
ഓണം ഒരു ആഘോഷം മാത്രമല്ലെന്നും മലയാളി കമ്യൂണിറ്റിയുടെ ഒരുമയുടെയും പാരമ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണെന്നും MANCA ഓണം 2026 വീണ്ടും ഓർമ്മിപ്പിച്ചതിൽ സംഘാടകർ സന്തോഷം അറിയിച്ചു .
പരിപാടി വിജയകരമാക്കാൻ സഹകരിച്ച അതിഥികൾ, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ, കലാകാരന്മാർ, സംഘാടകർ, പങ്കെടുത്തവർ, മുഴുവൻ മലയാളി സമൂഹം എന്നിവർക്കും മങ്ക ഹൃദയപൂർവം നന്ദി അറിയിച്ചു.