Image

പൂവേ, പൂക്കാലമേ (രമാ പിഷാരടി)

Published on 27 August, 2026
പൂവേ, പൂക്കാലമേ (രമാ പിഷാരടി)

ജാലകം ഞാൻ തുറന്ന് വയ്ക്കുന്നു

 പൂക്കളെ പൂവിളികൾ തുടങ്ങാം

യാത്ര പോയവരെല്ലാം വരാനായ്

 കാത്തിരിക്കുന്നു ഗ്രാമമുറ്റങ്ങൾ

 

ശോകമിറ്റുന്ന ഭൂതായനങ്ങൾ

മേഘമെല്ലൊമൊഴിഞ്ഞൊരാകാശം

ദീപമൊന്നായ് തെളിച്ചത് പോലെ

പൂവുകളുണ്ട് പൂക്കളച്ചേലിൽ

 

തുമ്പ പൂവിട്ടു, പൂവരശ്ശാകെ

വിൺവെളിച്ചം പകർത്തിവയ്ക്കുന്നു

അമ്മ വന്ന് വിളിക്കുന്ന പോലെ

മണ്ണിനുണ്ടാത്മസ്പർശസുഗന്ധം

 

മൂവടിയാരളന്ന് തീർക്കുന്നു

ആരെഴുതുന്നൊരോണഗാനങ്ങൾ

ദൂരെ, ദൂരെ സുതലതലത്തിൽ

സ്നേഹസങ്കീർത്തനത്തിൻ്റെ ഭാഷ

 

കായലിൽ ജലാഘോഷം കഴിഞ്ഞ്

പോകയാണ് കടലിൻ്റെ മക്കൾ

വന്നതോണക്കഥയുടെ  പുള്ളോൻ

നന്മ പാടും കുടം വീണയുമുണ്ട്

 

ആർപ്പുഘോഷങ്ങളോണത്തിനുള്ളിൽ

തീക്കനൽ പോൽ ജ്വലിച്ച് നിൽക്കുന്നു

പച്ചിലച്ചാർത്തിനക്കരെ നിന്ന്

ഉച്ചയൂണിനിലയിട്ടു സൂര്യൻ
 

Join WhatsApp News
Jayan Varghese 2026-08-27 23:36:09
‘ പച്ചിലച്ചാർത്തിനക്കരെ നിന്ന് ഉച്ചയൂണിനിലയിട്ടു സൂര്യൻ ‘ എത്രമേൽ ആകർഷകവും കാല്പനികവുമായ വരികൾ ! കവിതയെന്നാൽ ആനമുട്ടയോ അമ്പഴങ്ങയോ എന്നറിയാത്ത ഒരു സമൂഹത്തിൽ പെയിന്റടിച്ച പുറം തോടിലെ തിളക്കത്തിനാണ് പ്രാധാന്യം. സ്വന്തം ജീവിതത്തിന്റെ മൃദുലതയിൽ നീറ്റൽ ഉണ്ടാക്കുന്ന മണൽത്തരിയെ ആത്മാവിൽ നിന്നുള്ള സ്രവം കൊണ്ട് പൊതിഞ്ഞ് മുത്തുകളാക്കുന്ന ചിപ്പികളെപ്പോലെ യഥാർത്ഥ കവികൾ ജീവിക്കുന്നു. അവരെ കല്ലെറിഞ്ഞ് വീഴിക്കുന്നവർ ഒഴിഞ്ഞു പോകുമ്പോൾ അവരെറിഞ്ഞ കല്ലുകൾ വഴിയരികിൽ കാത്തുകിടന്നു നാളെ അവർക്കു വേണ്ടി പാടും ! ജയൻ വർഗീസ്.
josecheripuram 2026-08-28 00:09:05
simple and beautiful. "Upamalgaram".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക