
ശ്രദ്ധേയനായ മലയാളി എഴുത്തുകാരനാണ് ജോണ്‍ ഇളമത. കാനഡയില്‍ താമസിച്ചുകൊണ്ടാണ് ഇദ്ദേഹം മലയാളത്തില്‍ മികവുറ്റ കൃതികള്‍ സമ്മാനിക്കുന്നത്. 'ജീവിക്കാന്‍ മറന്നുപോയവര്‍' എന്ന ഈ നോവല്‍ പൂര്‍ണ്ണമായും കനേഡിയന്‍ പശ്ചാത്തലാണ് രചിക്കപ്പെട്ടിരിക്കുന്നതെങ്കിലും മധ്യതിരുവിതാംകൂറിലെ ചില കുടുംബങ്ങളുടെ കാനഡയിലെ ജീവിതമാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യാവസ്ഥയുടെ ദാരുണതകളും നിസ്സഹായതയുമാണ് ഈ നോവലിന്റെ ആന്തരികശ്രുതി. മനുഷ്യബന്ധങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമൊക്കെയാണ് കഥാഗതിയെ നിയന്ത്രിക്കുന്നത്.

കേരളത്തില്‍ നിന്ന് അതിജീവനത്തിനായി വടക്കേ അമേരിക്കയിലെ കാനഡയിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളികളുടെ ജീവിതത്തെ ആധാരമാക്കിയ രചനയാണിത്. അവരുടെ ആദ്യകാല കുടിയേറ്റത്തിനിടയില്‍ നേരിടേണ്ടി വന്ന നിരവധിയായ ജീവിത സംഘര്‍ഷങ്ങളെ വളരെ വ്യക്തമായി ചിത്രീകരിക്കുന്നു.
വളരെയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ഈ രചനയുടെ സംഭവപരമ്പരകള്‍ ആകാംക്ഷാജനകമാണ്. സ്വദേശത്തും, കുടിയേറിയ പുതിയ ദേശത്തും നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന, അവരുടെ സുഖ ദുഃഖങ്ങളും വ്യഥകളും സത്യസന്ധമായി ഈ നോവലില്‍ ഉടനീളം പ്രതിഫലിക്കുന്നു.
എല്ലാ മനുഷ്യരും സ്നേഹം തന്നെയാണ് തേടുന്നത്. ആ തേടലില്‍ ചിലപ്പോള്‍ വെളിച്ചം കടന്നു വന്നേക്കാം. ചിലപ്പോഴോ ഇരുട്ടില്‍ തപ്പി സ്നേഹം കിട്ടാതെ ഒടുങ്ങുകയും ചെയ്യും. പണത്തോടുള്ള ആര്‍ത്തി മനുഷ്യരുടെ തകര്‍ച്ചയ്ക്ക് മാത്രമേ കാരണമാവൂ എന്ന് ഈ നോവല്‍ കാര്യകാരണ സഹിതം പറയുന്നു.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലാണ് അമേരിക്കന്‍ വന്‍കരയിലേക്ക് മലയാളികളുടെ കൂട്ടമായ കുടിയേറ്റം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഇവിടെ എത്തിയവരുടെ കണ്ണീരിന്റെ നനവിലേക്കും, അവരുടെ കഠിനാധ്വാനത്തിന്റെ തീവ്രതയിലേക്കും ഈ നോവല്‍ ഇറങ്ങിച്ചെല്ലുന്നു. അവരില്‍ ഒട്ടേറെപ്പേര്‍, സ്വപ്നങ്ങള്‍ കണ്ണീരില്‍ കുതിര്‍ത്ത് കടന്നുപോയവരും ഇവിടെ ഇച്ഛാഭംഗത്തോടെ ശേഷിക്കുന്നവരുമാണ്. ഇവരെപ്പറ്റിയുള്ള ഒരു നേര്‍ക്കാഴ്ചയാണിത്.

ആറ് മലയാളി നേഴ്സുമാര്‍ ഒരുമിച്ച് കപ്പലില്‍ കാനഡയില്‍ എത്തി, അവരിലൂടെയാണ് കഥ മുന്നേറുന്നത്. ആദ്യം അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയ നേഴ്സുമാര്‍ നിശ്ശ്ബ്ദമായി കരഞ്ഞിട്ടുണ്ട്. അതിശൈത്യവും അപരിചിതമായ സംസ്കാരവും അവരെ തളര്‍ത്തിയില്ല. അവരുടെ കണ്ണുനീരിന്റെ ഉപ്പ് ഇനിയും ഉണങ്ങിയിട്ടില്ല. എങ്കിലും ശമ്പളം കിട്ടിയ ഡോളര്‍ രൂപയിലേക്ക് മാറ്റിയപ്പോള്‍ നാടും വീടുമൊക്കെ പുരോഗമിച്ചതുകൊണ്ട് നേഴ്സിങ്ങ് എന്ന തൊഴിലിന്റെ മാഹാത്മ്യം വര്‍ദ്ധിച്ചു.
ഇവിടെ ആദ്യമെത്തിയ വിദ്യാസമ്പന്നര്‍, ഇവിടെ ജീവിക്കാന്‍ മറന്നു എന്ന ഈ നോവലിലൂടെ പറയുന്ന സത്യം നമ്മെ അമ്പരിപ്പിച്ചേക്കാം. ഇംഗ്ളീഷ് സാഹിത്യത്തില്‍ എം. എ. ബിരുദമുള്ള സണ്ണി കാനഡയില്‍ എത്തുന്നത് അന്നക്കുട്ടി എന്ന നേഴ്സിന്റെ ഭര്‍ത്താവായിട്ടാണ്. അവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഉണ്ടായി.
തന്റെ ഇംഗ്ളിഷിലെ ബിരുദാനന്തരബിരുദം കൊണ്ട് വലിയ കാര്യമില്ലെന്ന് മനസ്സിലാക്കിയ സണ്ണി ആശാരിപ്പണി, കൊല്ലപ്പണി, പ്ളംബിങ്ങ്, ഇലക്ട്രിക് വയറിംഗ്, പ്ളാനിങ്ങ്, ആര്‍കിടെക്റ്റ് തുടങ്ങി കുറേ ജോലികള്‍ ചെയ്തുപഠിച്ചു. കാനഡയില്‍ സണ്ണി ചെറിയ കോണ്ട്റാക്റ്റുകള് എടുത്ത് ചെയ്യുകയും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുകയും ചെയ്തു. ലാഭക്കൊതി വന്നപ്പോള്‍ പണത്തിന്റെ പിന്നാലെ ഓടി. അതോടെ കുടുംബ ജീവിതം തകര്‍ന്നു. അവസാനം അവര്‍ ഇരുവരും പിരിഞ്ഞു.

അന്നക്കുട്ടി നാട്ടില്‍ നിന്നും മറ്റൊരു ചെറുപ്പക്കാരനെ ഭര്‍ത്താവായി കൊണ്ടുവന്നു. അധികം താമസിക്കാതെ അവന് അന്നക്കുട്ടിയെ ചതിച്ച് എങ്ങോട്ടോ പോയി. കാന്‍സര്‍ ബാധിച്ചാണ് അന്നക്കുട്ടിയുടെ ജീവിതം അവസാനിക്കുന്നത്. സമ്പത്തിലൂടെ ജീവിതം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുമെങ്കിലും അതിനുവേണ്ടിയുള്ള ഓട്ടത്തില്‍ ജീവിക്കാന്‍ മറന്നു പോയി.

പിന്നീട് സണ്ണിയുടെ ജീവിതത്തിലേക്ക് ചിന്നമ്മ കടന്നുവരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് സണ്ണിയെ സമ്പന്നനാക്കി. ചിന്നമ്മയുടെ പിന്‍ബലമാണ് സണ്ണിക്ക് കരുത്തായത്. പക്ഷേ ശാന്തി മാത്രം അയാള്‍ക്ക് കിട്ടിയില്ല. സണ്ണിയ്ക്ക് ചിന്നമ്മയില്‍ മക്കളും ഉണ്ടായിരുന്നില്ല.
സണ്ണിയുടെ മൂത്തമകള്‍ ലെസ്ബിയന്‍ വിവാഹത്തിലേക്ക് നിങ്ങുന്നതിലൂടെ പരമ്പരാഗത മൂല്യസങ്കല്പങ്ങള് തകിടം മറിയുന്നു. മകനാകട്ടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു നാശത്തിലേക്ക് പോകുന്നു.
യൗവനത്തില്ന്റെയും ചോരത്തിളപ്പിന്റെയും തിളപ്പില്‍ ഓടുമ്പോള്‍ രോഗവും വാര്‍ദ്ധക്യവും മരണവും കാത്തിരിപ്പുണ്ടെന്ന് മനുഷ്യന് ഓര്‍ക്കാറില്ല. തികച്ചും മനുഷ്യ കേന്ദ്രീകൃതമാണ് ഈ നോവല്‍. മറ്റുള്ളവരെ സഹായിക്കുന്നതു നല്ല പ്രവര്‍ത്തി തന്നെ. പക്ഷേ ചതിക്കുഴികളില്‍ വീഴാതെ നമ്മള് ജാഗരൂകരായിരിക്കണം. അതുപോലെ ഓരോരുത്തരും സ്വയം ജീവിക്കണം. ജീവിക്കാന്‍ മറന്നു പോകരുത് എന്ന സന്ദേശവും ദുഃഖ പര്യവസായി ആയ ഈ നോവലില്‍ ജോണ്‍ ഇളമത വരച്ചു കാട്ടുന്നു.
ഇദ്ദേഹത്തിന്റെ ചരിത്ര നോവലുകളും ഏറെ പ്രശസ്തമാണ്. മലയാളത്തില്‍ ആധുനികതയുടെ ഭാഗമായാണ് ഇളമതയുടെ കൃതികള്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പി. സുരേന്ദ്രന് അവതാരികയില്‍ പറഞ്ഞിരിക്കുനു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 148 പേജുകളിലായി മുപ്പത്തിയൊന്ന് അദ്ധ്യായങ്ങളുള്ള ഈ നോവലിന്റെ വില 260 രൂപയാണ്.
ജോണ്‍ ഇളമത (ഓന്ടാറിയൊ, കാനഡ)
1944 ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറില്‍ ജനനം. 1973 മുതല്‍ 1984 വരെ ജര്‍മ്മനിയില്‍. 1984 ല്‍ കാനഡയിലേക്ക് കുടിയേറി. ഹൈസ്ക്കൂള് വിദ്യാഭാസകാലം മുതലെ എഴുതിയിരുന്നു. ജര്‍മ്മനിയിലും സാഹിത്യ പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. ജര്‍മ്മനിയിലെ 'എന്റെ ലോകം' എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ പതിവായി എഴുതിയിരുന്നു.
ഇപ്പോള്‍ കാനഡയില്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അവിടെയുള്ള ഭാഷാസ്നേഹികളെയെല്ലാം ചേര്‍ത്ത് സഹൃദയവേദി എന്ന സംഘടന രൂപീകരിച്ചു. ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ സാഹിത്യ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തി.
തൊലിക്കട്ടി, എനിവെ യുവര്‍ വൈഫ് ഈസ് നൈസ്, അച്ചായന് അമേരിക്കയില്‍ എന്നീ ഹാസ്യചിത്രീകരണങ്ങളും, അഷ്ടപഞ്ചമി യോഗം, ബന്ധനങ്ങള്‍ എന്നീ നാടകങ്ങളും, സ്വയംവരം എന്ന കഥാസമാഹാരവും, മന്നാപൊഴിയുന്ന മണ്ണില്‍, മനസ്സറിയാതെ, മനസ്സിന്റെ മന്ത്രങ്ങള്‍, മോശ, സോദോം ഗോമോറ, നെന്മാണിക്യം, ബുദ്ധന്, സോക്രട്ടീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, മേപ്പിള്‍മരങ്ങളില്‍ മഞ്ഞു വീഴുമ്പോള്‍, കഥപറയുന്ന കല്ലുകള്‍, ഫ്ളൂ, മരണമില്ലാത്തവരുടെ താഴ്വര, ബുദ്ധന് (ഇംഗ്ളീഷ്), ദി ജേര്‍ണി (ഇംഗ്ളീഷ്) എന്നീ നോവലുകളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ :- ആനിമ്മ, മക്കള്‍ :- ജിനോ, ജിക്കു
email :- elamathail@gmail.com