Image

ഓണം എന്റെ ഓർമ്മയിൽ (എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്)

Published on 27 August, 2026
ഓണം എന്റെ ഓർമ്മയിൽ (എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്)

ഓണം ഇന്ന് കേരളത്തിൻ്റെ അതിരുകൾ കടന്ന് വിദേശങ്ങളിലേക്കു ചേക്കേറിയിരിക്കയാണ്. ഓർമ്മകൾ ചിറകുവിരിച്ച് ദശകങ്ങൾക്കപ്പുറത്തേക്കു പറക്കുകയാണ്. ഹിന്ദു, മുസ്‌ലീം, ക്രൈസ്‌തവ സാഹോദര്യത്തിൻ്റെ സമ്മേളനം പതിരില്ലാതെ വിരിഞ്ഞു നിന്നിരുന്ന എന്റെ ഗ്രാമീണ ശാന്തിയിൽ ക്രിസ്‌ത്‌മസ്, വിഷു, ഓണം എന്നിവ എൻ്റെ നാടിൻ്റെ പൊതുവായ ഉത്സവങ്ങളായി ആഘോഷിച്ചിരുന്നത് നിറപ്പകിട്ടോടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

വർഷത്തിലൊരിക്കൽ വീടും പരിസരവും വെടിപ്പാക്കി, പുന്നെല്ലിൻ അരിയൊരുക്കി, ഉള്ളവനും ഇല്ലാത്തവനും വേൺതെല്ലാം അടുത്തുകുട്ടി, പുത്തൻ കോടി വാങ്ങി, സർവ്വം മറന്ന്, എണ്ണതേച്ചു കുളിച്ച്, ഓണക്കോടിയുടുത്ത്, നിലത്തു വിരിച്ച പായയിലിരുന്ന് തൂശനിലയിൽ വിവിധയിനം പച്ചക്കറി വിഭവങ്ങൾ, പായസം ഒക്കെക്കുട്ടിയുള്ള ഊണും, അതിനുശേഷം കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർ വിവിധ തരം കളികളിൽ ഏർപ്പെടുന്നതും, മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിലാട്ടവും എല്ലാം മറവിയുടെ മാറാല മായിച്ചുവെങ്കിലും ഓർമ്മയുടെ ചെപ്പിൽ നിറതിരിയായി നിലകൊള്ളുന്നിന്നും.

വീടുനിറയെ കുട്ടികളുൺടായിരുന്നിടത്ത് ഇന്ന് ഒന്നോ രൺടോ കുട്ടികൾ. അവരും പുറംനാടുകളിലാണിന്ന്. വീടുകളെല്ലാം ആളില്ലാതെ അടച്ചു പൂട്ടിക്കിടക്കുന്നിടത്ത് ഓണം എവിടെ ഒരുങ്ങാനാണ്. പ്രായമായ മാതാപിതാക്കൾ പൺടത്തെ ഓർമ്മകളിൽ മുഴുകി കഴിയുന്നു. കേരളത്തിനു പുറത്താണ് ഇന്നു് ഓണം പൊടിപൊടിക്കുന്നത്. തിരുവോണം മുതൽ എത്ര ഓണാഘോഷങ്ങളും ഓണ സദ്യകളും !. അനേകം സംഘടനകൾ, ഓരോ സംഘടനയും മത്സരിച്ചാണ് ആഘോഷം. നമ്മുടെ മാതാപിതാക്കളും പ്രിയപ്പെവരും സോദരരുമൊത്ത് പങ്കിട്ടിരുന്ന നാളുകൾ, അവരുടെ ഓർമ്മകളിൽ നമ്മൾ ആ സ്നേഹം തളിർപ്പിക്കുന്നു. ഞാനിന്ന് ഏകാന്ത പഥികയാകിലും എൻ്റെ പ്രിയതമനുമൊത്ത് ഓണം ആഘോഷിച്ചിരുന്നത് മറവിയിൽ മായ്ക്കാതെ മക്കളും സോദരരും പ്രിയപ്പെട്ടവരുമൊത്ത് വാഴയിലയിൽ ഓണ സദ്യ ഒരുങ്ങാറുൺട്. ആരോഗ്യം അനുവദിക്കും വരെ നടത്തണമെന്ന ആഗ്രഹമുൺട്. ഈ ശനിയാഴ്‌ചയാണ് എൻ്റെ ഓണസദ്യ, വരുന്നോ ?

ഓണം വന്നോണം വന്നോണം വന്നേ വീൺടും 

ഓർമ്മയിലിന്നും മങ്ങാത്തൊരാദിനം 

ഓർമ്മയിൽ നിറദീപമായി തെളിച്ചിടാം 

ഓർമ്മിക്കട്ടെന്നും പിൻ തലമുറ യീദിനം.


സന്തോഷവും ശാന്തിയും നിറഞ്ഞ തിരുവോണാശംകൾ !!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക