
ശങ്കരൻചേട്ടൻ്റെ മകൻ പക്കാ റൗഡിയാണ്.
പൂരത്തിനും പെരുന്നാളിനും ചന്തയിലും കവലയിലും കള്ളുഷാപ്പിലും എന്നല്ല നാലാളു കൂടുന്നേടത്തെല്ലാം അവൻ നിത്യേന മൂന്നും നാലും ചിലപ്പോൾ അഞ്ചും ആറും അടിപിടികളുണ്ടാക്കും.
പോലീസ് കേസും നാട്ടുകാരുടെ പരാതികളുമായി ശങ്കരേട്ടൻ പൊറുതിമുട്ടി.
എന്തു പറഞ്ഞിട്ടും ചെക്കൻ അടങ്ങിയില്ല.
പ്രശ്നത്തിന് ഒരു പോംവഴിയെന്തെന്ന് ആരായാനായി, സ്ഥലം മുൻകാല റൗഡിയും ഇപ്പോൾ സമാധാനശീലനുമായി കഴിഞ്ഞുവരുന്നവനുമായ തെമ്മാടി തോമസുകുട്ടിയുടെ അപ്പൻ
കൊച്ചാപ്പുച്ചേട്ടനെ കാണാനായി ശങ്കരേട്ടൻ പുറപ്പെട്ടു.
കൊച്ചാപ്പുച്ചേട്ടൻ പറഞ്ഞു: പറഞ്ഞിട്ട് അടങ്ങ്ണില്ലെങ്ങെ നിയ്യ് കൊറച്ചുനാള്
മിണ്ടാണ്ടിരിയ്ക്ക്.
തന്നെ ശര്യായിക്കോളും.
അതെങ്ങനെ ?
എൻ്റെ ചെക്കനും ഈ പറഞ്ഞ മാര്യാർന്നൂന്ന് നിനക്കറിയാലോ....!
പത്തുരണ്ടായിരം സ്ഥലത്ത് അവൻ അടിണ്ടാക്കീട്ട്ണ്ട്.
എല്ലാത്തിലും അവൻതന്ന്യാ ജയിച്ചേർക്ക്ണേ....
എന്നുവച്ചാലും പത്ത് കൊടുക്കുമ്പൊ
അഞ്ച് ഇങ്ങ്ട്കിട്ടാണ്ടിരിയ്ക്കില്ലല്ലോ....
കൊടുത്ത പത്ത് പലര്ക്കായിട്ടാ...
പലര്ടയ്ക്കന്നായി കിട്ടിയ അഞ്ചെണ്ണം ഇവൻ്റെ ഒരേഒരു ശരീരത്തിലാ.....
അപ്പ 5 x 2000 = 10000
പതിനായിരം ഇടി ഒന്നിച്ചല്ലെങ്കിലും ഒരാള്ടെ ശരീരത്തീവീണാ എങ്ങനി ണ്ടാവും?
അവനിപ്പൊ മര്യാദക്കാരനാ.....!
തിണ്ണേമെ ചൊമച്ച്തുപ്പി ഇരിപ്പിലാ...!!
ആര്ക്കും ഒരു ഉപദ്രവോം ഇല്ല്യ.
കൊറച്ച് കഴീമ്പൊ നിൻ്റെ ചെക്കനും അതേമാര്യായിക്കോളും.
അതാണ് ഇടിയുടെ ഗണിതശാസ്ത്രം!!!
***ശുഭം.***