
തിരുവനന്തപുരം: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് അടിയന്തിര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി വിഡി സതീശൻ്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. നോർക്ക ഗ്ലോബൽ കോണ്ടാക്‌ട് സെൻ്റർ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി എൻ ആർ കെ ഡെവലപ്മെൻ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ
നോർക്ക റൂട്ട്സ് (NORKA Roots): ടോൾ ഫ്രീ നമ്പർ (ഇന്ത്യയിൽ നിന്ന്): 18004253939
വിദേശത്തു നിന്നുള്ള മിസ്‌ഡ് കോൾ നമ്പർ: +91-8802012345
മുഖ്യമന്ത്രിയുടെ ഓഫീസ് : 9447111844, 9747132147
കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി: +977 985 131 6807, +977 970 910 7500
ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ

ദുരന്തത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്നതിനായി എംബസിയുടെ പ്രത്യേക സംഘം രംഗത്തുണ്ട്.
ടിബറ്റൻ അതിർത്തി മേഖലയിൽ നിന്ന് ഇരച്ചെത്തിയ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ സംസ്ഥാന സർക്കാർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിവരുന്നു. നേപ്പാളിൽ ടൂറിസത്തിനായോ തീർത്ഥാടനത്തിനായോ പോയ ബന്ധുക്കളെക്കുറിച്ച് വിവരമില്ലെങ്കിൽ ഉടൻ തന്നെ നോർക്ക ഹെൽപ്പ് ലൈനിലോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് പി ആർ ഒ അനിൽ ഭാസ്‌കർ അറിയിച്ചു.