Image

ഓർമ്മകളിലെ ഓണം... ആ പഴയ നാട്ടിൻപുറത്തേക്ക് ഒരു തിരിഞ്ഞുനോട്ടം (സ്മിതാ സോണി, ഒർലാൻഡോ)

Published on 26 August, 2026
ഓർമ്മകളിലെ ഓണം... ആ പഴയ നാട്ടിൻപുറത്തേക്ക് ഒരു തിരിഞ്ഞുനോട്ടം (സ്മിതാ സോണി, ഒർലാൻഡോ)

ഓണം എന്ന് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ തെളിയുന്നത് ആ പഴയ ഗ്രാമവഴികളും, തുമ്പപ്പൂവിന്റെ മണവും, മുറ്റത്തെ പൂക്കളവും, ഓണക്കാലത്തെ ആ നിഷ്കളങ്കമായ സന്തോഷങ്ങളുമാണ്.
“എടീ... നാളെ ഓണമല്ലേ? പൂക്കളം ഇടാൻ പൂ പറിക്കാൻ രാവിലെ നേരത്തെ വരണേ!"
“ആഹാ... നീ വന്നില്ലെങ്കിലും ഞങ്ങൾ പൂക്കളം ഇട്ടോളും കേട്ടോ!"
“എന്നാൽ നോക്കട്ടെ... ആരുടെ പൂക്കളമാണ് ഏറ്റവും ഭംഗിയെന്ന്!"
അങ്ങനെ ചെറിയ ചെറിയ വാശികളും കളിയാക്കലുകളുമായി ഞങ്ങൾ കൂട്ടുകാരൊക്കെ പുലർച്ചെ തന്നെ പറമ്പിലേക്കും തൊടിയിലേക്കും ഓടും. തുമ്പപ്പൂവും മുക്കുറ്റിയും തെച്ചിയും ചെമ്പരത്തിയും ശേഖരിച്ച്, കിട്ടിയ പൂക്കളെല്ലാം ഒരു ചെറിയ കൊട്ടയിൽ നിറച്ച് വീട്ടുമുറ്റത്തേക്ക് തിരിച്ചെത്തും.
അപ്പോഴേക്കും അമ്മയുടെ വിളി കേൾക്കും...
“മക്കളേ... ആദ്യം കുളിച്ചിട്ട് വാ. പൂക്കളുമായി ആകെ ചെളിയാക്കിയല്ലോ!"
ഓണക്കാലമായാൽ ആദ്യം ഓർമ്മ വരുന്നത് വീട്ടുമുറ്റത്തെ വലിയ മാവിൻമരമാണ്. അതിന്റെ ഉറപ്പുള്ള കൊമ്പിൽ കയർ കെട്ടി ഉണ്ടാക്കിയ ആ നാട്ടിൻപുറത്തെ ഊഞ്ഞാൽ! ആരാദ്യം ആടും എന്നതായിരുന്നു വലിയ പ്രശ്നം.
“എടാ, ആദ്യം ഞാൻ! ഇന്നലെ നീയല്ലേ ഒരുപാട് നേരം ആടിയത്!"
“ഇല്ല, ആദ്യം ഞാൻ കയറി ഇരുന്നു... അതുകൊണ്ട് ആദ്യം എന്റെ ഊഴം!"
ഒരാൾ ഊഞ്ഞാലാടുമ്പോൾ മറ്റുള്ളവർ പിന്നിൽ നിന്ന് ശക്തിയായി തള്ളും.
“പതുക്കെ തള്ളടാ... വീഴും!"
“പേടിക്കണ്ട, ഞാൻ പിടിച്ചോളാം!"
ആകാശത്തേക്ക് ഉയർന്ന് പറക്കുന്നതുപോലെ തോന്നിയിരുന്ന ആ ഊഞ്ഞാലിലെ സന്തോഷം... ഇന്ന് എത്ര വലിയ സൗകര്യങ്ങൾ ഉണ്ടായാലും തിരികെ കിട്ടാത്ത ഒന്നാണ്.
കളികളായിരുന്നു അന്നത്തെ ഓണത്തിൻ്റെ ഏറ്റവും വലിയ ആഘോഷം!
അടുക്കളയിൽ നിന്ന് അപ്പോഴേക്കും അമ്മൂമ്മയുടെ ശബ്ദം:
“ഇന്നെന്താ സദ്യയ്ക്കു്? പായസം ഉണ്ടാകുമോ?"
“ഉണ്ടാകും... പക്ഷേ ആദ്യം എല്ലാവരും കയ്യും മുഖവും കഴുകി വന്നേ പറ്റൂ!"

തിരുവോണ ദിവസം രാവിലെ പുതിയ വസ്ത്രം ധരിച്ച് അച്ഛനോടൊപ്പം കവലയിലേയ്ക്ക്പോകുന്നതും, വഴിയരികിലെ വീടുകളിലെല്ലാം പൂക്കളങ്ങൾ നോക്കി നിൽക്കുന്നതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
"വാ മക്കളേ, സദ്യയ്ക്ക് നേരമായി... ഇല ഇട്ടിട്ടുണ്ട്!"
എന്ന് അമ്മ വിളിക്കുമ്പോൾ, കോലായിൽ ഓടിക്കയറി ചമ്രം പിടിച്ചു ഊണിനിരിക്കും. ചോറും പരിപ്പും നെയ്യും, സാമ്പാറും അവിയലും തോരനും പുളിശ്ശേരിയും കാളനും ഓലനും... അവസാനം പായസവും.
വയറു നിറഞ്ഞാലും അമ്മ വീണ്ടും ചോദിക്കും:
“കുറച്ചുകൂടി പായസം വേണോ?"
"വേണ്ടമ്മേ... വയറ് നിറഞ്ഞു!"
സദ്യകഴിഞ്ഞു നാട്ടിലെ കുട്ടികളും മുതിർന്നവരും ഒത്തുകൂടും. നാട്ടിലെ വായനശാലയോടു ചേർന്നുള്ള ആർട്സ് ആൻഡ് സ്പോർട്‌ക്ലബിൻ്റെ ഓണാഘോഷപരിപാടിയും മത്സരങ്ങളും ആസ്വദിയ്ക്കാൻ.കസേരകളി തുടങ്ങി കഴിഞ്ഞാൽ പിന്നെ ചിരിയുടെ പൊടിപൂരമായിരിക്കും. പാട്ട് നിൽക്കുമ്പോൾ കസേരയ്ക്കായി എല്ലാവരും ഓടും!
“അയ്യോ... കസേര പോയി!"
അടുത്ത ഐറ്റം മെമ്മറി ടെസ്റ്റ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആർക്കാണ് കൂടുതൽ ഓര് മശക്തിയെന്നു തെളിയിക്കാനുള്ള മത്സരമാണ്. മുന്നിൽ വച്ചിരിക്കുന്ന സാധനങ്ങൾ ശ്രദ്ധിച്ച് നോക്കി, പിന്നീട് ഓർത്തെടുത്ത് പറയണം. “അവിടെ ഒരു സ്പൂൺ ഉണ്ടായിരുന്നു... ഒരു പേന... പിന്നെ എന്തായിരുന്നു?" അയ്യോ, അത് മറന്നല്ലോ! ഏറ്റവും കൂടുതൽ സാധനങ്ങൾ കൃത്യമായി എഴുതിയവരാവും വിജയിക്കുന്നത്.
അടുത്തത് കലം തല്ലിപൊട്ടിക്കൽ കളി!
കണ്ണ് കെട്ടി, കയ്യിൽ വടി നൽകി, ചുറ്റും കറക്കി വിട്ടാൽ പിന്നെ കാണേണ്ട കാഴ്ച തന്നെ!"ഇടത്തോട്ട്! ഇടത്തോട്ട്!"
അല്ലല്ല... വലത്തോട്ട്!"
"അവിടെ അല്ലെടാ... മുന്നിൽ!"
ആരെയാണ് വിശ്വസിക്കേണ്ടതെന്ന് അറിയാതെ പാവം കളിക്കാരൻ!
പിന്നെ ചീട്ടുകളി, മിടായി പെറുക്കൽ, പാട്ടു മത്സരം, കവിതാപാരായണം, ചാക്കിലോട്ടം, സൂചിയും നൂലും കോർക്കൽ, ഫാൻസി ഡ്രസ്സ് എന്ന് വേണ്ട മത്സരങ്ങളുടെ പെരുമഴ. ഇന്നത്തെ പല പ്രമുഖരും തങ്ങളുടെ കഴിവുകൾ പൊടി തട്ടിയെടുത്തത് ഇത്തരംവേദികളിലൂടെയാണ്.
ഓണക്കാലത്ത് നാട്ടുവഴിയിലൂടെ പുലിക്കളി വരുമ്പോൾ കുട്ടികൾക്ക് അതൊരു വലിയ കാഴ്ചയായിരുന്നു. ചെണ്ടയുടെ താളം ദൂരെ നിന്ന് കേൾക്കുമ്പോഴേക്കും എല്ലാവരും ഓടിയെത്തും.
“പുലി വരുന്നുണ്ടേണ്ട... വാ വാ!"
ചെണ്ടമേളത്തിനൊപ്പം ചുവടുവച്ച് വരുന്ന പുലികളെ നോക്കി കണ്ണെടുക്കാൻ പോലും തോന്നില്ലായിരുന്നു.

സ്ത്രീകൾ വട്ടമിട്ട് നിന്നുകൊണ്ട് തിരുവാതിരപ്പാട്ടിൻ്റെ ഈണത്തിൽ ചുവടുവയ്ക്കുന്ന കാഴ്ചയും ഓണക്കാലത്തിന്റെ മറ്റൊരു മനോഹരമായ ഓർമ്മയാണ്.
“തിരുവാതിര തുടങ്ങിക്കഴിഞ്ഞു... വാ, നമുക്കും കാണാൻ പോകാം!" സെറ്റും മുണ്ടുമുടുത്തു തലയിൽ മുല്ലപ്പൂവും ചൂടിയ സുന്ദരിമാരുടെ പാട്ടും കൈകൊട്ടും ചുവടുകളും ചേർന്ന ആ അന്തരീക്ഷത്തിൽ ഒരു പ്രത്യേക ഐശ്വര്യം തന്നെ ഉണ്ടായിരുന്നു.
ഇന്നത്തെ ഓണം... ഇന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം അമേരിക്കയിൽ ജീവിക്കുമ്പോൾ, ഓണം മറ്റൊരു രീതിയിലാണ് നമ്മളിലേക്ക് എത്തുന്നത്. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾ-വലിയ വേദികൾ, മനോഹരമായ പൂക്കളങ്ങൾ, ഓണസദ്യ, കലാപരിപാടികൾ, തിരുവാതിര, പുലിക്കളി, സംഗീതം, നൃത്തം, സൗഹൃദ സംഗമങ്ങൾ... എല്ലാം ചേർന്ന് ഒരു വലിയ കേരളത്തെ തന്നെ ഇവിടെ പുനർസൃഷ്ട‌ിക്കുന്നതുപോലെ തോന്നും.
നമ്മുടെ കുട്ടികൾക്ക് ഈ ആഘോഷങ്ങളിലൂടെ കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്താനും, നമ്മളെല്ലാവർക്കും സ്വന്തം നാടിൻ്റെ ഓർമ്മകൾ വീണ്ടും ജീവിക്കാനും കഴിയുന്നു.
എങ്കിലും...എത്ര വലിയ വേദികളിൽ ഓണം ആഘോഷിച്ചാലും, എത്ര മനോഹരമായ പരിപാടികൾ കണ്ടാലും, മാവിൻകൊമ്പിൽ കയർ കെട്ടിയുണ്ടാക്കിയ ആ ഊഞ്ഞാലിൻ്റെ ആട്ടവും, കൂട്ടുകാരോടൊപ്പമുള്ള ആ ചെറിയ ചെറിയ കളികളും, നാട്ടുവഴിയിലെ ചിരികളും, അമ്മയുടെ കൈയിലെ സദ്യയും തന്നെയാണ് മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞിരിക്കുന്നത്.
അമേരിക്കയിലെ ഈ മാസങ്ങളോളം നീളുന്ന ഓണാഘോഷങ്ങൾ നമ്മെ സന്തോഷിപ്പിക്കുമ്പോഴും, ബാല്യത്തിലെ ആ ലളിതമായ ഓണത്തിൻ്റെ ഓർമ്മകൾക്ക് പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല.
കാലം മാറി... ദേശം മാറി... ജീവിതം മാറി... പക്ഷേ ആ പഴയ ഓണം നമ്മുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. കാരണം ചില ഓർമ്മകൾക്ക് കാലപ്പഴക്കം ഉണ്ടാകില്ല... അവ നമ്മുടെ ഹൃദയത്തിൽ എന്നെന്നും ഒരു പൊന്നോണം പോലെ നിലനിൽക്കും.
ഓണം വരുമ്പോഴെല്ലാം ഞാൻ ആഘോഷിക്കുന്നത് ഇന്നത്തെ ഓണം മാത്രമല്ല... എൻ്റെ ബാല്യത്തിലെ ആ പഴയ ഗ്രാമത്തെയും, ആ മനുഷ്യരെയും, ആ കളികളെയും, ആ നിഷ്കളങ്കമായ സന്തോഷങ്ങളെയും കൂടിയാണ്.
കാലം കടന്നുപോയാലും... മാവിൻകൊമ്പിലെ ആ ഊഞ്ഞാലിൽ മനസ്സ് ഇന്നും പതുക്കെ ആടിക്കൊണ്ടിരിക്കുന്നു... ഓണം കഴിഞ്ഞാലും ഓർമ്മകൾക്ക് ഒരിക്കലും തിരശ്ശീല വീഴില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക