Image

തിരുവോണ രാത്രിയിൽ (സുധീർ പണിക്കവീട്ടിൽ)

Published on 26 August, 2026
തിരുവോണ രാത്രിയിൽ (സുധീർ പണിക്കവീട്ടിൽ)

മുറ്റത്തെ മുല്ലപ്പൂക്കൾക്കെന്തൊരു മണമെന്നു 
ഉറക്കെ പറഞ്ഞപ്പോൾ ഉണർന്നു നിശീഥിനി 
പൂനിലാച്ചിരി പൊഴിച്ചവളങ്ങഴകോടെ 
ചൊല്ലിയെൻ കാതിൽ നന്ദി മന്ത്രങ്ങൾ പ്രേമാർദ്രമായി
സ്വാഗതം കവേ ! നിൽക്കു ഇത്തിരി നേരം കൂടി 
മാലോകർ പറയാത്ത സത്യങ്ങൾ പറയാനായി 
കവിയെന്നെന്നെ നിശാസുന്ദരി വിളിച്ചപ്പോൾ 
സർഗ്ഗസങ്കല്പങ്ങളിൽ മുഴുകി നിന്നു ഞാനും 
ഓണത്തിനുഞ്ഞാൽ കെട്ടിയാടുമെൻ അയൽക്കാരി 
എന്നുടെ നിൽപ്പിൽ പന്തി കേടുണ്ടന്നൂഹിച്ചാവാം 
അവൾ തൻ ആട്ടം നിന്നു, അവളോ മറയുന്നു 
നിറയുന്നെൻറെ മനം കാവ്യ സമ്പാദ്യങ്ങളാൽ
തിളങ്ങും നിലാവുമാ രാത്രി തന്നടക്കവും 
കോൾമയിർക്കൊള്ളിച്ചെന്നെ അവിടെ നിർത്തിപ്പോയി 
ഹൃദയം തുടികൊട്ടി, പാടുവാനറിയാതെ 
വാക്കുകൾക്കായി മനക്കോട്ട ഞാൻ കെട്ടീടവേ
നിത്യതാരുണ്യം വാരി പുതച്ച രജനിയെൻ 
മാനസം മയക്കുമൊരുന്മാദ ഗീതം മൂളി 
ആ വരിയുരുവിട്ടിട്ടത്യന്താഹ്ളാദത്തോടെ 
വിസ്മൃതനാകുമ്പോളെൻ ഭാര്യ തൻ നിഴലാട്ടം
കളഭകുറിയിട്ട് കാർക്കൂന്തൽ മാടിക്കെട്ടി 
ചുറ്റിലും കണ്ണോടിച്ചിട്ടലസം ചോദിച്ചവൾ 
പൂക്കളും നിലാവുമീ രാവിന്റെ സൗന്ദര്യവും 
നിത്യവും നുകർന്നിട്ടും മതിയാകുന്നില്ലയോ  
അപ്പഴുതയലത്തെ ഊയലാട്ടുകാരിയും 
എത്തി നോക്കുന്നു ജന്നൽ പാളികൾ തുറക്കുന്നു  
പരദാരത്തിൻ പാതിവൃത്യത്തിൻ കറക്കമാണ-
ന്യനെ ശങ്കിച്ചവർ ചഞ്ചലരായീടുന്നു
പ്രിയതൻ മുഖം മങ്ങി മ്ലാനയായവളെന്തോ
പറയാൻ ഭാവിച്ചത് വിഴുങ്ങികളയവേ  
അയൽക്കാരി വീണ്ടുമാ ജാലകപാളിക്കുള്ളിൽ 
നയനം ഉടക്കുന്നു വെരുകായ് പരതുന്നു
പതിയെ അറിയുന്നോൾ പരസ്ത്രീ കാണിക്കുന്ന 
പുച്ഛമാം നാട്യം കണ്ടു രസിച്ച് ചിരി തൂകി 
അയക്കാരിക്കൊരൽപ്പം സന്തോഷം പകരുവാൻ 
ഇങ്ങനെ പറഞ്ഞവൾ ഉച്ചത്തിൽ, അന്നാദ്യമായി
പൂച്ചയെപോൽ നിലാപാൽ നക്കി കുടിക്കുന്നോ 
കണ്ണടിച്ചിരുട്ടാക്കാൻ കവികൾ മിടുക്കന്മാർ 
ഇതിനാണല്ലേ മുല്ല പൂക്കൾ തൻ പേരും ചൊല്ലി 
നിത്യവും രാവിൽ തിരിമാലിയാം അങ്ങെത്തുന്നു.
ശുഭം
 

Join WhatsApp News
Josecheripuram 2026-08-26 15:29:19
പലർക്കും സംഭവിച്ചിട്ടുള്ള, അല്ലെങ്കിൽ സംഭവിക്കാൻ സാധ്യത ഉള്ള ഒരു സംഭവമാണ്, അയൽക്കാരിയെ ഒളികണ്ണാൽ നോക്കുക, ആസ്വാദ്യമായ കവിത വളരെ ഭംഗിയായി കവിയിലെ കള്ള കാമുകൻ തടി തപ്പുന്നു. I enjoyed it.A good treat for Onam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക