Image

"ഓ അതു വല്ല ഉറുമ്പും കടിച്ചതായിരിക്കും ചേച്ചീ.." : പി.സീമ

Published on 25 August, 2026
"ഓ അതു വല്ല ഉറുമ്പും കടിച്ചതായിരിക്കും ചേച്ചീ.."  : പി.സീമ

വർഷങ്ങൾക്കു മുൻപ് ഒരു ഉത്രാട നാളിൽ കറിക്കരിയുമ്പോൾ വിജയ പറഞ്ഞു. അവളായിരുന്നു അന്നെന്റെ സഹായി. ഞാൻ കൈയിൽ തോളിനു താഴെ കണ്ട കുമിളയെ നോക്കി. ഉറുമ്പ് കടിച്ചു ആർക്കെങ്കിലും കുമിള വന്ന ചരിത്രം അതു വരെ കേട്ടിട്ടില്ല. എന്തായാലും അന്ന് വീട്ടിൽ വന്ന വിരുന്നുകാർക്ക് ആഹാരം കൊടുത്ത്‌ അവർ പോയിക്കഴിഞ്ഞു വൈകുന്നേരം ആയപ്പോൾ ഉത്രാട പ്പാച്ചിലിനു ശേഷം ടി വി യിൽ അക്കരെ അക്കരെ അക്കരെ എന്ന സിനിമ കാണാൻ എല്ലാരും നിരന്നിരുന്നു. ഞാനും. സിനിമ തുടങ്ങി അല്പം കഴിഞ്ഞപ്പോൾ ഭീകരമായ ഒരു തണുപ്പ് വന്ന് എന്നെ പൊതിഞ്ഞു. പൊള്ളുന്ന പനിയും..ഞാൻ സിനിമ വിട്ട് എണീറ്റു അകത്തു പോയി കിടന്നു. അപ്പോൾ വേറൊരു കുമിള ചെവിക്കു പിന്നിലും രൂപപ്പെട്ടിരുന്നു അദ്ദേഹം വന്നു കാര്യം തിരക്കിയപ്പോൾ ഞാൻ കുമിളകൾ കാണിച്ചു കൊടുത്തു .

"സംശയിക്കേണ്ട ഇത് മറ്റേ സംഭവം തന്നെ ആണ്. വീട്ടിൽ പോകാം വേഗം റെഡി ആയിക്കോ "എന്ന് ആൾ പറഞ്ഞു.

അങ്ങനെ ഉത്രാടനാളിൽ ഓർക്കാപ്പുറത്തു വീട്ടിൽ എത്തി. അവിടെ വന്നു വിളയാടിയ കുമിളകൾ ശമിച്ചിരുന്നു. ഇഞ്ചിക്കറി വെയ്ക്കാൻ ഒരുക്കം തുടങ്ങിയ അമ്മ എന്നെ നോക്കി കുമിളകൾ കണ്ടു. ഗോവണിമുറിയിലെ കട്ടിലിൽ ഞാൻ പോയി കിടന്നു. തലവേദനയെ തോൽപ്പിക്കാൻ ഒരു Calpol എടുത്തു തലയണയ്ക്കരികിൽ വെച്ചു കിടന്നു. അങ്ങനെ ഓണക്കാലം കഴിഞ്ഞു. കഞ്ഞിയും ചുട്ട പപ്പടവും കഴിച്ചു മടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുറ്റത്തു നിന്നൊരു കുഞ്ഞു ശബ്ദവും കാൽ പെരുമാറ്റവും കേട്ടു

"എനിക്കും വന്നു കുമിള." നോക്കിയപ്പോൾ അദ്ദേഹത്തിന്റെ കൈപിടിച്ച് വരുന്നു അഞ്ചു വയസ്സുള്ള ചെറിയ മോൻ. ഏറെ നാൾ കൂടി അസുഖം മാറി കുളിച്ച് ഒരു കോഴിമുട്ട പൊരിച്ചു തിന്നാൻ തുടങ്ങിയ എനിക്ക് നേരെ നോക്കി അവൻ തല നീട്ടി

"എനിക്കും വേണം മുട്ട..":അതൊരു വാശിക്കരച്ചിലിന് വഴി മാറുന്നത റിഞ്ഞപ്പോൾ മുട്ട പൊരിക്കൽ നിർത്തി. പിന്നെ അവൻ കാണാതെ മുട്ട പുഴുങ്ങി വിഴുങ്ങി. ഉത്രാടം വരുമ്പോൾ എല്ലാ വർഷവും ഈ കുമിളകളെക്കുറിച്ച് എന്തെങ്കിലും പറയാൻ തോന്നും. ഈ കുമിള എന്തെന്ന് എല്ലാവർക്കും പിടി കിട്ടിക്കാണുമല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക