
ഓണം മലയാളികൾക്ക് ഒരു ആഘോഷം മാത്രമല്ല; അതൊരു അനുഭൂതിയാണ്—ഓർമ്മകൾ നിറയ്ക്കുന്ന, മനസ്സിന്റെ ഏതോ കോണിൽ എന്നും മായാതെ കിടക്കുന്ന ഒരു സ്നേഹാനുഭൂതി. ലോകത്തിന്റെ ഏത് കോണിലായിരുന്നാലും, ജീവിതത്തിന്റെ എത്ര തിരക്കുകളിലും, ദുഃഖസ്മൃതികളിലും അകപ്പെട്ടിരുന്നാലും, എത്ര മറക്കാൻ ശ്രമിച്ചാലും ഓണം മനസ്സിൽ നിന്ന് മായുന്നില്ല. മലയാളത്തിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന ഈ ആഘോഷവുമായി നമുക്കുള്ള ആത്മബന്ധം അത്രമേൽ ആഴമുള്ളതാണ്.
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ, അത് നഷ്ടപ്പെട്ടുപോയ ചിലതിനെ ഓർത്തെടുക്കൽ കൂടിയാണ്. പഴയകാല ഓണത്തിന്റെ നൈർമല്യം എവിടെയൊക്കെയോ മലയാളികൾക്ക് കൈമോശം വന്നിരിക്കുന്നു. ഇന്നത്തെ ഓണാഘോഷങ്ങൾക്ക് പഴയ നിറങ്ങളില്ല. കാലം മാറിയപ്പോൾ ഓണവും മാറി. ഇന്നത്തെ കുട്ടികളുടെ ലോകം ന്യൂജനറേഷന്റെ ലോകമാണ്. എങ്കിലും, നമ്മുടെ മനസ്സ് നമ്മെ വീണ്ടും ആ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നു.
ഓർമ്മകളുടെ പൊക്കിൾക്കൊടികൾ ഇനിയും അറ്റുപോയിട്ടില്ലാത്തവർ, ഒറ്റപ്പെടലിന്റെ ഉമ്മറപ്പടിയിലിരുന്ന് ഈ കാലയളവിൽ എണ്ണമറ്റ ഓർമ്മകൾ അയവിറക്കുന്നു. ആരും കയറി വരാനിടയില്ലാത്ത ശൂന്യമായ വഴികളിലേക്ക് മിഴികൾ നീളുന്നു. ഓരോ ആഘോഷങ്ങളും കടന്നുവരുമ്പോഴാണ് നമുക്ക് നഷ്ടപ്പെട്ടവരെ നാം കൂടുതൽ ഓർക്കുന്നത്—പ്രത്യേകിച്ച്, നമ്മുടെ വീടുകളിൽ സ്നേഹത്തിന്റെ തണലായി നിന്നിരുന്നവരെ.
ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പൂക്കളവും പൂവിളികളും ഓണസദ്യയും പുതുവസ്ത്രങ്ങളുമൊക്കെയാണ്.
എന്റെ ഓർമ്മകളിൽ ഓണക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് അത്തപ്പൂക്കളം. അത്തപ്പൂവിടീലും പൂക്കള മത്സരങ്ങളും ഇന്നും മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു. അതിരാവിലെ എഴുന്നേറ്റ് വയലുകളിലും പറമ്പുകളിലും പോയി പൂക്കൾ പറിക്കും. പാടത്തിന്റെ ഇരുവശങ്ങളിലും പുത്തുലഞ്ഞു നിൽക്കുന്ന തുമ്പയും മുക്കുറ്റിയും തെറ്റിയും കാക്കത്തിപ്പൂവും തേടി പറമ്പുകളിലൂടെ ഓടിനടന്നിരുന്ന ആ പ്രഭാതങ്ങൾ!
അകലെയെവിടെയോ കേൾക്കുന്ന പൂവിളി… അടുക്കളയിൽനിന്നുയരുന്ന അമ്മയുടെ പായസത്തിന്റെ മണം… ഇന്നും മനസ്സിൽനിന്ന് മായാതെ നിൽക്കുന്നു.
വീട്ടിൽ രാവിലെ മുതൽ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിക്കും. അന്നുച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. സാമ്പാർ, കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, തോരൻ, പുളിശ്ശേരി, പച്ചമോര്, പപ്പടം, പലതരം ഉപ്പേരികൾ, ഇലക്കറികൾ, അച്ചാറുകൾ, കായ ഉപ്പേരി, പഴം നുറുക്ക്, ശർക്കര പുരട്ടി… ഒടുവിൽ പ്രഥമനും കൂടി ചേരുമ്പോൾ ഓണസദ്യയുടെ മഹത്വം പൂർണമാകും.
തിരുവോണസദ്യ കഴിഞ്ഞാൽ ബന്ധുമിത്രാദികളുടെ വീടുകൾ സന്ദർശിക്കാനും സ്നേഹവും സന്തോഷവും പങ്കിടാനുമായി ഒന്നുരണ്ട് ദിവസങ്ങൾ അങ്ങനെ കടന്നുപോകും. തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടിൻപുറങ്ങളിൽ ഓണക്കളികളും വിവിധ ആഘോഷങ്ങളും സജീവമായിരുന്നു. അങ്ങനെ പത്തുദിവസത്തെ ഓണക്കാലം കഴിയുമ്പോഴേക്കും ഓരോ ഓണവും മനസ്സിൽ ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ചാണ് കടന്നുപോയിരുന്നത്.
കുട്ടികളായിരുന്നപ്പോൾ ഇതെല്ലാം ഞങ്ങൾ എത്രമാത്രം ആസ്വദിച്ചിരുന്നു! ആഘോഷങ്ങളുടെ വലുപ്പമോ സമ്മാനങ്ങളുടെ വിലയോ ഒന്നും അന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടൊപ്പമുള്ള ഒത്തുചേരലും കൂട്ടുകാരോടൊത്തുള്ള കളികളും പൂക്കളമൊരുക്കുന്നതും ഓണസദ്യയുടെ രുചിയും—അതൊക്കെയായിരുന്നു ഞങ്ങളുടെ ലോകം.
എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും സൗകര്യങ്ങളുടെയും ആഘോഷങ്ങളുടെയും നടുവിൽ വളരുന്ന ഇന്നത്തെ കുട്ടികൾക്ക്, നമ്മൾ ഒരിക്കൽ കാത്തിരുന്ന ആ ഓണത്തിന്റെ അത്രയും ആവേശം ഉണ്ടാകണമെന്നില്ല. അവർക്ക് ഓണം മറ്റൊരു ആഘോഷദിവസം മാത്രമായിരിക്കാം. നാട്ടിലും പഴയകാലത്തെ ഓണക്കാഴ്ചകൾ അധികമൊന്നും കാണാറില്ല.
ഒരിക്കൽ ഓണപ്പൂക്കൾ തേടി പറമ്പുകളും പാടവരമ്പുകളും കയറിയിറങ്ങിയിരുന്നു. ഇന്ന് പൂക്കളമിടണമെന്ന് തോന്നിയാൽ എല്ലാത്തരം പൂക്കളും കടകളിൽനിന്ന് വാങ്ങാൻ കിട്ടും. ഒരിക്കൽ ഓണസദ്യ ഒരുക്കാൻ ദിവസങ്ങൾക്കുമുമ്പേ വീടുകളിൽ തിരക്ക് തുടങ്ങുമായിരുന്നു. ഇന്ന് ഓണക്കിറ്റിനൊപ്പം സദ്യ പോലും തയ്യാറായി ലഭിക്കുന്നു.
എങ്കിലും, നാടും വീടും വിട്ട് ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും മലയാളിയുടെ മനസ്സിൽ ഓണം ഇന്നും അതേ ആവേശത്തോടെ എത്തുന്നു. ഓരോ വീട്ടിൽനിന്നും ഓരോ വിഭവങ്ങൾ സ്നേഹത്തോടെ പാകം ചെയ്ത് കൊണ്ടുവന്ന് ഒരുമിച്ച് ഒരുക്കുന്ന സദ്യകളും കുടുംബസംഗമങ്ങളും അമേരിക്കയിലെ ഓണാഘോഷങ്ങളുടെ അവിഭാജ്യഘടകമാണ്.
പായസം മുതൽ പപ്പടം വരെ, അവിയൽ മുതൽ തോരൻ വരെ—ഓരോ വിഭവത്തിലും ഓരോ വീടിന്റെ രുചിയും സ്നേഹവും കലർന്നിരിക്കും. ഒരുമിച്ചിരുന്ന് വാഴയിലയിൽ സദ്യ കഴിക്കുമ്പോൾ, നാം അമേരിക്കയിലാണെന്ന കാര്യം പോലും ഒരു നിമിഷത്തേക്ക് മറന്നുപോകും.
ഇവിടെ ഓണം മലയാളികൾക്കു മാത്രമുള്ള ആഘോഷമായി ഒതുങ്ങുന്നില്ല. കേരളത്തിന്റെ തനതായ സംസ്കാരവും രുചികളും മറ്റു ദേശക്കാർക്കും പരിചയപ്പെടുത്താനുള്ള ഒരു അവസരമായി അത് മാറിയിരിക്കുന്നു. തിരുവോണനാളിൽ മലയാളി ഹോട്ടലുകളിലും ഓണസദ്യ ലഭ്യമാകുന്നു. കേരളത്തിന്റെ രുചിയറിയാൻ മലയാളികളല്ലാത്തവരും എത്തുന്നു.
നാട്ടിലെ ഓണാഘോഷങ്ങളെ പോലെ തന്നെ പ്രവാസമണ്ണിലും ഓണാഘോഷ പരിപാടികൾക്ക് കുറവൊന്നുമില്ല. നാടിന്റെ മണ്ണിൽനിന്ന് അകലെയാണെങ്കിലും, ഓണം വരുമ്പോൾ മലയാളിയുടെ മനസ്സ് വീണ്ടും നാട്ടിൻപുറങ്ങളിലേക്ക് പറന്നെത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കലാപരിപാടികൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്. നൃത്തവും ഗാനവും നാടൻ കലാരൂപങ്ങളും മത്സരങ്ങളും നിറഞ്ഞ വേദികൾ ഓണക്കാലത്ത് മലയാളി സമൂഹങ്ങളുടെ ആഘോഷകേന്ദ്രങ്ങളായി മാറുന്നു. ഇതെല്ലാം ചേരുമ്പോൾ, ഒരു നിമിഷത്തേക്ക് പ്രവാസമണ്ണ് കേരളമായി മാറുന്നു.
നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമാണ് ഓണം. മഹാബലിയുടെ കാലത്തെന്നപോലെ എല്ലാവരും ഒരുപോലെ സന്തോഷത്തോടെ ജീവിക്കണമെന്ന സ്വപ്നമാണ് ഓണം നമ്മോട് പറയുന്നത്.
പ്രവാസമണ്ണിൽ ഓണം ആഘോഷിക്കുമ്പോൾ, അത് ഒരു സാംസ്കാരിക ആഘോഷം മാത്രമായി ഒതുങ്ങുന്നില്ല. പല ദേശക്കാരും പല സംസ്കാരക്കാരും ഒരുമിച്ച് ജീവിക്കുന്ന ഈ മണ്ണിൽ മലയാളിയുടെ നന്മയുടെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം മറ്റുള്ളവരിലേക്കും പകരാനുള്ള മനോഹരമായ അവസരം കൂടിയാണ് ഓണം.
കാരണം, ഓണം നമ്മെ പഠിപ്പിക്കുന്നത് ആഘോഷിക്കാൻ മാത്രമല്ല; ഓർക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും കൂടിയാണ്.
ഓർമ്മകൾക്കുള്ളിൽ എന്നും നമ്മെ സ്നേഹിച്ചവരുടെ കരുതലും ജീവിതം പഠിപ്പിച്ച പാഠങ്ങളും ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. നമ്മിൽനിന്ന് അകന്നുപോയവരുടെ സ്നേഹത്തെ ഓർമ്മകളിലൂടെ ചേർത്തുപിടിക്കാം. അവരുടെ ചിരിയും വാക്കുകളും കരുതലും നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിച്ച നന്മകളും ഹൃദയത്തിൽ സൂക്ഷിക്കാം.
ഇന്ന് നമ്മോടൊപ്പമുള്ളവരെ കുറച്ചുകൂടി ചേർത്തുപിടിക്കാം. ഇന്നുള്ള ബന്ധങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ച്, നാളെയിലേക്ക് പ്രതീക്ഷയോടെ നടന്നുപോകാം.
ആളുകൾ പലരും അകന്നു…
ചിലർ ഓർമ്മകളായി മാറി…
പല വീടുകളുടെയും ഉമ്മറപ്പടികൾ ഇന്ന് പഴയതുപോലെ സജീവമല്ല.
എങ്കിലും, ബാല്യത്തിൽ കണ്ട ആ ഓണക്കാഴ്ചകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
കാരണം, ചില ഓർമ്മകൾ കാലം മായ്ക്കുന്നതല്ല; കാലം കഴിയുന്തോറും കൂടുതൽ തെളിഞ്ഞുവരുന്നതാണ്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.