Image

മഹാത്മ ഗാന്ധി–മാർട്ടിൻ ലൂഥർ കിംഗ് പ്രതിമകളുമായി 'പീസ് ഗാർഡൻ;' ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

Published on 25 August, 2026
മഹാത്മ  ഗാന്ധി–മാർട്ടിൻ ലൂഥർ കിംഗ് പ്രതിമകളുമായി 'പീസ് ഗാർഡൻ;' ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

ന്യൂയോർക്ക്: സമാധാനം, സമത്വം, ഐക്യം, അഹിംസ എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് റോക്ക്‌ലാൻഡ് കൗണ്ടിയിൽ മഹാത്മാഗാന്ധിയുടെയും ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെയും പ്രതിമകൾ സ്ഥാപിക്കുന്ന  'പീസ് ഗാർഡൻ' പദ്ധതിക്ക് ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി. കൗണ്ടി ഭരണകൂടത്തിന്റെയും നിയമസഭാംഗങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ    വൈസ് ചെയർ ഡോ.ആനി പോളിന്റെ നേതൃത്വത്തിൽ മുന്നോട്ടുവന്ന പദ്ധതിക്ക് കൗണ്ടി എക്സിക്യൂട്ടീവ് എഡ് ഡേയുടെ ഭരണകൂടം ശക്തമായ പിന്തുണ നൽകിയതായി ചടങ്ങിൽ വ്യക്തമാക്കി.

കൗണ്ടി ലെജിസ്ലേച്ചർ അധ്യക്ഷൻ ജയ് ഹുഡ്  അധ്യക്ഷത വഹിച്ചു. ഈ സംരംഭം  അർത്ഥവത്തും കാലാനുസൃതവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യവുമായി രംഗത്തു  വന്ന ഡോ. ആനി പോളിനെ  അദ്ദേഹം അഭിനന്ദിച്ചു.

വ്യത്യസ്ത രാജ്യങ്ങളിലും സംസ്കാരങ്ങളിലും ജീവിച്ച ഗാന്ധിയും കിംഗും അഹിംസയിലൂടെയും സമാധാനപരമായ പ്രവർത്തനങ്ങളിലൂടെയും അനീതിക്കെതിരെ പോരാടിയ നേതാക്കളാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ അഹിംസാ ദർശനം മാർട്ടിൻ ലൂഥർ കിംഗിനെയും സ്വാധീനിച്ചിരുന്നു. ഇരുവരുടെയും സന്ദേശങ്ങൾ തലമുറകളെയും അതിർത്തികളെയും മറികടന്ന് ഇന്നും പ്രസക്തമാണെന്നും അവർ പറഞ്ഞു.
 


പീസ് ഗാർഡൻ  വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ളവർ ഒരുമിച്ച് കഴിയുന്ന റോക്ക്‌ലാൻഡ് കൗണ്ടിയിൽ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമാകുമെന്ന് ആനി പോൾ പറഞ്ഞു. സമാധാനം വെറുമൊരു ആഗ്രഹമല്ലെന്നും എല്ലാവരും ചേർന്ന് സൃഷ്ടിക്കേണ്ടതാണെന്നും അവർ ഓർമിപ്പിച്ചു. ഉദ്യാനം കുട്ടികൾക്ക് സമാധാനത്തെക്കുറിച്ച് പഠിക്കാനും കുടുംബങ്ങൾക്ക് പ്രചോദനം നേടാനും സമൂഹത്തിന് ഐക്യത്തിന്റെ സന്ദേശം ഉൾക്കൊള്ളാനും കഴിയുന്ന ഇടമാകണമെന്നും അവർ കൂട്ടിച്ചേർത്തു .


ഈ നേതാക്കളുടെ  പൈതൃകത്തെ ആദരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം അവർ പോരാടിയ നീതിക്കും സമത്വത്തിനും വേണ്ടി സമാധാനപരമായി നിലകൊള്ളുകയാണെന്ന് ലെജിസ്ലേറ്റർ ടോണി എർൾ പറഞ്ഞു. കുടിയേറ്റക്കാരുടെ അവകാശങ്ങൾ, വോട്ടവകാശം, മനുഷ്യ മഹത്വം തുടങ്ങിയ വിഷയങ്ങളിൽ നീതിക്കായി ശബ്ദമുയർത്താൻ സമാധാന ഉദ്യാനം സന്ദർശിക്കുന്നവർക്ക് പ്രചോദനം ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൗണ്ടി എക്സിക്യൂട്ടീവ് എഡ് ഡേ, ഗാന്ധിയുടെയും കിംഗിന്റെയും പ്രതിമകൾ സമാധാനപരമായ പ്രവർത്തനത്തിലൂടെ മാറ്റം സാധ്യമാണെന്ന സന്ദേശം നൽകുന്നതായി പറഞ്ഞു. കൗണ്ടി ഗവൺമെന്റിന്റെയും കോടതിയുടെയും സമീപത്ത് സ്ഥിതി ചെയ്യുന്ന ഉദ്യാനം സമാധാനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും പരസ്പരം മനസ്സിലാക്കാനും സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും പെരുമാറാനും ഗാന്ധിയുടെയും കിംഗിന്റെയും ജീവിതം ഓർമിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.


ഇന്ത്യയിൽ നിന്ന് സംഭാവനയായി ലഭിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയാണ് ഗാർഡനിൽ  സ്ഥാപിക്കുന്നത്. ഇന്ത്യൻ കോൺസൽ പിയുഷ് സിംഗ് പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങൾ ലോകത്തിന് നൽകിയ മഹത്തായ സംഭാവനകളിലൊന്നാണെന്നും അഭിപ്രായവ്യത്യാസങ്ങൾ അഹിംസയിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന സന്ദേശം ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യാഴവട്ടമായി റോക്ക് ലാൻഡ് ലെജിസ്ളേറ്ററായ ഡോ. ആനി പോളിന്റെ നേട്ടങ്ങളിൽ  ഒരു പൊൻതൂവലായി പീസ് ഗാർഡൻ.

കൗണ്ടി ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പുറമെ ഒട്ടേറെ മലയാളികളും പങ്കെടുത്തു. വർഗീസ് ഉലഹന്നാൻ, ഡോ. അൽഫോൻസാ, ബോസ് കുരുവിള, മത്തായി പി. ദാസ്, തുടങ്ങിയവർ പങ്കെടുത്തവരിൽ പെടുന്നു.  

മഹാത്മ  ഗാന്ധി–മാർട്ടിൻ ലൂഥർ കിംഗ് പ്രതിമകളുമായി 'പീസ് ഗാർഡൻ;' ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി
മഹാത്മ  ഗാന്ധി–മാർട്ടിൻ ലൂഥർ കിംഗ് പ്രതിമകളുമായി 'പീസ് ഗാർഡൻ;' ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി
മഹാത്മ  ഗാന്ധി–മാർട്ടിൻ ലൂഥർ കിംഗ് പ്രതിമകളുമായി 'പീസ് ഗാർഡൻ;' ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി
മഹാത്മ  ഗാന്ധി–മാർട്ടിൻ ലൂഥർ കിംഗ് പ്രതിമകളുമായി 'പീസ് ഗാർഡൻ;' ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക