Image

തുമ്പപ്പൂക്കൾ (ഇ- മലയാളി ഓണപ്പാട്ട്/കവിതാ മത്സരം: രാജീവ് പഴുവിൽ)

Published on 25 August, 2026
തുമ്പപ്പൂക്കൾ  (ഇ- മലയാളി ഓണപ്പാട്ട്/കവിതാ മത്സരം: രാജീവ് പഴുവിൽ)

ഓണനിലാവത്ത് താമരപ്പൊയ്കയി-
ലോളങ്ങൾ തീർത്തൊരു തോണിയെത്തി.
തൂമന്ദഹാസവും ചുണ്ടിലേന്തി,
ചുറ്റിലും ദീപപ്രഭവിതറി,
തോണിയിൽനിന്നുമിറങ്ങി വന്നോ-
രപ്സരസുന്ദരി മോഹനാംഗി.

കണ്ണെടുക്കാതെ ഞാൻ നോക്കി നിൽക്കേ,
ചാരെയണഞ്ഞവൾ മന്ദമന്ദം,
കോമളപാണികൾ നീട്ടിയനന്തരം, 
ആലിംഗനത്തിലമർത്തി പാരം.

ആരിവളാരിവൾ ആശ്ചര്യംപൂണ്ടു ഞാൻ,
ചോദിക്കാൻ ചുണ്ടു വിറച്ചു നിൽക്കേ,
എവിടെനിന്നോ കുറെ വെള്ളപ്പൂക്കൾ
എൻകയ്യിൽ വെച്ചവൾ, പോയ്മറഞ്ഞു.

ഞെട്ടിയെണീറ്റു ഞാൻ,കട്ടിലിന്നറ്റത്ത് 
തൂവിക്കിടപ്പതാ തുമ്പപ്പൂക്കൾ.
ഞെട്ടിത്തരിച്ചു പോയ്, ഒട്ടു ഭയന്നുംപോയ് 
ഓണവും, സർവ്വവും മായ പോലെ!

**ശുഭം.**

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക