
എന്നോട് ആരും ഒരിക്കലും ചോദിച്ചിട്ടില്ല.എനിക്ക് എന്താണ് തോന്നുന്നതെന്ന്.എന്തിന് ചോദിക്കണം?
ഞാൻ ഒരു ഹാജർ പുസ്തകമല്ലേ.കറുത്ത പുറംചട്ട. മഞ്ഞപിടിച്ച പേജുകൾ. ചുവന്ന വരകളുള്ള കോളങ്ങൾ. തീയതി, പേര്, ഒപ്പ്.
മനുഷ്യരുടെ വരവും പോക്കും എണ്ണിപ്പറയാൻ മാത്രം ജനിച്ച ഒരു സാധനം.
എന്നെ തുറക്കുന്ന കൈകൾക്ക് ഒരിക്കലും അറിയില്ലായിരുന്നു,
ഞാൻ പേരുകൾ മാത്രമല്ല, മനുഷ്യരുടെ കഥകളാണ് സൂക്ഷിച്ചിരുന്നത്.
ആരൊക്കെ എല്ലാ ദിവസവും വന്നു.ആരൊക്കെ പതിയെ വരാതായി.
ആരൊക്കെ വന്നിട്ടും മനസ്സോടെ ഉണ്ടായിരുന്നില്ല.ആരൊക്കെ ഒരിക്കലും വന്നില്ലെങ്കിലും അവരുടെ പേരിന് ഹാജർ കിട്ടി.
എല്ലാം ഞാൻ കണ്ടിട്ടുണ്ട്.ഞാൻ കള്ളം പറയാറില്ല.പക്ഷേ, ഞാൻ കണ്ട സത്യങ്ങൾ പുറത്തുപറയാനും എനിക്ക് അവകാശമില്ല.ഇതുവരെ.
ഞാൻ ആദ്യം വന്നത് ഒരു ചെറിയ മുറിയിലേക്കായിരുന്നു.അന്ന് അത് പള്ളി ഓഫീസായിരുന്നില്ല.
ഒരു മരമേശ.രണ്ട് കസേര.ഒരു പഴയ ക്രൂശിതരൂപം.ചുവരിൽ പരിശുദ്ധ മാതാവിന്റെ ചിത്രം.ജനാലയിലൂടെ അകത്തേക്ക് വരുന്ന ഉച്ചവെയിൽ.
അത്രയേ ഉണ്ടായിരുന്നുള്ളൂ.പള്ളി ചെറുതായിരുന്നു.പക്ഷേ, ആളുകൾക്ക് പരസ്പരം അറിയാമായിരുന്നു.ആരാണ് വീട്ടിൽ രോഗിയായിരിക്കുന്നത്?
ആരുടെ മകളുടെ ആണ് വിവാഹം ?ആരുടെ മകനാണ് പരീക്ഷയ്ക്ക് പോകുന്നത്?.ആരുടെ വീട്ടിൽ അടുപ്പ് കത്തിയില്ല.
ഞാൻ അന്ന് സന്തോഷത്തോടെ നിറഞ്ഞിരുന്നു.പേരുകൾക്കിടയിൽ അകലം കുറവായിരുന്നു.ഒപ്പുകൾക്കിടയിൽ പോലും ഒരു സ്നേഹമുണ്ടായിരുന്നു.
അന്ന് പള്ളിക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു.
ഒരു നല്ല തിരുനാൾ.കുട്ടികൾക്ക് മതബോധനം.വയോധികർക്ക് ഇരിക്കാൻ ഒരു കസേര.മഴ പെയ്യുമ്പോൾ ചോരാത്ത ഒരു മേൽക്കൂര.
അത്രയൊക്കെ മതി.പിന്നെ ഒരു ദിവസം പുതിയൊരു വാക്ക് പള്ളിയുടെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടു."വികസനം."
അതിന്റെ പിന്നാലെ വന്നു."പുതിയ ദേവാലയം.""വലിയ പള്ളി.""പുതിയ കാലം.""നമ്മുടെ ഇടവകയുടെ അഭിമാനം."
ഞാൻ എതിർത്തില്ല.ഒരു പുസ്തകത്തിന് എതിർക്കാനറിയില്ല.
എനിക്ക് തോന്നി.പുതിയ പള്ളി വരട്ടെ.
പഴയ പള്ളിയുടെ ഓർമ്മകൾ പുതിയ ചുവരുകളിലും ഉണ്ടാകുമല്ലോ.
പക്ഷേ മനുഷ്യർ കെട്ടിടങ്ങൾ പണിയുമ്പോൾ ചിലപ്പോൾ അവർ അറിയാതെ അതിനൊപ്പം അതിരുകളും പണിയാറുണ്ട്.
ആദ്യത്തെ അതിർ കോൺക്രീറ്റിലായിരുന്നു.പിന്നെ അത് മനസ്സുകളിലേക്കെത്തി.
പുതിയ പള്ളി പണിയാൻ തുടങ്ങി.യോഗങ്ങൾ കൂടി.കമ്മിറ്റികൾ കൂടി.
കമ്മിറ്റികൾക്ക് ഉപകമ്മിറ്റികൾ വന്നു.ഉപകമ്മിറ്റികൾക്ക് വീണ്ടും യോഗങ്ങൾ വന്നു.ഓരോ യോഗത്തിനും മിനിറ്റ്സ് എഴുതി.
എന്നാൽ, ചില തീരുമാനങ്ങളുടെ യഥാർത്ഥ മിനിറ്റ്സ് എന്റെ പേജുകളിൽ എഴുതപ്പെട്ടില്ല.അവ എഴുതപ്പെട്ടത് അടച്ച വാതിലുകൾക്കുള്ളിലായിരുന്നു."അവനെ കൂടെ നിർത്തണം."
"ഇവരുടെ ആളാണ്.""അവരെ ഒഴിവാക്കിയാൽ പ്രശ്നമാകും."
"അവരുടെ കുടുംബം വലിയ സംഭാവന തന്നിട്ടുണ്ട്.""അവൾക്ക് അത്ര പരിചയം വേണ്ട.""അവന് കൊടുക്കാം.""അവൾക്ക് പിന്നെ നോക്കാം."
ഞാൻ കേട്ടു.ഞാൻ എല്ലാം കേട്ടു.
പക്ഷേ, എന്റെ പേജുകൾക്ക് ചെവിയുണ്ടെന്ന് ആരും അറിഞ്ഞില്ല.
അവിടെയുണ്ടായിരുന്നു അന്ന ടീച്ചർ.എന്റെ ഏറ്റവും പഴയ സുഹൃത്ത്.
അവൾ ദിവസവും എന്നെ തുറക്കും.പേരുകൾ വിളിക്കും.
കുട്ടികൾ ഒപ്പിടും.ഒപ്പിടാൻ അറിയാത്തവരുടെ വിരൽ പിടിച്ച് അവൾ പേര് എഴുതിക്കും.ഒരിക്കൽ ഒരു കുട്ടി ചോദിച്ചു:
"ടീച്ചർ, ഹാജർ വച്ചാൽ ദൈവം നമ്മളെ കാണുമോ?"
അവൾ ചിരിച്ചു."ദൈവം ഹാജർ പുസ്തകം നോക്കിയല്ല മോളേ, ഹൃദയം നോക്കിയാണ്."അന്ന് ആ വാക്ക് കേട്ട് ഞാൻ അഭിമാനിച്ചു.
എന്നാൽ വർഷങ്ങൾക്കുശേഷം, ആ വാക്കിന്റെ മറ്റൊരു അർത്ഥം ഞാൻ മനസ്സിലാക്കി.
ഹാജർ പുസ്തകം മനുഷ്യർ നോക്കുന്നതാണ്.ഹൃദയം ദൈവം നോക്കുന്നതാണ്.
പുതിയ പള്ളിയുടെ പണികൾ പുരോഗമിച്ചു.പണം ഒഴുകി.പേരുകൾ ഫലകങ്ങളിൽ കൊത്തിവെച്ചു.ചില സംഭാവനകൾക്ക് വലിയ അക്ഷരങ്ങൾ കിട്ടി.ചില സേവനങ്ങൾക്ക് ചെറിയ നന്ദിപോലും കിട്ടിയില്ല.എങ്കിലും അന്ന ടീച്ചർ പഴയപോലെ തന്നെ.
അവൾ കുട്ടികളെ പഠിപ്പിച്ചു.പാവപ്പെട്ടവർക്കായി ഓടി.രോഗികളെ സന്ദർശിച്ചു.പള്ളിയിലെ പരിപാടികൾക്ക് സഹായിച്ചു.
അവൾക്ക് ആരുടെയും കസേര വേണ്ടിയിരുന്നില്ല.ഒരു ചെറിയ സ്ഥലം മാത്രം മതിയായിരുന്നു.
സത്യസന്ധമായി നിൽക്കാൻ കഴിയുന്ന ഒരു സ്ഥലം.
പക്ഷേ, അതാണ് അവൾക്ക് പതിയെ നഷ്ടപ്പെട്ടത്.
ആദ്യമായി പള്ളി രണ്ടായി പിരിഞ്ഞത് ചുവരുകൊണ്ടല്ല.ഒരു തിരഞ്ഞെടുപ്പിലാണ്.ഒരു ചെറിയ പദവി.ഒരു ചെറിയ കമ്മിറ്റി.
ഒരു ചെറിയ തീരുമാനം.പക്ഷേ, അതിന് പിന്നിൽ ചെറിയ മനുഷ്യവേദനകൾ ഉണ്ടായിരുന്നു.ഒരാൾക്ക് തോന്നി."എന്നെ കേട്ടില്ല."മറ്റൊരാൾക്ക് "അവരെ മാത്രം കേട്ടു."
മൂന്നാമൻ പറഞ്ഞു."ഇനി നമുക്ക് വേറെ വഴി."
അങ്ങനെ "നമ്മൾ" എന്ന വാക്കിന് പതിയെ "ഞങ്ങൾ" എന്നും "അവർ" എന്നും രണ്ട് അർത്ഥങ്ങൾ വന്നു.ഞാൻ ആദ്യമായി ആ രണ്ട് വാക്കുകൾക്കിടയിൽ ഒരു വലിയ ശൂന്യത കണ്ടു.
ഒരു ഞായറാഴ്ച, പള്ളിയുടെ വാതിൽക്കൽ രണ്ട് അറിയിപ്പുകൾ പതിഞ്ഞു.
ഒന്ന്,"പുതിയ ഇടവകയുടെ ക്രമീകരണങ്ങൾ."മറ്റൊന്ന്,"സ്വതന്ത്രമായി ആരാധനയും പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള തീരുമാനം."
ആ ദിവസം മണി ഒരേ സമയം മുഴങ്ങിയില്ല.രണ്ട് വശത്തും രണ്ട് മണികൾ മുഴങ്ങി.ആദ്യം എനിക്ക് അത് മനോഹരമായി തോന്നി.
രണ്ട് മണികൾ.രണ്ട് ശബ്ദങ്ങൾ.രണ്ട് ദിശകൾ.
പിന്നെ മനസ്സിലായി.അത് രണ്ട് പള്ളികളുടെ ജനനമായിരുന്നു.
ഒരേ മാമോദീസയിൽ ചേർന്നവർ.ഒരേ വിശ്വാസപ്രമാണം ചൊല്ലിയവർ.
ഒരേ കർത്താവിന്റെ മേശയ്ക്കു മുന്നിൽ മുട്ടുകുത്തിയവർ.
ഇപ്പോൾ രണ്ട് വാതിലുകൾക്കുള്ളിൽ.രണ്ട് കസേരകളിൽ.
രണ്ട് പട്ടികകളിൽ.രണ്ട് രജിസ്റ്ററുകളിൽ.
പിന്നീട് എന്നെയും രണ്ടായി പിരിച്ചു.എന്റെ പകുതി പഴയ പള്ളിയിൽ.
മറ്റേ പകുതി പുതിയ പള്ളിയിൽ.എന്റെ ചില പേജുകൾ കീറിപ്പോയി.
ചില പേരുകൾ മായിച്ചു.ചില പേരുകൾ വീണ്ടും എഴുതി.ഒരിക്കൽ ഒരുമിച്ച് നിന്നിരുന്ന പേരുകൾക്കിടയിൽ വരകൾ വരച്ചു.
ഞാൻ വിചാരിച്ചു,മനുഷ്യർക്ക് പുസ്തകത്തെ രണ്ടായി കീറാൻ കഴിയും.
പക്ഷേ ഓർമ്മകളെ എങ്ങനെ രണ്ടായി കീറും?
ഒരു അമ്മയുടെ പ്രാർത്ഥന ഏത് പള്ളിയുടേതാണ്?ഒരു കുട്ടിയുടെ കണ്ണീർ ഏത് ഇടവകയുടേതാണ്?
ഒരു വൃദ്ധന്റെ അവസാന കുമ്പസാരം ഏത് വിഭാഗത്തിൽ പെടും?ഒരു അധ്യാപികയുടെ വർഷങ്ങളായുള്ള സേവനം ഏത് വശത്താണ് എണ്ണേണ്ടത്?
എന്റെ പേജുകൾക്ക് അതിന് ഉത്തരമില്ലായിരുന്നു.
അന്ന ടീച്ചർ അന്ന് വളരെ നിശ്ശബ്ദയായി.ആർക്കും അവളോട് വലിയ തർക്കമൊന്നുമില്ലായിരുന്നു.അവളെ ആരും പുറത്താക്കിയില്ല.
അവൾക്കെതിരെ ഒരു കുറ്റപത്രവും ഉണ്ടായിരുന്നില്ല.അവളെ തോൽപ്പിക്കാൻ ആരും ശ്രമിച്ചില്ല.
എന്നിട്ടും.അവൾ തോറ്റുപോയി.അവൾക്ക് തോന്നി, തന്റെ ജോലി ഇനി കുട്ടികൾക്കുവേണ്ടിയല്ല.അത് ചിലരുടെ ഇഷ്ടങ്ങൾക്കുള്ളിൽ ഒതുങ്ങിക്കൊണ്ടിരിക്കുന്നു.
ഒരിക്കൽ അവർ ചോദിച്ചു."ടീച്ചർ, നിങ്ങൾ ഏത് വശത്താണ്?"
അവൾ കുറേ നേരം മിണ്ടിയില്ല.പിന്നെ പറഞ്ഞു:
"ഞാൻ കുട്ടികളുടെ വശത്താണ്."അവർക്ക് ആ മറുപടി ഇഷ്ടപ്പെട്ടില്ല.
കാരണം, വിഭജിക്കപ്പെട്ട ലോകത്ത് നിഷ്പക്ഷത പോലും ചിലപ്പോൾ ഒരു കുറ്റമായി മാറും.
അവൾ രാജിക്കത്ത് എഴുതിയ രാത്രി ഞാൻ അവളുടെ മേശപ്പുറത്തായിരുന്നു.പുറത്ത് മഴ.പള്ളിയുടെ രണ്ട് മണികളും മാറിമാറി മുഴങ്ങുന്നു.അവൾ എഴുതിയ വാക്കുകൾ ഞാൻ കണ്ടു.വളരെ കുറച്ച്.
"ഇനി തുടരാൻ കഴിയാത്തതിനാൽ..."
അവൾ അവിടെ നിർത്തി.പേന താഴെ വെച്ചു.കുറച്ച് നേരം ജനാലയിലൂടെ പുറത്തേക്ക് നോക്കി.പിന്നെ പതുക്കെ പറഞ്ഞു:
"ദൈവമേ, ഞാൻ നിന്റെ വീട്ടിൽ നിന്ന് പോകുന്നതല്ല."അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞു."മനുഷ്യർ വരച്ച വരകളിൽ നിന്ന് മാത്രമാണ് ഞാൻ മാറിനിൽക്കുന്നത്."അവൾ രാജിക്കത്തിൽ ഒപ്പിട്ടു.പിന്നെ എന്നെ തുറന്നു.
അവളുടെ പേര് അവസാനമായി എഴുതാൻ.അന്ന ഹാജർ.
അവൾ ഒപ്പിട്ടില്ല.ആദ്യമായി.ഞാൻ ആ ശൂന്യമായ വരിയെ ഇന്നും സൂക്ഷിക്കുന്നു.
അവൾ പോയശേഷം പലരും പറഞ്ഞു."അവൾക്ക് മനസ്സിലായില്ല."
"കാലത്തിനൊപ്പം മാറാൻ കഴിഞ്ഞില്ല.""പുതിയ സംവിധാനങ്ങളോട് പൊരുത്തപ്പെടാനായില്ല.""വ്യക്തിപരമായ കാരണങ്ങളായിരിക്കും."
മനുഷ്യർക്ക് കഥകളെ എളുപ്പമാക്കാൻ വളരെ ഇഷ്ടമാണ്.സത്യം സങ്കീർണ്ണമാണ്.ഒരു മനുഷ്യൻ ജോലി വിടുമ്പോൾ, പലപ്പോഴും രാജിക്കത്ത് ഒരു കാരണമല്ല.അത് അവസാനത്തെ കാരണം മാത്രമാണ്.അതിനു മുമ്പ് ആയിരം ചെറിയ മുറിവുകൾ ഉണ്ടായിരിക്കും.
ഒരു വിളി വരാതിരുന്നത്.ഒരു വാതിൽ അടഞ്ഞത്.ഒരു യോഗത്തിൽ കേൾക്കാതിരുന്നത്.ഒരു അനീതിക്ക് മുന്നിൽ മിണ്ടാതിരുന്നത്.
ഒരാൾക്ക് കിട്ടിയ പരിഗണന മറ്റൊരാൾക്ക് നിഷേധിച്ചത്.അങ്ങനെ ചെറുതായി ചെറുതായി ഒരു ഹൃദയം ജോലി വിട്ടുപോകാൻ പഠിക്കും.
പുതിയ പള്ളി മനോഹരമായി.പഴയ പള്ളിയും അതിന്റെ രീതിയിൽ മനോഹരമായി.രണ്ട് പള്ളികളിലും മണി മുഴങ്ങി.രണ്ട് പള്ളികളിലും മെഴുകുതിരികൾ കത്തി.രണ്ട് പള്ളികളിലും വിശുദ്ധരുടെ ചിത്രങ്ങൾ പുഞ്ചിരിച്ചു.രണ്ട് പള്ളികളിലും പ്രസംഗങ്ങൾ നടന്നു.
"സ്നേഹം.""ഐക്യം.""ക്ഷമ.""സേവനം.""വിനയം."
ഈ വാക്കുകൾ ഞാൻ പലവട്ടം കേട്ടു.പക്ഷേ, ചിലപ്പോൾ വാക്കുകൾ മനുഷ്യരെക്കാൾ വിശുദ്ധരാണെന്ന് എനിക്ക് തോന്നി.
അവ ഉപയോഗിച്ചവർ അവയുടെ അർത്ഥം മറന്നാലും, വാക്കുകൾക്ക് ഒന്നും സംഭവിക്കില്ല.അവ ചുവരുകളിൽ തുടരും.
ഒരു വർഷം കഴിഞ്ഞപ്പോൾ, ഒരു പുതിയ ഹാജർ പുസ്തകം വന്നു.
തിളങ്ങുന്ന പുറംചട്ട.വൃത്തിയുള്ള പേജുകൾ.പുതിയ പേര്.പുതിയ മുദ്ര.
എന്നെ അലമാരയുടെ ഏറ്റവും താഴത്തെ തട്ടിലേക്ക് മാറ്റി.
ആരും എന്നെ തുറന്നില്ല.പൊടി അടിഞ്ഞു.ഒരു ദിവസം അലമാര വൃത്തിയാക്കാൻ വന്ന ഒരു കുട്ടി എന്നെ പുറത്തെടുത്തു.അവൻ പേജുകൾ മറിച്ചു.അന്ന ടീച്ചറുടെ പേര് കണ്ടു.അവൻ ചോദിച്ചു:"ഇവരാരാണ്?"
അവന്റെ അമ്മ പറഞ്ഞു:"പഴയ ടീച്ചറാണ്. ഒരുപാട് വർഷം ഇവിടെ ജോലി ചെയ്തിരുന്നു."കുട്ടി വീണ്ടും ചോദിച്ചു:"പിന്നെ എന്തുകൊണ്ട് പോയി?"അമ്മ ഒരു നിമിഷം മിണ്ടാതിരുന്നു.
പിന്നെ പറഞ്ഞു:"ചിലപ്പോൾ നല്ല ആളുകൾ പോകുന്നത് അവർക്ക് സ്ഥലം ഇല്ലാത്തതുകൊണ്ടല്ല മോനേ..."
അവൾ വാക്ക് പൂർത്തിയാക്കിയില്ല.എനിക്ക് തോന്നി.അവൾക്ക് പറയാനുള്ളത് എനിക്ക് അറിയാം.ചിലപ്പോൾ ഒരു വീട്ടിൽ ദൈവത്തിന് സ്ഥലം ഉണ്ടാകും.പക്ഷേ, മനുഷ്യന് ഉണ്ടാകില്ല.
ഇന്ന് ഞാൻ പഴയ അലമാരയിൽ കിടക്കുന്നു.എന്റെ പേജുകൾ മഞ്ഞയായി.ചില പേരുകൾ മങ്ങിയിരിക്കുന്നു.ചില ഒപ്പുകൾ വായിക്കാനാകുന്നില്ല.പക്ഷേ ഒരു കാര്യം മാത്രം ഇന്നും വ്യക്തമാണ്.
ഒരിക്കൽ ഇവിടെ വന്നവർ എല്ലാവരും ഒരേ ദിശയിലേക്ക് നോക്കിയിരുന്നു.പിന്നീട് അവർ രണ്ട് ദിശകളിലേക്ക് നോക്കി.അവസാനം ചിലർ പിന്നിലേക്ക് നോക്കാനും തുടങ്ങി.അവിടെ അവർ കണ്ടത് പുതിയ പള്ളി അല്ല.പഴയ പള്ളി അല്ല.വിജയിച്ചവരും തോറ്റവരും അല്ല.അവിടെ അവർ കണ്ടത് ഒരു ലളിതമായ ചോദ്യം മാത്രം:
"നാം പണിതത് ദൈവത്തിനുവേണ്ടിയാണോ, അതോ നമ്മളെ ഓർക്കാൻ വേണ്ടിയോ?"
ആ ചോദ്യത്തിന് ഞാൻ മറുപടി പറയില്ല.ഞാൻ ഒരു ഹാജർ പുസ്തകമാണ്.
എനിക്ക് വിധി പറയാനുള്ള അവകാശമില്ല.പക്ഷേ, ഞാൻ ഒരു കാര്യം ഉറപ്പായി പറയാം.
ദൈവത്തിന്റെ വീട്ടിൽ മനുഷ്യരുടെ പേരുകൾ വലിയ അക്ഷരത്തിൽ എഴുതിയാലും, ദൈവത്തിന്റെ ഹൃദയത്തിൽ മനുഷ്യരുടെ പേരുകൾ എഴുതപ്പെടുന്നത് അവർ എത്ര ഉയർന്ന കസേരയിൽ ഇരുന്നു എന്നതുകൊണ്ടല്ല.അവർ എത്ര താഴേക്ക് കുനിഞ്ഞ് മറ്റൊരാളുടെ കണ്ണീർ തുടച്ചു എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് അന്ന ടീച്ചറുടെ അവസാനത്തെ ശൂന്യമായ വരി എന്നെ ഇന്നും വേദനിപ്പിക്കുന്നത്.
രണ്ട് പള്ളികൾ ഇന്നും മണിയടിക്കുന്നു.ഞാൻ കേൾക്കുന്നുണ്ട്.
പക്ഷേ, ചില രാത്രികളിൽ,രണ്ട് മണികളുടെയും ശബ്ദം മാഞ്ഞുപോയ ശേഷം,പഴയ അലമാരയ്ക്കുള്ളിൽ നിന്ന്,
എന്റെ മഞ്ഞപിടിച്ച ഒരു പേജ് പതുക്കെ തുറക്കും.
അവിടെ ഒരു പേര് മാത്രം.അന്ന. അതിനടിയിൽ ഒപ്പില്ലാത്ത ഒരു ശൂന്യവരി.ആ ശൂന്യതയിലേക്കാണ് ഞാൻ ഇന്നും നോക്കിക്കൊണ്ടിരിക്കുന്നത്.
ഒരിക്കൽ എങ്കിലും,ആ രണ്ട് പള്ളികളും വീണ്ടും ഒരേ ആകാശത്തേക്ക് നോക്കുന്ന ദിവസം വരുമോ എന്ന്.
അന്ന് ഒരുപക്ഷേ,എന്റെ അവസാന പേജിൽ ഞാൻ ഒരു പുതിയ വരി എഴുതും:
"എല്ലാവരും ഹാജർ."
Read More: https://www.emalayalee.com/writer/207