
ടൊറന്റോയുടെ ഹൃദയത്തിലേക്ക് ഒരിക്കൽക്കൂടി കേരളത്തിന്റെ ചെണ്ടമേളവും നൃത്തച്ചുവടുകളും സംഗീതപ്രൗഢിയുമെല്ലാം കൊട്ടിക്കയറി. ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഒരുക്കിയ മഹാഓണത്തിന്റെ മൂന്നാം സീസണും ഒരുക്കിയത് വൈവിധ്യമാർന്ന കലാവിരുന്നും വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ളവരുടെ നിറസാന്നിധ്യവും. ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡ്, മിസ് കേരളം കാനഡ, ഫ്രാങ്കോയുടെ സംഗീതാർച്ചന തുടങ്ങിയവയുമായി മഹാഓണത്തിന് മഹാവൈവിധ്യമായിരുന്നു ഇക്കുറി…ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ത്രിവർണച്ചാർത്തുകൂടി അണിയുന്നതുമായി പരിപാടികൾ.
https://youtu.be/08EG4oYb6Mw?si=MbZ_fcPsTsAeVZ7C
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോ ഓഗസ്റ്റ് 15ന് കൺതുറന്നത് വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്കും ദക്ഷിണേന്ത്യൻ കൂട്ടായ്മയിലേക്കുമാണ്. മംഗൾ പാണ്ഡെയും ഝാൻസി റാണിയും ജവഹർലാൽ നെഹ്റുവും ഡോ. ബി. ആർ. അംബേദ്ക്കറും സ്വാമി വിവേകാനന്ദനും ഭഗത് സിങ്ങും നേതാജി സുഭാഷ്ചന്ദ്രബോസും ഡോ. എ. പി. ജെ. അബ്ദുൽകലാമും ഒക്കെ കുട്ടിരൂപത്തിൽ അണിനിരന്ന ഗ്രേറ്റ് ഇന്ത്യൻ ലീഡേഴ്സ് പരേഡോടുകൂടിയായിരുന്നു സ്വാതന്ത്ര്യദിനത്തിലെ മഹാഓണത്തിന്റെ തുടക്കം. ദിയ ബിനൂപ് ഒന്നാം സമ്മാനമായി 222 ഡോളറിന് അർഹനായി. ഇമ്മാനുവൽ റോബിൻസ്, ആവ പ്രഫുൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. കനേഡിയൻ ട്രാവൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ഷാനൻ സ്കിന്നറാണ് വിജയികളെ പ്രഖ്യാപിച്ചത്.
മിസ് കേരളം കാനഡ പട്ടത്തിനായുള്ള സൗന്ദര്യമൽസരമായിരുന്നു മഹാഓണത്തിന്റെ മൂന്നാം സീസണിലെ മറ്റൊരു പ്രത്യേകത. മലയാളത്തിന്റെ സൗന്ദര്യരൂപങ്ങൾ റാംപിൽ അണിഞ്ഞൊരുങ്ങിയെത്തിയത് കാണികൾക്ക് ആവേശമായി. റീന വെട്ടൂർ വിജയകിരീടമണിഞ്ഞു, 501 ഡോളറും സ്വന്തമാക്കി. അമൃത രാധാകൃഷ്ണൻ ഫസ്റ്റ് റണ്ണറപ്പ്, അന്ന ജോസ് സെക്കൻഡ് റണ്ണറപ്പ് പട്ടങ്ങൾ നേടി.
തെയ്യവും കഥകളിയുമുൾപ്പെടെയുള്ള കലാരൂപങ്ങളും വള്ളംകളിയും മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതുമെല്ലാം സാംസ്കാരികഘോഷയാത്രിൽ പങ്കെടുത്ത സംഘങ്ങൾ അരങ്ങിലെത്തിച്ചപ്പോൾ ഓണത്തിന്റെ മാത്രമല്ല, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്കുള്ള അവിസ്മരണീയ യാത്രകൂടിയായി. 666.66 ഡോളറിന്റെ ഒന്നാം സമ്മാനം ഡാൻസിങ് ദീവാസാണ് സ്വന്തമാക്കിയത്. ദുർഹം ഫ്ളെയിംസും ശക്തി ഡാൻസ് ടീമും രണ്ടും മൂന്നും സ്ഥാനക്കാരായി.
തൊണ്ണൂറുകളുടെ തലമുറ മുതൽ പുതുതലമുറ വരെ ആടിപ്പാടിയ പാട്ടുകളുമായി എത്തിയ ഗായകൻ ഫ്രാങ്കോയുടെ സാന്നിധ്യവും കാണികൾക്ക് ആവേശംപകരുന്നതായി. രണ്ട് പതിറ്റാണ്ട് മുൻപ് ഹിറ്റ് ആക്കിയ സുന്ദരിയെ വാ… എന്ന ഗാനം കാണികൾക്കൊപ്പം ചേർന്നാണ് ഫ്രാങ്കോ പാടിത്തകർത്തത്. ഗായകരായ ഹരിതയും അനുവും ഡിജെ വല്ലാടനുംകൂടി ചേർന്നപ്പോൾ അതു വേറെ ലെവൽ വൈബ് ആയി.
കഴിഞ്ഞവർഷം നാട്ടിൽനിന്നെത്തിച്ച റോബോട്ടിക് കരിവീരൻ ഇക്കുറിയും തലയെടുപ്പോടെയാണ് സാങ്കോഫ സ്ക്വയറിന്റെ പടിപ്പുരയിൽ ഇടംപിടിച്ചത്. ഒറിജിനലോ എന്നു സംശയിപ്പിക്കുന്ന ഫിനിഷിങ് വിദേശികൾപോലും മൽസരിച്ച് പടമെടുക്കുന്നതിനു വഴിയൊരുക്കി.
ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ മഹാവീർ സിങ്വി മുഖ്യാതിഥിയായി പങ്കെടുത്തു. കൂടുതൽ ജനപങ്കാളിത്തവും വ്യത്യസ്തമായ പരിപാടികളും മഹാഓണത്തിന്റെ സ്വീകാര്യത വർധിപ്പിച്ചതായി മുഖ്യസംഘാടകൻ ജെറിൻ രാജ് അഭിപ്രായപ്പെട്ടു. കൈകൊട്ടിക്കളിയിൽ തുടങ്ങി, ഫ്ളാഷ്മോബും കടന്ന് ഡിജെയിൽ അവസാനിച്ച, രാവുംപകലും നീണ്ട മഹാഓണത്തിലെ കലാ-സാംസ്കാരിക പ്രതിഭാസംഗമത്തിൽ നാൽപതിലേറെ സംഘമാണ് വേദിയിലെത്തിയത്. കലാനിലയം കലാധരൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവുമൊരുക്കി. ചന്ദനം ചാർത്തിയാണ് വളന്റിയർമാർ അതിഥികളെ വരവേറ്റത്. വ്യത്യസ്ത രുചികളുമായി റസ്റ്ററന്റ് ശൃംഖലകളും ആഘോഷത്തിൽ അണിചേർന്നു.