
''നമിക്കിലുയരാം നടുകില്‍തിന്നാം നല്‍
കുകില്‍ നേടിടാം
നമുക്കു നാമേ പണിവതുനാകം
നരകവുമതുപോലെ''
- ഉള്ളൂര്‍
21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കുട്ടികളില്‍ നിന്നും വളരെ വിഭിന്നമായിരുന്നു എന്റെ കുട്ടിക്കാലം. ഇന്നത്തെ കുട്ടികള്‍ ധരിക്കുന്നതുപോലെയുള്ള വിലകൂടി ഷൂസുകളോ, ചെരുപ്പുകളോ സ്വപ്‌നത്തില്‍പോലും കാണാന്‍ കഴിയാത്ത ഒരുകാലം കേരളത്തില്‍ ഉണ്ടായിരുന്നു എന്നുള്ള സത്യം ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയുമെന്നു തോന്നുന്നില്ല. ജി.കെ.യുടെ വാക്കുകളാണിവ.
ജീവിതത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തന്റെ മികവു തെളിയിച്ച ജി.കെ.യോട് താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന മേഖല ഏതാണെന്നു ചോദിച്ചാല്‍ അത് കൃഷിയാണെന്നും കൃഷിയുടെ ബാലപാഠങ്ങളെല്ലാം താന്‍ കരസ്ഥമാക്കിയത് തന്റെ പിതാവില്‍ നിന്നുമാണെന്നും പിതാവിന്റെ എട്ടുമക്കളില്‍ മുതിര്‍ന്ന താന്‍ പിതാവിന്റെ പോരായ്മകള്‍ ചെറുപ്പത്തിലെ കണ്ടുമനസ്സിലാക്കി ആ തെറ്റുകള്‍ തിരുത്തിയപ്പോള്‍ കൃഷിയില്‍ നിന്നുതന്നെ കൂടുതല്‍ വിളവുകള്‍ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞതായും ഞങ്ങളുടെ സംഭാഷണങ്ങളില്‍ വിശദീകരിക്കുകയുണ്ടായി. അവയിലൊരു ഉദാഹരണം പിതാവ് കൃഷിചെയ്തതില്‍ നിന്നും വിഭിന്നമായി മകന്‍ ഭംഗിയായ രീതിയില്‍ കിളച്ചൊരുക്കിയ തടത്തില്‍ ഇഞ്ചിവിത്ത് കുഴിച്ച് വച്ച് ചാണകപ്പൊടിയുമിട്ട് മൂടി നല്ല രീതിയില്‍ പച്ചിലവളവും പുതപ്പിച്ച് വേണ്ടവിധത്തില്‍ കൃഷി പരിപാലിച്ചപ്പോള്‍ ഉണ്ടായ അസാമാന്യവിളവ് ആയിരുന്നു. അതുപോലെ തന്നെ കരനിലത്തു വെള്ളാര്യന്‍, വെളുത്താര്യന്‍ എന്നീ കേരളത്തിലെ കാലഹരണപ്പെട്ടുപോയ നെല്‍വിത്തുകള്‍ ഭംഗിയായി കിളച്ചൊരുക്കിയ ഭൂമിയില്‍ ചാണകപ്പൊടി വിതറി ഒരുപിടി നെല്‍വിത്ത് പിതാവുപോലും കാണാതെ എടുത്തു കൃഷിചെയ്തപ്പോള്‍ ആ നെല്‍വിത്തു മുളച്ച് പാകമായപ്പോള്‍ 500മേനി വരെ നെല്ല് ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു എന്നുളളതാണ്. തന്റെ മൂത്തമകന്റെ കൃഷിയിലുള്ള കഴിവ് തിരിച്ചറിഞ്ഞ് മകനെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ മാതാവ് മേരി ജോസഫ് കുളങ്ങര ആണെന്ന് ജി.കെ. പലവട്ടം പറയുകയുണ്ടായി. കേരളത്തില്‍ ആദ്യകാല കൃഷിക്കാരില്‍ പേരുകേട്ട ആളായിരുന്നു ജി.കെ.യുടെ മാതാവിന്റെ പിതാവും ലോകപ്രശസ്ത സഞ്ചാരി എന്നറിയപ്പെടുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മുതുമുത്തച്ഛനുമായിരുന്ന ഔസേപ്പ് ഔസേപ്പ് കുളങ്ങര. തന്റെ മുത്തച്ഛനോടൊപ്പം കൃഷിയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ ജി.കെ.യ്ക്ക് നന്നേ ചെറുപ്പത്തിലെ കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം.

G.K. with Historian P.V. ALBY.
തന്റെ ദീര്‍ഘമായ വിദ്യാഭ്യാസത്തില്‍നിന്നും താന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങള്‍ ഏതാണെന്ന എന്റെ ചോദ്യത്തിന് കളരി മുതല്‍ 10 -ാം ക്ലാസുവരെ പഠിച്ചവയും തന്റെ മാതാപിതാക്കളില്‍നിന്നും പഠിച്ച കാര്യങ്ങളുമാണ് ഏറ്റവും വലിയ പാഠങ്ങള്‍ എന്ന് ജി.കെ പറയുകയുണ്ടായി. അതിനു കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ശ്ലോകം ചൊല്ലുകയുണ്ടായി.
''ആചാര്യന്മാരില്‍നിന്നും നാലൊന്ന്
പഠിക്കേണ്ടൂ,
നാലൊന്നു മര്‍ത്ത്യന്‍ സ്വന്തബുദ്ധിയാല്‍
ഗ്രഹിക്കേണ്ടൂ,
കൂട്ടുകാരില്‍നിന്നത്രേ
നാലൊന്നു പഠിക്കേണ്ടൂ,
നാലൊന്നു പിന്നെക്കാലക്രമത്തില്‍ വരേണ്ടതാം.''
ഇതെവിടെനിന്നും പഠിച്ചു എന്നു ചോദിച്ചപ്പോള്‍ തന്റെ പിതാവ് നന്നേ ചെറുപ്പത്തില്‍ത്തന്നെ തനിക്കു പറഞ്ഞുതന്ന സൂക്തമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. മാതാപിതാക്കളും ആചാര്യന്മാരുടെ ഗണത്തില്‍പ്പെട്ടവരാണെന്ന് അദ്ദേഹം എടുത്തുപറയുകയുണ്ടായി. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന അധ്യാപകന്മാര്‍ തന്റെ മാതാപിതാക്കളാണെന്നും, അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ കേട്ടു വളര്‍ന്നാല്‍ ജീവിതത്തില്‍ പിന്നീട് ദുഃഖിക്കേണ്ടിവരുകയില്ല എന്നും ജി.കെ. വളരെ വ്യക്തമായി എന്നെ പറഞ്ഞുമനസ്സിലാക്കി. മിക്ക കുട്ടികളും വഴിതെറ്റിപ്പോകുന്നതിനും അപകടങ്ങളില്‍ചെന്നു ചാടുന്നതിനും പ്രധാനകാരണം മാതാപിതാക്കളുടെ നല്ല ഉപദേശങ്ങളെ മാനിക്കാത്തതിനാലാണെന്ന് അദ്ദേഹം തന്റെ ജീവിതത്തെത്തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയുണ്ടായി.

G.K. WITH Teachers and Staff of St. Mary's L.P. School where G.K studied 68 years ago.
ബൈബിളില്‍ യേശുക്രിസ്തു 12-ാം വയസ്സില്‍ കാണാതെ പോയി എന്ന് ക്രിസ്ത്യാനികളെല്ലാം തന്നെ പഠിച്ചിട്ടുള്ളതാണ്. ഈ ആധുനിക നൂറ്റാണ്ടിലും അതിന്റെ കാരണത്തെപ്പറ്റി വ്യക്തമായി പഠിച്ചു മനസ്സിലാക്കാന്‍ ക്രിസ്ത്യാനികളാരും മുതിര്‍ന്നിട്ടില്ല. എന്നാല്‍ 10 വയസുകഴിയുന്നതോടെ നമ്മുടെ ഹോര്‍മോണുകള്‍ക്ക് മാറ്റം സംഭവിക്കുമെന്നും, ആ സമയത്ത് കുട്ടികളുടെ മനസ്സില്‍ വേണ്ടാത്ത ചിന്താഗതികള്‍ രൂപാന്തരപ്പെടാന്‍ കാരണമാകുമെന്നും, പത്തുവയസ്സു മുതല്‍ 19 വയസ്സുവരെയുള്ള കാലം രണ്ടായി ആധുനിക ശാസ്ത്രജ്ഞന്മാര്‍ തിരിച്ചിരിക്കുകയാണെന്നും 8 മുതല്‍ 12 വയസ്സുവരെ ഈ മാറ്റപ്രക്രിയ തുടങ്ങുമെന്നുമാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഈ പ്രായത്തില്‍ കുട്ടികളുടെ പെരുമാറ്റത്തിനുതന്നെ മാറ്റംവരുമെന്നുള്ളകാര്യം പലമാതാപിതാക്കന്മാര്‍ക്കും അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ പലപ്പോഴും കുട്ടികളെ വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അത് കുട്ടികളുടെ മാനസികാവസ്ഥയെത്തന്നെ തകിടം മറിക്കാറുമുണ്ട്. പലപ്പോഴും കുട്ടികള്‍ വിമതരും ധിക്കാരികളുമായി മാറാന്‍ ഇതു കാരണമാകുമെന്നും ജി.കെ. തന്റെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് വിശദീകരിക്കുകയുണ്ടായി.
വനവാസം ലക്ഷ്യമാക്കി ജി.കെ. കന്യാകുമാരിയിലേക്ക് ഒളിച്ചോടിയ ഒരു സംഭവം ജി.കെ. വിശദീകരിക്കുകയുണ്ടായി. അതിനുപ്രധാനകാരണം മൂത്തമകനോട് അതീവകാര്‍ക്കശ്യത്തോടെയാണ് അദ്ദേഹത്തിന്റെ പിതാവ് കെ.റ്റി.ജോസഫ് കൂവള്ളൂര്‍ കുട്ടിക്കാലത്ത് പെരുമാറിയിരുന്നത് എന്നതാണ്. ഉള്ളിന്റെ ഉള്ളില്‍ വലിയ സ്‌നേഹവും കരുതലും ഉണ്ടായിരുന്നുവെങ്കിലും അതിന്റെ കണികപോലും പിതാവ് പുറത്തുകാണിക്കാറില്ലായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കുപോലും കടുത്ത ശകാരവും നല്ല അടിയുമാണ് കൊടുക്കാറുണ്ടായിരുന്നത്. വീടിന്റെ മുറ്റത്തുള്ള കമുകില്‍ കൈകള്‍ രണ്ടും മുമ്പോട്ട് കൂട്ടിക്കെട്ടി നല്ല പുളിവാറുകൊണ്ട് നിക്കറിട്ട തുടയ്ക്കിട്ടുള്ള അടി. യേശുക്രിസ്തുവിനെ പുരോഹിതപ്രമാണികള്‍ ചാട്ടവാറുകൊണ്ട് അടിച്ചു എന്നതിനുതുല്യമായ അടി. ഒരുപക്ഷേ, ക്രിസ്തീയ പാരമ്പര്യത്തില്‍ അടിയുറച്ചുവിശ്വസിച്ചതിനാലാവണം പിതാവ് ഈ ശിക്ഷാരീതി നടപ്പാക്കാന്‍ കാരണമെന്ന് തമാശാരൂപത്തില്‍ ജി.കെ പറയുകയുണ്ടായി. ഏതായാലും ചെറുപ്പത്തില്‍ കിട്ടിയ അടി തന്റെ ജീവിതത്തില്‍ പലപ്പോഴും പ്രലോഭനങ്ങളില്‍പ്പെടാതിരിക്കാനും, തിന്മയുടെ മാര്‍ഗ്ഗത്തില്‍നിന്നും മാറി നീതിക്കുവേണ്ടി പോരാടന്‍ പ്രേരകമായിത്തീര്‍ന്നു എന്നും, പിതാവിന്റെ കടുത്തശിക്ഷയെ ന്യായീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
ഇത്രയുമെഴുതിയപ്പോള്‍ ജി.കെ. കന്യാകുമാരിക്ക് വിവേകാനന്ദന്‍ നടന്നുപോയ വഴികളിലൂടെ നടന്ന് വീടുവിട്ടു വനവാസംലക്ഷ്യമാക്കിപോയ കാര്യം എന്താണെന്ന് വായനക്കാര്‍ക്ക് അറിയേണ്ടേ?
കാര്യം വളരെ നിസ്സാരമായ ഒന്നായിരുന്നു. ഇന്നത്തെ സമൂഹത്തില്‍ ആര്‍ക്കും പറ്റാവുന്നതും, ക്ഷമിക്കാവുന്നതുമായ ഒരു ചെറിയപിഴ, കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസിലേയ്ക്കു കയറിയ സമയം. അക്കാലത്ത് പള്ളിവക സ്്കൂള്‍ ആയിരുന്നതിനാല്‍ രണ്ടുരൂപ ഫീസ് മാസംതോറും കൊടുക്കേണ്ടിയിരുന്നു. പിതാവ് കെ.റ്റി.ജോസഫ് ഫീസുകൊടുക്കുന്ന കാര്യത്തില്‍ വളരെ കൃത്യനിഷ്ഠപാലിച്ചിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ത്തന്നെ മകന് ഫീസ് കൊടുത്തുവിടും. തന്റെ അയല്‍വാസിയും ഒന്‍പതാംക്ലാസില്‍ സഹപാഠിയുമായിരുന്ന കൊച്ചുപറമ്പില്‍ കെ.റ്റി. തോമസ് എന്ന അല്പം ധാരാളിയായ ചങ്ങാതി ഫീസു കൊടുക്കാനുള്ള പണം ജി.കെ.യുടെ കൈയിലുണ്ടെന്നു മണത്തറിഞ്ഞ് പിറ്റേ ദിവസം തന്നെ വായ്പ മടക്കിത്തരാം എന്ന ഉറപ്പില്‍ ചോദിച്ചുവാങ്ങി. ദിവസം ഒന്നു കഴിഞ്ഞു, രണ്ടുകഴിഞ്ഞു, ആഴ്ച ഒന്നു കഴിഞ്ഞു, സഹപാഠി പ്രസ്തുത പണം വാങ്ങി സ്‌കൂളിനു തൊട്ടടുത്തുള്ള കുറിയാന്‍ കുഞ്ചാക്കോ ചേട്ടന്റെ ചായക്കടയില്‍നിന്നും ബോണ്ട വാങ്ങിക്കഴിച്ചു പണം ചിലവഴിച്ചു. മാസാവസാനം അടുത്തുകൊണ്ടിരുന്നു. 30-ാം തീയതിക്കു മുന്‍പ് ഫീസ് സ്‌കൂളില്‍ അടച്ചില്ലെങ്കില്‍ പിതാവ് അറിയും. അറിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതം ജി.കെ.യുടെ കൊച്ചുമനസ്സിന്റെ സമനില തെറ്റിച്ചു.
ഒടുവില്‍ കടപ്ലാമറ്റത്തെയും സമീപപ്രദേശത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ ചരിത്രം ജി.കെ. തന്റെ വാക്കുകളില്‍ വിശദീകരിക്കുകയുണ്ടായി. കടപ്ലാമറ്റത്തിന്റെയും പാലയ്ക്കാട്ടുമല, മരങ്ങാട്ടുപിള്ളി, കിടങ്ങൂര്‍ നിവാസികളുടെയും, പ്രത്യേകിച്ച് കൂവള്ളൂര്‍, കുളങ്ങര എന്നീ കുടുംബങ്ങളുമായി ബന്ധമുണ്ടായിരുന്നവരുടെയും ഉറക്കം കെടുത്തിയ ദിനങ്ങളായിരുന്നു അവ എന്ന് ജി.കെ.യുടെ തൊട്ടഅയല്‍വാസികള്‍ ആയിരുന്ന എ.ജെ. ജയിംസ് അരുമായില്‍, വി.ജെ. ജോയി വെട്ടിക്കുഴി എന്നിവര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

G.K. Sitting in the front second row from Left to Right 3rd one with his cousins and siblings at the time of wake service to his beloved Cousin who passed away 65 years ago.
പണം തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നസാഹചര്യത്തില്‍ സഹപാഠിയും അയല്‍വാസിയുമായ കെ.റ്റി. തോമസും, കൂവള്ളൂര്‍ കുളത്തിന്റെ തെക്കെപറമ്പിന്റെ ഉടമയായിരുന്ന കുഴിക്കാട് കൊച്ചു കുട്ടിച്ചേട്ടന്‍ എന്നയാളുടെ ഇളയമകന്‍ ഞങ്ങളുടെ തരപ്പടിക്കാരനുമായ ജോസുംകൂടി കൂവള്ളൂര്‍ കുളത്തിന്റെ കരയില്‍ ഒന്നിച്ചുകൂടി നാടുവിടാനുള്ള ബൃഹത്തായ ഒരുപരിപാടി ആസൂത്രണം ചെയ്തു. മൂന്നുപേരില്‍ പ്രായത്തിലും ആരോഗ്യത്തിലും ബുദ്ധിയിലും അന്ന് മികവുറ്റ കെ.റ്റി. തോമസാണ് പ്ലാന്‍ തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ മൂത്തജ്യേഷ്ഠന്‍ കൊച്ചുപറമ്പില്‍ മത്തക്കുട്ടി എന്നയാള്‍ കന്യാകുമാരിക്കടുത്തു മാര്‍ത്തണ്ഡത്തുള്ള തോട്ടത്തിലെ ഒരു ജീവനക്കാരന്‍ ആയിരുന്നു അക്കാലത്ത്. ജി.കെ.യും കുഴിക്കാട്ട് ജോസും പുറംലോകം കാണാത്തവരാണ്. സ്വന്തം പഞ്ചായത്തിനുവെളിയില്‍ പോലും ഒറ്റയ്ക്കുപോകാത്തവര്‍. കെ.റ്റി. തോമസ് യാത്രയ്ക്കുള്ള പ്ലാന്‍ തയ്യാറാക്കി. അന്നത്തെക്കാലത്തെ വേഷം ഒരു മുറി കൈയ്യന്‍ ഷര്‍ട്ടും, ഒരു വെളുത്ത ഒറ്റമുണ്ടും അടിയില്‍ ഉറുമ്പില്‍ കൊച്ചേട്ടന്‍ എന്ന തയ്യല്‍ക്കാരന്‍ തന്റെ മെഷീനില്‍ തൈയ്‌ച്ചെടുത്ത ഒരു വള്ളി അണ്ടര്‍വെയറും മാത്രമാണ് എന്നോര്‍ക്കണം.
പണം എവിടെ നിന്നുണ്ടാക്കും അതായി അടുത്ത പ്രശ്‌നം. നിര്‍ദ്ധനരായ മാതാപിതാക്കളുടെ മക്കളായിരുന്നു അക്കാലത്ത് കെ.റ്റി. തോമസും, കുഴിക്കാട്ടു ജോസും. അതുകൊണ്ടാണല്ലോ വാങ്ങിയ രണ്ടുരൂപ തിരിച്ചുകൊടുക്കാന്‍ കെ.റ്റി തോമസിനു കഴിയാതെ പോയത്. ഇവരില്‍ പ്രായത്തില്‍ ഇളയത് കുഴിക്കാട്ട് ജോസ് ആയിരുന്നു. കെ.റ്റി. തോമസിന്റെ പ്ലാനിനോട് ജോസും യോജിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. നാടുവിടുക, അതും ഫീസ് കൊടുക്കേണ്ടിയിരുന്ന മാസത്തിന്റെ അവസാന ദിവസത്തിനു മുന്‍പ് നാടുവിടണം. യാത്രക്കൂലിക്കുള്ള പണം എവിടെനിന്നുണ്ടാകും? കപ്പ വിളവെടുക്കുന്ന കാലമായിരുന്നു അത്. തന്റെ പിതാവ് കപ്പവിറ്റ പണം പൂട്ടില്ലാത്ത ഒരു തടിപ്പെട്ടിയുടെ കള്ളിയില്‍ വച്ചിട്ടുണ്ടെന്ന് ജി.കെയ്ക്ക് അറിയാമായിരുന്നു. മറ്റു വീടുകളിലേതില്‍നിന്നും വ്യത്യസ്തമായി പൂട്ടിക്കെട്ടില്ലാത്ത പെട്ടിയിലാണ് അക്കാലത്ത് പിതാവ് പണം വയ്ക്കുന്നത്. കാരണം തന്റെ മക്കള്‍ ആരും മോഷ്ടാക്കള്‍ അല്ല എന്ന് പിതാവ് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഏതായാലും പെട്ടിയില്‍ പണം ഉള്ള വിവരം കെ.റ്റി. തോമസിനെ അറിയിച്ചു. അങ്ങിനെ ഒരു സ്‌കൂള്‍ ദിവസം പോകാനുള്ള തയ്യാറെടുപ്പ് എടുത്തു.
' പിതാവിന്റെയും എന്റെയും ചിന്താഗതികള്‍ ജീവിതത്തില്‍ ഒരിക്കലും ഒരുമിച്ചു പോവുകയില്ല എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്നന്നേയ്ക്കുമായി പിതാവില്‍നിന്നും രക്ഷപ്പെട്ടു പോകാനുള്ള അവസരമാണിത് എന്നു ഞാന്‍ മനസ്സില്‍ കരുതി. പോകുന്ന വഴി ഏതെങ്കിലും വനത്തില്‍ കയറി അവിടെ തപസ്സിരിക്കുന്ന താടിയും മുടിയും നീട്ടിയ മഹര്‍ഷിമാരെപ്പറ്റിയുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ മഹര്‍ഷിമാരോടൊപ്പം ജീവിക്കുക എന്നുള്ളതായിരുന്നു എന്റെ ഇളം മനസ്സിലെ ചിന്ത' എന്ന് ജി.കെ. പറഞ്ഞപ്പോള്‍ എഴുത്തുകാരനായ ഞാന്‍ മഹാനായ ഒരു ഗുരുവിനെ കണ്ടെത്തിയല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു.
നാടകീയമായ വീടുവിടല്‍
യേശുക്രിസ്തുവിനെ സാത്താന്‍ പരീക്ഷിച്ചതുപോലെയുള്ള ഒരു പരീക്ഷണമായിരുന്നു ജി.കെ.യ്ക്കും സംഭവിച്ചതെന്ന് ഒരു ചരിത്രകാരനായ എനിക്കു തോന്നിപ്പോയി. കെ.റ്റി. തോമസ് പറഞ്ഞതുപോലെ തന്നെ ജി.കെ. തലേദിവസം പ്ലാന്‍ ചെയ്തതുപോലെ മറ്റാര്‍ക്കും സംശയം ഉണ്ടാകാത്തവിധത്തില്‍ കുളിച്ചൊരുങ്ങി അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച്, മുഖത്ത് യാതൊരു ഭാവമാറ്റവും വരുത്താതെ പുസ്തകക്കെട്ടുമായി സ്‌കൂളിലേയ്ക്കിറങ്ങി. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ വിലകൂടിയ ബുക്കു ബാഗുകളൊന്നുമില്ല. കൈയില്‍ ഒതുക്കിപ്പിടിക്കാവുന്ന പാഠപുസ്തകങ്ങളും, എഴുതാന്‍ ഏതാനും ചില നോട്ടുബുക്കുകളും, വിലകുറഞ്ഞ ഒരു ഫൗണ്ടന്‍ പേനയും, ഒരു പെന്‍സിലും, പെന്‍സില്‍ കൊണ്ടുള്ള എഴുത്തു മായ്ക്കാന്‍ ഒരു റബ്ബര്‍ കഷണവുമാണുള്ളത്. അതേസമയം ഇന്നത്തെ കുട്ടികള്‍ വിലകൂടിയ ബുക്കു ബാഗുകളില്‍ അവരുടെ ഭാരത്തെക്കാള്‍ കൂടുതല്‍ ഭാരവുമായി സ്‌കൂളില്‍ പോകുന്നകാര്യം ഓര്‍ത്താല്‍ വിദ്യാഭ്യാസ രീതിക്കുണ്ടായ മാറ്റം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. അന്നത്തെക്കാലത്ത് എഞ്ചുവടി സമ്പ്രദായമായിരുന്നു കണക്കുപഠിക്കാന്‍ ഉപയോഗിച്ചിരുന്നത്. കണക്കുകള്‍ കൂട്ടുന്നതും, കുറയ്ക്കുന്നതും ഹരിക്കുന്നതും ഗുണിക്കുന്നതുമെല്ലാം കാണാപ്പാഠം പഠിക്കേണ്ടിയിരുന്നു. ഇന്ന് എല്ലാം ഡിജിറ്റല്‍ ആയതോടെ കുട്ടികള്‍ക്ക് ഇലക്‌ട്രോണിക്‌സില്‍ നോക്കേണ്ട അവസ്ഥ വന്നു എന്ന് ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. വിവിധകാലഘട്ടങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ഈ ബുക്ക് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
അങ്ങനെ പതിവുപോലെ ഒന്‍പതാം ക്ലാസുകാരനായ കഥാനായകന്‍ യാതൊരു ഭാവപകര്‍ച്ചയുമില്ലാതെ ശാന്തനും, വിനീതനുമായി വീട്ടില്‍നിന്നും കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്‌കൂളിലേക്കു പുറപ്പെട്ടു. ആരും ആ കുട്ടിയെ സംശയിച്ചില്ല. നേരത്തെ പ്ലാന്‍ ചെയ്തതുപോലെ സെന്റ് ആന്റണീസ് സ്‌കൂളിന്റെ രണ്ടു കെട്ടിടങ്ങള്‍ ഉള്ളതില്‍ മിഡില്‍ സ്‌കൂളിന്റെ തിണ്ണയുടെ ഭാഗത്ത് സന്ധിക്കാമെന്നാണ് പ്ലാനിട്ടിരുന്നത്. കുഴിക്കാട്ടു ജോസ് അന്ന് ഏഴാം സ്റ്റാന്റാന്‍ഡില്‍ ആയിരുന്നു പഠിച്ചിരുന്നത്. കഥാനായകനും കെ.റ്റി. തോമസ് എന്ന നേതാവും പഠിക്കുന്നത് ഹൈസ്‌കൂളില്‍ ആയിരുന്നതിനാല്‍ അധ്യാപകര്‍ എത്തിയിട്ടേ സാധാരണ ക്ലാസ് മുറികള്‍ തുറക്കുകയുള്ളു.
അങ്ങിനെ കഥാനായകനും കൂട്ടരും തങ്ങളുടെ പുസ്തകക്കെട്ട് കടപ്ലാമറ്റം മിഡില്‍ സ്‌കൂളിന്റെ വരാന്തയില്‍ കൊണ്ടുപോയി വച്ചശേഷം 'ഞാനൊന്നുമറിഞ്ഞില്ല ദേവനാരായണാ' എന്നു പറഞ്ഞതുപോലെ ആരും സംശയിക്കാതെ 1892 ഡിസംബറില്‍ സ്വാമി വിവേകാനന്ദന്‍ ഉഴവൂര്‍ നിന്നും കാല്‍ നടയായി കന്യാകുമാരിക്കു പോയ അതേ വഴിയിലൂടെ കടപ്ലാമറ്റത്തുനിന്നും മൂന്നു തോടുവഴി കിടങ്ങൂര്‍ക്കുള്ള വഴിവരെ കാല്‍നടയായി നടന്ന് കിടങ്ങൂരെത്തി. കഥാനായകനായ ജി.കെ.യുടെ കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയും, അരയില്‍ ഒരു വെള്ളി അരഞ്ഞാണവും ഉടുത്തിരിക്കുന്ന തുണിയുടെ മടിയില്‍ ഭദ്രമായി തിരുകി വച്ചിരിക്കുന്ന പിതാവിന്റെ പെട്ടിയില്‍നിന്നും മോഷ്ടിച്ച പത്തുരൂപയുടെ നാലു നോട്ടുകളും. അതാണ് മൂവര്‍ക്കും ദേശാന്തരഗമനത്തിനുള്ള ആകെ മൂലധനം.

St. Anthony's High School Kadaplamattom where G.K studied.
ഓര്‍ക്കാപ്പുറത്തൊരു സാക്ഷി
മൂവരും കടപ്ലാമറ്റം കവല പിന്നിട്ട് കടപ്ലാമറ്റം സെന്റ് മേരീസ് കാത്തലിക് ഫൊറോനയുടെ കുരിശില്‍ തൊട്ടിവഴി പോകുമ്പോള്‍ ജി.കെ. പതിവുപോലെ ചര്‍ച്ചിന്റെ മണിമാളികകള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ പ്രതിമയിലേക്ക് നോക്കി ' മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ' എന്ന് മനസ്സില്‍ ധ്യാനിച്ചു. മറ്റു രണ്ടുപേര്‍ക്കും അങ്ങിനെ ഒരു ചിന്ത ഉണ്ടാകാന്‍ സാധ്യതയില്ല. ഇതില്‍ സാത്താന്റെ കെണിയില്‍പ്പെട്ടതും വാസ്തവത്തില്‍ ജി.കെ. ആണെന്നു വായനക്കാര്‍ക്കു മനസ്സിലാകും. ഒരാള്‍ പ്രേരണ നല്‍കി. ജി.കെ.യോടുള്ള വിശ്വാസത്തില്‍ കുഴിക്കാട്ടു ജോസ് അദ്ദേഹത്തിന്റെ കാവല്‍ക്കാരനെന്നോണം തന്റെ ആത്മമിത്രത്തോടൊപ്പം എന്തിനും തയ്യാറായി ഇറങ്ങിപ്പുറപ്പെട്ടതാണ്. ചുരുക്കത്തില്‍ കെ.റ്റി. തോമസ് ചെറുപ്പത്തില്‍ ഒരു താന്തോന്നി ആയിരുന്നു എന്ന് അദ്ദേഹത്തെ അറിയാമായിരുന്ന പ്രായമായ കടപ്ലാമറ്റംകാര്‍ ഈലേഖകനോടു പറയുകയുണ്ടായി. ജി.കെ. വീടുവിട്ടുപോകാനുള്ള കാരണം വായനക്കാര്‍ക്കും മനസ്സിലാക്കാമല്ലോ.
മനുഷ്യജീവിതത്തില്‍ പലപ്പോഴും ചെറുപ്പക്കാര്‍ വെട്ടില്‍ ചെന്നുചാടുന്നത് മറ്റുള്ളവരുടെ പ്രേരണയാലാണെന്ന് ജി.കെ.യുടെ കുട്ടിക്കാലത്തെ ഈ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
പോകുന്നവഴി ഭഗവതിക്കുന്ന് എന്ന സ്ഥലം പിന്നിട്ടപ്പോള്‍ ജി.കെ.യെ നന്നായറിയുന്ന ചാത്തംവേലില്‍ സാര്‍ നേരേ സ്‌കൂളിലേക്കു വരുന്നു. അങ്ങിനെ ചാത്തംവേലില്‍ ലൂക്കാസാറിനെ പിന്നിട്ടുകഴിഞ്ഞപ്പോള്‍ മുന്‍പു സൂചിപ്പിച്ചതുപോലെ താന്തോന്നിയായ കൊച്ചുപറമ്പില്‍ കെ.റ്റി തോമസിന് ആവേശം മൂത്ത് 'ചാത്തോ' എന്നൊരു വിളി. പക്ഷേ ആരാണ് വിളിച്ചതെന്ന് ചാത്തംവേലി ലൂക്കാ സാറിന് വ്യക്തമായി മനസ്സിലായില്ല. ജി.കെ. ആണെന്നാണ് അദ്ദേഹം കരുതിയത്. അങ്ങിനെ അദ്ദേഹം കൂവള്ളൂര്‍ കെ.റ്റി ജോസഫിന്റെ മകന്‍ തന്നെ ചാത്താ എന്നു വിളിച്ചു എന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററിന്റെ അടുക്കല്‍ പരാതിപ്പെട്ടു. പിന്നീടാണറിയുന്നത് കടപ്ലാമറ്റം സെന്റ് ആന്റണീസ് സ്‌കൂളിലെ മൂന്ന് കുട്ടികള്‍ നാടുവിട്ടകാര്യം.
പോകുന്നവഴി കഥാനായകന്‍ ഒരിക്കല്‍ക്കൂടി മടിയില്‍ പണമുണ്ടോ എന്ന് ഉറപ്പുവരുത്തി. അന്നേവരെ പണം കൈകാര്യം ചെയ്തിട്ടില്ലാത്ത കഥാനായകന്‍, ജി.കെ, കൈവശമുള്ള മോഷ്ടിച്ച പണം മുഴുവന്‍ പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യാതൊരു മടിയുമില്ലാത്ത കെ.റ്റി തോമസിനെ ഏല്പിച്ചു. കക്ഷിയാകട്ടെ കിടങ്ങൂരെത്തി അവിടെ നിന്നും കോട്ടയത്തിനുള്ള ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സില്‍ കയറി ടിക്കറ്റെടുത്തു. കോട്ടയം ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കക്ഷിക്കൊരുമോഹം കാലില്‍ വള്ളി ചെരുപ്പ് ഇടണമെന്ന്. അങ്ങിനെ മൂന്നുപേര്‍ക്കും ജീവിതത്തില്‍ ആദ്യമായി വള്ളി ചെരുപ്പ് വാങ്ങി. പണം ചിലവാക്കുന്നക്കാര്യത്തില്‍ കെ.റ്റി.തോമസിന് യാതൊരു മടിയുമില്ല. ചെന്നെത്തേണ്ടത് കന്യാകുമാരിയിലാണ് എന്ന് കക്ഷിക്കറിയാം. അക്കാലത്ത് രൂപയ്ക്കു വിലയുള്ളകാലം. 40 രൂപ എന്നുവച്ചാല്‍ നാലേക്കര്‍ സ്ഥലം വാങ്ങാനുള്ള പണമുണ്ട് എന്നോര്‍ക്കണം. മലബാര്‍ പ്രദേശത്ത് 10 രൂപയ്ക്ക് ഒരേക്കര്‍ സ്ഥലം കിട്ടുന്നകാലം.
അങ്ങിനെ കോട്ടയത്തുനിന്നും അടുത്ത ഫാസ്റ്റ് പാസഞ്ചര്‍ ബസിന് തിരുവനന്തപുരം ബസ് സ്റ്റാന്റിലെത്തി. കെ.റ്റി. തോമസ് അതിനു മുന്‍പ് തന്റെ സഹോദരനോടൊപ്പം മാര്‍ത്താണ്ടത്തു പോയിട്ടുള്ളതിനാല്‍ തിരുവനന്തപുരമൊക്കെ ഒന്ന് കൊണ്ടുപോയി കാണിച്ചു. ആദ്യം പോയത് മേത്തന്‍ മണി കാണാനാണ്. രണ്ട് ആട്ടിന്‍ മുട്ടന്മാര്‍ മേത്തനിട്ട് ഇടിക്കുന്നതു കാണാന്‍ അന്നു രസമുണ്ടായിരുന്നു. അതിന്റെ പിന്നിലെ രഹസ്യം വായനക്കാര്‍ക്കു വിടുന്നു. അടുത്തത് ഒരു ചായക്കടയില്‍ കയറി ദോശയും ചമ്മന്തിയും കൂട്ടി ഓരോ ചായ കുടിച്ചു, വയര്‍ നിറച്ചു. പിന്നെ കെ.റ്റി. തോമസിനൊരു മോഹം ഞങ്ങളെ വേളി ബീച്ചിലേക്കു ഞങ്ങളെ കൊണ്ടുപോകണം. അവിടെയും പോയി.
പണം കൈയില്‍ കിട്ടിയാല്‍ അതു ചിലവു ചെയ്യുന്നതിന് യാതൊരു മടിയുമില്ലാത്ത കെ.റ്റി തോമസ് ജീവിതത്തില്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിരുന്നെങ്കില്‍ എന്നു ഞാനിപ്പോള്‍ ഓര്‍ത്തുപോകുന്നു. ജി.കെ. തന്റെ ബാല്യകാല സുഹൃത്തിനെപ്പറ്റി ഓര്‍മ്മിച്ചു പറഞ്ഞു. പില്‍ക്കാലത്ത് കെ.റ്റി.തോമസ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദികനാകാന്‍ പോയി. ഒടുവില്‍ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചു. കഴിഞ്ഞകാല തെറ്റുകളില്‍ നിന്നും മോചിതനാകാനെന്നോണം കടപ്ലാമറ്റം സെന്റ് മേരീസ് കാത്തലിക് ഫൊറോന ചര്‍ച്ചിലെ കപ്യാരായിത്തീര്‍ന്നു എന്നുള്ളതാണ് സത്യം. അദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് 'അച്ചന്‍ കുഞ്ഞ്' എന്നാണ്. കുഞ്ഞ് എന്നുള്ളത് അദ്ദേഹത്തിന്റെ ഓമനപ്പേര്. പിന്നീടാണറിയുന്നത് ഞാനും കുഞ്ഞും കടപ്ലാമറ്റത്തെ പ്രബലമായ കൂവള്ളൂര്‍ കുടുംബത്തില്‍പ്പെട്ടവരാണെന്ന്. ചെറുപ്പത്തില്‍ എന്തൊക്കെ കുസൃതിത്തരങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍പോലും ഇന്നും ഞങ്ങള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി തുടരുന്നു.
കന്യാകുമാരിയിലേക്കുള്ള പ്രയാണം
സമയം ഏറെക്കുറെ ഉച്ചകഴിഞ്ഞ് നാലുമണിയോടുകൂടി കെ.റ്റി. തോമസ് എന്ന കുഞ്ഞ് ഞങ്ങളെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റിലേക്കു നയിച്ചു. കന്യാകുമാരിക്കുള്ള ബസില്‍ ടിക്കറ്റെടുത്തു. ശരിക്കുപറഞ്ഞാല്‍ പുരുഷത്വം പോലും ആകാത്തപ്രായം. യാത്രയ്ക്കിടയില്‍ നേതാവ് കെ.റ്റി.തോമസാണ്. ഞാനും കൂടെയുള്ള കുഴിക്കാട്ടു ജോസും കുഞ്ഞു പറയുന്നതു കേള്‍ക്കുന്നു. പണവും കുഞ്ഞാണ് കൈകാര്യം ചെയ്തിരുന്നത്. അങ്ങിനെ ഏകാന്തമായ ഒരു രാത്രിയില്‍ ഞങ്ങളുടെ ബസ് കന്യാകുമാരി ബസ് സ്റ്റാന്റിലെത്തി. 'ജി.കെ. ഓര്‍മ്മിച്ചെടുത്തു. ബസ് ഡ്രൈവര്‍ പറഞ്ഞു. ഇറങ്ങേണ്ട സ്ഥലം ആയി. അങ്ങിനെ ഞങ്ങള്‍ ഇറങ്ങി. ഇതിനിടെ കഴുത്തില്‍ കിടന്നിരുന്ന മാലയില്‍ കഴുകന്മാരെപ്പോലെ ചിലര്‍ കണ്ണുവയ്ക്കുന്നതായി മനസ്സിലാക്കിയ ഞാന്‍ മാല ഊരി തുണിത്തുമ്പില്‍ കെട്ടി. ജി.കെ. ഓര്‍മ്മിച്ചെടുത്തു. രാത്രി ഒരു കടത്തിണ്ണയില്‍ ഭിക്ഷക്കാരെപ്പോലെ 'Homeless' നെപ്പോലെ കഴിച്ചുകൂട്ടി. രാവിലെ ഉണര്‍ന്നപ്പോള്‍ കലശലായ വിശപ്പ്. മിച്ചമുണ്ടായിരുന്ന പണത്തില്‍ നിന്നും ഒരണമാറ്റി വച്ചിട്ട് ബാക്കിയുള്ള കാശിന് ഒരു തമിഴ് ചായക്കടയില്‍ കയറി ചായയും പരിപ്പുവടയും തിന്നു വിശപ്പടക്കി.' ജി.കെ. ഓര്‍മ്മിച്ചെടുത്തു. പിന്നീട് ജി.കെയുടെ ബുദ്ധി പ്രവര്‍ത്തിച്ചു. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് കണ്ടുപിടിച്ചു. മിച്ചമുണ്ടായിരുന്ന ഒരണകൊണ്ട് ഒരു ഇന്‍ലന്റ് വാങ്ങി അതില്‍ കെ.റ്റി.തോമസിനെക്കൊണ്ട് അദ്ദേഹത്തിന്റെ പിതാവിന് എഴുതിച്ചു. എഴുതിച്ചത് ഇങ്ങിനെയാണ്. 'പ്രിയപ്പെട്ട പാപ്പാ, (കെ.റ്റി.തോമസിന്റെ പിതാവ് തൊമ്മന്‍ ചേട്ടനെ അദ്ദേഹം വിളിച്ചിരുന്നത് പാപ്പാ എന്നാണ്) ഞങ്ങള്‍ ഇപ്പോള്‍ കന്യാകുമാരിയിലാണ്. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നു. ഞങ്ങള്‍ ഇവിടെ നിന്നും ട്രാന്‍സ്‌പോര്‍ട്ട് ബസ് തിരുവനന്തപുരത്തിനു പോകുന്നവഴി തിരികെ നടക്കുകയാണ്. ഞങ്ങള്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ കാണാമെന്നു കരുതുന്നു. എന്ന് സ്വന്തം മകന്‍ കുഞ്ഞ്.
ഏതായാലും ഈ കത്ത് ഒരാഴ്ചയ്ക്കുള്ളില്‍ കടപ്ലാമറ്റത്ത് കൊച്ചുപറമ്പില്‍ തൊമ്മന്‍ ചേട്ടനു കിട്ടി... ശേഷം നിര്‍ണ്ണായക സംഭവങ്ങള്‍ അടുത്ത ആഴ്ച പ്രതീക്ഷിക്കാം.
തുടരും...
Read More: https://www.emalayalee.com/writer/114