
പതിവു പോലെ ഇത്തവണയും പ്രജകളെ സന്ദർശിക്കാനിറങ്ങിയതാണ് മാവേലി തമ്പുരാൻ.ഓലക്കുടയും ചൂടി റോഡരികിലൂടെ നടക്കുന്നതിനിടയിലാണ് ഒരു ബസ്സ് വരുന്നത് തമ്പുരാന്റെ ദൃഷ്ടിയിൽ പെട്ടത്. കൈ കാണിച്ച് കയറാൻ നോക്കുമ്പോൾ ഭയങ്കര തിരക്ക്. ഓലക്കുടയും മടക്കി അതിൽ കയറിക്കൂടിയ പാടോർത്താൽ വല്ലാത്ത പാടായിപ്പോയി. കേറിക്കഴിഞ്ഞപ്പോൾ കേറണ്ടായിരുന്നു എന്ന് തോന്നി.. ബസ്സിൽ ആകെ സ്ത്രീകൾ മാത്രം, തമ്പുരാൻ ആലോചിക്കുകയായിരുന്നു കേരളത്തിലെ പുരുഷ ജനങ്ങളൊക്കെ കാശിക്ക് പോയോ?,വഴിയിൽ, ഓഫീസിൽ, വാഹനങ്ങളിൽ, എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മഹിളാമണികൾ മാത്രം...ഇനി ധൃതി പിടിച്ച് ഓടിക്കയറിയത് വല്ല ലേഡീസ് ഒൺലി ബസ്സിലെങ്ങാനുമാണോ?
ബസ്സിൽ നിൽക്കാനും ഇരിക്കാനും ഇടമില്ലെങ്കിലും ഓരോ സ്റ്റോപ്പിലും നിർത്തി ആളെ കേറ്റുന്നുണ്ട്. നടന്നു പോയാൽ മതിയായിരുന്നു, ഇനി ഇറങ്ങാൻ നേരം ഈ ഇടിയിൽ പെട്ട് തന്റെ ഓലക്കുടയും കിരീടവുമൊക്കെ ബാക്കി കിട്ടിയാൽ കിട്ടിയെന്ന് പറയാം. ഓലക്കുട ഇപ്പോൾ തന്നെ ആകെ പരുവക്കേടിലാണ്. പുതിയ ഒരു ഓലക്കുട അനുവദിക്കണമെന്ന് പാതാളം ഭരണസമിതിയ്ക്ക് കൊടുത്ത അപേക്ഷ സാമ്പത്തിക പ്രതിസന്ധി കാരണം മാറ്റി വെച്ചിരിക്കുയാണ്.
ഇനി പുതിയ ഓലക്കുടയും കിരീടവും അനുവദിക്കാതെ പ്രജകളെ കാണാൻ പോകില്ലെന്ന് കർശന നിലപാട് എടുത്താലേ എന്തെങ്കിലും നടക്കൂ. അല്ലെങ്കിൽ തന്നെ പ്രജകളെ കാണാൻ കൃത്യമായി താൻ വരുന്നു എന്നല്ലാതെ പ്രജകൾക്ക് തന്നെ കാണാൻ എവിടെയാണ് നേരം..ജീവിക്കാനുള്ള നെട്ടോട്ടമാണെല്ലാവരും. ബാക്കി കിട്ടുന്ന സമയം മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത്. വീട്ടിലുള്ളവർക്ക് തന്നെ പരസ്പരം കാണാനും സംസാരിക്കാനും സമയമില്ല. പിന്നെയല്ലേ പഴയ ചരിത്രത്തിലെ ഏതോ മാവേലി തമ്പുരാൻ.
ഇപ്പോൾ തന്നെ ഫാൻസിഡ്രസ്സിന് പങ്കെടുക്കാൻ പോകുന്ന ആളെ പോലെയാണ് എല്ലാവരുടെയും നോട്ടം.കണ്ടക്ടറും അൽപം പരിഹാസത്തോടെയാണ് അടുത്ത് വന്നത്. കണ്ടക്ടറെങ്കിലും ആണാകുമെന്നാണ് പ്രതീക്ഷിച്ചത്, ആ പ്രതീക്ഷയും തെറ്റി.
‘’അമ്മാവാ, എങ്ങോട്ടേക്കാണ്, സീറോ ടിക്കറ്റാണോ..’’
കണ്ടക്ടറുടെ ചോദ്യം കേട്ടപ്പോൾ ബസ്സിൽ കൂട്ടച്ചിരിയായി. അപ്പോഴാണ് സ്ത്രീകൾക്ക് സൗജന്യ യാത്രയുള്ള പ്രിയദർശിനി ബസ്സിലാണ് താൻ കയറിയതെന്ന് തമ്പുരാന് മനസിലായത്. ‘’പാതാളം ടൈംസി’’ലൂടെ സ്ത്രീകൾക്ക് യാത്രാ സൗജന്യം അനുവദിച്ച കാര്യമൊക്കെ തമ്പുരാൻ അറിഞ്ഞിരുന്നു.
’അമ്മാവന്റെ വേഷം കണ്ടിട്ട് ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല, അതു കൊണ്ട് ചോദിച്ചതാണ്, ഏതായാലും സ്റ്റാന്റിലേക്ക് ടിക്കറ്റ് അടിക്കാം..’’
പാതാളം യൂറോ മാറി വെച്ചിരുന്നതിൽ നിന്നും തപ്പിപ്പെറുക്കി ടിക്കറ്റെടുത്തു. അടുത്ത പ്രാവശ്യമെകിലും ആണുങ്ങൾക്കും സീറോ ടിക്കറ്റാക്കാൻ സർക്കാരിന് തോന്നണേ എന്ന പ്രാർത്ഥനയോടെ ബസ് സ്റ്റാന്റായപ്പോൾ പെണ്ണുങ്ങളുടെ ഇടയിൽ നിന്നും ഒരു വിധം സൂക്ഷിച്ച് സൂക്ഷിച്ച് പുറത്തിറങ്ങി..ഇല ചെന്നു മുള്ളിൽ വീണാലും, മുള്ള് ചെന്നു ഇലയിൽ വീണാലും കേട് ഇലയ്ക്ക് തന്നെയാണെന്നാണല്ലോ ചൊല്ല്
ആരുടെയെങ്കിലും ദേഹത്ത് കുടയോ വല്ലതും മുട്ടുകയോ തട്ടുകയോ ചെയ്താൽ , അവർ വല്ല പരാതിയും കൊടുത്തു കഴിഞ്ഞാൽ തീർന്നു..പിന്നെ പാതാളത്തിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ഇവിടുത്തെ വല്ല ജയിലിലും കഴിയേണ്ടി വരും.
ബസ്റ്റാന്റിന് പുറത്ത് ജനക്കൂട്ടം കണ്ടപ്പോൾ തമ്പുരാന് സന്തോഷമായി തന്നെ സ്വീകരിക്കാൻ വന്നവരാകുമെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തു ചെന്നപ്പോഴാണ് ഏതോ പ്രതിഷേധ ജാഥ നടക്കുകയാണെന്നറിഞ്ഞത്. പ്രജകളുടെ കാര്യമല്ലേ ഒന്ന് അന്വേഷിച്ചേക്കാം എന്ന് വിചാരിച്ച് അടുത്തു ചെന്നു. അപ്പോഴാണ് ജാഥയിൽ നിന്നും ആരോ കല്ലു വലിച്ചെറിഞ്ഞെന്ന് പറഞ്ഞ് പോലീസ് ജലപീരങ്കി പ്രയോഗം തുടങ്ങിയത്. പാവം, അതിനിടയിൽ പെട്ടു പോയ മാവേലി തമ്പുരാൻ നനഞ്ഞു കുതിർന്ന് ഒരു പരുവത്തിൽ അവിടെ നിന്ന് അടി കിട്ടാതെ ഓടി അടുത്തു കണ്ട ഒരു ബസ്സിൽ കയറി. നോക്കുമ്പോൾ കയ്യിലെ കുടയുടെ ശീല കാണാനില്ല, പിടി മാത്രം മിച്ചം കിട്ടി, തമ്പുരാൻ തലയിൽ തപ്പി നോക്കി,കിരീടവും കാണാനില്ല.ആകെ നനഞ്ഞു കുതിർന്ന് സീറ്റിലിരിക്കുന്ന തമ്പുരാനെ കണ്ട് അടുത്തു വന്ന കണ്ടക്ടർ ചോദിച്ചു
‘’എവിടേക്കാണ്?’’
‘’എവിടേക്കാണെങ്കിലും ഒരു സീറോ ടിക്കറ്റ് തന്നേക്ക്..’’ കയ്യിലിരുന്ന കാശെല്ലാം ജലപീരങ്കിയിൽ നനഞ്ഞു പോയ സങ്കടത്തിൽ തമ്പുരാൻ കണ്ടക്ടറോട് പറഞ്ഞു..