
2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനല്‍ മത്സരത്തിൽ 53 മത്സരാർഥികളെ പിന്തള്ളി കിരീടം ചൂടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് 19കാരി കസിയ. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും ഇതോടെ കസിയ സ്വന്തമാക്കി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയായ കസിയ നിയമവിദ്യാർഥിനിയും മോഡലും നർത്തകിയുമാണ്.
മലയാളിയാണെങ്കിലും വളർന്നതും പഠിച്ചതും അബുദാബിയിലാണ്. എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെൻ്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഛമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പേജൻ്റ് ജീവിതത്തിനിടയിലും ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുന്നുണ്ടായിരുന്നു. ഡ്രംസും വയലിനും വായിക്കുക, പാടുക തുടങ്ങിയ ഹോബികളും കസിയയെ കൂടുതൽ ഉയരങ്ങളിൽ എത്താൻ സഹായിച്ചു.
കസിയ നിലവിൽ ബംഗളൂരുവിൽ നിയമവിദ്യാർഥിനിയാണ്.
നേരത്തെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു. 2025 ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പ് ആയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണർ അപ്പായി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കറാണ് സെക്കന്റ് റണ്ണർ അപ്പ്.
നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും. 2024 ലാണ് സൗന്ദര്യമത്സര രംഗത്തേക്ക് കസിയ കടന്നുവന്നത്. മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ് കസിയ. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ലെന്നും കസിയ ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്.