
ജോലി കഴിഞ്ഞുള്ള മടക്ക യാത്രയിൽ ആയിരുന്നു ഞാൻ അവളെ കാണുന്നത്. പെരുന്ന സ്റ്റാൻഡിൽ നിന്നും അമല ബസിലെ മാതാവിന്റെ രൂപത്തിന് പുറകിലെ സീറ്റിൽ ജനലിൽ തല ചേർത്ത് വെച്ച് പുറത്തേക്കു നോക്കുമ്പോ ആയിരുന്നു അവൾ റോഡ് മുറിച്ചു കടക്കാൻ നിന്നിരുന്നത്. അവൾ.... അവളെ ഒരു നിമിഷം നോക്കിയപ്പോ ഉള്ളിലൂടെ ഒരു വിറയൽ ആണ് കടന്നു പോയത്. വായിലെ വെള്ളം വറ്റി. അവൾ.... അത് ഞാൻ തന്നെ ആയിരുന്നു...
എന്നെ കണ്ണാടിയിൽ കൂടി കാണുന്നത് പോലെ.... ഒട്ടിയ സിൽക്ക് മുടി ചേർത്ത് പോണിടെയിൽ കെട്ടി, അയഞ്ഞ ചുരിദാർ ധരിച്ചു, മാറിടം കടും നീല നിറമുള്ള ഷാൾ കൊണ്ടു മൂടി. ഒരു സഞ്ചിയും തൂക്കി പിടിച്ചു..... കയ്യിലെ ചുരുട്ടിയ കർച്ചീഫ് പോലും തന്റെ കയ്യിൽ ഉള്ളത് പോലെ...
അത് കൊണ്ടു ഇടയ്ക്കിടയ്ക്ക് നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന മുഖം അമർത്തി തുടച്ചു...
അപ്പോ ഞാൻ അല്ലെ ഇത്? എനിക്കു മനസിലാകുന്നില്ല. ഞാൻ എന്റെ ഉടലിൽ തൊട്ടു നോക്കി. അവൾ ഞാൻ കയറിയ ബസിനു മുൻപിലൂടെ റോഡ് ക്രോസ്സ് ചെയ്തു പോയി. അപ്പോൾ എനിക്കു അവളെ കാണാൻ സാധിച്ചിരുന്നില്ല. എഴുന്നേറ്റു നിന്ന് നോക്കുകയോ ബസിൽ നിന്നും ഇറങ്ങി നോക്കുകയോ ചെയ്യണം എന്നുണ്ടായിരുന്നു. സാധിച്ചില്ല. കാലിൽ ഇരുമ്പുലക്ക കെട്ടി തൂക്കിയ പോലെ. എന്തോ ഒരു ഭയം പോലെ... ഉള്ളിൽ ഒരു വിറയൽ ആയിരുന്നു.
ഞാൻ അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.....
"ഓം ശ്രീ മാതാ ശ്രീ മഹാരാജ്ഞി ശ്രീമദ് സിംഹാസനേശ്വരി
ചിതഗ്നി കുണ്ഡസമ്പൂതാ ദേവകാര്യ സമുദ്യതാ....."
ഭയം തോന്നുമ്പോ കുഞ്ഞിലേ ചൊല്ലിയിരുന്ന വരികൾ....അപസ്മാര ബാധിതയെ പോലെ ഞാൻ അപ്പോൾ വിയർക്കുകയും വിറക്കുകയും ചെയ്തു കൊണ്ടിരുന്നു. അടുത്തിരുന്ന സ്ത്രീ ചോദിച്ചു
"സുഖമില്ലേ? വെള്ളം വേണോ?"
ചിലപ്പോ എന്റെ കണ്ണുകളുടെ തോന്നലാണോ? ഗോപാലൻകുട്ടി മാഷ് പറയുമ്പോലെ
"നൊസ്സാണോ യ്ക്ക് ഇനി?"
ഈയിടെ ആയി അങ്ങനെയാണ്. ആരും കാണാത്ത പലതും ഞാൻ മാത്രം കാണുന്നുണ്ട്. ജോലി സ്ഥലത്തു ഞാൻ കാണുന്ന പറയുന്ന പലതും കേട്ടു കൂടെ ഉള്ളവർ പരിഹാസ ചിരി മുഴക്കം തുടങ്ങിയപ്പോൾ മുതൽ ആകണം ഞാൻ എല്ലാവരിൽ നിന്നും അകന്നത്. എന്റെ മേശ വലിപ്പിൽ രണ്ടു തലയുള്ള ഒരു പാമ്പിനെ ആണ് ഒരിക്കൽ ഞാൻ കണ്ടത്. ഞെട്ടി പിൻവലിഞ്ഞപ്പോ കൂടെ ഉള്ള സുധാകരൻ മാഷ് പറഞ്ഞു
"ഇരുതല മൂരി ആകണം... എന്നിട്ട് അയാൾ ഗോപാലൻ കുട്ടി മാഷിനെ നോക്കി ഒരു വിടല ചിരി ചിരിച്ചു. കേൾക്കേണ്ട താമസം കൂടെ ഉള്ള രണ്ടു പെൺ അധ്യാപികമാരും മുഖം പൊത്തിപിടിച്ചു ചിരിക്കുന്നു.'
മറ്റൊരിക്കൽ ഞാൻ വരാന്തയിലൂടെ ക്ലാസറൂമിലേക്ക് നടക്കുകയായിരുന്നു. നട്ടുച്ചസമയം. വിജനമായിരുന്നു ഗ്രൗണ്ട്. ഏതോ ഹിംസ്ര ജന്തുവിന്റെ മുരളൽ പോലൊന്നു.നോക്കുമ്പോൾ ഗ്രൗണ്ടിലൂടെ ഒരു യൂണിക്കോൺ പോകുന്നു. സിന്ധു നദീതട നാഗരിക സംസ്കാര കാലഘട്ടത്തിൽ ആണ് യൂണിക്കോൺ എന്ന ഒറ്റക്കൊമ്പുള്ള ജീവി നിലനിന്നിരുന്നതിനെ കുറിച്ച് വായിച്ചിട്ടുള്ളത്. ഞാൻ ശരിക്കും കണ്ടതായിരുന്നു. ആ ജീവി ഗ്രൗണ്ടിലൂടെ ഇടയ്ക്കിടയ്ക്ക് മുക്രയിടുന്ന പോലൊരു ശബ്ദം പുറപ്പെടുവിച്ചു ഇങ്ങനെ നീങ്ങുന്നത്. വന്യമായ ഒരു തരം ഗന്ധം ചുറ്റും വ്യാപിച്ചിരുന്നു അപ്പോൾ.
ഓടി വന്നു ജെസ്സി ടീച്ചറിനെ വിളിച്ചു
"ടീച്ചറെ നോക്കൂ യൂണിക്കോൺ "
ഞാൻ വിരൽ ചൂണ്ടിയിടത്തു നോക്കി ടീച്ചർ വയറും പൊത്തിപിടിച്ചു ഓടി സ്റ്റാഫ് റൂമിലേക്ക് പോയി കസേരയിൽ വീണു.
"പിള്ളച്ചേട്ടന്റെ പശു ഗേറ്റ് കടന്നു ഗ്രൗണ്ടിൽ സ്വൈര്യ വിഹാരം നടത്തുന്നത് കണ്ടിട്ട് മണിമേഖല പറയുന്നത് കേട്ടോ യൂണികോൺന്നു."
അത് കേട്ടപ്പോളും ഗോപാലൻ കുട്ടി സാറ് ആർത്തട്ടഹസിച്ചു.
"ഇന്നലെ ഏതാ ടീച്ചറെ അടിച്ചത്. കൂടിയ ഇനം വല്ലതും ആണോ? അതോ വലതും കൂട്ടിയിട്ടു പുകച്ചോ?"

വര:മറിയം ജാസ്മിന്‍
അയാൾ ചിരിക്കുമ്പോൾ അയാളുടെ കുമ്പ കിടന്നു കുലുങ്ങും. ശരീരം മൊത്തം വിയർക്കും. കഴുത്തിലെ രുദ്രാക്ഷമാലയും, പുലിനഖം കെട്ടിയ ലോക്കറ്റു തൂക്കിയ പിരിയൻ മാലയുടെ അറ്റവും വലതു കൈപടത്തിൽ അയാൾ ചുറ്റിയിങ്ങനെ പിടിക്കും. വായിലൂടെ താംബൂല രസം ഗ്ലാസ് മേശയിൽ ചിതറി തെറിക്കും. ഇടതു കൈപ്പത്തി കൊണ്ടു അയാൾ അത് ആഞ്ഞു തുടയ്ക്കും.
"അല്ല ഇപ്പോ ചെറിയ പിള്ളേർക്കൊക്കെ 'എം ഡി എം എ' ന്നോ 'എം ബി എ' ന്നോ അങ്ങനെ എന്തൊക്കെയോ പേരുള്ള സാധനങ്ങൾ അല്ലെ പഥ്യം ഇപ്പോ ടീച്ചർമാരും വലിച്ചു കേറ്റാൻ തുടങ്ങിയോ?"
"അല്ല ഒറ്റക്കാകുമ്പോ അങ്ങനെ പലതും തോന്നാം."
അന്ന് അപമാനിക്കപ്പെട്ടത് കുറച്ചൊന്നുമല്ല. ഒറ്റയ്ക്ക് കഴിയുന്നത് കൊണ്ടു ഇതുങ്ങളുടെ വിചാരം ഞാൻ വെള്ളമടിച്ചു കഞ്ചാവും വലിച്ചു തോന്നിയ പോലെയാണ് ജീവിക്കുന്നത് എന്ന്. എന്റെ കണ്ണുകൾ കൊണ്ടു ഞാൻ നേരെ കണ്ടതാണ്. യൂണിക്കോൺ ആയിരുന്നു അത്.
അതിനാൽ ഇപ്പോ ഒഴിവു കിട്ടുമ്പോളൊന്നും ഞാൻ അവിടെ ഇരിക്കാറില്ല. ലൈബ്രറിയിലെ ആളൊഴിഞ മൂലയിൽ പോയി ഇരിക്കും. വല്ലതും വായിക്കും.
ഞാൻ പറഞ്ഞല്ലോ ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ ആണ്. എനിക്കു ആരുമില്ല. സമൂഹത്തോട് ഒരു പാട് പൊരുതി ആണ് ഞാൻ ജീവിക്കുന്നത്. മുള്ളും മുനയും വെച്ച വാക്കുകൾ കേട്ടാണ് ഞാൻ എന്റെ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങിയത്.
ചിരി കേട്ടു കൊണ്ടാണ് സുധാകരൻ മാഷ് കയറി വന്നത്
"എന്താ മണി.... മേഖല... ടീച്ചറെ? ഇന്നും വല്ല കുട്ടിച്ചാത്തനെയും കണ്ടോ? അതോ വല്ല നക്ഷത്ര ആമയെ കണ്ടോ. എങ്കി നമുക്ക് കയറ്റി അയക്കാം. വിദേശത്തൊക്കെ ഇപ്പോ അതിനാ സ്കോപ്പ്. "
"അല്ലെങ്കി നമുക്ക് ആ കോട്ടയത്തുള്ള കൃഷ്ണപണിക്കരെ കൊണ്ടു വന്നു ഒന്ന് കവിടി നിരത്തി നോക്കാം. അല്ല നമ്മൾ കാണാത്ത പലതും ഈ മണി... അല്ല മണി.... മേഖല...ശേ ഈ കൊച്ചു കാണുമ്പോ പിന്നെ....."
ജെസ്സി ടീച്ചർ പരീക്ഷ പേപ്പറിൽ മുഖം പൂഴ്ത്തി ചിരിക്കുക ആയിരുന്നു
"അല്ല അല്ലാതെ ആർക്കെങ്കിലും ഇന്നത്തെ കാലത്തു ഇങ്ങനെ ഒരു പേരിടുമോ?മണി... മേഖല..... ഏതു മേഖല ആണെന്ന പറഞ്ഞത്?"
"അല്ല വീട് എവിടെയാന്നാ പറഞ്ഞത്?"
"തൃശൂർ..... തൃശൂർ എവിടെയാ? "
"വടക്കാഞ്ചേരി....."
"വടക്കാഞ്ചേരി എവിടെയാ?"
"അവിടെ തന്നെ".
"അല്ല വെറുതെ ചോദിച്ചതാ എനിക്കു അവിടെ ആരുമില്ല."
സ്റ്റാഫ് റൂമിൽ വീണ്ടും കൂട്ടച്ചിരിതന്നെ.
ഞാൻ മൂന്നു മാസം മുൻപായിരുന്നു ഈ സ്കൂളിൽ അധ്യാപിക ആയി വന്നത്. പി എസ് സി വഴിയുള്ള അപ്പോയ്ന്റ്മെന്റ് ആയിരുന്നു. എം ഫിൽ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ജോലി കിട്ടുന്നതു. ഇപ്പോഴത്തെ കാലത്തു ഒരു ജോലി കിട്ടാനുള്ള പ്രയാസം കണക്കിൽ എടുത്താണ് ഞാൻ ഈ തൊഴിൽത്തന്നെ സ്വീകരിച്ചത്. ഇവിടെ വന്ന അന്ന് മുതൽ തുടങ്ങിയതാണ് പരിഹാസവും അർത്ഥം വെച്ച സംസാരവും.
പിന്നെ കുറെ നാളത്തേക്ക് ഞാൻ പുതിയതായി ഒന്നും കണ്ടില്ല എന്ന് വേണം അനുമാനിക്കാൻ. കുട്ടികാലത്തു ഏകദേശം പത്തു പതിനൊന്നു വയസ്സ് മുതൽക്കാണ് ഇങ്ങനെ വിചിത്രങ്ങൾ ആയ കാഴ്ചകൾ ഞാൻ കാണാൻ തുടങ്ങിയത്.
അന്ന് വടക്കാഞ്ചേരി സർക്കാർ പെൺപള്ളികൂടത്തിൽ പഠിക്കുന്നു. ക്ലാസ്സ് മുറിയിൽ അന്നമ്മ ടീച്ചറിന്റെ മലയാളം ക്ലാസ്സുകളിൽ ആണ് അന്തരീക്ഷത്തിൽ വിലയം പ്രാപിച്ച കറുത്ത പുക ചുരുളുകൾ ഞാൻ കാണുന്നത്. പുക നൂലുകൾ ഇങ്ങനെ കെട്ടു പിണഞ്ഞു പിണഞ്ഞു നീണ്ടു നീണ്ടു പോകുകയായിരുന്നു.
"അയ്യോ പുക"....
അന്നമ്മ ടീച്ചർ ഉൾപ്പെടെ ക്ലാസ്സിലെ നാല്പത്തിയഞ്ചു ജോഡി കണ്ണുകളും എന്റെ നേർക്കായി.
"നീ എന്താ ഉറങ്ങുക ആണോ? "
"അതെങ്ങനെയാ സ്വപ്നലോകത്തല്ലേ"
കുട്ടികൾ എല്ലാവരും വായ പൊത്തി ചിരിച്ചു.
പിന്നെ ഞാനൊന്നും മിണ്ടിയില്ല.
അന്ന് സ്കൂൾ വിട്ടു വരാൻ നേരം ഞാൻ മറ്റൊരു കാഴ്ച കണ്ടു. പാടത്തിന്റെ കരയിലൂടെ ഒരു സ്ത്രീ പോകുന്നു ആ സ്ത്രീ പൂർണ നഗ്ന ആയിരുന്നു. അവരുടെ പിൻവശം ആയിരുന്നു ഞാൻ കണ്ടത്. എന്നാൽ അവ്യക്തമായ രീതിയിൽ അവരുടെ അരയിൽ എന്തോ കാണുന്നു. സൂക്ഷിച്ചു നോക്കിയപ്പോ കണ്ടത് നിറയെ കുറ്റി ചൂലുകൾ കയറിൽ കെട്ടി അത് കൊണ്ടായിരുന്നു അവർ അര മറച്ചിരുന്നത്
"അയ്യോ കോമലച്ചി".

വര:മറിയം ജാസ്മിന്‍
ശ്വാസം കിട്ടാതെ തിരിഞ്ഞോടാൻ നോക്കിയപ്പോ ആ സ്ത്രീ എന്നെ തിരിഞ്ഞു നോക്കി. ഒരു വല്ലാത്ത ചിരി ആയിരുന്നു ആ മുഖത്ത്. അവരുടെ മുലകൾ മുട്ടോളം നീണ്ടു കിടക്കുന്നു. ഒരു മുല കഴുത്തിലൂടെ ചുറ്റി മുൻപിൽ ഇട്ടിരുന്നു. ആ ചിരിയുടെ കാന്തിക പ്രഭാവത്തിൽ എനിക്കു തലകറങ്ങി..... കല്ലിൽ തട്ടി ഞാൻ വീണു. ബോധം മറഞ്ഞു...
ബോധം തെളിയുമ്പോ എന്റെ മുറിയിൽ ആയിരുന്നു ഞാൻ കിടന്നിരുന്നത്.....
അമ്മമ്മയുടെ കഥകളിലൂടെയാണ് കോമലച്ചി എന്ന ചീത്ത സ്ത്രീയെ കുറിച്ച് അറിയുന്നത്. കോമലച്ചി ചീത്ത ആണ്. അവർ കുട്ടികളെ പിടിച്ചു കൊണ്ടു പോകില്ല, പച്ചക്കു തിന്നില്ല പക്ഷെ വഴി തെറ്റിക്കും.... കുട്ടികളെ മാത്രമല്ല മുതിർന്നവരെ പോലും. അമ്മമ്മയുടെ മൂത്ത ആങ്ങള പണ്ട് കാട്ടിൽ വിറകു ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പോയപ്പോ പകുതിക്കു വെച്ചു കൂട്ടുകാർ അപ്രത്യക്ഷർ ആയെന്നു. കുറെ ദൂരം തലയിൽ വെച്ച വിറകുമായി നടന്നു. കുറെ പോയപ്പോ പ്രായമായ ഒരു മുത്തശ്ശി കാട്ടിൽ നില്ക്കുന്നു. കൊടും കാടാണ്.
"മുത്തശ്ശിയെ, നാട്ടിലേക്കുള്ള വഴിയൊന്നു പറഞ്ഞു തരാമോ? ന്റെ കൂട്ടക്കാരെ ഒന്നും കാണാനില്ല. വഴി തെറ്റി എന്നാ തോന്നണേ...."
"അതിനെന്താ മോൻ ദേ ഈ വിറകൊന്നു ആ മരത്തിന്റെ ചോട്ടില് വെച്ചിട്ട് ഇവിടുന്നു നേരെ നടന്നോ.. അല്ലെങ്കി വേണ്ട മുത്തശ്ശിടെ പിറകെ വന്നാൽ മതി.... എന്ന് പറഞ്ഞു മുത്തശ്ശി തലച്ചുമടും ആയി മുൻപിൽ നടന്നു.
എന്നിട്ടോ മണിമേഖല ചോദിച്ചു
"എന്നിട്ടെന്താ കൊറേദൂരം പോയപ്പോ അല്ലെ ഓപ്പക്കു മനസിലായത് വഴി വീണ്ടും തെറ്റിന്നു. മുത്തശ്ശി കുറെ അകലത്തിൽ മുൻപിൽ ചുമടുമായി നടന്നിരുന്നു.... മുത്തശ്ശി പൊയ്‌കൊണ്ടിരുന്നത് കാടിന്റെ ഒത്ത നടുവിലേക്കു ആയിരുന്നു. ഓപ്പ ക്കു ണ്ടൊ അറിയുന്നു?
ആകാശം ഇരുട്ടി തുടങ്ങി.... നോക്കുമ്പോ മുത്തശ്ശിടെ കഴുത്തിൽ എന്തോ ചുറ്റി പിണഞ്ഞു അങ്ങനെ കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോ ആണ് കാണുന്നത് ഒരു മൊല കഴുത്തിലൂടെ ചുറ്റി ഇട്ടിരിക്കുന്നു. ഒരു മൊല മുട്ടോളം നീളത്തിൽ. തല ചകിരിച്ചോറു പോലെ... ജട കെട്ടി..... അരക്കു ചുറ്റും നഗ്നം ആണു.... ഓപ്പ അയ്യോ ന്നു പറഞ്ഞു മലർന്നടിച്ചു വീണു..... ബോധം മറയുമ്പോ ആ തള്ളയുടെ ചിരി വനാന്തര്ഭാഗത്തു പ്രതിധ്വനിച്ചിരുന്നൂന്ന്. ഒരാഴ്ച കഴിഞ്ഞു വഴിയൊക്കെ തെറ്റി അലഞ്ഞു തിരിഞ്ഞു ഓപ്പ തിരിച്ചെത്തി. കോമലച്ചി വഴി തെറ്റിച്ചു എന്ന് അറിഞ്ഞപ്പൊ മുതൽ കുറെ മന്ത്രോം മരുന്നും ഒക്കെ ചെയ്തു.... ഓപ്പക്ക് പിന്നെ മാനസിക നില തെറ്റി...
കാൽവഴുതി അമ്പല കുളത്തിൽ വീണാണ് മരിച്ചത്. അപസ്മാരകം ഇളകി കാൽ വഴുതിയത് ആണെന്നും അല്ല ഓപ്പ ആത്മഹത്യാ ചെയ്തെന്നും പറയുന്നവർ ഉണ്ടായിരുന്നു...
"അമ്മക്ക് ന്താ പ്രാന്തുണ്ടോ ഈ പെണ്ണിനെ ത്രിസന്ധ്യക്ക് തന്നെ ഇങ്ങനുള്ള കഥകൾ കേൾപ്പിക്കാൻ പോയി നമശിവായ ചൊല്ലി രണ്ടക്ഷരം പടിക്കെടി....."
കറണ്ടില്ലാത്ത ഒരു സന്ധ്യക്ക് മുട്ടവിളക്കിന്റെ വെളിച്ചത്തിൽ മുറ്റത്തു അച്ഛനോട് ചേർന്ന് നിന്ന് ഞാൻ ഒരു ദിവസം പറഞ്ഞു
"അച്ഛാ യ്ക്ക് ഒരു കാര്യം പറയാനുണ്ട്."
അച്ഛനോട് ചേർന്ന് നില്കുന്നത് കണ്ടാൽ അമ്മമ്മ വഴക്ക് പറയും. പെൺകുട്യോളെ അങ്ങനെ ലാളിച്ചു വഷളാക്കാൻ പാടില്ലന്നു ആണ് അവരുടെ രീതി.
"ന്താ മണിക്കുട്ടി.... മോളു പറ അച്ഛനോട് ന്താ മോൾക്ക് പറയാനുള്ളത്?"
അച്ഛൻ ജോലി കഴിഞ്ഞു വന്നു മുറ്റത്തു ആകാശം നോക്കി ചാരുകസേരയിൽ കിടക്കുക ആയിരുന്നു.
"അതെ ഞാൻ ചിലപ്പോൾ ന്തൊക്കെയോ കാണുന്നു അച്ഛാ. പുക പോലെ എന്തൊക്കെയോ".
അച്ഛന്റെ മുഖം മാറി. കണ്ണിലെ കണ്ണട ഉയർത്തി നെറുകയിൽ വെച്ചു അച്ഛൻ എന്റെ അരയിലൂടെ കയ്യിട്ടു നെഞ്ചോടു ചേർത്ത് നിർത്തി. വളരെ ശബ്ദം താഴ്ത്തി പറഞ്ഞു
"ന്താ മണിക്കുട്ടി കാണണത്"?
കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന വിമ്മിഷ്ടം ഒരു പൊട്ടികരച്ചിൽ ആയി അച്ഛന്റെ മുൻപിലൂടെ ഒഴുക്കികളഞ്ഞു ഞാൻ.
"സാരല്യ ട്ടൊ. അച്ഛൻ പുറത്തു തട്ടി. മണി എപ്പോഴും ഇങ്ങനൊക്കെയോ കാണാറുണ്ടോ?"
"ഇടക്കൊക്കെ."

വര:മറിയം ജാസ്മിന്‍
"പക്ഷെ ഞാൻ കാണുന്നത് പറയുമ്പോ എല്ലാരും എന്നെ കളിയാക്കുവാ. യ്ക്ക് നൊസ്സാണ് ത്രെ."
അച്ഛൻ ഒന്നും മിണ്ടിയില്ല. ഇനി അച്ഛനും കരുതുന്നുണ്ടാവുമോ യ്ക്ക് നൊസ്സാണെന്നു. അച്ഛൻ ന്തോ ചിന്തിക്കുക ആയിരുന്നു ആ മുഖത്ത് കടുത്ത ദുഖത്തിന്റ ചാലുകൾ പോലെ.
അന്ന് അമ്മയുടെയും അച്ഛന്റെയും മുറിയിൽ നിന്നും അടക്കി പിടിച്ച സംസാരം കേട്ടു.
"ഭാനു എനിക്കു ഭയമുണ്ട്. അവൾക്കും അച്ഛനെ പോലെ."
"പിന്നെ നിങ്ങടെ അച്ഛന്റെ നൊസ്സ് ന്റെ കുട്ടിക്ക് എങ്ങനെ കിട്ടാനാ. അവളെ ന്റെ ചോരയാ. ന്റെ ഏട്ടന്റെ സ്വാഭാവ അവൾക്കു കിട്ടിയിരിക്കുന്നത്. ഇതേ നിങ്ങൾ അവളെ ലാളിച്ചു വഷളാക്കി. പെൺകുട്യോളെ ഇങ്ങനെ കൊഞ്ചിക്കരുത് ന്നു ന്റെ അമ്മ എപ്പളും പറയണതല്ലേ. കുറെ വേണ്ടാത്ത പുസ്തകങ്ങൾ വാങ്ങി കൊടുക്കും. അറിവ് നേടാൻ ആണത്രേ. പെൺകുട്യോള് കൊറേ അറിവ് നേടീട്ടു ന്തിനാ... ആ നേരം വല്ല അടുക്കള പണിയിലും സഹായിക്കാ.. അച്ഛൻ കുട്ടിയല്ലേ... അവളെ നിങ്ങള് ചീത്തയാക്കി... കൊഞ്ചിച്ചു കൊഞ്ചിച്ചു... "
പിന്നെ അച്ഛന്റെ ശബ്ദം കേട്ടില്ല. ആ മനുഷ്യൻ അപ്പോൾ ചിന്തിക്കുക ആയിരുന്നു. തന്റെ അച്ഛൻ നാട്ടിലെ പ്രശസ്തൻ ആയ വ്യക്തി ആയിരുന്നു. കുമാരൻ മാഷ് പഠിപ്പിച്ച കുട്യോൾ ആയിരുന്നു അന്ന് നാട്ടിൽ ഉണ്ടായിരുന്നത്. എപ്പോളാണ് അച്ഛന് ഇങ്ങനെ ഒരു സംഭ്രമം വന്നു പെട്ടത്. അന്ന് ഒരു ചൊവ്വാഴ്ച ആയിരുന്നു. നേരം സന്ധ്യ കഴിഞ്ഞിരുന്നു. വായനശാലയിൽ നിന്നും വീട്ടിലേക്കുള്ള മടക്കത്തിൽ അച്ഛൻ കണ്ടത് പാടത്തിന്റെ നടുക്ക് കൂറ്റൻ ഒരു ഗേറ്റ് ആയിരുന്നു.
"ഇതാരപ്പാ ഇങ്ങനൊരു ഗേറ്റ് പാടത്തിന്റെ നടുക്ക് കൊണ്ടു വന്നു വെച്ചത്?"
ഒടി വിദ്യ പഠിച്ചവർ ആരുടെയെങ്കിലും പ്രവൃത്തി ആവും.
ഗേറ്റ് നു അടുത്തേക്ക് നടക്കുന്നതോറും ദൂരം കൂടി കൂടി വരുന്നു. എത്ര നടന്നിട്ടും നടന്നിട്ടും എത്താൻ സാധിക്കുന്നില്ല. അവസാനം നെറ്റിയിലൂടെ വിയർപ്പു, ചാലുകൾ തീർത്തു വെള്ള ഷർട്ട് ന്റെ കോളറിലൂടെ ഒഴുകാൻ തുടങ്ങി. "കുമാരേട്ട എന്താ ഈ നേരത്തു ഇവിടെ"? എന്ന് ആരോ ചോദിച്ചു അച്ഛന്റെ തോളത്തു കൈ വെച്ചപ്പോൾ ആണ് വിയർപ്പിൽ മുങ്ങി കുളിച്ചു നിൽക്കുന്ന അച്ഛനെ അയാൾ കാണുന്നത്.
"അല്ല പ്രകാശ ഈ ഗേറ്റ് "....
"ഗേറ്റൊ എവിടെ. കുമാരേട്ടന് ന്താ പറ്റിയത്. ആകെ വിയർത്തല്ലോ "?
താൻ ഗേറ്റിന്റെ അടുത്ത് എത്താൻ ശ്രമിച്ചു തുടങ്ങി ഒന്നര മണിക്കൂർ പിന്നിട്ടിരുന്നു എന്ന് അപ്പോഴാണ് കുമാരൻ മനസിലാക്കിയിരുന്നത്.
അതൊരു തുടക്കം ആയിരുന്നു
അച്ഛമ്മ അന്ന് കടുകും മുളകും അച്ഛന്റ്റെ തലയ്ക്കു മുകളിൽ ഉഴിഞ്ഞിട്ടതും പിറ്റേന്ന് കണിയാനെ കൊണ്ടു വന്നു കവിടി നിരത്തിച്ചതും ചെറിയ ഒരോർമ ഉണ്ട്.അന്ന് ഏഴാം ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്.
അവിടുന്ന് അങ്ങോട്ട് കുമാരൻ എന്നും പുതിയ പുതിയ കാഴ്ചകൾ കാണും. ഒന്നുകിൽ ഒട്ടകങ്ങൾ വലിക്കുന്ന ഒരു വണ്ടിയോ അല്ലെങ്കിൽ മൂന്നു കാലുള്ള പശുകുട്ടിയോ, അല്ലെങ്കിൽ പുരണങ്ങളിലെ അനന്തൻ എന്നാ പാമ്പോ ഒക്കെ ആയിരുന്നു അത്. ക്രമേണ അദ്ദേഹത്തിന്റെ മാനസിക നില തെറ്റാൻ തുടങ്ങി. വായനശാലയിൽ പോക്കും സ്കൂളിൽ പോക്കും നന്നേ കുറഞ്ഞു പിന്നെ മുറിക്കുപുറത്തിറങ്ങാതായി. ജോലിയിൽ നിന്നും നിർബന്ധിത അവധി എടുത്തു പിന്നെ ഒരു ദിവസം അച്ഛൻ മരിച്ചു. മരണകാരണം ആർക്കും അറിയില്ല. അച്ഛന് ചില്ലറ മാനസിക പ്രശ്നങ്ങൾ ഒഴിവാക്കിയാൽ മറ്റൊരു രോഗവും ഉണ്ടായിരുന്നില്ല എന്ന് തന്നെ വേണം അനുമാനിക്കാൻ. ഇനി മണിക്കുട്ടിക്കും അച്ഛനെ പോലെ....
മണിമേഖല സർവകലാശാലയിൽ ആയിരുന്നു എം ഫിൽ നു ചേർന്നത്. 'ചങ്ങമ്പുഴ കവിതകളിലെ പ്രകൃതി രമണീയത' എന്ന വിഷയത്തിൽ ഡോ. ആശാലതയുടെ കീഴിൽ ആയിരുന്നു എം ഫിൽ പൂർത്തിയാക്കിയത് അപ്പോളേക്കും വീടുമായി അവൾ ക്രമേണ ഉണ്ടായിരുന്ന ബന്ധം കുറേശ്ശേയായി ഉപേക്ഷിക്കാൻ തുടങ്ങിയിരുന്നു. സുഹൃത്തുക്കളും തീരെ ഇല്ലാതായി. അച്ഛൻ ചോദിച്ചാൽ അവൾ പറയും.
"യ്ക്ക് പൊരുത്തപ്പെടാൻ പറ്റണില്ല അച്ഛാ..... ആരുമായി പൊരുത്തപ്പെടാൻ പറ്റണില്ല."
പ്രായം കഴിഞ്ഞും വിവാഹം ചെയ്യാതെ ഒറ്റയ്ക്ക് ജീവിച്ചതിനാൽ അവൾ നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ ചോദ്യ ചിഹ്നമായി. പേരിനു പോലും ഒരാൺ സുഹൃത്ത് പോലും അവൾക്കുണ്ടായിരുന്നില്ല. അവൾക്കു പ്രണയം പുസ്തകങ്ങളോട് ആയിരുന്നു. വായനയിലൂടെ ആണ് തന്റെ പേരിന്റെ ഉദ്ഭവം അവൾ അറിയുന്നത്
മണിമേഖല
സംഘകാല സാഹിത്യ കൃതികളിൽ ഒന്ന്... ചിലപ്പതികാരത്തിന്റെ തുടർച്ച.
"മണിമേഖല ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. ബുദ്ധമതത്തെ അങ്ങേയറ്റം പുകഴ്ത്തുകയും ഇതരമതങ്ങളെ ഖണ്ഡിക്കുകയുമാണ് മണിമേഖല ചെയ്യുന്നത്. ഈ രണ്ടു കാവ്യങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടവയായിരിക്കണം എന്നാണ് കരുതപ്പെടുന്നത്. ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിലും മണിമേഖല ആറാം നൂറ്റാണ്ടിലും ആണ് രചിക്കപ്പെട്ടിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. കേരള സാഹിത്യ അക്കദമി 1971 ൽ ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിലപ്പതികാരം ഒരു സമ്പന്ന കുടുംബത്തെപ്പറ്റിയാണ് പരാമർശിക്കുന്നത് എങ്കിൽ മണിമേഖല ഒരു വേശ്യയുടെ മകളെ സംബന്ധിച്ചുള്ളതാണ്. ഇങ്ങനെയുള്ള കഥ ആസ്പദമാക്കിയതിനാൽ ചിലരുടെ അഭിപ്രായത്തിൽ ഇത് ഒരു വിപ്ലവകാവ്യമാണ്.
രചയിതാവ് കൂലവാണികൻ ചാത്തനാർ എന്നാണ് പറയുന്നത്. തണ്ടമിഴ്ച്ചാത്തൻ, മതുരൈക്കൂലവാണികൻ ചാത്തൻ എന്ന് ചിലപ്പതികാരത്തിലും പറയുന്നു. ചാത്തൻ എന്നത് ശാസ്തൻ എന്ന ബുദ്ധഭിക്ഷുക്കളുടെ പേരിന്റെ തത്സമമാണെന്നും ഇതിന്റെ കർത്താവ് ചാത്തനാർ ഒരു ബൗദ്ധനായിരുന്നു എന്നും കരുതുന്നു. അദ്ദേഹം കോവലന്റേയും കണ്ണകിയുടേയും കാലത്ത് ജീവിച്ചിരുന്നയാളാണെന്നും മധുരയുടെ അധിദേവത, കണ്ണകിയോട് അവളുടെ മുജ്ജന്മ കഥ പറഞ്ഞു കൊടുത്തയാളായിരുന്നു എന്നും ചിലപ്പതികാരത്തിൽ പറയുന്നു. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഇത് ചിത്തലൈ ചാത്തനാർ ആണ്. എന്നാൽ മറ്റു ചിലർ സംഘപ്പുലവരായ ചിത്തലൈ ചാത്തനാരും കൂലവാണികൻ ചാത്തനാരും രണ്ടും രണ്ടാണ്.
മണിമേഖല എന്നത് കാവ്യത്തിലെ നായികയുടെ പേരാണ്. കോവിലന്റേയും സുന്ദരിയായ മാധവി എന്ന വേശ്യയുടേയും മകളാണ് മണിമേഖല. എന്നാൽ ഗ്രന്ഥകാരൻ അവൾ മാധവിയുടെ മകൾ എന്ന് പറയുന്നില്ല, മറിച്ച് കണ്ണകിയുടെ മകൾ എന്നാണ് പറയുന്നത്. അദ്ദേഹം പത്തിനിക്കടവുൾ ആയ കണ്ണകിയുടെ മകൾ ആണ് മണിമേഖല എന്ന് സമർത്ഥിക്കുന്നു. കാവ്യത്തിന് മണിമേഖലത്തുറവ് എന്നും പേർ ഉണ്ട്. ചിലപ്പതികാരം സമ്പന്നമായ കുടുംബത്തിന്റെ കഥയാണ് എന്നാൽ മണിമേഖല വേശ്യയുടെ മകളുടെ കഥയും, കേന്ദ്രബിന്ദുവും വേശ്യ തന്നെ. ( മണിമേഖലയെ കുറിച്ച് ഗൂഗിളിൽ നിന്നും ലഭിച്ച വിവരം )
വായിച്ചറിഞ്ഞ അറിവിൽ നിന്നും അവൾ തൊട്ടടുത്ത ദിവസം തന്നെ തൃശൂർ സാഹിത്യ അക്കാഡമിയിൽ പോയി മണിമേഖലയുടെ കോപ്പി സംഘടിപ്പിക്കാൻ ശ്രമിച്ചു. വായിക്കുന്ന പുസ്തകങ്ങൾ മുഴുവൻ ക്സിറോക്സ് എടുത്തു സൂക്ഷിക്കുന്ന സ്വഭാവം അവൾക്കുണ്ടായിരുന്നു. പക്ഷെ അതിനിടയിൽ ആണ് ഈ ജോലിയുടെ നിയമനം വരുന്നത്. പിന്നെ വായനയും എഴുതും എല്ലാം പകുതിക്കു വെച്ചു നിർത്തി.
പലപ്പോഴും പല പല രൂപങ്ങളെയും കാണുന്നുണ്ട് എങ്കിലും ആദ്യം ആയിട്ടായിരുന്നു അവൾ അവളെ തന്നെ കാണുന്നത്. വീണ്ടും ആ കാഴ്ച കാണാൻ അവൾക്കു തോന്നി. സ്വന്തം രൂപം കണ്ണാടിയിൽ കാണും പോലെ.. തന്റെ പോരായ്മകൾ... പൊഴിഞ്ഞു തുടങ്ങുന്ന മുടിയും അല്പം ചാടി തുടങ്ങിയ വയറും ഒക്കെ ഇങ്ങനെ കണ്മുൻപിൽ കാണുമ്പോൾ അവൾക്കു വല്ലാത്ത ജാള്യത തോന്നിയിരുന്നു. എന്നാലും വീണ്ടും ഒരിക്കൽ കൂടി അത് കാണാൻ ഉള്ള മോഹം...
ഏതാനും മാസങ്ങൾക്കു ശേഷം ഒരു ശനിയാഴ്ച പെരുന്നയിൽ ഉള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മൈഗ്രൈൻ നു ഉള്ള ഗുളിക വാങ്ങി മടങ്ങുമ്പോൾ ആയിരുന്നു അവൾ അപ്പോഴാണ് ആ കാഴ്ച വീണ്ടും കാണുന്നത്. അന്ന് സ്കൂളിന് അവധി ആയിരുന്നു. റോഡിൽ പതിവിൽ കവിഞ്ഞ തിരക്ക്. കയ്യിൽ രണ്ടു മൂന്നു സഞ്ചിയും തൂക്കി പിടിച്ചു ആ രൂപം അവളുടെ മറ്റൊരുവൾ റോഡ് മുറിച്ചു കടക്കുന്നു . മണിമേഖല മെഡിക്കൽ സ്റ്റോറിൽ ബാക്കി വാങ്ങാനുണ്ടായിരുന്ന പണം പോലും വാങ്ങാതെ നിരത്തിനു നേരെ ഓടി.
"ഏയ് ഒന്ന് നിൽക്കണേ..... ഏയ്.... നിങ്ങളെ തന്നെ...."
ആ രൂപം അപ്പോളേക്കും നിരത്തിനപ്പുറം എത്തിയിരുന്നു. ആ രൂപം അവളെ ഒന്ന് തിരിഞ്ഞു നോക്കി.... എന്നിട്ട് ഒരു ചിരി ചിരിച്ചു. ആ ചിരിക്കു എന്തോ കാന്തികത പോലെ....
പെട്ടെന്ന് നടു റോഡിൽ കുഴഞ്ഞു വീണു അവൾ...
ഓർമ വരുമ്പോ മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ വെറും നിലത്തു ചാരി ഇരുത്തിയിരിക്കുക ആയിരുന്നു. മുഖത്ത് തളിച്ച വെള്ളം കൊണ്ടാണോ ഇട്ടിരുന്ന ചുരിദാർ മുഴുവൻ നനഞു കുതിർന്നിരുന്നു.
"ടീച്ചറെ ഒരു ഡോക്ടറെ കാണൂ. ബി പി കുറഞ്ഞത് ആകും."
"ഞാൻ പേടിച്ചു. ഈ കൊച്ചു ആ ബസിന്റെ അടീല് പെടേണ്ടതായിരുന്നു. കർത്താവു കാത്തു." ഏതോ ഓട്ടോക്കാരൻ മുറു മുറുത്തു.
നടക്കാം എന്നായപ്പോൾ ഒരു ഓട്ടോ വിളിച്ചു എൻ എസ് എസ് മെഡിക്കൽ മിഷനിൽ പോയി. ഒ പി യിൽ നിന്നും മനഃശാസ്ത്ര ഡോക്ടറെ കാണണം എന്ന് പറഞ്ഞു ടിക്കറ്റ് എടുത്തു. കൗണ്ടറിൽ ഉണ്ടായിരുന്ന സ്ത്രീകൾ പരസ്പരം നോക്കി ചിരിക്കുന്ന പോലെ. ഇനിയെനിക്കു തോന്നിയത് ആണോ?
വൈകീട്ടാണ് ഡോക്ടറെ കാണാൻ അനുവാദം ലഭിച്ചത്. രഹസ്യമായി കുറെ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ കൗൺസിലിങ് നു ആണെങ്കിൽ വൈകീട്ട് ഡോക്ടർ പൂർണിമ യുടെ ക്ലിനികിൽ പോകാൻ ആണ് നിർദേശിച്ചത്. ഡോക്ടറുടെ മേശക്കു മുൻപിൽ തലയും താഴ്ത്തി പിടിച്ചു അവൾ ഇരുന്നു. കാര്യങ്ങൾ മൊത്തം വിശദമാക്കി.
ഡോക്ടർ കുറെ മരുന്നിനു എഴുതി. കുറെ കാലത്തേക്ക് വായന എഴുത്തു ഒന്നും വേണ്ടെന്നും പറ്റുമെങ്കിൽ സുഹൃത്തുക്കളെ ഉണ്ടാക്കാനും ആവശ്യപ്പെട്ടു. ഒറ്റയ്ക്ക് ഇരിക്കരുത്. ടി വി കാണുക, കൂട്ടുകാർക്കൊപ്പം സിനിമ കാണുക. യാത്ര പോകുക എന്നൊക്കെ പറഞ്ഞു.
"നിങ്ങള്ക്ക് ബൈ പോളർ ഡിസ്ഓർഡർ ന്റെ തുടക്കം കാണുന്നു.ഇതൊരു തരം ഉന്മാദത്തിന്റെ തുടക്കം ആണ്. ഉറക്കം കിട്ടാൻ ഈ ഗുളികകകൾ കഴിക്കുക. ഇതിന്റെ പകുതിയേ കഴിക്കാവൂ. രണ്ടു ഗുളികയെ എഴുതിയിട്ടുള്ളൂ. അതും ഉറക്കം വരുന്നില്ല എങ്കിൽ മാത്രം. പിന്നെ സ്വന്തം മുഖ ഛായ ഉള്ള ആളെ കാണുന്നു എന്നല്ലേ പറഞ്ഞത്. വീട്ടുകാരെ വിളിച്ചു ഒന്ന് സംസാരിച്ചു നോക്കൂ. നിങ്ങളുടെ ഇരട്ട സഹോദരിയോ മറ്റോ എവിടെയെങ്കിലും ഉണ്ടെങ്കിലോ?"
അത് പറഞ്ഞപ്പോൾ ആ ഡോക്ടറുടെ മുഖത്ത് പരിഹാസം ആയിരുന്നോ?
"ഡോക്ടർ ബൈ പോളർ ഡിസ്ഓർഡർ ന്റെ ലക്ഷണങ്ങൾ ഇങ്ങനെ ഒന്നും അല്ലല്ലോ?"
"അതി ശരി ഇപ്പോ എന്നെ പഠിപ്പിക്കാൻ ആയോ? എല്ലാം അറിയാമെങ്കിൽ സ്വയം ചികിത്സിച്ചാൽ പോരെ?"
പിന്നൊന്നും മിണ്ടിയില്ല.
മരുന്നും വാങ്ങി വീട്ടിലെത്തി. ഒരു ഗ്ലാസിൽ പാലെടുത്തു ഒറ്റ വലിക്കു കുടിച്ചു. പാലിന് വൃത്തികെട്ട ഓക്കാനിപ്പിക്കുന്ന ഗന്ധം പോലെ തോന്നി.
കണ്ണടച്ച് കിടന്നപ്പോൾ ഒരു പുക പോലെ എന്തോ ഒന്ന് കറുത്ത് കെട്ടു പിണഞ്ഞ ഒന്ന് ആകാശത്തേക്ക് ഇങ്ങനെ പൊങ്ങി പൊങ്ങി പറക്കുന്നു ......
ആദ്യം ചുരുളുകൾ ആയി...
പിന്നെ കെട്ടുകൾ ആയി....
പിന്നെ നീളത്തിൽ......
പിന്നെ വണ്ണത്തിൽ....
പിന്നെ നേർത്തു നേർത്തു......
ആ പുകയുടെ അവസാനം ഒരു യൂണിക്കോൺ പോകുന്നു..... ഒറ്റകൊമ്പുള്ള ആ ജീവി....
അത് ഇടക്കിടക്ക് മുക്രയിടുന്നുണ്ട്.....
അതിനു പുറകിൽ ആയി രണ്ടു തലയുള്ള പാമ്പും.....
നഗ്നയായ ഒരു സ്ത്രീ കയ്യിൽ വളഞ്ഞൊരു കറുത്ത ദണ്ടും പിടിച്ചു പോകുന്നു....
ഈ പ്രപഞ്ചത്തിലെ ജീവിച്ചിരിക്കുന്നതും അല്ലാത്തതും ആയ വിചിത്രങ്ങൾ ആയ രൂപങ്ങളുടെ പ്രവാഹം ആയിരുന്നു പിന്നീട്.....
കോടാനുകോടി സൂക്ഷമകണികകൾ കൊണ്ടു നിർമിച്ച ഈ മനോഹര പ്രപഞ്ചം.....
ജൈവ അജൈവ ചേതന അചേതനങ്ങൾ ആയ നൂറുകണക്കിന് ജീവികളുടെ പ്രവാഹം....
അവസാനം അവളും....
അവൾ വിളിച്ചു
"ഏയ്.... ഏയ്.... നിങ്ങളെ തന്നെ നില്ക്കവിടെ..... നീ ആരാ..... എന്തിനാ എന്റെ സ്വസ്ഥത കെടുത്തുന്നത്?
ആ രൂപം തിരിഞ്ഞു നോക്കി...... ഇപ്പോ പഴയ ചിരി ഇല്ല...... കാന്തികത തീരെ ഇല്ലാത്ത ഓജസ്സ് കുറഞ്ഞ ഒരു രൂപം.....ഒരു നോട്ടം....
ആ നോട്ടത്തിൽ അവളുടെ ശരീരത്തിലെ ശക്തി ക്ഷയിച്ചു വരുന്നത് പോലെ. കണ്ണടച്ച് കിടക്കുന്നതു അറിയുന്നുണ്ടെങ്കിലും ശരീരത്തിലെ അവസാനത്തെ നീരും ആ നോട്ടം കൊണ്ടു ഊറ്റി എടുക്കുന്നത് പോലെ...
"ഓം ശ്രീ മാതാ ശ്രീ മഹാരാജ്ഞി ശ്രീമദ് സിംഹാസനേശ്വരി
ചിതഗ്നി കുണ്ഡസമ്പൂതാ ദേവകാര്യ സമുദ്യതാ....."
അവൾ പോലും അറിയാതെ ആ ചുണ്ടുകൾ അപ്പോഴും മന്ത്രിച്ചു കൊണ്ടിരുന്നു.