
തലേന്ന് രാത്രി തുടങ്ങിയ മഴ തോർന്നിരുന്നില്ല. ആകാശം മൂടിക്കെട്ടി നിൽക്കുകയായിരുന്നു. മുറ്റത്ത് വലിച്ചുകെട്ടിയ നീല ടാർപ്പായിലൂടെ വെളിച്ചം എങ്ങനെയൊക്കെയോ വീടിന്റെ ജനാലകളിലൂടെ അകത്തേക്ക് കയറി. മുറ്റത്തെ ചെളിവെള്ളത്തിൽ മഴത്തുള്ളികൾ വീണ് ചെറിയ വൃത്തങ്ങൾ ഉണ്ടാക്കുകയും ഉടനെ മാഞ്ഞുപോകുകയും ചെയ്തു.
പോലീസ് ജീപ്പ് വീടിന് മുന്നിൽ കറുത്ത പുക തുപ്പിനിന്നപ്പോൾ നാട്ടുകാർ പതിയെ വഴിമാറിക്കൊടുത്തു. വീടിനുള്ളിൽ നിശ്ശബ്ദത പോലും തലകുനിച്ച് നിൽക്കുന്നതുപോലെ തോന്നി.
സബ് ഇൻസ്‌പെക്ടർ വിജയൻ ചെരുപ്പിൽ പറ്റിയ ചെളി അടുത്തുള്ള ടാപ്പിൽ കഴുകി. ചെറിയ കുടവയറിന് മുകളിലേക്ക് പാന്റ്സ് വലിച്ചുകയറ്റി, ചെരുപ്പും തൊപ്പിയും അഴിച്ചുവെച്ച് അകത്തേക്ക് കയറി.
വീടിനുള്ളിൽ നനഞ്ഞ മണം. ഹാളിന്റെ കോണിൽ മഹാലക്ഷ്മി ഇരിക്കുന്നുണ്ടായിരുന്നു.അഭിനവിന്റെ അമ്മ. കരച്ചിൽ പോലും നിലച്ച മുഖം. പാറിപ്പറന്ന തലമുടി. നരച്ച മാക്സിക്കു മുകളിൽ മുഷിഞ്ഞ വെള്ള തോർത്തു ചുറ്റിയിട്ടുണ്ട്. അവർ ചുമരിലെ ഏതോ ബിന്ദുവിൽ മിഴികൾ തറച്ചിരിക്കുകയായിരുന്നു.
എസ്.ഐ. ഒന്നും ചോദിച്ചില്ല. അത്തരം വീടുകളിൽ ചോദ്യങ്ങൾ അനാവശ്യമാണെന്ന് അദ്ദേഹത്തിനറിയാം. ഉത്തരങ്ങൾ എവിടെയെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന് മാത്രം കണ്ണുകൾ തിരഞ്ഞു.
അകത്തെ മുറിയുടെ വാതിൽ പാതി തുറന്നുകിടക്കുകയായിരുന്നു.
“അഭിനവിന്റെ മുറി?”
അദ്ദേഹം ചോദിച്ചു.
അടുത്തുനിന്ന സ്ത്രീ ചൂണ്ടിക്കാട്ടി.
ഇരുണ്ട മുറിയിലേക്ക് മഴക്കാറ്റ് വീശിക്കയറി. മേശപ്പുറത്ത് പുസ്തകങ്ങൾ ചിതറിക്കിടന്നു. അതിനിടയിൽ മടക്കിവെച്ച ഒരു കടലാസ്.
ഭിത്തിയിൽ ഒരു പഴയ ഫോട്ടോ. മഴയിൽ നനഞ്ഞുകൊണ്ട് ചിരിക്കുന്ന മൂന്ന് മനുഷ്യർ. അച്ഛൻ, അമ്മ അവരുടെ നടുവിൽ ഒരു ചെറിയ കുട്ടി.
എസ്.ഐ. വിജയൻ കുറച്ചുനേരം ആ ഫോട്ടോയിലേക്കു നോക്കി നിന്നു. ചില ചിത്രങ്ങൾ കാലത്തെ മരിക്കാൻ സമ്മതിക്കില്ലല്ലോ?
മേശപ്പുറത്തിരുന്ന പുസ്തകങ്ങൾക്കിടയിൽ നിന്ന് അദ്ദേഹം കത്ത് എടുത്തു. പേപ്പർ നനഞ്ഞിരുന്നു. മഷി ചിലയിടങ്ങളിൽ പടർന്നുപോയി. മരണത്തിന് മുൻപേ കുത്തിയൊലിച്ച കണ്ണുനീർപ്പാടുകൾ.

വര :മറിയം ജാസ്മിന്‍
“അമ്മേ… മഴ പെയ്യുമ്പോൾ എനിക്ക് ഇപ്പോൾ പേടിയാണ്…”
എസ്.ഐ. വിജയന്റെ കണ്ണുകൾ വായിക്കാൻ ധൃതി കൂട്ടി. പുറത്ത് മഴയുടെ ശബ്ദം കൂടിയിരുന്നു.
വീണ്ടും വായന തുടർന്നു.
ഞാൻ കുഞ്ഞായിരുന്നപ്പോൾ എനിക്ക് മഴയെ ഒരുപാട് ഇഷ്ടമായിരുന്നു. മഴപെയ്താൽ അച്ഛൻ എന്നെയും എടുത്ത് മുറ്റത്തെല്ലാം നടക്കും. പൂക്കളും മരങ്ങളുമെല്ലാം മഴയിൽ കുളിച്ചുനിൽക്കും.
“കൈ നീട്ടിക്കോ… ആകാശം താഴേക്ക് വീഴുന്നുണ്ടോ നോക്കാം…”
അച്ഛൻ എന്നെ ചേർത്തുപിടിച്ച് വട്ടം തിരിഞ്ഞു പറയും. അപ്പോൾ ഞാൻ ചിരിക്കും. ഉറക്കെയുറക്കെ ചിരിക്കും.
അമ്മ അപ്പോൾ വരാന്തയിൽ നിന്ന് ശകാരിക്കുന്നതുപോലെ നടിക്കും. അച്ഛൻ അമ്മയെയും മുറ്റത്തേക്ക് പിടിച്ചിറക്കും. പിന്നെ മൂന്നുപേരും കൂടിയാണ് മഴ നനയാറ്.
എത്ര മനോഹരമായിരുന്നു!
ആ ദിവസങ്ങളിൽ വീട്ടിലെ രാത്രികൾക്ക് ഒരു ശബ്ദമുണ്ടായിരുന്നു. ചിരിയുടെ ശബ്ദം.
അച്ഛൻ അന്ന് ലോറി ഡ്രൈവറായിരുന്നു. ദൂരയാത്രകൾ കഴിഞ്ഞ് പലപ്പോഴും രാത്രി വളരെ വൈകിയാണ് വീട്ടിലെത്താറുള്ളത്. ഡീസലിന്റെ മണവും മഴയുടെ നനവും കലർന്ന ഷർട്ടുമായി വീട്ടിൽ കയറുമ്പോൾ ആദ്യം അന്വേഷിക്കുക എന്നെയായിരുന്നു.
“മോൻ ഉറങ്ങിയോ, ലച്ചു?”
ഞാൻ ഉറങ്ങിയിട്ടുണ്ടെങ്കിൽ വിളിച്ചുണർത്തും. മടിയിലിരുത്തും. പാതിമയക്കത്തിലും അച്ഛൻ കൊണ്ടുവന്ന പലഹാരങ്ങൾ ഞാൻ കഴിക്കും. പതിയെ ഉറക്കം എന്നെ വിട്ടുപോകും.
അച്ഛൻ കുളിയും ഭക്ഷണവും കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ചുറങ്ങും. അച്ഛൻ ഓരോ കഥ പറയും. ഞാൻ അച്ഛന്റെ നെഞ്ചോട് ചേർന്ന് കിടക്കും. അമ്മ മറുഭാഗത്തും.
ലോകത്തിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം അച്ഛന്റെ നെഞ്ചാണെന്നാണ് എനിക്കപ്പോൾ തോന്നിയിരുന്നത്.
പിന്നീട് അച്ഛന് ഒരു അപകടം സംഭവിച്ചു. ലോറി മറിഞ്ഞ ആ രാത്രിക്കുശേഷം അച്ഛന്റെ ഇടത് കൈ പഴയതുപോലെ ചലിച്ചില്ല. അതോടെ ലോറിയും വിറ്റു. ദൂരയാത്രകളും അവസാനിച്ചു.
പിന്നീട് അച്ഛൻ നാട്ടിൽ കൃഷിപ്പണിക്കു പോകാൻ തുടങ്ങി. രാവിലെ മണ്ണിലേക്കും വൈകുന്നേരം ക്ഷീണത്തിലേക്കും മടങ്ങുന്ന മനുഷ്യനായി.
അതോടൊപ്പം വീട്ടിലേക്ക് മറ്റൊന്നും കൂടി വന്നു.

വര :മറിയം ജാസ്മിന്‍
മണ്ണിന്റെയും വിയർപ്പിന്റെയും മണത്തെക്കാൾ രൂക്ഷമായ മദ്യത്തിന്റെ മണം.
ആദ്യം ഇടയ്ക്കൊക്കെ…
പിന്നീട് മദ്യം ഓരോ രാത്രിയുടെയും ഭാഗമായി മാറി.
“മോനെ…” എന്ന വിളി “ഡാ… അഭിനവേ…” എന്നായി മാറി. “ലച്ചു…” എന്ന സ്നേഹവിളികൾ തെറികളായി.
അച്ഛൻ വാതിലിൽ മുട്ടുന്നതും അമ്മ വാതിൽ തുറക്കുന്നതും കേട്ടാൽ ഞാൻ പുസ്തകം അടയ്ക്കും. ഉറങ്ങിയപോലെ കിടക്കും.
ഇന്ന് അച്ഛൻ എങ്ങനെയായിരിക്കും വന്നിട്ടുണ്ടാവുക എന്ന് ചിന്തിച്ചും കണക്കുകൂട്ടിയും ഞാൻ ഉറക്കത്തിലേക്ക് വീഴും.
ചില രാത്രികൾ നിശ്ശബ്ദമായിരുന്നു. ചില രാത്രികൾ ബഹളങ്ങൾ നിറഞ്ഞതും.
അന്ന് പാത്രങ്ങളെല്ലാം ശബ്ദമുണ്ടാക്കും. അമ്മ കരയുന്ന ശബ്ദം കേൾക്കും.
പതിയെപ്പതിയെ വീട്ടിൽ സ്ഥിരമായി ബഹളം വന്ന് താമസിച്ചു.
ഡൈനിംഗ് ടേബിളിൽ മൂന്ന് പ്ലേറ്റുകൾ ഉണ്ടാകും. വിശക്കുന്നവർ എടുത്ത് കഴിക്കും.
അച്ഛൻ അമ്മയെ പേരെടുത്ത് വിളിക്കുന്നതും അമ്മ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കുന്നതും അവസാനിച്ചിരുന്നു.
ഇരുവരും എന്നെ മറന്നുതുടങ്ങിയിരുന്നു.
നിലാവുള്ള ഒരു രാത്രി, ഉറക്കത്തിനിടയിൽ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ ഹാളിൽ ലൈറ്റ് കത്തുന്നുണ്ടായിരുന്നു. അമ്മ എന്തൊക്കെയോ പറഞ്ഞു കരയുന്നു. അച്ഛൻ ജനലിനരികിൽ പുറത്തേക്ക് നോക്കി നിൽക്കുന്നു.
“ഇങ്ങനെ ജീവിക്കാൻ എനിക്ക് പറ്റുന്നില്ല…”
അമ്മയുടെ ശബ്ദം വളരെ ചെറുതായിരുന്നു.
അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല.
പുറത്ത് എവിടെയോ നായകൾ കൂട്ടമായി കുരയ്ക്കുന്ന ശബ്ദം കേട്ടു.
അന്ന് വീട്ടിലും അടിയും ബഹളവും ഉണ്ടായി. ഞാൻ പേടിച്ചുകിടന്നു.
കുറച്ച് ദിവസങ്ങൾക്കുശേഷം അച്ഛൻ വീട് വിട്ടുപോയി.
അടുത്തുള്ള മുത്തുചാമിയാണ് പറഞ്ഞത്. അച്ഛൻ ദൂരെയുള്ള ഒരു ബന്ധുവീട്ടിലാണെന്ന്. അവിടെ നിന്നാണ് കൃഷിപ്പണിക്കു വരുന്നത്.
അച്ഛൻ പോകുന്ന ദിവസം രാവിലെ മഴയുണ്ടായിരുന്നു.
ചെറിയ ബാഗിനെ ജീവിതംപോലെ ചുമന്ന് വാതിലിനരികിൽ നിൽക്കുമ്പോൾ അച്ഛൻ എന്നെ കുറച്ചുനേരം നോക്കി നിന്നു. ഞാൻ പുതപ്പിനുള്ളിലെ വിടവിലൂടെ അത് കണ്ടു.
ഒരുപാട് പറയണമെന്നുണ്ടായിരിക്കണം. പക്ഷേ വാക്കുകളായി ഒന്നും പുറത്തുവന്നില്ല.
“മോൻ നന്നായി പഠിക്കണം.”
അതുമാത്രം പറഞ്ഞു അച്ഛൻ നടന്നു.
വാതിലടഞ്ഞു.
ആ ശബ്ദം പിന്നെ വീട്ടിലേക്ക് തിരിച്ചു വന്നില്ല.
അന്ന് വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിലിരുന്ന് കരയുകയായിരുന്നു. ഞാൻ കണ്ടില്ലെന്ന് നടിച്ചു.
മനുഷ്യർ പരസ്പരം രക്ഷിക്കുന്നത് സത്യം മറച്ചുവെച്ചുകൊണ്ടാണല്ലോ?
പി.ടി.എ. മീറ്റിങ്ങിന്റെ ദിവസവും പെരുമഴയായിരുന്നു. മറ്റു കുട്ടികളുടെ അച്ഛനും അമ്മയും ഒരേ കുടയിൽ സ്കൂളിലേക്ക് നടന്നുവന്നു.
“അഭിനവിന്റെ അച്ഛനും അമ്മയും വന്നില്ലേ?”
ടീച്ചർ പലവട്ടം ചോദിച്ചു.
ഞാൻ ക്ലാസ് മുറിയുടെ വാതിലിനരികിൽ പുറത്തേക്ക് നോക്കി നിന്നു. ആരും വരില്ലെന്നറിഞ്ഞിട്ടും…
അന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ കുട എടുത്തിരുന്നില്ല. മനഃപൂർവം മറന്നുവെച്ചു.
ജീവിതം ചോർന്നൊലിക്കുമ്പോൾ കുട എന്തിനാണ് എന്നൊരു തോന്നൽ.
മുഴുവൻ നനഞ്ഞുകൊണ്ടാണ് നടന്നത്.
വീട്ടിലെത്തിയപ്പോൾ അമ്മ ചോദിച്ചു:
“കുട കൊണ്ടുപോകാഞ്ഞതെന്താ?”
ഞാൻ മറുപടി പറഞ്ഞില്ല.
കാരണം ചില നനവുകൾ മഴയുടേതല്ലല്ലോ.
എസ്.ഐ. വിജയൻ കത്തിന്റെ അവസാന ഭാഗത്തേക്ക് കണ്ണോടിച്ചു. മഷി അവിടെ കൂടുതൽ പടർന്നിരുന്നു.
“അച്ഛാ… നിങ്ങൾ ബന്ധുവീട്ടിൽ ഒറ്റയ്ക്ക് കിടക്കുമ്പോൾ എനിക്ക് ഉറങ്ങാൻ പറ്റിയിരുന്നില്ല…”
“അമ്മ ഇവിടെ കരയുമ്പോഴും…”
എസ്.ഐ. വിജയൻ പതുക്കെ ശ്വാസമെടുത്തു. പുറത്ത് മഴ ശമിച്ചിരുന്നു.
അവസാന വരി വായിക്കുമ്പോൾ മുഖം അമർത്തിത്തുടയ്ക്കേണ്ടി വന്നു.
കത്ത് മടക്കുമ്പോൾ വീണ്ടും ഭിത്തിയിലെ ഫോട്ടോയിലേക്കു നോക്കി.
അതിൽ മൂന്ന് പേരും അപ്പോഴും മഴയിൽ നനഞ്ഞുകൊണ്ട് ചിരിക്കുന്നു.
അഭിനവിന്റെ മനസ്സിൽ വർഷങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയുടെ ശബ്ദം, ആ വീട്ടിലെ ചുവരുകൾക്കുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയായിരുന്നു.
********