
ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ പ്രധാന പെരുന്നാൾ ഭക്തിനിർഭരമായ ശുശ്രൂഷകളോടും പ്രാർത്ഥനകളോടും കൂട്ടായ്‌മയോടും കൂടി അനുഗ്രഹപൂർവ്വം സമാപിച്ചു. ഇടവകാംഗങ്ങളും കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പെരുന്നാൾ ശുശ്രൂഷകളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്തു.
പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ ത്രിമാസ്, മദ്ധ്യസ്ഥ പ്രാർത്ഥനകൾ, ഭക്തിനിർഭരമായ പ്രദക്ഷിണം എന്നിവ നടന്നു. വിശ്വാസികളുടെ വലിയ പങ്കാളിത്തവും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷവും പെരുന്നാളിനെ ആത്മീയമായി അനുഗ്രഹീതമാക്കി.
പ്രധാന ശുശ്രൂഷകൾക്ക് അമേരിക്കൻ അതിഭദ്രാസന ആർച്ച് ബിഷിപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അദ്ദേഹത്തിന്റെ സാന്നിധ്യം ഇടവകയ്ക്ക് വലിയ അനുഗ്രഹവും അഭിമാനവുമായി. പൗരസ്ത്യ കാതോലിക്കാ ബാവയുടെ സന്ദർശനം റദ്ദാക്കിയതിനെ തുടർന്ന്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്ഷണം സ്വീകരിച്ച് ഇടവകയിലെത്തിയ അമേരിക്കൻആർച്ച് ഡയോസിസ് മെത്രാപ്പൊലിത്തായുടെ പരിപൂർണ്ണ സാന്നിധ്യവും ഇടവക വികാരി റവ.ഫാദർ എൽദോ പോൾ മുൻവികാരിമാരായ റവ.ഫാദർ ഷിനോജ് ജോസഫ്, റവ.ഫാദർ ബിജോ മാത്യു എന്നിവരും ശുശ്രൂഷകളിൽ പങ്കെടുത്ത് ഇടവകയ്ക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥനകളും അനുഗ്രഹങ്ങളും നൽകി.

പെരുന്നാളിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ വലിയ ആവേശത്തോടെയും ഭക്തിയോടെയും പങ്കെടുത്തു. പ്രാർത്ഥനകളും സ്‌തുതിഗീതങ്ങളും പരമ്പരാഗത ചെണ്ടമേളവും ചേർന്നപ്പോൾ പെരുന്നാൾ അന്തരീക്ഷം കൂടുതൽ മനോഹരമായി. വിശ്വാസവും പാരമ്പര്യവും ഇടവകയുടെ ഐക്യവും പ്രകടമാക്കുന്ന മനോഹരമായ അനുഭവമായി പ്രദക്ഷിണം മാറി.
പെരുന്നാൾ വിജയകരമായി നടത്തുന്നതിന് ബോർഡ് ഓഫ് ട്രസ്റ്റീസ്, പെരുന്നാൾ കമ്മിറ്റി, വിവിധ സംഘടനകൾ, സണ്ടേ സ്‌കൂൾ, യുവജനങ്ങൾ, കുടുംബങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഇടവകാംഗങ്ങൾ എന്നിവർ നൽകിയ സേവനവും സഹകരണവും ഏറെ വിലമതിക്കാനാവാത്തതാണ്. പള്ളി പരിസരത്തിന്റെ ഒരുക്കം മുതൽ ശുശ്രൂഷകൾ, ഭക്ഷണം, അതിഥിസത്കാരം, മറ്റ് ക്രമീകരണങ്ങൾ എന്നിവ വരെ നിരവധി പേർ ആത്മാർത്ഥമായി പ്രവർത്തിച്ചു.

സ്പോൺസേഴ്സ്, എല്ലാ കുടുംബങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഇടവകാംഗങ്ങൾ എന്നിവർ നൽകിയ സാമ്പത്തികവും ആത്മീയവുമായ പിന്തുണയ്ക്കും സേവനത്തിനും ഇടവക നന്ദി അറിയിച്ചു.- ഈ വർഷത്തെ പെരുന്നാളിന് മറ്റൊരു . പ്രത്യേകതയും ഉണ്ടായിരുന്നു.
ഇടവകയുടെ സുവർണ്ണ 9 ജൂബിലിആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത് ഈ 0 പെരുന്നാൾ വേളയിലാണ്. ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് ഉദ്ഘാടനം ചെയ്യുകയും അടുത്ത ഒരു വർഷത്തേക്കുള്ള വിവിധ പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു.
ഗോൾഡൻ ജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ ചർച്ച് ഡയറക്ടറി ബിഷപ്പ് പ്രകാശനം ചെയ്തു. കൂടാതെ പുതുതായി ഒരുക്കിയ സണ്ടേ സ്‌കൂൾ ഉദ്യാനം ഉദ്ഘാടനം ചെയ്യുകയും ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. വളർച്ചയുടെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വരും തലമുറകളോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി ഈ പ്രവർത്തനങ്ങൾ മാറി.