
അങ്ങിനെ ഒരോണം കൂടി കടന്നു വരവായി. എന്റെ ഒക്കെ ചെറുപ്പകാലത്ത് ഓണത്തിന് മുമ്പ് അമ്മമാര്‍ക്ക് വിഭവങ്ങള്‍ ഒരുക്കുന്ന വേവലാതി അപ്പന്മാര്‍ക്ക് വിഭവത്തിനുള്ള സാമഗ്രികള്‍ അടുപ്പിക്കുന്ന തിരക്ക്. കുട്ടികള്‍ക്ക് വീട് വൃത്തിയാക്കുന്ന പണി എന്നു വേണ്ട ആകെ ഒരു ബഹളം. അന്ന് ഞങ്ങളുടെ അയല്‍പക്കത്ത് ഒരു നായര്‍ തറവാട് ഉണ്ടായിരുന്നു. ഓണസദ്യ അവിടെയായിരുന്നു. ഞങ്ങളെല്ലാം ഒരുങ്ങി അവിടെ പോയിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ കാലമായിരുന്നു അന്ന്. അതുപോലെ പെസഹായിയ്ക്ക് അപ്പം ചുടുമ്പോള്‍ ആദ്യം ചുടുന്ന അപ്പം അങ്ങോട്ടേയ്ക്ക് കൊടുത്തയയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. ഓണത്തിന് രണ്ടു ദിവസം മുമ്പ് അമ്മ ഞാന്‍ മുടിവെട്ടിയിട്ടില്ല എന്നു മനസ്സിലാക്കിയത്. അമ്മ എന്നെ ജോസഫ് എന്നാണ് വിളിക്കാറ്' 'എടാ ജോസഫേ, നിന്നെ കാണാന്‍ ഒരു ചെമ്മാത്രവുമില്ലല്ലോ' നാളെ രാവിലെ ഷുരകന്‍ കുട്ടപ്പന്റെ വീട്ടില്‍ ചെന്നിട്ട് മുടി വെട്ടി വരണം'
ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള ഒരു ബാര്‍ബര്‍ കുടുംബമാണ് കുട്ടപ്പന്റേത്. കുട്ടപ്പന്‍ ആ ഭാഗത്തുള്ള വീടുകളില്‍ ചെന്നു ക്ഷുരകപണി ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ ശനിയാഴ്ചയാണ് വരാറ് അന്ന് കുട്ടികള്‍ക്ക് സ്‌ക്കൂള്‍ ഇല്ല. ഞങ്ങള്‍ 8-9 ആണ്‍കുട്ടികള്‍ ഉണ്ട്. അത്രയും തല കുട്ടപ്പന്റേതാണ്. കുട്ടപ്പന്റെ പെട്ടിയില്‍ ഒരു ചീപ്പ്, ഒരു കത്രിക, ഒരു ക്ഷൗരകത്തി, ഒരു മെഷ്യന്‍, പിന്നെ വെട്ടി ഇലയില്‍ പൊതിഞ്ഞ ഒരു സോപ്പ്. മുഖം വടിയ്ക്കുമ്പോള്‍ നാട്ടിലെ പ്രമാണിമാരുടെ മുഖത്ത് ഈ സോപ്പ് തേയ്ക്കും അല്ലാത്തവര്‍ക്ക് വെറും പച്ചവെള്ളം ഉപയോഗിച്ചാണ് മുഖം വടിയ്ക്കുക. കുട്ടപ്പന്റെ അളിയന്‍ കവലയില്‍ ഒരു ബാര്‍ബര്‍ഷോപ്പ് ഇട്ടിട്ടുണ്ട്. അവിടെ ഉപയോഗ ശൂന്യമായ ആയുധങ്ങള്‍ പലതും കുട്ടന്‍ കൊണ്ടുവന്ന് ഞങ്ങള്‍ പിള്ളേരുട തലയില്‍ പ്രയോഗിക്കും. അങ്ങിന കൊണ്ടുന്ന മെഷീന്‍ പ്രയോഗിച്ച പിള്ളേരുടെ മുടി കോഴിയുടെ പൂട പറിയ്ക്കുന്ന മാതിരി പിഴുതെടുക്കുകയായിരുന്നു.
ഞാന്‍ രാവിലെ എഴുന്നേറ്റ് കുട്ടപ്പന്‍ തന്റെ ജൈത്രയാത്ര തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ടു. രണ്ടു പറമ്പുകള്‍ കഴിഞ്ഞാല്‍ കുട്ടപ്പന്റെ വീടായി. ഞാന്‍ ചെല്ലുമ്പോള്‍ കുട്ടപ്പന്‍ പതിയെ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. എന്നെ കണ്ടപ്പോഴേ കുട്ടപ്പന് കാര്യം മനസ്സിലായി. മുറ്റത്തിന്റെ കോണിലുള്ള ഒരു വെട്ടുകല്ലില്‍ എന്നെ പിടിച്ചിരുത്തി അധികം ചോദ്യം പറച്ചിലൊന്നുമില്ല. ഒരു സ്റ്റൈല്‍ മുടി വെട്ടേ കുട്ടപ്പനുള്ളൂ. പറ്റെ മുടി വെട്ടുക. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും മുടി പറ്റെ വെട്ടുന്നതാണ് രീതി. സ്റ്റൈല്‍ വേണമെങ്കില്‍ കവലയിലെ ബാര്‍ബര്‍ ഷോപ്പില്‍ പോകണം. കുട്ടപ്പന്‍ കുന്തകാലില്‍ ഇരുന്ന് മുടിവെട്ടുകയായി. തലപിടിച്ച് കുനിച്ചും, ചെരിച്ചും വെട്ടു തുടര്‍ന്നു. മിഷ്യന്‍ വെയ്ക്കണമോ എന്ന്
ചോദിച്ചപ്പോള്‍ “അയ്യോ വേണ്ട” എന്ന് ഞാന്‍ പറഞ്ഞു.
കുട്ടപ്പന്റെ രണ്ടു പെണ്‍മക്കള്‍ എട്ടോ പത്തോ വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ തിണ്ണയില്‍ ഇരുന്ന് കുട്ടപ്പന്റെ തൊഴില്‍ ആസ്വദിക്കുന്നുണ്ട്. കത്രികകൊണ്ട് ചപ്ലാം കട്ട അടിയുന്നതുപോലെ ശബ്ദമുണ്ടാക്കി കുട്ടപ്പന്‍ പറഞ്ഞു കഴിഞ്ഞു എഴുന്നേറ്റോ. എന്റെ ദേഹത്തെല്ലാം മുടി ഉണ്ടായിരുന്നു. ഞാന്‍ എഴുന്നേറ്റതും കുട്ടപ്പന്‍ അപ്രതീക്ഷിതമായി എന്റെ കൈലി പറിച്ച് ദേഹത്തെ മുടി തുടച്ചുമാറ്റി. പരിപൂര്‍ണ്ണ നഗ്നനായി ഞാന്‍ സ്തംഭിച്ചുനിന്നു. അന്ന് എന്നേക്കാള്‍ ചെറിയകുട്ടികള്‍ നിക്കറും, എന്റെ പ്രായത്തില്‍ അതായത് 10-12 വയസ്സുള്ള ആണ്‍കുട്ടികള്‍ കൈലി മുണ്ടുടുക്കുകയും ചെയ്യുമായിരുന്നു. അണ്ടര്‍ വെയര്‍ അതിലും പ്രായമുള്ള ആണ്‍കുട്ടികളാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടികള്‍ വായ്‌പൊത്തി ചിരിച്ചു, കുട്ടപ്പന്‍ അവരെ ശകാരിച്ചു.
ഞാന്‍ സങ്കടത്തോടെ വീട്ടില്‍ എത്തി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ തന്നെ അമ്മ ഒരു അണ്ടര്‍വെയര്‍ വാങ്ങാന്‍ കാശ് തന്നു. കുട്ടപ്പന്റെ പെണ്‍മക്കള്‍ എന്നെ എപ്പോള്‍ വഴിയില്‍ വെച്ചു കണ്ടാലും വായ്‌പൊത്തി ചിരിക്കുമായിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെ ഉണ്ടായിരിക്കും.
'എല്ലാ വായനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഓണാശംസകള്‍'