Image

കാറ്റു വീശുന്നിടം (കവിത) സന്തോഷ് പാല - പുസ്തക പരിചയം: ബാജി ഓടംവേലി, ഡാലസ്)

Published on 24 August, 2026
കാറ്റു വീശുന്നിടം (കവിത) സന്തോഷ് പാല - പുസ്തക പരിചയം: ബാജി ഓടംവേലി, ഡാലസ്)

കവിത നിരന്തരം മാറുന്ന ഒരു സാഹിത്യരൂപമാണ്; അതിൻ്റെ ലക്ഷ്യങ്ങളും. അത് എന്നും അജ്ഞാതരായ വായനക്കാരെ തേടിക്കൊണ്ടേയിരിക്കും. ഇന്ന് ഏറ്റവും ചലനാത്മകമായ സാഹിത്യരൂപമാണ് കവിത. ന്യൂയോർക്കിൽ താമസിക്കുന്ന കവിയുടെ ഡയസ്പോറയ്‌ക്കുള്ളിലെ ആത്മസങ്കർഷങ്ങളാണ് ഈ കവിതകൾ.

എന്താണ് കവിത? സാധാരണഭാഷയ്ക്ക് വെളിയിലുള്ള ഒരു അനുഭവത്തെ, വികാരത്തെ, ചിന്തയെ, ചലനത്തെ ഭാഷയിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമമാണ് കവിത. അതിനായിട്ടാണ് പ്രതീകങ്ങൾ, ഇമേജുകൾ, ആർക്കിടൈപ്പുകൾ, മിത്തുകൾ, അന്യോപദേശം, ഉപാദാനം എന്നിവ കവിതയിൽ ഉപയോഗിക്കുന്നത്. കവിതയിലെ ആധുനികതാപ്രസ്ഥാനം ഈ സാധ്യതകളെ പരമാവധി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് കാവ്യഭാഷ ഇതെല്ലാം ഏറെക്കുറെ വെടിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഭാഷയുടെ വേരുകളിലേക്ക് മടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് സൂര്യൻ, ചന്ദ്രൻ എന്നിവയ്‌ക്കുള്ള പര്യായങ്ങൾ ഉപയോഗിക്കാതെയായത്. ഒരു അനുഭവത്തോട് ഏറ്റവും അടുത്ത വാക്കാണ് കവിതയിലും പ്രസക്തമാകുക. എന്ന് അവതാരികയിൽ കവി എസ്. ജോസഫ് പറയുന്നു. 
"ഒരാളുടെയും സ്വപ്നത്തിൽ
ഇടം പിടിക്കാത്ത എൻ്റെ ശരീരം
മഞ്ഞുകാലത്ത് ഇലകൾ 
നഷ്ടപ്പെട്ട മരക്കൊമ്പ് പോലെയാണ്.
എങ്കിലും മനസ്സ് 
പൊട്ടി മുളയ്‌ക്കാൻ
വെമ്പുന്ന ഒരറ്റത്തേക്ക് 
ചൂണ്ടി നിൽക്കുന്നു"
എന്നാണ് 'സ്വപ്നം' എന്ന കവിതയിൽ കാണുന്നത്. ന്യൂയോർക്കിലെ ഇലകൊഴിഞ്ഞ ജീവിതമാവും കവിയെ  ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്. മുളപൊട്ടാനുള്ള തയ്യാറെടുപ്പോടെ, പുതിയ പ്രതീക്ഷയോടെയാണ് മരക്കൊമ്പ് സൂര്യനെ ചേർത്തു പിടിച്ചിരിക്കുന്നത്. 
"കിളികൾ കൂടണയും നേരം
മരങ്ങളും മനസ്സുകളൂം
അയവിറക്കി-
ത്തുടങ്ങിയിട്ടുണ്ടാവുമെന്നുറപ്പ്"
എന്ന് 'അവൾക്ക്' എന്ന കവിതയിലുണ്ട്. പ്രണയാതുരമായ മനുഷ്യജീവിതത്തിൻ്റെ നൈമിഷികതയെ ചൂണ്ടിക്കാണിച്ചിട്ട് പക്ഷി മൃഗാദികളെയും വൃക്ഷങ്ങളെയും പ്രകൃതിയേയും ജീവിതത്തിൻ്റെ ഭാഗമാക്കിയിരിക്കുന്നു.   
"പറയുമ്പോളൊടുക്കത്തെ പരിഭവമെങ്കിലും
പറയാതെയിരിക്കുവാനാവതില്ലല്ലോ?
ചിരിക്കുമ്പോൾ ഒടുക്കത്തെ സങ്കടമെങ്കിലും
ചിരിക്കാതെയിരിക്കുവാനാവതില്ലല്ലോ?
എഴുതുമ്പോൾ ഒടുക്കത്തെ കവിതയാണെങ്കിലും
എഴുതാതെയിരിക്കുവാനാവതില്ലല്ലോ?"
എന്ന് 'ഒടുക്കത്തെ' കവിതയിൽ വളരെ താളാത്മകമായി കവി അനുഭവിക്കുന്ന ഒരു ജീവാവസ്ഥ വെളിവാക്കുന്നു. 
'ഒരു അമേരിക്കൻ പുതുവർഷ പ്രാർത്ഥന' യുടെ ഇടം മലയാളികൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കാണ്. 
"അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നും ഞാനും 
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാവരെയും പറ്റിച്ചേയെന്നും മക്കളും" 
മനഃസുഖം തീർത്ത് യാത്ര തുടരുന്നത് കാണാം. "ദൈവമേ, വിശപ്പിൽ മാത്രം പൊട്ടിമുളയ്‌ക്കുന്ന വിപ്ളവത്തിൻ്റെ വിത്ത് ഞങ്ങളുടെ മനസ്സിലുണ്ടാകാതെ കാക്കേണമേ എന്നാണ്" കവി പ്രാർത്ഥിക്കുന്നത്.
"തണുവാണെന്തൊരു 
തണുവാണാത്തണലിൽ
കൂടാനെന്തു രസം
വെയിലാണെന്തൊരു 
വെയിലാണാവഴിയിൽ
പോകാനെന്തു രസം
നേരാണെന്തൊരു 
നേരാണാവീടുകളിൽ
കേറാനെന്തു രസം"
ഇങ്ങനെ പോകുന്ന 'ജിപ്സിയുടെ ആത്മഗീതം; എന്ന കവിത രസകരമായ ഒരാവിഷ്കാരമാണ്. വളരെയധികം സ്വാഭാവികമാണ് ഇത്തരം വരികൾ.

'അവൾ വെള്ളം കോരുമ്പോൾ' എന്ന കവിത "വെള്ളം കോരുമ്പോൾ അവളെന്താവും ചിന്തിക്കുന്നുണ്ടാവുക?" എന്നു തുടങ്ങി അവളിലേക്ക് നീണ്ടുവരുന്ന കണ്ണൂകളെ പലവിധമായി കണ്ടെത്തി ദാർശനീകമായ തലത്തിലേക്ക് ഉയരുന്ന മനോഹരമായ കവിതയാണ്. 
'കുത്തേറ്റ് മരിച്ചവർ' എന്ന കവിതയിൽ കുത്തിയവർക്കും മരിച്ചവർക്കും നാടുവിട്ടുപോകാൻ പറ്റില്ലെന്ന സത്യം സാക്ഷ്യപ്പെടുത്തുന്നു.
'അമ്പോറ്റിയും അമ്പലം വിഴുങ്ങികളും' എന്നത് സാമുദായിക വിമർശനമാകുമ്പോഴും ഉത്സവത്തിൻ്റെ കാണാക്കാഴ്ചകൾ പുതിയ ഭാഷയിൽ കൃത്യമായി അവതരിപ്പിക്കുന്നതിൽ കവി വിജയിച്ചിരിക്കുന്നു.

'കാറ്റുവീശുന്നിടം' എന്ന കവിതയിൽ ന്യൂയോർക്ക് നഗരത്തിലൂടെ കാറ്റുകൊള്ളാൻ ഇറങ്ങിയതാണ് കവി. "കാറ്റുവീശൂന്നിടമെവിടെ?" എന്ന് കവി തുടർച്ചയായി പലരോടും അന്വേക്ഷിക്കുന്നുണ്ട്. ഈ നടത്തത്തിൽ ചുറ്റുമുള്ള നഗരത്തിൻ്റെ കാഴ്ചകളെ നമുക്ക് കാണിച്ചു തരുന്നതോടൊപ്പം അമേരിക്കൻ ജീവിതത്തിൻ്റെ ഭീതിയേയും നിസ്സഹായാവസ്ഥകളേയും കാണിച്ചു തരുന്നു. കാറ്റുവീശുന്നിടം എന്നത് ചലനാത്മകമായ ഏതൊരിടത്തേയും സൂചിപ്പിക്കുന്നു.

'വെള്ളിയാഴ്ച വൈകുന്നേരം ധ്യാനിക്കാൻ ഇരുന്നപ്പോൾ' എന്ന കവിതയിൽ അഞ്ചു ദിവസത്തെ ജോലി ഭാരം കഴിഞ്ഞു വീടിൻ്റെ ബെയ്സ്മെൻ്റ് ബാറിലേക്കോടിയെത്തുന്ന കവിയാണ് ഇതിലെ കഥാപാത്രം. അമേരിക്കൻ പൗരത്വത്തിൻ്റെ പ്രശ്നങ്ങൾ ഈ കവിതയിൽ മുഴങ്ങുന്നുണ്ട് എങ്കിലും 'മാപ്പ് ഭൂപ്രദേശമല്ല' (Map is not the Territory) എന്ന വിശാല അർത്ഥം വരുന്ന വാചകം പറഞ്ഞാണ് കവിത അവസാനിപ്പിച്ചിരിക്കുന്നത്.
    
എസ്. ജോസഫ് ആണ് 'ഡയസ്പോറയ്‌ക്കുള്ളിലെ ആത്മസംഘർഷങ്ങൾ' എന്ന പേരിൽ അവതാരിക എഴുതിയിരിക്കുന്നത്. എല്ലുമുറിയെ പണിയെടുക്കാതെ വിജയമില്ലെന്നു പഠിപ്പിച്ച മുത്തച്ഛനും, എണ്ണിത്തീരാത്തത്ര കഥകൾ പറഞ്ഞു കൊടുത്ത മുത്തശ്ശിക്കുമാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. 55 കവിതകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പാലക്കാട് ലോഗോസ് ബുക്സാണ്. 112 പേജുള്ള ഈ പുസ്തകത്തിൻ്റെ വില 110 രൂപ.

സന്തോഷ് പാല

1971 ൽ കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത് കുറിഞ്ഞിയിൽ ജനിച്ചു. അച്ഛൻ മലയിൽ ചെല്ലപ്പൻ നായർ അമ്മ ലക്ഷ്മിക്കുട്ടിയമ്മ. കുറിഞ്ഞി ശ്രീകൃഷ്ണവിലാസം ഗവണ്മെൻ്റ് എൽ. പി. സ്കൂൾ, ശ്രീകൃഷ്ണവിലാസം യൂ. പി. സ്കൂൾ, മാനത്തൂർ സെൻ്റ് ജോസഫ് ഹൈസ്കൂൾ, പാലാ സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തിരുനെൽവേലി ഇൻഡ്യൻ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങിൽ ബിരുദം. കേരള സർവ്വകലാശാല ക്യാമ്പസ്സിൽ നിന്നും ടെക്നോളജി മാനേജ്മെൻ്റിൽ എം. ടെക് ബിരുദം. ന്യൂജേഴ്സിയിലുള്ള സ്റ്റീവെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സിസ്റ്റംസ് എഞ്ചിനീയറിംഗിൽ എം. ടെക് ബിരുദം എന്നിവ നേടിയിട്ടുണ്ട്.

2004 ൽ അമേരിക്കയിലെത്തുന്നതിനു മുൻപ് ഡി. സി. സ്‌കൂൾ ഓഫ് മാനേജ്മെൻ്റിൽ എം.ബി.എ പ്രോഗ്രാം കോ-ഓർഡിനേറ്ററും അദ്ധ്യാപകനും ആയിരുന്നു. ഇപ്പോൾ ന്യൂയോർക്കിൽ ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. കുടുംബസമേതം ന്യൂയോർക്കിൽ താമസിക്കുന്നു.
ഫൊക്കാന പുരസ്കാരം, അങ്കണം പുരസ്കാരം, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പച്ച (കവിത), കാറ്റു വീശൂന്നിടം (കവിത) എന്നിവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ :- പ്രീത, മക്കൾ :- പ്രതീക്ഷ, പ്രാർത്ഥന. 
email :- mcsanthosh@yahoo.com

 

Join WhatsApp News
ജോസഫ് നമ്പിമഠം 2026-08-24 21:13:13
Congratulations and best wishes to Santhosh Pala and Baji Odamveli.
josecheripuram 2026-08-24 23:14:24
To write in our mind blogging situation is dynamic, and to get that in to the readers is divine.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക