
ന്യൂയോർക്ക്: കേരള സെന്ററിന്റെയും പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് 15-ന് രാവിലെ 9 മണിയോടെ കേരള സെന്ററിൽ ആരംഭിച്ച ആഘോഷ പരിപാടികൾക്ക് പരമ്പരാഗത സൗത്ത് ഇന്ത്യൻ ബ്രേക് ഫാസ്റ്റോടെയാണ് തുടക്കമായത്.

തുടർന്ന് ജനഗണമന ആലാപനത്തിന്റെ അകമ്പടിയോടെ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നോർത്ത് ഹെംപ്‌സ്റ്റെഡ് ടൗൺ ക്ലർക്ക് രാഗിണി ശ്രീവാസ്തവ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. വിവിധ സമുദായ നേതാക്കളുംനിരവധി മലയാളികളും ചടങ്ങിൽ പങ്കെടുത്തു.

പതാക ഉയർത്തലിനു ശേഷം ചേർന്ന പൊതുസമ്മേളനത്തിൽ കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ, പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ എന്നിവർ അധ്യക്ഷത വഹിച്ചു.

പയനിയർ ക്ലബ് സെക്രട്ടറി രാജു എബ്രഹാം എം.സിയായി പരിപാടികൾ ഏകോപിപ്പിച്ചു. തുടർന്ന് സാറയും സോഫിയും ചേർന്ന് അമേരിക്കൻ ദേശീയ ഗാനവും റിയ അലക്സാണ്ടർ വന്ദേമാതരവും ആലപിച്ചു.

കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു. പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായ രാഗിണി ശ്രീവാസ്തവ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യവും ജനാധിപത്യ മൂല്യങ്ങളും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

റിയ അലക്സാണ്ടർ, രാജൻ ജേക്കബ് ഇടിക്കുള, മറൂഫ് ദുബേരിയ എന്നിവർ ചേർന്നവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. റവ. ജോസ് മാപ്പിളമറ്റേൽ, തോമസ് ടി. ഉമ്മൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി സംസാരിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ പോരാളികളുടെ ത്യാഗത്തെക്കുറിച്ചും പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ഓർമ്മിപ്പിച്ചു.

കേരള സെന്റർ സെക്രട്ടറി രാജു തോമസ് നന്ദി രേഖപ്പെടുത്തി.
