
വേൾഡ് മലയാളി കൗൺസിൽ (WMC) സ്ഥാപകനും മുൻ ഗ്ലോബൽ പ്രസിഡന്റും ചെയർമാനുമായ ആൻഡ്രൂ പാപ്പച്ചന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. ഡബ്ലിയു എം സി 15-ാം ഗ്ലോബൽ കോൺഫറൻസിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
1995 ജൂലൈ 3-ന് നടന്ന ആദ്യ വേൾഡ് മലയാളി കൺവെൻഷന്റെ മൂന്നാം ദിനത്തിൽ, മൂവായിരത്തിലധികം മലയാളി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപീകൃതമായതെന്ന് ആൻഡ്രൂ പാപ്പച്ചൻ പറഞ്ഞു.
ബൈലോ കൃത്യമായി പാലിക്കുന്ന, ഔദ്യോഗിക പേരും ലോഗോയും ഉപയോഗിക്കാൻ അവകാശമുള്ളതുമായ ഒരേയൊരു വേൾഡ് മലയാളി കൗൺസിൽ മാത്രമേ നിലവിലുള്ളൂ എന്ന് ഓർമിപ്പിച്ച അദ്ദേഹം WMC എന്ന പേരിൽ പ്രവർത്തിക്കുന്ന മറ്റു ഗ്രൂപ്പുകൾ ആ പേര് ഉപയോഗിക്കുന്നത് നിർത്തണമെന്നും വേൾഡ് മലയാളി കൗൺസിലിന് മേലുള്ള അവകാശവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു .
ലോകമെമ്പാടുമുള്ള മലയാളികളെ ഏകോപിപ്പിക്കാനും ഒരു ഗ്ലോബൽ മലയാളി സമൂഹം കെട്ടിപ്പടുക്കാനുമാണ് WMC രൂപീകരിച്ചത്. മലയാളി സമൂഹത്തിലെ ഭിന്നിപ്പിക്കുന്ന ശക്തികളെ തള്ളിപ്പറഞ്ഞ് WMC-ക്ക് കീഴിൽ അണിനിരക്കാൻ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട പുതിയ ഗ്ലോബൽ ടീമിനെ അഭിനന്ദിച്ച അദ്ദേഹം, ആഗോള മലയാളികളുടെ ഐക്യത്തിനായി പ്രവർത്തിക്കുന്നതിന് പുതിയ നേതൃത്വത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
വരും തലമുറ നേതൃത്വം ഏറ്റെടുത്ത് സംഘടനയെ മുന്നോട്ട് നയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. 2026-ൽ ദുബായിൽ നടക്കുന്ന 16-ാം ഗ്ലോബൽ ബൈനീയൽ കൺവെൻഷനിൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് എല്ലാവരും ഒരു പുതിയ ഗ്ലോബൽ മലയാളി സമൂഹത്തിനായി ഒന്നായി പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.