
കരയിലും കടലിലുമുള്ള ജന്തു ജീവജാലങ്ങളിൽ മിക്കവയും അന്യം നിന്നുപോയതു പോലെ, കുടുംബങ്ങളിലുണ്ടായിരുന്ന
കൂട്ടുകുടുംബ വ്യവസ്ഥയും സ്ഥാനം പിടിച്ചത് ഇന്നത്തെ തലമുറയ്ക്ക് അറിയാൻ വഴിയില്ല. കാരണം അവർ അച്ഛനുമമ്മയും ഏറിയാൽ ഒരു മുത്തശ്ശനോ മുത്തശ്ശിയോ അടങ്ങിയ അണുകുടുംബത്തിൽ ജീവിക്കുന്നതു കൊണ്ടാവും.. പണ്ട് അങ്ങനെ ആയിരുന്നില്ല. അച്ഛൻ അമ്മ അഞ്ചോ അതിലധികമോ മക്കൾ അച്ഛന്റെ സഹോദരങ്ങൾ അവരുടെ ഭാര്യമാരും മക്കളും വല്യപ്പനും വല്യമ്മയും കൊച്ചുമക്കളുമായി ഒരു ജാഥയ്ക്കുള്ള അംഗബലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. ചാണകം മെഴുകിയ തറയിൽ ഓലപ്പുരയ്ക്ക് കീഴെ അന്തിയുറങ്ങി മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കാലം.എണ്ണ തീർന്നുപോയാൽ അയൽപക്കത്ത് നിന്ന് കടം വാങ്ങിയോ
മെഴുകുതിരി വെട്ടത്തിലോ കീറപ്പായിലിരുന്ന് സന്ധ്യാ പ്രാർത്ഥന. മിക്ക ഭവനങ്ങളിലും അന്നത്തെ ദിവസത്തിന്റെ അന്തി കാഴ്ചകൾ ഇതായിരുന്നു. പ്രാർത്ഥനയ്ക്ക് വിഘ്നം വരാതെ
" കോഴിക്കുട് അടച്ചോടീ"- എന്ന് ഓർമ്മിപ്പിക്കുന്ന കുടുംബനാഥന്റെ കരുതൽ.
ഇന്ന് മൂന്നുനാല് കുടുംബങ്ങൾക്ക് ജീവിക്കുവാൻ സൗകര്യമുള്ള ബംഗ്ലാവിൽ രണ്ടോ നാലോ അംഗങ്ങൾ മാത്രം. ചിലപ്പോൾ അതും കണ്ടെന്ന് വരില്ല. വിദേശത്ത് ചേക്കേറിയ ഗൃഹനാഥനെ കാത്ത് അനാഥമായ കൊട്ടാര സദൃശമായ വീടായിരിക്കും കാണുക.
പ്രാർത്ഥനയുടെ സമയം തീരുമാനിക്കുന്നത് ഓരോരുത്തരുടെ കയ്യിലെ മൊബൈലുകളും ചുമരിനെ പകുതിയും അപഹരിച്ച കൂറ്റൻടിവിയും.
സമയമുണ്ടെങ്കിൽ ചടങ്ങിനൊരു പ്രാർത്ഥന. നാട്ടുകാരെ ബോധിപ്പിക്കാനായി ഞായറാഴ്ചകളിലെ ദൈവ ദർശനം. സ്വന്തം ഉയർച്ചയും അയൽക്കാരന്റെ താഴ്ചയും മാത്രം സ്വപ്നം കാണുന്ന വിശ്വാസികൾ.
" തോമ്മാച്ചോ എങ്ങോട്ടാ"
" ഒരു മരിച്ചടക്കുണ്ട്"- പുറമേ ദുഃഖഭാവവും മനസ്സിൽ വിദ്വേഷവും പേറി ഇക്കൂട്ടർഅവിടെയും പാഞ്ഞെത്തും. രാഷ്ട്രീയക്കാരാണെങ്കിൽ പറയുകയും വേണ്ട. പരേതന്റെ ആത്മാവിന് ഒരിക്കലുംനിത്യശാന്തി ലഭിക്കരുതേ എന്നു പ്രാർത്ഥിച്ച് ഉഴുന്നുവടയും ചായയും കുടിച്ച് നാട്ടുകാരെ ബോധിപ്പിക്കാനായി സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു എന്ന് വരുത്തി തീർത്ത് മടങ്ങുകയാണ് പതിവ്.
ഞായറാഴ്ച കുർബാനയും ക്ഷേത്രദർശനവും ഒക്കെ മുടക്കാത്ത ദമ്പതികൾ വീട്ടിൽ വന്നാൽ കീരിയും പാമ്പും പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കാരണമുണ്ടാക്കി വഴക്കടിക്കും. പള്ളിയും പട്ടക്കാരനും ക്ഷേത്രങ്ങളും ഒക്കെ വേറെ,വീട് വേറെ എന്നാണ് ഇവരുടെ മനശാസ്ത്രം.. ഇത് കണ്ടു വളരുന്ന മക്കളുടെ മനസ്സ് അകാരണമായി വ്യാകുലപ്പെടുകയും ചതിക്കുഴികളിൽ പെടാനുള്ള വഴികൾ തെളിയുകയും ചെയ്യുമ്പോൾ മാത്രമാണ് അവരുടെ കണ്ണുതുറക്കുക. ഇപ്പോഴാണെങ്കിൽ ഓപ്പറേഷൻ തൂഫാനുമായി മന്ത്രിസഭയും മുന്നിലുണ്ട് എന്നതൊരു ആശ്വാസമാകുന്നു.
ക്രിസ്തുമസും ഓണവും ഈസ്റ്ററുമൊക്കെ കെങ്കേമമായിതന്നെ ആഘോഷിക്കും അത്തം പിറന്നാൾ ഓണം പിന്നെ 10 നാൾ ഓണത്തിന്റെ ആഘോഷങ്ങൾ. തൊടികളിൽ നിന്ന് ശേഖരിച്ച വിവിധ വർണങ്ങളിൽ ഉള്ള പൂക്കളുമായി ഒരു അത്തപ്പൂക്കളം. വീട്ടുമറ്റത്തെ കുറ്റൻ മരങ്ങളിലൊക്കെ ഊഞ്ഞാലുകൾ ഉണ്ടാവും. പ്രായഭേദമന്യേ ഊഞ്ഞാലാട്ടം. ചീട്ടുകളി,വടംവലി മറ്റു മത്സരങ്ങൾ ഇവയെല്ലാം ഓണത്തിന് മിഴിവേകുന്നു.
ക്രിസ്മസിലെ മിന്നും താരങ്ങൾ മരക്കൊമ്പുകളിലു മൊക്കെ തൂങ്ങിയാടുന്ന കടലാസ് നക്ഷത്രങ്ങൾ തന്നെ. ഈറ്റക്കമ്പുകൾ ചെറുതായി കീറി ചെറുതും വലുതുമായ നക്ഷത്രങ്ങൾ കൈകൊണ്ടുതന്നെ ഉണ്ടാക്കിയെടുക്കും. അതിന് നാലോ അഞ്ചോ മൂലകൾ ഉണ്ടാകും. പലനിറത്തിലുള്ള വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ് മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലായിരിക്കും പ്രഭ ചൊരിയുക. പണ്ടുകാലത്ത് മിക്ക വീടുകളിലും ഇതായിരുന്നു സ്ഥിതി. ഇന്നിപ്പോൾ ഏതു നിറത്തിലും വിലയിലും എവിടെയും നക്ഷത്രങ്ങൾ കടകളിൽ നിറഞ്ഞിരിക്കും. പൂക്കൾ റെഡിമെയ്ഡ്, ഊഞ്ഞാലും ഭക്ഷണ വിഭവങ്ങൾ പലവിധ പായസങ്ങൾ ഉൾപ്പെടെ റെഡിമെയ്ഡ് വാങ്ങാൻ കിട്ടും, ഒന്നിനും ഒരു കുറവും ഇല്ലാതെ.
ഓണത്തിന്യ ഒരു വെജിറ്റേറിയൻ ടച്ച് ഉണ്ടെങ്കിലും മത്സ്യമാംസാദികൾ ഉൾപ്പെടെയുള്ള സുഭിക്ഷമായ ഭക്ഷണ രീതി ഇന്നത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു. പണം പുല്ലടെ നമുക്കില്ലടേ എന്ന പഴയ രീതി ഇന്ന് എവിടെയും കാണാനുമില്ല. യൂറോപ്യൻ രാജ്യങ്ങളിലെ പാറ്റയും പഴുതാരയും തേളും പാമ്പുമൊക്കെ നമ്മുടെ നാട്ടിലും പരീക്ഷിക്കുന്ന കാലം വിദൂരമല്ല എന്നുവേണം കരുതാൻ.
എന്നും ഒരല്പം മിനുങ്ങുന്നത് മിക്കവർക്കും പതിവാണെങ്കിലും ഈ വിശേഷ ദിവസങ്ങളിൽ അത് അല്പം കൂടിയിരിക്കും എന്ന് മാത്രം. "ചാത്തൻ" ഒഴിവാക്കി ഗ്രേഡ് കൂടിയത് തന്നെ അകത്താക്കി സർക്കാരിനെ നിലനിർത്തുന്ന ചുമതലയും വിസ്മരിക്കാവുന്നതല്ല.
ഹാപ്പി ഓണം.