
“സീ , എല്ലാവരാലും മാറ്റി നിർത്തപെടേണ്ടി വന്നാല്‍ പിന്നെ നമ്മള്‍ സ്വതന്ത്രരാണ് . കാറ്റ് പോലെ പിന്നെ എവിടെയും സഞ്ചരിക്കാം . എത്ര വലിയ മതിലുകള്‍ തടുത്തു നിര്‍ത്തിയാലും അതിലെ ചെറിയ വിടവുകളോളം ഉടല്‍ ചെറുതാക്കി മുന്നോട്ട് പോകാം . “
മേരി പറഞ്ഞു നിര്‍ത്തി .
കുട്ടികള്‍ വലുത്തായി തുടങ്ങിയാല്‍ പിന്നെ രക്ഷിതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന അവഗണയോളം പോന്ന നിരസിക്കപെടലുകളുടെ കണക്കെടുപ്പായിരുന്നു അന്നത്തെ ചര്‍ച്ച .
കുട്ട്യോലും കെട്ട്യോനും ഇല്ലാത്ത മേരിക്ക് എന്തും പറയാം .അനുഭവത്തോളം വേദന സങ്കല്‍പ്പങ്ങള്‍ക്ക് കാണില്ലല്ലോ .
മേരിയൊഴിച്ചുള്ളവർക്കെല്ലാം ഈ ഒരേ ചിന്തയാണ് തലയ്ക്കകത്ത് പെയ്തത്
ചര്‍ച്ചകള്‍ക്ക് മറുപടിയായി മേരി പറഞ്ഞ മറുപടിയില്‍ തടഞ്ഞ് നവോമി വീഴാന്‍ പോയപ്പോള്‍ ഗീവര്‍ഗീസ് പതുക്കെ അവളുടെ കൈ പിടിച്ചു .
ഗീവര്‍ഗീസിനും നവോമിക്കും ഒരേ ദിവസമാണ് സദനത്തിലേക്കുള്ള കാള്‍ ലെറ്റര്‍ ചെന്നത് . ഒരേ സമയത്ത് തന്നെയാണ് രണ്ടാളും അവിടെ എത്തിയതും.
“കൊള്ളലോ രണ്ടാളടേം എന്‍ട്രി .” മേരി ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു.
അല്ലെങ്കിലും വാക്ക് തര്‍ക്കങ്ങളില്‍ തല കുനിക്കണമെന്നു തോന്നുമ്പോഴൊക്കെ മേരി അങ്ങനെയാണ് . വേറെന്തിലെക്കെങ്കിലു മായി ശ്രദ്ധ തിരിച്ചു വിടും .
നവോമിക്ക് ദേഷ്യം വന്നെങ്കിലും സദനത്തിലെ ആദ്യ ദിവസം തന്നെ വെറുപ്പില്‍ തുടങ്ങണ്ടെന്നു കരുതി ഗീവര്‍ഗീസിനെ ആദ്യത്തെ നോട്ടം നോക്കി .

വര പി ആര്‍ രാജന്‍
അവിടെ നടന്ന പറച്ചിലുകള്‍ ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടില്‍ നില്‍ക്കുന്ന അയാളെ കണ്ടപ്പോ അവള്‍ക്ക് ലേശം ബഹുമാനം തോന്നി .
“കയറി വരൂ കേട്ടോ . രണ്ടു പുതിയ താമസക്കാര്‍ വരുന്നുണ്ടെന്ന് ഞാൻ ഇവരോട് പറഞ്ഞിരുന്നു .രണ്ടാളും ഒരേ ദിവസം വന്നത് ഏതായാലും നന്നായി “
ശ്രീധരന്‍ എന്ന് സ്വയം പരിചയപെടുത്തിയ ആള്‍ ഗീവര്‍ഗീസിനോട് കുശലം പറഞ്ഞു .
അന്തേവാസി മാത്രമല്ല, ആ സ്ഥാപനത്തിന്റെ മേല്‍നോട്ടക്കാരന്‍ കൂടിയായിരുന്നു ശ്രീധരന്‍ എന്ന അറിവില്‍ ഗീവര്‍ഗീസ് ചോദിച്ചു .
“ഇവിടെത്ര പേരാണ് ? “
“ഇപ്പോള്‍ നിങ്ങള്‍ രണ്ടു പേരും അടക്കം ഇരുപത്തി ഒന്ന് .പഴയ വീടുകളെ വെച്ച് നോക്കുമ്പോ അതത്ര വലിയ അംഗ സംഖ്യ അല്ല “
ശ്രീധരന്‍ ചിരിച്ചു .
പെണ്ണുങ്ങളുടെ ഭാഗത്ത് നിന്നുള്ള ചിരിയില്‍ നവോമി അങ്ങോട്ടേക്ക് നീങ്ങി . സദനത്തിലെ ഇളം പച്ച ചുവരുകളിലെ താമസക്കാരായ പല്ലികള്‍ പുതിയ താമസക്കാരെ ഗൌനിക്കാതെ അതി വേഗത്തില്‍ ഓടിപ്പോയി .
സദനത്തിലേക്കുള്ള താമസക്കാരുടെ തിരഞ്ഞെടുപ്പ് പല മാനദണ്ഡങ്ങൾ വെച്ചായിരുന്നു . ജോലിയില്‍ നിന്ന റിട്ടയര്‍ ചെയ്ത ആളുകള്‍ , മക്കൾ വിദേശത്തോ ദൂരെ ജോലി സ്ഥലങ്ങളിലോ ഉള്ളവർ, അന്ന് വരെയുള്ള ജീവിതത്തിൽ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കത്തവർ. താമസക്കാർ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അനാവശ്യമായ ചോദ്യങ്ങള്‍ പാടില്ലെന്ന നിബന്ധന ഉണ്ടായിരുന്നുവെന്നു മാത്രം.

വര പി ആര്‍ രാജന്‍
ഒറ്റക്കുള്ള മുറികള്‍ ചെറിയ വീടുകള്‍ പോലെ തോന്നിച്ചു. കുറെ മനുഷ്യരുടെ പാര്‍പ്പിടങ്ങളുടെ ഒറ്റ വീട് . അതായിരുന്നു സദനത്തിന്റെ പ്രത്യേകത . മെഡിക്കല്‍ സൗകര്യങ്ങള്‍ വിളിപ്പാടകലെ .
ഒരേ സൌകര്യങ്ങള്‍ .ഒരേ ആശങ്കകള്‍ . ഒരു പോലെ ഉള്ള ഒരു കുറെ മനുഷ്യര്‍ .
രാത്രി ഭക്ഷണം കഞ്ഞിയും പയറുമാണ് . അത് വേണ്ടാത്തവര്‍ക്ക് ചോറും വെജിറ്റബിള്‍ കറികളും ഉണ്ട് .
പുതിയ ജീവിതം സ്വയം തിരഞ്ഞെടുപ്പിന്റെ ആയതു കൊണ്ട് തന്നെ നവോമി ക്ക് ഹോസ്റ്റല്‍ ജീവിതം ഓർമ വന്നു .
സദനത്തില്‍ നിയമങ്ങളോ മാനുവല്‍ അനുസരിച്ചുള്ള ജീവിതമോ അല്ലെന്നുള്ള മനസ്സിലാക്കലുകളില്‍ ആണ് റിട്ടയര്‍മെന്റ് നു ശേഷം അവിടം തന്നെ തെരഞ്ഞെടുത്തത് .
പരസ്പരം ഒന്നും ചോദിക്കാതെ തന്നെ എന്റെ ജീവിതം തന്നെയാണല്ലോ നിങ്ങളുടെയും എന്ന മനസ്സീലാക്കലുകള്‍ ഉണ്ടായിരിക്കുന്ന ഒരു സ്ഥലം . മരണത്തിന് ശേഷമങ്ങനെ അലമുറയിട്ട് കരയാന്‍ ആരും ഇല്ലാത്തവരുടെ ഇടം .
തിരഞ്ഞെടുപ്പുകളില്‍ നവോമിക്ക് ഒരിക്കലും തെറ്റ് പറ്റാറില്ല . സ്വന്തം ജീവിതത്തിന്റെ ഒഴിച്ച്.
പകലുകള്‍ എങ്ങനെ ചിലവാക്കണം എന്ന് പറഞ്ഞിരുന്നെങ്കില്‍ പോലും അത് നിയമം ആയിരുന്നില്ല . പുറത്തു പോകാനുള്ള അനുവാദം ആരോടും ചോദിക്കാനില്ല . എന്നാല്‍ ആരെങ്കിലുമൊക്കെ അത് അറിഞ്ഞിരിക്കണമെന്നുമുണ്ട് .
എവിടെ പോകുന്നു എന്നതില്‍ അല്ല എപ്പോള്‍ തിരിച്ചു വരും എന്നതില്‍ മാത്രമായിരുന്നു നിര്‍ബന്ധങ്ങള്‍ . സര്‍വൈലന്‍സ് ക്യാമറ കള്‍ രേഖപെടുത്തുന്ന സമയ ക്രമങ്ങൾ ആരോ മോനിറ്റർ ചെയ്യുന്നുണ്ടെന്നു മേരി അടക്കം പറഞ്ഞു .

വര പി ആര്‍ രാജന്‍
മേരിയാണ് ആ സദനത്തിലെ ശരിക്കുമുള്ള 'കാറ്റ്'. എല്ലാവരും തങ്ങളുടെ ഭൂതകാലത്തിലെ മുറിവുകളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, മേരി മാത്രം വർത്തമാനകാലത്തിന്റെ വിടവുകളിലൂടെ ഒഴുകി നടന്നു.
അത് നവോമിക്ക് അവിടെ താമസം തുടങ്ങിയതിന്റെ പിറ്റേന്ന് തന്നെ മനസിലായതാണ്.
ആരോടുമങ്ങനെ പ്രതേകിച്ചു അടുപ്പം വേണ്ടെന്നു കരുതി പിറ്റേന്ന് രാവിലെ ഒറ്റക്ക് നടക്കാനിറങ്ങിയപ്പോൾ തോട്ടത്തിൽ ചെടികൾക്ക് നനയ്ക്കുന്ന മേരിയെ കണ്ടു.
"നവോമിക്ക് ഇന്നലെ ഉറക്കം കിട്ടിയോ? പുതിയ സ്ഥലം അല്പം അസ്വസ്ഥത ഉണ്ടാക്കിയോ?" മേരിയുടെ ചോദ്യം വെറുമൊരു കുശലാന്വേഷണമായിരുന്നില്ല, അതിൽ ഒരുതരം ആത്മബന്ധത്തിന്റെ ഇഴയടുപ്പമുണ്ടായിരുന്നു.
"ഇല്ല മേരി, പ്രതീക്ഷിച്ചതിലും സമാധാനം തോന്നി. ഇവിടെ ആരും ആരെയും വിചാരണ ചെയ്യുന്നില്ലല്ലോ," നവോമി മറുപടി നൽകി.
മേരി ചിരിച്ചു. ആ ചിരിയിൽ ഒരു പഴയ കടലിരമ്പത്തിന്റെ ഇരമ്പലുണ്ടായിരുന്നു. "അതാണ് പറഞ്ഞത് നവോമി, നമ്മളെ ആർക്കും വേണ്ടാതാകുമ്പോൾ നമുക്ക് നമ്മളെ തന്നെ തിരിച്ചു കിട്ടും. ഇവിടെ നമ്മൾ ആരുടെയും അമ്മയല്ല, ഭാര്യയല്ല, വെറും മനുഷ്യർ മാത്രമാണ്. ഈ സദനത്തിന്റെ മതിൽക്കെട്ടുകൾ നമ്മളെ തടഞ്ഞു നിർത്താനല്ല, പുറത്തെ ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് നമ്മളെ കാത്തുസൂക്ഷിക്കാനാണ്."
രോഹിണിയമ്മ മുറ്റത്ത് വരച്ച കോലങ്ങള്‍ നോക്കി നിർദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു ലളിത . എപ്പോഴും കുനുകുനാ സംസാരിക്കുന്ന ഏതോ കാലം മുതൽ ഒരുമിച്ചുള്ള കൂട്ടുകാരികള്‍ ആയിരുന്നുവെന്ന് തോന്നി .
ലളിതയ്ക്ക് കുഞ്ഞുങ്ങള്‍ ഇല്ലെന്നും ഭര്‍ത്താവ് തൂങ്ങി മരിച്ചത് ആണെന്നും മേരി പറഞ്ഞു . ശ്രീധരേട്ടന്റെ അകന്ന ബന്ധു കൂടി ആയ രോഹിണി വിദേശത്ത് ആയിരുന്നെന്നും മക്കളെ മടുത്ത് തിരിച്ചു വന്നതേ ഉള്ളൂ വെന്നും കൂട്ടി ചേര്‍ത്ത് .
നവോമി ഗീവർഗീസിനെ നോക്കി. അയാൾ പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മേരിയുടെ സംസാരത്തെ ആ വഴിയില്‍ ഉപേക്ഷിച്ചു നവോമി പുറത്തേക്കു നടന്നു .
വായനശാലയില്‍ പരിപാടിയുണ്ട് . സദനതിലെക്ക് താമസം മാറിയെങ്കില്‍ കൂടി ഏറ്റെടുത്ത പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ട്.
താമസക്കാർക്ക് അലോസരമുണ്ടാക്കാതിരിക്കാൻ താമസസ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തരോടും പറഞ്ഞിരുന്നില്ല.

വര പി ആര്‍ രാജന്‍
തിരിച്ചു വന്നപ്പോഴാണ് മരണം നടന്ന കാര്യമറിഞ്ഞത്. സഫദർ എന്ന മിലിറ്ററി റിട്ടേണ്ട് മനുഷ്യനെ കണ്ടിരുന്നില്ലെങ്കിൽ പോലും സങ്കടം തോന്നി. ഇരുട്ടിൽ ഉണർന്നിരിക്കുന്ന ആ മനുഷ്യൻ ആയിരുന്നത്രെ അവിടുത്തെ യഥാർത്ഥ കാവൽക്കാരൻ.
ഉറങ്ങുമ്പോൾ താൻ എഴുതി വെച്ചതൊക്കെയും വായിച്ചു നോക്കുന്ന രഹസ്യങ്ങൾ വല്ലതുമുണ്ടോ എന്ന് ചികഞ്ഞു നോക്കുന്ന ഒരാളിന്റെ ഓർമ വന്നപ്പോൾ ഞരമ്പുകൾ വലിഞ്ഞു മുറുകി അവൾ അസ്വസ്ഥയായി. താനറിയുന്ന രാത്രിയുറക്കമില്ലാത്ത ആദ്യത്തെയാൾ.
എഴുതാൻ ഇടയുണ്ടായിരുന്ന ഒട്ടനേകം വാക്കുകൾ മറന്നു പോയ ഇരുട്ട്. കണ്ണീരു കൊണ്ട് മുഖം കഴുകിയ കാലം.
മരിച്ച മനുഷ്യന്റെ കാലിൽ തൊട്ട് തൊഴുത്, നവോമി ശ്രീധരന്റെ പിന്നാലെ ശവ സംസ്കാരത്തിന്റെ ഒരുക്കങ്ങളിലേക്ക് നീങ്ങി.
ആരു മരിച്ചു പോയാലും അത് അവനവന്റെതായി കരുതുന്ന ഒരു കൂട്ടം മനുഷ്യരുടെ പകപ്പുകൾ അവിടെ പുകഞ്ഞു. ഒരു കാലത്ത് തങ്ങളുടേതായിരുന്ന മനുഷ്യരെ കൂടി അതിനൊപ്പം പുകച്ചു.
അന്നത്തെ ദിവസം ഒരു ഉപവാസം പോലെ നവോമി പ്രാർത്ഥനയിൽ മുഴുകി.
സരസ്വതിയും മീനയും അവരുടെ മുറികളിൽ നിന്ന് ലളിത സഹസ്ര നാമം ഉരുവിടുന്ന ശബ്ദം മാത്രം ആയിരുന്നു നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടിരുന്നത്.
പതുക്കെ പതുക്കെ വീട് പിന്നെയും നിശബ്ദമായി.

വര പി ആര്‍ രാജന്‍
രാത്രിയിൽ കിടക്കാൻ നേരത്ത് ജനലിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിന്ന നവോമിക്ക് മേരി പറഞ്ഞത് മനസ്സിലായി. ഉപേക്ഷിക്കപ്പെട്ടവരല്ല അവർ, മറിച്ച് പുതിയൊരു ആകാശം കണ്ടെത്തിയവരാണ്.
മരണത്തിന് ശേഷം അലമുറയിട്ട് കരയാൻ ആരുമില്ലെന്ന തിരിച്ചറിവ് നവോമിക്ക് വലിയൊരു ആശ്വാസമായി തോന്നി. കാരണം, ആ കരച്ചിലുകളിൽ പലപ്പോഴും സ്നേഹത്തേക്കാൾ കൂടുതൽ കുറ്റബോധമായിരിക്കും നിറഞ്ഞു നിൽക്കുക. ഇവിടെ, ഈ സദനത്തിൽ, എല്ലാവരും ഒരുപോലെയാണ്—യാത്ര പറയാൻ നേരത്ത് ഒരാൾ മറ്റൊരാൾക്ക് വെളിച്ചമായി മാറുന്നവർ.
കുറച്ചു കാലങ്ങൾക്ക് ശേഷം നവോമി ജിമെയിൽ തുറന്ന് പോസ്റ്റ് കമ്പോസ് ചെയ്യാൻ തുടങ്ങി.
“ അറുപതു വയസിനു ശേഷം എന്റെ ജീവിതം തുടങ്ങുകയാണ്. സത്യമായും നിന്നെ കാത്തിരിക്കുന്നുണ്ട്. നമ്മൾ ഒരിക്കൽ പറഞത് പോലെ, റിട്ടയേർമെന്റ് നു ശേഷം ഒരുമിച്ചു ഒരിടത്തുള്ള ജീവിതത്തിനു വേണ്ടി. തിരക്കൊഴിഞ്ഞാൽ വരൂ. മരണം തേടി എത്തിയില്ലെങ്കിൽ ഞാൻ ഇവിടെയുണ്ടാവും.
നവോമി, സദനം പി ഒ. എന്ന വിലാസത്തിൽ..“
ലോഗോട്ട് ചെയ്തു, നവോമി ജനൽ പാളികൾ ചേർത്തു വച്ചു.
നാളെ പുലരുമ്പോൾ തനിക്കും മേരിയെപ്പോലെ ആ വിടവുകളിലൂടെ ഒഴുകുന്ന കാറ്റാകണം. ആരുടേയും സ്വന്തമല്ലാത്ത, എന്നാൽ എല്ലാവർക്കും പ്രിയപ്പെട്ട ഒരുകഷ്ണം കാറ്റ്.