Image

മൂവാറ്റുപുഴ ജില്ലാ രൂപീകരണം പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

Published on 23 August, 2026
മൂവാറ്റുപുഴ ജില്ലാ രൂപീകരണം  പരിഗണനയില്‍;  ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

എറണാകുളം: ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും സ്വപ്നങ്ങൾക്കും ഒടുവിൽ സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നും പച്ചക്കൊടി. ഇനി കേരളത്തിൽ പുതിയൊരു ജില്ല രൂപീകരിക്കുന്ന കാര്യം പരിഗണനയ്ക്ക് വരികയാണെങ്കിൽ ആ പട്ടികയിൽ ഒന്നാമത് മൂവാറ്റുപുഴ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.

കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ പ്രധാന പ്രതികരണം വന്നിരിക്കുന്നത്.

മൂവാറ്റുപുഴ നഗരസഭ വളരെ ഗംഭീരമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ ആസ്ഥാനമായി ഒരു പുതിയ ജില്ല വരുന്നത് സർക്കാർ ആലോചനയിലുണ്ടെന്നും പ്രദേശത്തിൻ്റെ വികസനപരമായ എല്ലാ ബുദ്ധിമുട്ടുകളും ഇതോടെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർണ്ണാഭമായ ഓണാഘോഷ വേദിയിൽ സ്ഥലം എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ മൂവാറ്റുപുഴ നേരിടുന്ന വികസന അവഗണനകളെക്കുറിച്ചും പാർശ്വവൽക്കരണങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി പ്രതികാര ബുദ്ധിയോടെ പ്രദേശത്തെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും അദ്ദേഹം വേദിയിൽ ചൂണ്ടിക്കാണിച്ചു. ഈ വിഷമതകൾക്കെല്ലാം മറുപടിയായാണ്, ജില്ല രൂപീകരണ പരിഗണനകളിൽ മൂവാറ്റുപുഴ മുൻനിരയിലുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി വേദിയിൽ വെച്ചുതന്നെ നൽകിയത്.

"എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും നമ്മൾ മാറ്റും. നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം കിട്ടണമെന്നാ. ആ പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരും. എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്..." എന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന്, തൻ്റെ സ്വന്തം ജില്ലയായ എറണാകുളത്ത് നിന്നും മൂവാറ്റുപുഴ വേറിട്ടു പോകുമോ എന്നതിൽ ചെറിയ വിഷമമുണ്ടെങ്കിലും സർക്കാർ ഈ വിഷയം വളരെ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി ലിമിറ്റേഷൻ കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്നും, മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല നിലവിൽ വരുന്നതോടെ ഈ പ്രദേശത്തെ വികസന മുരടിപ്പിന് പൂർണമായി വിരാമമാകുമെന്നുമാണ് വി.ഡി. സതീശൻ ജനങ്ങൾക്ക് ഉറപ്പുനൽകിയിരിക്കുന്നത്.

അതേസമയം, ഈ പ്രഖ്യാപനത്തിലൂടെ കേരളമൊട്ടാകെയുള്ള ഭരണപരമായ വികേന്ദ്രീകരണത്തിൻ്റെ ഒരു വലിയ സൂചനയാണ്  പുറത്തുവരുന്നത്. ജില്ലകളുടെയും താലൂക്കുകളുടെയും അതിർത്തികൾ പുനർനിർണയിക്കുന്നതിനും പുതിയവ രൂപീകരിക്കുന്നതിനുമായി ഒരു 'ഡീലിമിറ്റേഷൻ കമ്മീഷൻ' ഉടൻ തന്നെ സംസ്ഥാന സർക്കാർ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ കമ്മീഷൻ നിലവിൽ വരുന്നതോടെ കേരളത്തിലെ പല വലിയ ജില്ലകളുടെയും വിഭജനം സാധ്യമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക