Image

യാത്രകളിൽ (ഓണം സ്‌പെഷല്‍ ചെറുകഥ : ഗിരിഷ് രാജ)

Published on 23 August, 2026
യാത്രകളിൽ (ഓണം സ്‌പെഷല്‍ ചെറുകഥ : ഗിരിഷ് രാജ)

യാത്രകളിൽ നഷ്ടപ്പെട്ടത്


"ചേട്ടനെന്താ ആലോചിക്കുന്നത്?"


"ഹേയ്, ഒന്നുമില്ല.


നീയോ?"


"ഞാനാലോചിക്കുകയായിരുന്നു എത്ര നാളായി ഇങ്ങനെയൊരു യാത്ര പോയിട്ട്


" അതെ, എപ്പോഴും ഉണ്ടാവും ഓരോരോ തിരക്കുകൾ. ഇപ്പോൾ തോന്നുന്നു " കുറേ മുമ്പേ ഈ യാത്ര ആവാമായിരുന്നൂന്ന്


" അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോക്കുണ്ടാവില്ലെന്ന് വിചാരിച്ചു ഞാൻ


"നിനക്ക് സന്തോഷമായോ?"


"໑໐."


കാറിൻ്റെ ജനലിലൂടെ നഗരം പിന്നോട്ടേക്കോടിക്കൊണ്ടിരുന്നത് അവർ നോക്കിയിരുന്നു. വലിയ പാതക്കിരുവശവും കൂറ്റൻ കെട്ടിടങ്ങൾ. അവക്കു മുന്നിൽ കാൽനട യാത്രക്കാരും തണൽ മരങ്ങളും. വഴിയിൽ വാഹനങ്ങളുടെ നിൽക്കാത്ത പ്രവാഹം. ഇടക്കിടെ കവലകളിൽ പച്ച വെളിച്ചത്തിനായി കാത്തു നിൽപ്പ്.


പുറത്തെ കാഴ്ചകളിൽ പുതുമ തോന്നാതെ അയാൾ ഫോൺ നോക്കിയിരുപ്പായി. അവൾ ബാഗുകൾ തുറന്ന് കൊണ്ടുവരാനുദ്ദേശിച്ചതൊക്കെ ഇല്ലേ എന്ന് നോക്കി. മരുന്നുകൾ


സൂക്ഷിച്ചിരുന്ന പൊതിയഴിച്ച് രാവിലെയും ഉച്ചക്കും വൈകുന്നേരവും കഴിക്കുവാനുള്ള മരുന്നുകൾ ഉണ്ടെന്നുറപ്പു വരുത്തി.


കുറേ മുന്നോട്ട്പോയപ്പോൾ വീതി കുറഞ്ഞ വഴിക്കിരുവശവും കൃഷിയിടങ്ങൾ. വാഹനങ്ങൾ കുറവ്, കെട്ടിടങ്ങളും . ഇടക്കിടെ ചില നാൽക്കവലകളിൽ മാത്രമായി പീടികക ളും മനുഷ്യരും. വഴിയിലൂടെ ആട്ടിൻ കൂട്ടങ്ങളെ നയിക്കുന്ന ഇടയന്മാർ ഇടക്ക് വഴിയിൽ വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി.

 

വര :അമീന്‍ ഖലീല്‍


ഇടക്കിടെ ചെറിയ പുഴകളും തോടുകളും അവക്കു കുറുകേ പാലങ്ങളും.


" ഈ പുഴകളിൽ നിന്നാണ് നമ്മുടെ സിറ്റിക്ക് കുടിവെള്ളം കിട്ടുന്നത്, അല്ലേ รว?"


"അതെ, ഇവിടെ നിന്ന് വലിയ കുഴലുകളിൽക്കൂടിയാണ് സിറ്റിയിലെ പമ്പിംഗ് സ്റ്റേഷനുകളിലേക്ക് കൊണ്ടു പോകുന്നത് !


"ദേ നമ്മൾ കുന്നിനടുത്തെത്തിയെന്നു തോന്നുന്നു, നോക്കൂ" അവൾ ദൂരെ കണ്ട കുന്നുകളിലേക്ക് വിരൽ ചൂണ്ടി.


ഇരുവരും അടുത്തു വരുന്ന കുന്നുകളിലേക്ക് നോക്കിയിരുപ്പായി. മേഘങ്ങൾ കുന്നുകളെ തൊട്ടുരുമ്മി.


കാർ കുന്നിൻ ചെരുവിലെത്തി.


അവർ മെല്ലെ കാറിൽ നിന്നിറങ്ങി.


" കുറേ നേരമിരുന്നിട്ട് കാൽ മരവിച്ച പോലെ, നിനക്കോ?"


"എനിക്കും

 

"കുറച്ച് നേരം ഇവിടെ ഇരുന്നാലോ?"


"നമുക്ക് പതുക്കെ നടക്കാം, ചേട്ടാ. കാലിൻറെ മരവിപ്പ് മാറിക്കോളും"


"ശരി"


"ദേ, ചേട്ടാ അവിടേക്ക് നോക്കൂ, എത്ര ഭംഗിയുള്ള പൂക്കൾ


" അതെ, ഇപ്പോൾ ഇവിടെ പൂക്കാലമാണെന്ന് തോന്നുന്നു


"ദേ അങ്ങോട്ട് നോക്കൂ അവിടെ നീല നിറത്തിലുള്ള പൂക്കൾ കണ്ടോ?"


"എവിടെ? "


"ദേ ആ കുന്നിൻറെ മുകളിൽ


" ഇല്ല, എനിക്ക് കാണുന്നില്ലല്ലോ"

 

" കുറച്ചു കൂടി മുന്നോട്ട് നടന്നാലോ, ചേട്ടാ"


"ശരി"

വര :അമീന്‍ ഖലീല്‍


അവർ കുറച്ചു ദൂരം കുന്നിൻ മുകളിലേക്ക് നടന്നു.


"പതുക്കെ നടക്കാം. നീയെൻ്റെ കൈ പിടിച്ചോളൂ"


കൈകൾ മുറുകെ പിടിച്ച് വിരിഞ്ഞു നിൽക്കുന്ന പൂക്കൾ ചവിട്ടാതെ അവർ നടന്നു.


ഇടക്ക് അല്പനേരം കുന്നിൻ മുകളിലേക്കും താഴ്വാരത്തിലേക്കും ചുറ്റുമുള്ള കുന്നുകളിലേക്കും നോക്കി.


" നല്ല കാറ്റ് അല്ലേ?"


"അതെ. കാറ്റുള്ളതുകൊണ്ടാവും ക്ഷീണം തോന്നുന്നില്ല അല്ലേ?"


"വലിയ തണുപ്പുമില്ല. ഇങ്ങോട്ട് പുറപ്പെട്ടപ്പോൾ ഇവിടത്തെ തണുപ്പേറ്റ് മുട്ടുവേദന വീണ്ടും തുടങ്ങുമോന്ന് സംശയിച്ചു"


അവർ കുന്നിൻ മുകളിലെത്തി.


ചുറ്റും ചക്രവാളത്തോളം നോക്കി ഇരുവരും പുഞ്ചിരിച്ചു.


ദൂരെ മലമുകളിലെ പാറക്കെട്ടുകളിൽ വെള്ളി നൂൽ പോലെ ഒരു വെള്ളച്ചാട്ടം കാണാറായി.


കുന്നിൻ മുകളിലും ചെരിവിലും പല നിറത്തിലുള്ള പൂക്കൾ. ഇളം കാറ്റ് പൂക്കളുടെ സുഗന്ധം അവിടെയെങ്ങും പരത്തി. കാറ്റിൽ പൂക്കൾ ആടിക്കൊണ്ടേയിരുന്നു.


"ഇവിടെ ഇരിക്കാം" മനോഹരമായ പല നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്ന ഒരിടം ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.


രണ്ടു പേരും ഇരുന്നു. കയ്യിൽ കരുതിയിരുന്ന വെള്ളം കുടിച്ചു.


"കുറച്ച് പഴങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അതു കഴിച്ചിട്ട് മരുന്നുകൾ " കഴിക്കാം. സമയം തെറ്റണ്ട


കുന്നാകെ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ നിന്ന് തേൻ നുകരാൻ വന്ന പൂമ്പാറ്റകൾ അവർക്കു ചുറ്റും നൃത്തം ചെയ്യുന്നതായി അവർക്ക്തോന്നി


"മുൻപ് ഈ ചെറിയ കുന്നുകയറുവാൻ ഇത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. കുന്നിന് പൊക്കം കൂടിയ പോലെ

 


" നമുക്ക് പ്രായമായതുകൊണ്ട് തോന്നുന്നതല്ലേ ചേട്ടാ അവൾ ചിരിച്ചു.


"മുൻപ് ഇവിടെ വന്നപ്പോൾ എല്ലാ ദിവസവും നമ്മൾ ദേ ആ വലിയ മല മുകളിലും പോയിരുന്നു."


"അതെ, അവിടെ ഒരു തവണ പോയപ്പോൾ മോൾടെ കയ്യിൽ നിന്ന് കുരങ്ങൻ പഴം തട്ടിപ്പറിച്ചതോർമ്മയില്ലേ?"


"ഉവ്വ് . അവൾക്കോർമ്മയുണ്ടാവുമോ ആവോ?"


ഇപ്പോൾ ആലോചിക്കാൻ വയ്യ ആ കുന്ന് കയറുന്ന കാര്യം, അല്ലേ ?"


"ചേട്ടന് കാല് വേദനിക്കുന്നുണ്ടോ?"

വര :അമീന്‍ ഖലീല്‍


" വേദനയൊന്നുമില്ല. ചെറിയ ക്ഷീണം തോന്നുന്നുണ്ട്


"കുറച്ചു നേരം ഞാൻ ഇവിടെ ഒന്നു കിടക്കട്ടെ" അയാൾ പുൽത്തകിടിയിൽ മലർന്ന് കിടന്നു.


" ആകാശം കാണാൻ എന്തു ഭംഗി


" ആകാശം എല്ലായിടത്തും ഉണ്ട്. പക്ഷേ നമ്മൾ അങ്ങോട്ട് നോക്കാറില്ല അല്ലേ?"


" അതു ശര്യാ


" ആകാശം കണ്ടിട്ട് കുറേ കാലമായപോലെ തോന്നുന്നു"


"ന്നാ ഞാനും കാണട്ടെ ആകാശം" ഇതു പറഞ്ഞ് അവളും ആകാശം നോക്കി കിടപ്പായി.


"പണ്ടിവിടെ വരുമ്പോഴൊക്കെ നമ്മൾ പൂക്കളൊക്കെ പറിച്ച് ഒരു പൂക്കളം ഉണ്ടാക്കാറാണ്ടായിരുന്നു!"


" അതെ, അച്ഛനും മകളും മത്സരിച്ചോടി നടന്നാ പൂ പറിക്കാറ്


"പൂപറിക്കാനൊന്നും തോന്നുന്നില്ല. കാറ്റിലാടുന്ന പൂക്കൾ കണ്ടു രസിക്കാം"


സമയം കുറേ കടന്നു പോയതവർ അറിഞ്ഞതേയില്ല.


ഇടക്കിടെ കിളികൾ മധുരമായി പാടുന്നതവർ കേട്ടു


പൂക്കളുടെ തേനുണ്ണാൻ വന്ന വണ്ടുകൾ കിളികൾക്ക് തംമ്പുരു മീട്ടി.


ഇളം കാറ്റ് അവരെ തഴുകിക്കൊണ്ടേയിരുന്നു.


മലകയറ്റം ക്ഷീണിപ്പിച്ചതു കൊണ്ടാവണം അവർ മയക്കത്തിലേക്ക് വഴുതി വീണു.


മൗനം ഭഞ്ജിച്ചു കൊണ്ട് ഫോൺ ശബ്ദിച്ചു.


രണ്ടു പേരും കണ്ണുതുറന്നു.


ധൃതിയിൽ എഴുന്നേറ്റ് ബാഗിൽ നിന്നും അവൾ ഫോണെടുത്തു.


"മോളാ ചേട്ടാ


"ഹലോ മോളേ


"പപ്പയും മമ്മിയും എത്തിയോ "


"ഉവ്വ്. കുറച്ചു മുമ്പ് ദേ പപ്പ ഇവിടെ ആകാശം നോക്കി കിടപ്പാ"


" എന്തു പറ്റി? ക്ഷീണമായോ?"

വര :അമീന്‍ ഖലീല്‍


"കുറച്ച്. മോള് പരിഭ്രമിക്കണ്ട. കുന്നൊക്കെ കയറിയിട്ട് കുറേക്കാലമായില്ലേ?"


"പപ്പയും മമ്മിയും ഇങ്ങനെയൊരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുവെന്ന് കേട്ടപ്പോഴേ എനിക്ക് സന്തോഷായീട്ടോ. പപ്പ എപ്പോഴും ഓഫീസ് ന്ന് പറഞ്ഞിരുന്നാൽ മതിയോ?"


"പപ്പയും പറഞ്ഞു ഈ യാത്ര മുമ്പുതന്നെയാവാമായിരുന്നൂന്ന്


"മമ്മീ ഇവിടെ എല്ലാരും ജോലി ചെയ്യുന്നതുതന്നെ വർഷത്തിൽ ഒരു തവണയെങ്കിലും വെക്കേഷന് പോയി ആഘോഷിക്കാനാണ് യാത്രയൊന്നും പോയില്ലെങ്കിൽ ജീവിക്കുന്നതെന്തിനാണെന്നാ ഇവരുടെ ഭാവം"


"സിറ്റിയിൽ നമുക്ക് തോന്നും ഫ്ളാറ്റും ഓഫീസും സ്കൂളും കോളേജും മാളുമായാൽ എല്ലാമായീന്ന്, ഇവിടെ വരണം കുന്നുകളും


ഇവിടുന്നൊഴുകുന്ന പുഴകളും കൂടിയാണ് നമ്മളെ


സുഖിപ്പിക്കുന്നതെന്നോർക്കാൻ


" ശര്യാ മമ്മീ. നമ്മൾ പണ്ട് വന്നപ്പോൾ എടുത്ത ഫോട്ടോകൾ നോക്കിയിരിക്കുകയാരുന്നു ഞാൻ


"മുമ്പിവിടെ പല തവണ നമ്മൾ വന്നകാര്യം ഓർക്കുകയായിരുന്നു മമ്മീം പപ്പയും


"പപ്പ പൂ പറിച്ചു കൊണ്ടുവന്നോ?"


"ഹേയ് പപ്പക്കതിനൊന്നും ഉത്സാഹമില്ല."


" അതെന്താ, മമ്മീ ?"


" മോള്ചോദിച്ചോളൂ പപ്പയോട് ദേ ഞാൻ ഫോൺ കൊടുക്കാം"


"പപ്പക്ക് നടന്ന് ക്ഷീണമായോ ?"


" ഇല്ല മോളേ വലിയ ക്ഷീണമൊന്നും ഇല്ല"


"പപ്പ പൂപറിക്കാത്തതെന്താ ?"


"മോള് കൂടെയില്ലാതെ പപ്പക്ക് പൂ പറിക്കാൻ തോന്നുന്നില്ല"


“പപ്പയ്ക്ക് കാല് വേദനിച്ചാൽ ഞാൻ കഴിഞ്ഞ തവണ കൊണ്ടു വന്ന മരുന്ന് പുരട്ടണം.”


" വേദനയൊന്നുമില്ല മോളേ. നീ അതൊന്നുമാലോചിച്ച് വിഷമിക്കണ്ട.


അവിടെ രാത്രി വൈകിയിട്ടുണ്ടാവുമല്ലോ ഇപ്പോൾ.


മോള് ഉറങ്ങിക്കോളൂ. നാളെ ഓഫീസിൽ പോകേണ്ടതല്ലേ? ഉറങ്ങിക്കോളൂ,


ഗുഡ് നൈറ്റ് "


"ശരി പപ്പാ. ഞാൻ നാളെ രാവിലെ വിളിക്കാം


കുറച്ചു നേരം ഫോണിൽ നോക്കിയിരുന്നു അയാൾ


" ഒരു മിസ്‌ഡ് കാൾ ഉണ്ട് ഓഫീസിൽ നിന്ന്, വിളിക്കണോ?"


"വിളിച്ചോളൂ. സാധിച്ചാൽ ഈ ആകാശം വന്നു കാണുവാൻ പറയൂ അവൾ പറഞ്ഞു


'പറയൂ, എന്താണ് വിളിച്ചത്?" ഫോൺ ചെവിയോട് ചേർത്ത് പിടിച്ച് അയാൾ ഗൗരവത്തിൽ തുടർന്നു " നിങ്ങളുടെ ഇമെയിലിന് ഞാൻ മറുപടി അയച്ചിരുന്നുവല്ലോ. നിങ്ങൾ പറയുന്നത് തെറ്റാണെന്ന് പറയുന്നില്ല. ധാർമ്മികമായി ഒരു പക്ഷേ ശരിയുമാകാം. എന്നാൽ നമുക്ക് കിട്ടിയിരിക്കുന്ന നിയമോപദേശം അനുസരിക്കുകയേ നടപടി ക്രമങ്ങളുടെ ഭാഗമായി ചെയ്യാൻ സാധിക്കുകയുള്ളൂ"


കോൾ ധ്യതിയിൽ ഡിസ്ക‌ണക്‌ട് ചെയ്ത് ഒരു ദീർഘശ്വാസം വിട്ട് അയാൾ വീണ്ടും ആകാശം നോക്കി കിടന്നു


കുറേ നേരം ഇരുവരും ഒന്നും മിണ്ടിയില്ല.


"നീ എന്താണ് ആലോ ചിക്കുന്നത്?"


" നമ്മൾ ആദ്യമായി ഇവിടെ വന്നത് ചേട്ടൻ ഒർക്കുന്നുണ്ടോ?"


"ഇരുപത്തഞ്ച് കൊല്ലമെങ്കിലും മുമ്പാവും, അല്ലേ?'


" മുപ്പത്തിമൂന്ന്കൊല്ലം മുമ്പ്, നമ്മുടെ കല്ല്യാണം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ.


പത്രത്തിൽ പതിവായി ഇവിടത്തെ ചില റിസോർട്ടുകളുടെ പരസ്യങ്ങൾ വന്നിരുന്നു. നല്ല ഭംഗിയുള്ള കുന്നുകളുടെ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ചേട്ടനോട്ചോദിച്ചു നമുക്കൊന്ന് ഈ കുന്നുകൾ കാണാൻ പോയാലോ?


ഓർമ്മയില്ലേ?"


"ചേട്ടൻ ജോലിയിൽ ജോയ്ന‌് ചെയ്ത് അധികനാളായിരുന്നില്ല. ലീവ് ചോദിക്കാൻ മടിയായിരുന്നു. ചേട്ടൻറെ ഏതോ സുഹ്യത്ത് പറഞ്ഞു ഇപ്പോഴല്ലേ ഇങ്ങനെയൊക്കെ പോകാൻ പറ്റൂ, സുഖമില്ലെന്ന് പറയൂ ലീവ് കിട്ടും, പക്ഷേ കളവ് പറയാൻ ചേട്ടന് ഇഷ്ടമായിരുന്നില്ല


"നീയിതൊന്നും മറന്നിട്ടില്ലാല്ലേ?"


" എങ്ങനെ മറക്കാനാ ചേട്ടാ.


പിന്നെയെപ്പോഴോ ചേട്ടനൊരു പ്രോജക്റ്റ് വളരെ നേരത്തെ തീർത്തപ്പോൾ എന്താണ് സമ്മാനമായി വേണ്ടതെന്ന് ബോസ് ചോദിച്ചു."


"അതെ, മടിച്ചു മടിച്ചാണ് ഒരാഴ്ച്‌ച ലീവ് ചോദിച്ചത്. ബോസ് പിണങ്ങുമോന്ന് സംശയമായിരുന്നു. അദ്ദേഹം സന്തോഷത്തോടെ ലീവ് തന്നു"


"എന്തു സന്തോഷമായിരുന്നു നമുക്കന്ന് ! "


"നമ്മൾ ഇവിടെ എല്ലാ കുന്നുകളും കയറി. അരുവികളിലിറങ്ങി കാൽ നനച്ചു.അനവധി ഫോട്ടോകൾ എടുത്തു"


" അത്തവണ നമ്മൾ ചെറിയ ഒരു പൂക്കളമാണുണ്ടാക്കിയത്, ദേ കഷ്ടിച്ച്


ആ വലിപ്പമേയുണ്ടായിരുന്നുള്ളൂ, " അവൾ അസ്തമയത്തിനൊരുങ്ങുന്ന സൂര്യനെ ചൂണ്ടി.


ആകാശത്തിൽ സ്വർണ്ണവർണ്ണം നിറഞ്ഞു കഴിഞ്ഞിരുന്നു.


"നമുക്ക് മടങ്ങാം"


"ചേട്ടാ നമുക്ക് നക്ഷത്രങ്ങളെയും കണ്ടിട്ട് പോയാൽ പോരെ?"


അയാൾ തലയാട്ടി.

അവൾ പുഞ്ചിരിച്ചു


" ഇനി എപ്പോഴാണാവോ നമുക്കിവിടെ വരാൻ പറ്റുക


"ന്നാ ഞാൻ കുറച്ചു പൂക്കൾ പറിക്കട്ടെ? നമുക്കൊരു ചെറിയ പൂക്കളമുണ്ടാക്കാം


അവൾ വീണ്ടും പുഞ്ചിരിച്ചു.


സന്ധ്യാംബരത്തിന് താഴെ, ചുറ്റുമുള്ള പൂക്കൾ നിറം മാറിയ പോലെ അവർക്ക് തോന്നി.


അയാൾ അടുത്ത് വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കൈ നീട്ടി പറിച്ചു. അവൾ അവർക്കിടയിൽ ഒരു പൂക്കളം തീർത്തു. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത നിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള പൂക്കളം.


ക്രമേണ സൂര്യൻ ദൂരെ മലകൾക്കപ്പുറം മറഞ്ഞു.


ചുറ്റും ഇരുട്ട് പടർന്നു. തെളിഞ്ഞ വാനിൽ നക്ഷത്ര ദീപങ്ങൾ മിഴി ചിമ്മി.


അവർ ആകാശത്തിലേക്ക് നോക്കിയിരുപ്പായി. നക്ഷത്രങ്ങളെ ആദ്യമായികാണുന്ന പോലെ.


Sources:

യാത്രകളിൽ.pdf

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക