Image

മണങ്ങള്‍ ഓര്‍മ്മയില്‍ (ഓണം സ്പെഷ്യല്‍ കവിത : രാമകൃഷ്ണന്‍ കുമരനല്ലൂര്‍)

Published on 23 August, 2026
മണങ്ങള്‍ ഓര്‍മ്മയില്‍ (ഓണം സ്പെഷ്യല്‍  കവിത : രാമകൃഷ്ണന്‍ കുമരനല്ലൂര്‍)

വെറുതെയങ്ങനെ-

യിരിക്കുമ്പൊഴോര്‍മ്മ

തുഴഞ്ഞെത്തും ചില

മണങ്ങളിങ്ങനെ :


വഴിയിലുച്ചയ്ക്കു

കഴിക്കുവാനമ്മ

കരുതി നല്‍കിയ

പൊതിച്ചോറിന്‍ മണം


ഇരവില്‍ ജാലക-

പ്പടി കടന്നെത്തി

പരുങ്ങി നില്‍ക്കുന്ന

കുരുക്കുത്തീമണം


കടുത്ത വേവിനെ

തളയ്ക്കുവാനായി

പുതുമഴയുടെ

നനുത്ത മണ്‍മണം


ഇരുമ്പു ചട്ടിയില്‍

ചെറുകായുപ്പേരി

വലിഞ്ഞതില്‍ ചോറു

കുഴച്ചതിന്‍ മണം


തൊടിയിലൂടൊന്നു

നടക്കും നേരത്തു

ഉതിര്‍ന്നു വീഴുന്ന

പഴച്ചക്കമണം


കടന്നുപോകുമ്പോ-

ളുരുമ്മി ദേഹത്തു

വിടില്ലയെന്നൊരു

കറിവേപ്പിന്‍ മണം


മുറുക്കുവാനായി-

ത്തുറന്ന ചെല്ലത്തിന്‍

പടികടന്നെത്തും

കരയാമ്പൂ മണം


കുഴിനഖത്തിന്‍മേല്‍

വെറുതെയമ്മൂമ്മ

പുരട്ടും ക്യൂട്ടക്സിന്‍

ചുഴികുത്തും മണം


അരച്ച മൈലാഞ്ചി

പതിച്ചൊരുള്ളങ്കൈ

നറുവെളിച്ചെണ്ണ

തൊടുന്നതാം മണം


റെയില്‍വേ സ്റ്റേഷനില്‍

ഉയിര്‍ തൊടും മണം

തുറന്ന പത്തായ-

പ്പഴമതന്‍ മണം


പുതിയ പുസ്തകം

പകുത്തെടുത്തൊന്നു

മുഖത്തടുപ്പിക്കെ-

ച്ചിതറും തൂമണം


വയലിലെച്ചേറു

കുറുകിടും മണം

ഒരു കൈതപ്പോള

മലര്‍ന്നതിന്‍ മണം


ചുന പതിഞ്ഞൊരു

വിരല്‍ക്കടുമണം

നനവു വറ്റാത്ത

തുണിക്കെടുമണം


വെളിച്ചെണ്ണമില്ലിന്‍

പരിസരമണം

ടയറുരഞ്ഞൊരു

കിടുക്കത്തിന്‍ മണം


പിറന്ന കുഞ്ഞിന്‍റെ

കുരുന്നു പാല്‍മണം

കുളിച്ചൊരമ്മതന്‍

മുടിച്ചാര്‍ത്തിന്‍ മണം


ഇരുട്ടില്‍ നിന്നൊരു

തിരികെടും മണം

പൊളിക്കുമോറഞ്ചിന്‍

തൊലിസ്സുഖമണം


മണങ്ങള്‍,ദൂരങ്ങള്‍

കടന്നെത്തും മണം,

മണങ്ങള്‍ ഓര്‍മ്മയില്‍

മധുരിക്കും മണം..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക