
ഇൻഡോ-കനേഡിയൻ എഴുത്തുകാരനായ തെക്കന്മാരുടെ ആദ്യ കഥാസമാഹാരമാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'. വൈവിധ്യമാർന്ന ജീവിത പരിസരങ്ങളെ അവയുടെ സങ്കീർണ്ണതകൾ ഒട്ടും ചോർന്നു പോകാതെ അനുയോജ്യമായ ഭാഷയിൽ അമിതാഡംബരങ്ങളില്ലാതെ അനുവാചക സമക്ഷം സമർപ്പിച്ചിരിക്കുന്നു.
മനസാ വാചാ കർമ്മണാ പാപം ചെയ്യാത്തവരായി ആരുംതന്നെയില്ലെന്നു പറയേണ്ടിവരും. പാപം ചെയ്ത് പിടിക്കപ്പെട്ടവനെ മാത്രം ഒറ്റപ്പെടുത്തി ക്രൂശിക്കുന്നത് ഈ ലോകത്തിലെ ഇരട്ടത്താപ്പാണ്. കപടതകൾ നിറഞ്ഞ ഈ ലോകത്തിൽ ഇടയ്‌ക്കിടെ ഒരു എഴുത്തായോ വാക്കായോ കാലത്തിൻ്റെ അനിവാര്യതയുടെ ഓർമ്മപ്പെടുത്തൽ ആവശ്യമായിവരുന്നു. ഇന്നും ഇത് തുടർന്നു കൊണ്ടേയിരിക്കുന്നു.
വില്യം ഷേക്സ്പിയർ പറഞ്ഞതു പോലെ 'ചിലർ പാപം കൊണ്ട് ഉയരുന്നു, എന്നാലോ മറ്റുചിലർ സത്യ-ധർമ്മിഷ്ഠത പാലിച്ചു വീഴുന്നു', ചില കാര്യങ്ങൾ അങ്ങനെയാണ് അതിന് വിശദീകരണം കണ്ടെത്താനായില്ലെന്നുവരും. ഒരു മനുഷ്യൻ ഒരിക്കലും തൻ്റെ മനസ്സിലുള്ളതു മുഴുവൻ വെളിപ്പെടുത്താറില്ല. പ്രത്യേകിച്ചും പാപമാണെന്നു ഉത്തമബോധ്യമുള്ളത്. അവൻ്റെ മരണത്തോടെ അത് അനന്തതയിലേക്കു ലയിച്ചുചേരുന്നു.
പ്രണയം, രതി, കാമം, ഉന്മാദം, വിരഹം, രോഗം, പീഡ, പാപം, മരണം തുടങ്ങി ജീവിതവുമായി നിരന്തരം ഇടപെടുന്നവ അവനെ വല്ലാതെ സ്വാധീനിച്ചു കളയും. മനുഷ്യ ജീവിതത്തിലും ഇതര ജീവജാലങ്ങളിലും ഈ ഘടകങ്ങൾ ചെലുത്തുന്ന സ്വാധീനത്തിൻ്റെ പരിണിത ഫലങ്ങളുടെ വിചിന്തനമാണ് തെക്കന്മാരുടെ ഈ സമാഹരത്തിലെ കഥകളുടെ സാരം.

മരണത്തോടടുത്ത് എത്തി നിൽക്കുന്ന രവിയുടെ വിഹ്വലതകളാണ് 'ബ്രഹ്മം' എന്ന കഥ, ബ്രഹ്മത്തെ അറിയാനുള്ള ആദിയും അന്തവുമില്ലാത്ത യാത്രയെന്നാണ് രവി അന്ത്യനിമിഷങ്ങളെ നിർവ്വചിക്കുന്നത്. 'എന്തിൽ നിന്നാണോ എല്ലാ ജീവജാലങ്ങളും ജനിക്കുന്നത്, ജീവിക്കുന്നത്, മരിക്കുമ്പോൾ തിരിച്ചു പോകുന്നത്, അതാണ് ബ്രഹ്മം. അത് അന്വേഷിക്കുക. സത്യാമാണ് ബ്രഹ്മം. ജ്ഞാനമാണ് ബ്രഹ്മം. അനന്തമാണ് ബ്രഹ്മം.' എന്ന് തൈത്തിരീയ ഉപനിഷദിൽ കാണുന്നു. ഭാര്യയായ സുനിത കാലൊച്ചയായ് അടുത്തുണ്ടെങ്കിലും എസ്തർ എന്ന സുന്ദരിയായ പാലിയേറ്റിവ് നേഴ്സ് പകരുന്ന പോസിറ്റീവ് എനർജിയിലൂടെയാണ് കഥ മുന്നേറുന്നത്. "എനിക്കു വേണ്ടി ഞാൻ ജീവിക്കുവാൻ മറന്നുപോയോ" എന്ന വൈകിവന്ന രവിയുടെ തിരച്ചറിവ് വായനക്കാർക്ക് ഇന്നിൽ ജീവിക്കാൻ പ്രചോദനമാകും.
മരണത്തിൻ്റെ അനിവാര്യസ്പർശം അടുത്തനുഭവിപ്പിക്കുന്ന ഒട്ടേറെ രചനകൾ ഈ സമാഹരത്തിലുണ്ട്. അതിലൊന്നാണ് 'പാപം'. രോഗവും രോഗാതുരമായ സന്ദർഭങ്ങളും രോഗപീഡയുടെ ദുരന്തപശ്ചാത്തലവുമൊക്കെ തീക്ഷ്ണ യാഥാർത്ഥ്യമായി അനുഭവവേദ്യമാക്കുന്ന കഥയാണിത്. ജോലി കഴിഞ്ഞ് രാത്രി തിരിച്ചു പോകുന്ന നേഴ്സ് താൻ ചെയ്യേണ്ടിവന്ന പാപത്തിന് മാപ്പിരക്കുകയാണ്. തൊണ്ണൂറ് വയസ്സുള്ള ഡോരോത്തി എന്ന അമ്മുമ്മയുടെ വെൻ്റിലേറ്റർ സപ്പോർട്ട് ഒഴിവാക്കി അത് അൻപതു വയസ്സുകാരനായ ഒരാൾക്കു നൽകേണ്ടിവന്നതിൻ്റെ സാഹചര്യം വിശദീകരിക്കുകയാണ്. ചില നിസ്സഹായ നിമിഷങ്ങളിൽ ദൈവത്തിൻ്റെ ജോലി ചെയ്യുന്നവരാണ് നേഴ്സുമാർ എന്ന് കഥ പറയുന്നു. മരണത്തിൻ്റെ മടുപ്പിക്കുന്ന മൗനം ഈ കഥകളിൽ നിന്നും പ്രസരിക്കുന്നത് വായനക്കാരെ അസ്വസ്ഥമാക്കും.
"നിങ്ങൾ എന്തൊരു മൃഗമാണ്, ഹേ" എന്ന് മനുഷ്യനോട് ചോദിച്ചു കൊണ്ടാണ് 'ശാപമോഷം' എന്ന കഥ ആരംഭിക്കുന്നത്. ചോദിക്കുന്നതാകട്ടെ ഒരു ആൺസർപ്പവും. ഇണചേരലിന് ഭംഗം വരുത്തിയാൽ ആർക്കാണ് ദേഷ്യം വരാത്തത്. വിവസ്ത്രയായ സുന്ദരിയായ പെൺസർപ്പം തൻ്റെ കാമുകൻ്റെ ബലിഷ്ഠമായ ശരീരത്തിന് പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശങ്കരൻ നമ്പൂതിരി അവളെ നന്നായി കാണുന്നുണ്ട്. ആൺസർപ്പവും വൃദ്ധനായ ശങ്കരൻ നമ്പൂതിരിയും തമ്മിലുള്ള ദീർഘമായ സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അവസാനം ചോദിച്ച വരം നൽകിയാണ് ഇണകളും നമ്പൂതിരിയും അവരവരുടെ വഴിക്ക് മടങ്ങുന്നത്.
മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കൊതുകുകളുടെ ജീവിതത്തിലൂടെയുള്ള വർണ്ണാഭമായ യാത്രയാണ് 'അതിജീവനം' എന്ന കഥ. പട്ടാമ്പി ബസ്സ് സ്റ്റാൻ്റിന്നടുത്തുള്ള വലിയപാലത്തിന് താഴെയുള്ള കോളനിയിലെ കൊതുകു സുന്ദരിയാണ് തൻ്റെ ജീവിതകഥ പറയുന്നത്. കഥ വായിച്ചു കഴിഞ്ഞാലും ആ സുന്ദരിയുടെ ജനനവും ജീവിതവും പ്രണയവും വിരഹവുമൊക്കെ ഒരിക്കലും നിലയ്‌ക്കാത്ത ഒരു മൂളലായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കും.
ജീവിച്ചിരിക്കുമ്പോൾ അവയവം നഷ്ടപ്പെടുന്നതിൻ്റെ ആഘാതം വളരെ വലുതാണ്. എങ്കിലും വാൽ മുറിച്ച് ഓടി രക്ഷപെടുന്ന ഗൗളിയെ കണ്ടു പഠിച്ച് കരുത്തയായി ഊർജ്ജം സംഭരിച്ച് ജീവിതത്തിലേക്ക് തിരികെ വരാനൊരുങ്ങുന്ന വിലാസിനിയെ 'പ്രതിധ്വനി' എന്ന കഥയിൽ കാണാം. കുതറിയൊഴിയാൻ തുടങ്ങിയ ആത്മാവിനെ നേഴ്സ് ജെസ്സിയുടെ സഹായത്തോടെ ചേർത്തുനിർത്തുന്ന ലക്ഷ്മി മേനോനെ 'ആത്മാവിൻ്റെ വിലാപം' എന്ന കഥയിലും ഉണ്ട്. ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങൾക്കും ജീവിതത്തോടുള്ള ആസക്തി കലശലാണ്.
കാമുകൻ്റെ വഞ്ചനയിൽ ആത്മഹത്യ ചെയ്തതിനു ശേഷം, സാധിക്കില്ലെന്ന് അറിയാമെങ്കിലും തിരികെ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീയുടെ കഥയാണ് 'കുറ്റബോധം'. മരിച്ചു പോയ ബ്രയാന് ക്ഷൗരം ചെയ്യേണ്ടി വരുന്ന എഡ്ഗർ എന്ന ബാർബറുടെ നിസ്സഹായത കാണിച്ചു തരുന്ന കഥയാണ് 'ക്ഷൗരം'. ഭാര്യയെ തൊഴിച്ചു കൊന്നു പോയതിൻ്റെ വേവലാതിയിൽ ജീവിക്കുന്ന റിട്ടയേഡ് സൈനികൻ സാമുവേലിനെപ്പറ്റി പറയുന്ന 'മോചനം' എന്നീ കഥകളിലും മരണത്തിൻ്റെ ഭിന്ന മുഖങ്ങൾ ഉണ്ട്.
കഥകളുടെ പേരുകൾ ശ്രദ്ധിക്കാതിരിക്കാനാവില്ല. മേല്പറഞ്ഞവ കൂടാതെ കുരുതി, മനോരഥം, അമാവാസി, കുളൂസ്, സംക്രമണം, പരീക്ഷണം, അനിവാര്യത, നിസ്സഹായത, കടപ്പാട്, വികൃതി, വിശുദ്ധപ്രേമം, അടിവേരുകൾ, പരിത്യാഗം, അപ്പൂപ്പൻ, അതീന്ദ്രിയജ്ഞാനം, മുൻവിധി, ചിതാഭസ്മം, കാക്കാത്തി, അമ്മാളു, പറുദീസ, പുനർജ്ജന്മം തുടങ്ങി എല്ലാ കഥകളുടെ പേരുകളും അർത്ഥവത്തായ ഒറ്റ വാക്കുകൾ ആണ്. കഥാകാരൻ വളരെ ശ്രദ്ധയോടുകൂടിയാണ് കഥകൾക്ക് പേരുനൽകിയിരിക്കുന്നതെന്ന് ഓരോ കഥയും വായിക്കുമ്പോൾ മനസ്സിലാകും. പുസ്തകത്തിൻ്റെ പേരിൽ ഒരു കഥ ഈ സമാഹാരത്തിൽ ഇല്ലെങ്കിലും എല്ലാ കഥകളും തലക്കെട്ടിനു ചേരുന്നതാണ്.
രജിത്ത് ആയഞ്ചേരിയാണ് 'നിയതിയുടെ നീതി നിശ്ചയങ്ങൾ' എന്ന പേരിൽ അവതാരിക എഴുതിയിരിക്കുന്നത്. 30 കഥകളുടെ ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട് നിന്നുള്ള സ്വതന്ത്രാ ബുക്സാണ്. 134 പേജുള്ള ഈ പുസ്തകത്തിൻ്റെ വില 190 രൂപ.

തെക്കന്മാർ (രാജേഷ് തെക്കന്മാർ)
ജനനം കണ്ണൂർ ജില്ലയിലെ അഴിക്കോട്ടെ തെക്കന്മാർ തറവാട്ടിൽ. വളർന്നത് തലശ്ശേരിയിലെ കോടിയേരി ഗ്രാമത്തിൽ. തലശ്ശേരിയിലെ സെൻ്റ് ജോസഫ്സ് സ്കൂൾ, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഒറ്റപ്പാലത്തെ എൻ. എസ്. എസ്. കോളേജിൽ നിന്നും ബിരുദം നേടി. മംഗലാപുരത്ത് ഫിസിയോതെറാപ്പിയിൽ ഉന്നത പഠനം നടത്തി. പിന്നീട് തലശ്ശേരിയിലും ഡൽഹിയിലും പ്രാക്ടീസ് ചെയ്തു. പതിനേഴ് വർഷം കുവൈറ്റിൽ ജോലി ചെയ്തു.
ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലെ ടൊരൊൻ്റോയിൽ താമസിക്കുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും ഇംഗ്ളീഷിലും മലയാളത്തിലും കഥകൾ എഴുതുന്നു. ഇത് ആദ്യ കഥാസമാഹാരമാണ്.
ഭാര്യ :- സിന്ധു രാമചന്ദ്രൻ, മക്കൾ :- ദിയ, ശ്രേയ, നേഹ, സ്നേഹ
email :- rajthekkan@hotmail.com