
വർഷത്തിലൊരിക്കൽ
നഷ്ടസ്നേഹസാമ്രാജ്യത്തിലേക്കൊരു
പോക്കുവരവ് നല്ലതാ.
പോകുവതെന്തിനാ?
തിരിച്ചുവരുവാൻ;
കയറി വരുമ്പോൾ
അകം കാണിക്കാൻ.
വരുവതെന്തിനാ?
മടങ്ങിപ്പോകുവാൻ;
ഇറങ്ങിപ്പോകുമ്പോൾ
പുറം കാണിക്കാൻ.
അകവും പുറവും
അടുത്തറിഞ്ഞാൽപ്പിന്നെ
ദൈനംദിനം നമുക്ക് തിരുവോണം!
മാവേലി അനാവശ്യമായ അനേകം ആഡംബരങ്ങളിലൊന്ന് മാത്രം!
2
ഓർമ്മപ്പുസ്തകത്തിൽ
സൂക്ഷിക്കാം
ചിങ്ങത്തിലെ ലാഭഹാനി.
ഇനിയൊരു വരവില്ലെങ്കിൽ
കുടവയറനായ ഈ കിണ്ണത്തപ്പന്റെ
കാര്യം പോക്കാ!
3
പൊക്കം വെക്കാൻ
മുറിച്ചു കളയാം
പൊക്കിൾക്കൊടി
കുഴിച്ചിട്ട പാതാളത്തിലെ
മണ്ണ്, വേണേൽ മറക്കാം.
പൊക്കിൾക്കൊടി മറക്കാമൊ?
4
തടിമിടുക്കും
ഒഴികഴിവും മാറ്റി
സൻമനസ്സുണ്ടാക്കിയാൽ മതി,
പോക്കുവരവിന് തടയിടാം.
ഒരു കുറി തടയിടാനൊത്താൽ
അങ്ങില്ലാപ്പൊങ്ങായി
തങ്ങിനിൽക്കാം
ബ്രഹ്മാണ്ഡത്തിന്റെ
വേലിയില്ലാവേലിത്തലപ്പേലെന്നെന്നും!
5
മനസ്സേൽ കാണാം
മാവേലി
പൂവേൽ കാണാം
തിരുവോണം
മണ്ണേൽ കാണാം
തിരുവടിയുടെ മൂവടി
പുന്നെല്ലേൽ കാണാം
തേവരുടെ പ്രസാദം!
കാക്കത്തൊള്ളായിരം കമ്പനികളുടെ ഓണപ്പരസ്യങ്ങളിൽ കാണാം രഹസ്യമായ ലാഭക്കൊതി!