
ശബരിമലയുടെ വിശ്വാസത്തിന്റെ പടിവാതിലില്‍ സൂക്ഷിക്കേണ്ടിയിരുന്ന സ്വര്‍ണം എങ്ങനെ സ്വകാര്യ ഇടപാടുകളുടെ നിഴലിലേക്ക് നീങ്ങി..? ആരുടെ അനുമതിയിലാണ് സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് മാറ്റിയത്..? ദേവസ്വം സ്വത്തിന്റെ വാറന്റി എന്തുകൊണ്ട് ഒരു സ്വകാര്യ വ്യക്തിയുടെ പേരിലായി..? 2019-ലെ സ്വര്‍ണക്കവര്‍ച്ച മറച്ചുവെക്കാനാണോ 2023-ല്‍ വീണ്ടും സ്വര്‍ണം പൂശാനുള്ള നീക്കമുണ്ടായത്..? പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും കോടതിയില്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളും ഉയര്‍ത്തുന്നത് ഈ ചോദ്യങ്ങളാണ്.
ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിനെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇന്ന് പ്രശാന്തിന് ജാമ്യം നിഷേധിക്കുകയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി. അരോഗ്യപരമായ കാരണങ്ങളാല്‍ അജികുമാറിന് ജാമ്യം കിട്ടി. ഇരുവരെയും സെപ്റ്റംബര്‍ ഒന്നുവരെ റിമാന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇരുവര്‍ക്കുമുണ്ടായിരുന്ന ബന്ധം, സ്വര്‍ണം പൂശാനുള്ള തീരുമാനത്തിന് മുമ്പും ശേഷവും നടന്ന ഫോണ്‍വാട്‌സാപ്പ് ആശയ വിനിമയങ്ങള്‍, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കുള്ള സ്വര്‍ണപ്പാളികളുടെ നീക്കം, വ്യാജ കരാര്‍ സംബന്ധിച്ച ആരോപണങ്ങള്‍ഇവയെല്ലാം അന്വേഷണത്തിന്റെ നിര്‍ണായക കണ്ണികളായി മാറുകയാണ്.
പ്രശാന്തിന്റെ മൊഴി എസ്.ഐ.ടി രണ്ടുതവണ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആദ്യ മൊഴിയെടുത്തത്. തുടര്‍ന്ന് ജനുവരി 24-ന് എസ്.ഐ.ടി ഓഫീസില്‍വെച്ച് വീണ്ടും മൊഴി രേഖപ്പെടുത്തി. എ അജികുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 316 (5), 336 (2), 61(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവ് എസ്.ഐ.ടി സംഘത്തിന്റെ കൈവശമുണ്ട്. എസ്.ഐ.ടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇടക്കാല ഉത്തരവിലൂടെ പുറത്തു വന്നിട്ടുണ്ട്.
ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് പി.എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുമ്പ് പോറ്റിയുമായി വാട്‌സാപ്പിലൂടെയും ബന്ധപ്പെടലുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. എ അജികുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും നേരില്‍ കണ്ടതിനുള്ള തെളിവുകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അജികുമാറിന്റെ ശുപാര്‍ശയില്‍ പോറ്റിയുടെ നേതൃത്വത്തില്‍ രണ്ട് പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയതും, അതിന്റെ താക്കോല്‍ദാന ചടങ്ങില്‍ ഇരുവരും പങ്കെടുത്തതും ബന്ധത്തിന്റെ മറ്റൊരു കണ്ണിയായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഫോണ്‍വിളിയോ കൂടിക്കാഴ്ചയോ മാത്രം കുറ്റകൃത്യത്തിലെ പങ്കാളിത്തം തെളിയിക്കുന്നില്ലെന്ന നിയമവാദവും ഉയരാം. അതുകൊണ്ടുതന്നെ ഈ ആശയവിനിമയങ്ങള്‍ സ്വര്‍ണം മാറ്റാനുള്ള തീരുമാനങ്ങളുമായി നേരിട്ട് എങ്ങനെ ബന്ധപ്പെട്ടുവെന്നതാണ് അന്വേഷണത്തിന്റെ നിര്‍ണായക ചോദ്യം. സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ അനുമതി തേടിയുള്ള അപേക്ഷ ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റൊരാളുടെ ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ബോര്‍ഡിന് നല്‍കിയതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
ഇവിടെ മറ്റൊരു ഗുരുതരമായ ചോദ്യം ഉയരുന്നു. സ്വര്‍ണം പൂശിയതിന്റെ 40 വര്‍ഷത്തെ വാറന്റി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണ്. ദേവസ്വം സ്വത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട രേഖയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പേര് എങ്ങനെ വന്നു..? ഈ അപാകത ചൂണ്ടിക്കാട്ടി അത് റദ്ദാക്കാന്‍ നിര്‍ദേശം ഉണ്ടായിട്ടും തുടര്‍നടപടി ഉണ്ടായില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇത് കേവലം നടപടിക്രമത്തിലെ വീഴ്ചയാണോ, അതോ സ്വര്‍ണത്തിന്റെ ഉടമസ്ഥതയും കൈമാറ്റവും സംബന്ധിച്ച വലിയ ക്രമക്കേടിന്റെ ഭാഗമാണോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്.
കേസിന്റെ മറ്റൊരു പ്രധാന തലം 2019-ലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. 2025-ലെ കേസിലാണ് പി.എസ് പ്രശാന്തിനെ നാലാം പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത് 2019-ലെ സംഭവവുമായി ബന്ധപ്പെട്ട സ്വര്‍ണം പിന്നീട് വീണ്ടും പൂശാനുള്ള നടപടികളുമായി ബന്ധിപ്പിക്കാവുന്ന സാഹചര്യങ്ങളാണ്. തട്ടിപ്പ് മറച്ചുവെക്കാന്‍ വേണ്ടി, വീണ്ടും സ്വര്‍ണം പൂശാനെന്ന വ്യാജേന വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് മാറ്റാന്‍ സ്‌പോണ്‍സറും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 2023-ലാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയത്.
അങ്ങനെ നോക്കുമ്പോള്‍ കേസിന്റെ അന്വേഷണം ഒരു ഒറ്റപ്പെട്ട സ്വര്‍ണക്കടത്ത് സംഭവത്തില്‍ ഒതുങ്ങുന്നില്ല. സ്വര്‍ണം എപ്പോള്‍ നഷ്ടപ്പെട്ടു, അത് എങ്ങനെ രേഖകളില്‍ മറച്ചു, പിന്നീട് എന്തിനാണ് വീണ്ടും സ്വര്‍ണം പൂശാനുള്ള നടപടിയുണ്ടായത്, ആ നടപടിയിലൂടെ യഥാര്‍ത്ഥ നഷ്ടം മറയ്ക്കാന്‍ ശ്രമിച്ചോഎന്നിങ്ങനെ പരസ്പരം ബന്ധിപ്പിക്കേണ്ട നിരവധി ചോദ്യങ്ങളാണ് അന്വേഷണത്തിന് മുന്നിലുള്ളത്. കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ യഥാര്‍ഥ അളവ് എത്ര..? എത്ര സ്വര്‍ണം നഷ്ടപ്പെട്ടു..? എത്ര തിരിച്ചെത്തി..? എവിടേക്കാണ് മാറ്റിയത്..? ആരുടെ കൈകളിലാണ് എത്തിയത്..? രേഖകളില്‍ കാണുന്നതും യഥാര്‍ഥത്തില്‍ നടന്നതും തമ്മില്‍ എത്ര വ്യത്യാസമുണ്ട്..? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.
സ്വര്‍ണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വ്യാജ കരാര്‍ നിര്‍മിച്ചതിലും പ്രശാന്തിനും അജികുമാറിനും പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഈ ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്ന ഓരോ രേഖയും കേസിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. ശബരിമലയില്‍ നിന്ന് പുറത്തുപോയ സ്വര്‍ണം എവിടെ എത്തി എന്ന ചോദ്യത്തിനാണ് ഒടുവില്‍ ഈ അന്വേഷണത്തിന് ഉത്തരം നല്‍കേണ്ടത്. അതിനൊപ്പം, ആ സ്വര്‍ണത്തിന്റെ യാത്ര മറച്ചുവെക്കാന്‍ ആരെങ്കിലും രേഖകളെയും നടപടിക്രമങ്ങളെയും ഉപയോഗിച്ചോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിവരും. വിശ്വാസത്തിന്റെ പേരിലുള്ള സ്വര്‍ണം ആരുടെയൊക്കെ കൈകളിലൂടെ സഞ്ചരിച്ചു എന്നതിന്റെ പൂര്‍ണചിത്രം പുറത്തുവരുന്നതുവരെ ഈ കേസ് അവസാനിക്കുന്നില്ല.