Image

മഹാ ഓണം വേദിയിലേക്ക്- പ്രവിശ്യയുടെ അതിരുകൾ കടന്ന് നൃത്യതി പെർഫോമിംഗ് ആർട്സ്

Published on 22 August, 2026
മഹാ ഓണം വേദിയിലേക്ക്-  പ്രവിശ്യയുടെ അതിരുകൾ കടന്ന്  നൃത്യതി പെർഫോമിംഗ് ആർട്സ്

കാനഡയിൽ സസ്‌കാച്ചെവനിൽ നിന്ന് ടോറോന്റോയിൽ മഹാ ഓണം വേദിയിലേക്ക് — പ്രവിശ്യയുടെ അതിരുകൾ കടന്ന്  നൃത്തകലയുടെ ചുവടുകളുമായി നൃത്യതി പെർഫോമിംഗ് ആർട്സ്.

ഇന്ത്യൻ നൃത്തപാരമ്പര്യം പുതുതലമുറക്ക് പകർന്നു നൽകുന്ന ശ്രദ്ധേയമായ കലാസ്ഥാപനമാണ് നൃത്യതി പെർഫോമിംഗ് ആർട്സ് (Nrityati Performing Arts).

2017-ൽ വെറും അഞ്ച് വിദ്യാർത്ഥികളുമായി സുമീത ഗീവർഗീസ് ആരംഭിച്ച നൃത്യതി, ഇന്ന് നൂറിലധികം നർത്തകരുള്ള വലിയൊരു കലാകുടുംബമായി വളർന്നിരിക്കുന്നു.'

മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച സുമീതയ്ക്ക് 38 വർഷത്തിലധികം നൃത്തപരിചയമുണ്ട്. ഗുരു കലാമണ്ഡലം ഗിരിജ, ഗുരു ശശി മേനോൻ എന്നിവരുടെ കീഴിൽ പരിശീലനം നേടിയ സുമീത, ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ പാരമ്പര്യം കാനഡയിലെ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൃത്യതി സ്ഥാപിച്ചത്.

ഭരതനാട്യം, ഫോക്ക്, സെമി-ക്ലാസിക്കൽ, ഫ്യൂഷൻ, കണ്ടംപററി തുടങ്ങിയ വിവിധ നൃത്തരൂപങ്ങളിൽ നൃത്യതി പരിശീലനം നൽകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായുള്ള നൃത്തപരിശീലനവും നൃത്യതിയുടെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണ്.

സസ്‌കാച്ചെവനിലെ വിവിധ സാംസ്കാരിക വേദികളിൽ സജീവസാന്നിധ്യമായ നൃത്യതി, Canada Day ഉൾപ്പെടെ നിരവധി പ്രധാന പരിപാടികളിൽ നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. സസ്‌കാച്ചെവനു പുറത്തേക്കും നൃത്യതിയുടെ കലാപ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്.

സുമീതയുടെ കലാജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ് SK Arts 2026 Recognized Artist എന്ന അംഗീകാരം. Established Professional Artists and Arts Leaders – Dance വിഭാഗത്തിലാണ് സുമീതയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. സസ്‌കാച്ചെവനിലെ ഇന്ത്യൻ നൃത്തകലക്കും സാംസ്കാരിക വൈവിധ്യത്തിനും നൽകിയ സംഭാവനകൾക്ക് ലഭിച്ച വലിയ അംഗീകാരമായാണ് അവർ ഇതിനെ കാണുന്നത്.

നൃത്യതിയുടെ യാത്രയിലെ ഏറ്റവും പുതിയ അഭിമാനനേട്ടമാണ്  ഓഗസ്റ്റ് 15-ന് ടൊറന്റോയിലെ Sankofa Square-ൽ നടന്ന Maha Onam 2026-ലെ പ്രകടനം. വലിയ ജനപങ്കാളിത്തത്തോടെ നടന്ന മഹാ ഓണം വേദിയിൽ സസ്‌കാച്ചെവനെ പ്രതിനിധീകരിച്ച് നൃത്യതി അവതരിപ്പിച്ച പ്രകടനം ടീമിന് മറക്കാനാവാത്ത അനുഭവമായി.

അഞ്ച് വിദ്യാർത്ഥികളുമായി തുടങ്ങിയ  നൃത്തവിദ്യാലയം  കലാകുടുംബമായി വളർന്ന് ടൊറന്റോയിലെ മഹാ ഓണം പോലൊരു വലിയ വേദിയിലെത്തിയത് ഏറെ അഭിമാനകരമാണെന്ന് സുമീത പറയുന്നു.

“നൃത്തം എനിക്ക് വെറും ചുവടുകളല്ല; അതൊരു ഭാഷയാണ്. ഓരോ കുട്ടിക്കും സ്വന്തം കഴിവ് തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ വേദിയിൽ നിൽക്കാനും കഴിയുന്ന അവസരങ്ങൾ സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം. സസ്‌കാച്ചെവനിൽ നിന്ന് ഞങ്ങളുടെ കുട്ടികളെ ഇത്തരം വലിയ വേദികളിലേക്ക് എത്തിക്കാൻ കഴിയുന്നത് ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനമാണ്.” — സുമീത ഗീവർഗീസ് പറയുന്നു.

ഇന്ത്യൻ കലാപാരമ്പര്യത്തിന്റെ വേരുകൾ സംരക്ഷിച്ചുകൊണ്ട് കൂടുതൽ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളും വേദികളും ഒരുക്കുകയും, സസ്‌കാച്ചെവനിൽ നിന്നുള്ള ഇന്ത്യൻ നൃത്തപ്രതിഭകളെ കാനഡയിലെ കൂടുതൽ വേദികളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് നൃത്യതി പെർഫോമിംഗ് ആർട്സിന്റെ മുന്നോട്ടുള്ള ലക്ഷ്യം.
 

മഹാ ഓണം വേദിയിലേക്ക്-  പ്രവിശ്യയുടെ അതിരുകൾ കടന്ന്  നൃത്യതി പെർഫോമിംഗ് ആർട്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക