Image

അറുതിപ്പാൽ (ഓണം സ്പെഷ്യല്‍ ചെറുകഥ :ശ്രീകുമാർ ഭാസ്കരൻ)

Published on 22 August, 2026
അറുതിപ്പാൽ (ഓണം സ്പെഷ്യല്‍ ചെറുകഥ :ശ്രീകുമാർ ഭാസ്കരൻ)

“മൂപ്പിലാന് ഭയങ്കര കണക്കു കൂട്ടലാണ്. എനിക്കു ചിലവാക്കുന്ന തുകയുടെ പകുതി എന്റെ അനുജത്തി ശലോമിക്ക് ചിലവാക്കിയിരുന്നുവെങ്കിൽ അവൾ ഇപ്പോ മുസൂറിയിൽ ട്രെയിനിംഗിലായിരുന്നേനേം.” ജേക്കബ് പറഞ്ഞു തുടങ്ങി.

“അണ്ണ ഒരു കാര്യം. ചായയുടെ പൈസ ഞാൻ കൊടുക്കും.”

“നന്ദി പ്രകടനമാണോ” ഞാൻ ചോദിച്ചു.

“ഹെയ്. സ്നേഹം മാത്രം” ജേക്കബ് പറഞ്ഞു.  

    ജേക്കബ് അങ്ങനെ പറയുമ്പോഴും അതിൽ ഒരു നന്ദിയും കടംവീട്ടലും ഉണ്ടെന്ന് എനിക്കറിയാം. രണ്ടാഴ്ച ചിലവില്ലാതെ കൂടെ താമസിക്കുന്നതല്ലേ.

“ഓ. എങ്കിൽ ചായമാത്രമാക്കണ്ട കൂടെ സമൂസയും ആയിക്കോട്ടെ”. ഞാൻ പറഞ്ഞു.

അനുസരണയുള്ള കുഞ്ഞാട് ജേക്കബ് ഉടൻ സമൂസ വരുത്തി. ഒരു ചെറു സ്റ്റീൽ  പ്ലേ റ്റിൽ ഓലപ്പടക്കത്തിന്റെ വലിപ്പമുള്ള പത്ത് സമൂസ. വില അഞ്ചു രൂപ. അത്രയും ചെറിയ സമൂസ പിന്നീട് ഞാൻ കണ്ടിട്ടുള്ളത് ധർമ്മാരത്താണ്. തലശ്ശേരിക്കാരൻ നിസാമിന്റെ കടയിൽ.

ഡിഗ്രിക്ക് അവൾക്ക് നല്ല മാർക്കുണ്ടായിരുന്നു. എന്നിട്ടും മൂപ്പിലാൻ അവളെ പി. ജിക്ക് വിട്ടില്ല. മണ്ടനായ എന്നെ പൈസ ചിലവാക്കി വീട്ടിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറു കിലോമീറ്റർ അകലെയുള്ള ഇവിടേക്ക് വിടുകയും ചെയ്തു. അതിന്റെ ഗുട്ടൻസാണ്  എനിക്ക് അന്ന് മനസ്സിലാവാതിരുന്നത്.

    ജേക്കബ് സാമുവൽ കുര്യൻ കാൺപൂരിലെത്തിയത് ബാക്ക് പേപ്പർ എഴുതുവാനാണ്. കുര്യൻ എൻറെ സീനിയർ ആയിരുന്നു. ഡി. എ. വി. യിലെ പൂർവ്വവിദ്യാർത്ഥി. ബോട്ടണിയാണ് വിഷയം. പി. ജി. രണ്ടാം വര്‍ഷം  ഒരു പേപ്പര്‍ നഷ്ട്ടപ്പെട്ടു. ആ പേപ്പർ എഴുതിയെടുക്കാൻ വന്നതാണ് കുര്യന്‍.

 

വര :സതീഷ്‌ തോപ്രാത്ത്

ഒരു ദിവസം അത്താഴം കഴിക്കവേ സാം അണ്ണൻ എന്നു ഞാൻ വിളിക്കുന്ന സാമുവൽ ജോൺ അണ്ണനാണ് കുര്യൻറെ വരവിനെപ്പറ്റി എന്നോട് പറഞ്ഞത്. ‘കുര്യൻ രണ്ടുദിവസത്തിനകം സ്ഥലത്തെത്തും. കുര്യന് ഒരു പേപ്പർ കിട്ടാനുണ്ട്. അത് എഴുതാനാണ് വരുന്നത്. കൊല്ലം സ്വദേശി.’ ഇത്രയുമാണ് അണ്ണനിൽ നിന്നും കുര്യനെ പറ്റി എനിക്ക് കിട്ടിയത്.

ഞാൻ കിട്ടിയ അറിവ് വെച്ച് കുര്യന്റെ ഒരു രൂപം സങ്കല്‍പ്പിച്ചു. അത് ഒരു ഭീകര രൂപമായിരുന്നു. കാരണം ഒരു പേപ്പർ ബോട്ടണിയിൽ നഷ്ടപ്പെടണം എങ്കിൽ അത്ര തരികിട ആയിരിക്കും കുര്യന്‍. സംശയമില്ല. ചെറിയ തരികിട പാർട്ടികൾക്ക് പോലും ബോട്ടണിയിൽ ഒന്നും നഷ്ടപ്പെടാറില്ല. ഫിസിക്സ് ആണെങ്കിൽ ഒരു ന്യായീകരണമുണ്ട്. പാസായി വരാൻ അല്പം പാടായിരിക്കും. കാൺപൂർ സർവ്വകലാശാലയുടെ ഫിസിക്സ് സിലബസ് അല്പം കട്ടിയാണ്. ഐ. ഐ. ടി. യുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല. ഫിസിക്സ് എഴുതിയെടുക്കുക അത്ര എളുപ്പമല്ല. നല്ല അദ്ധ്വാനം വേണം.

എന്നാല്‍ ബോട്ടണി അങ്ങനെ വരാൻ സാധ്യതയില്ല. കാരണം പലതാണ്. ഒന്നാമത് ജനിതകം ഒഴിവാക്കിയാൽ ബോട്ടണിയിൽ പ്രയാസമുള്ള ടോപ്പിക്സ് ഒന്നുംതന്നെയില്ല. രണ്ടാമത് ബയോളജി വിഷയം പൊതുവേ ബോറടിപ്പിക്കുന്നതല്ല. മൂന്നാമത് മുരളീധരക്കുറുപ്പ് ആണ്.

മുരളി സാർ ബോട്ടണി അധ്യാപകനാണ്. മലയാളിയാണ്. ഒരു കാൺപൂരുകാരിയെ  പ്രണയിച്ച് വിവാഹം കഴിച്ച് അവിടെ കൂടിയതാണ്. ഒരു കണക്കിന് പറഞ്ഞാൽ കുടിയേറ്റം അല്ലെങ്കിൽ അച്ചിവീട്ടില്‍ പൊറുതി. അത് ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്. നഷ്ടപ്പെട്ടുപോയ മാതൃദേശത്തിന്റെ ദുഃഖം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.

 

വര :സതീഷ്‌ തോപ്രാത്ത്

മുരളീധരക്കുറുപ്പ് ഒരു ആശ്രിതവത്സലനാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികൾക്ക്. അതുകൊണ്ട് ചില മെച്ചങ്ങളുണ്ട്. കേരളത്തിൽ നിന്നും വരുന്ന ഒരുപാട് പേർക്ക് കുറുപ്പ് സാർ പി. ജിക്ക് അഡ്മിഷൻ വാങ്ങി കൊടുത്തിട്ടുണ്ട്. അതിന് കമ്മീഷനും പറ്റിയിട്ടുണ്ട്.

അഡ്മിഷൻ പരിപാടി അദ്ദേഹത്തിന്റെ ഒരു വലിയ വരുമാന മാർഗമായിരുന്നു. അതിനു കാരണം അവിടെ പഠിച്ചിറങ്ങുന്ന മലയാളി വിദ്യാർത്ഥികളാണ്. അവർ നാട്ടിലെത്തിയാൽ അവരുടെ ബന്ധുക്കൾ, പരിചയക്കാർ മുതലായവരുമായി ബന്ധപ്പെട്ട്  ഡിഗ്രി കഴിഞ്ഞ വിദ്യാർഥികളെ കണ്ടെത്തി ക്യാൻവാസ് ചെയ്തു പി. ജി. ക്ക് കാൺപൂരിലേക്ക് അയയ്ക്കും. അവിടെ പി. ജി. പ്രവേശനം തയ്യാറാക്കി കൊടുക്കാൻ കുറിപ്പ് സാർ ഉണ്ട്.

    ഉത്തരേന്ത്യയിൽ പല കോളേജുകളിലും പി. ജി. സീറ്റ് ഒഴിവായി കിടക്കുകയാണ് പതിവ്. രണ്ട് കാരണങ്ങളാണ്. ഒന്ന് എങ്ങനെയെങ്കിലും ഡിഗ്രി കഴിഞ്ഞു കിട്ടിയാൽ ബിസിനസിലേക്ക് ഇറങ്ങാൻ താല്പര്യപ്പെടുന്നവരാണ് തദ്ദേശവാസികളായ വിദ്യാർത്ഥികൾ. കാരണം അവരുടെ പ്രതീക്ഷ വലുതാണ്. ഒരു പി. ജി. എടുത്ത്, തുച്ഛമായ ശമ്പളത്തിൽ ഏതെങ്കിലും സർക്കാർ ജോലിയില്‍ കയറി ജീവിതം തുലയ്ക്കാൻ അവർ തയ്യാറല്ല. നമ്മൾ ജീവിത സുരക്ഷിതത്വം സർക്കാർ ജോലിയിൽ കാണുമ്പോൾ ഉത്തരേന്ത്യന്‍ യുവാക്കൾ ആ സുരക്ഷിതത്വം അല്ല മറിച്ച് സർക്കാർ ജോലിയുടെ പരിമിതിയെപ്പറ്റിയാണ് അവർ ചിന്തിക്കുന്നത്.

    ഉത്തരേന്ത്യന്‍ യുവാക്കളുടെ സങ്കല്പത്തിൽ, ഒരു സർക്കാർ ജോലിയിൽ കയറി ഒരിക്കലും തങ്ങൾക്ക് ഒരു ബെൻസ് കാർ വാങ്ങി യാത്ര ചെയ്യാൻ പറ്റില്ല. എത്ര കഴിവുണ്ടെങ്കിലും.

വര :സതീഷ്‌ തോപ്രാത്ത്

അതുകൊണ്ട് ഡിഗ്രി കഴിഞ്ഞാൽ പി. ജി. ക്ക് പോയി സമയം കളയാൻ അവർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് തുടർപഠനം ആഗ്രഹിക്കുന്ന ഒരു ബിരുദധാരിക്ക് കുറുപ്പ് സാർ ഒരു ദൈവദൂതൻ ആവുന്നത്. അദ്ദേഹത്തിന് അവിടെ വലിയ അദ്ധ്വാനം ഒന്നുമില്ല. കോളേജിൽ ആപ്ലിക്കേഷൻ കൊടുത്താൽ പി. ജി. പ്രവേശനം ഉറപ്പാണ്. പ്രവേശനം കിട്ടുമ്പോൾ ഒന്നുമറിയാതെ കമ്മീഷനായി കുറച്ചു തുകയും കിട്ടും.

കുറുപ്പു സാറിന്റെ സഹായം കൊണ്ട് കാൺപൂരിൽ എത്തപ്പെട്ട വ്യക്തിയാണ് ജേക്കബ്.  

ബോട്ടണിയില്‍  ഒരു പേപ്പർ നഷ്ടപ്പെട്ടു എങ്കിൽ കുര്യൻ അത്രമാത്രം ഒരു തരികിട ആയിരിക്കണം എന്ന് ഞാൻ ഉറപ്പിച്ചു. മനസ്സിൽ ഒരു രൂപം തെളിഞ്ഞു വന്നു. പരുക്കനായ ധൂർത്തനായ ധിക്കാരിയായ മദ്യപാനിയായ ഒരു അലമ്പൻ. ഒരു ഒന്നാംതരം കാട്ടുപോത്ത്. ഒറ്റ പേപ്പർ എഴുതാനാണ് വരുന്നതെങ്കിലും, കുര്യൻ രണ്ടാഴ്ചയോളം ഇവിടെ കാണും എന്നും സാം അണ്ണൻ സൂചിപ്പിച്ചിരുന്നു.

സാധാരണ ബാക്ക് പേപ്പർ എഴുതാൻ വരുന്നവരും നിയമവിദ്യാർത്ഥികളും കാൺപൂരിലെത്തിയാൽ ഞങ്ങളുടെ കൂടെയാണ് താമസം. ബാക്ക് പേപ്പർ എഴുതാൻ വരുന്നവർക്ക് പരീക്ഷയ്ക്ക് ഇരുന്നാൽ മതി. പക്ഷേ റഗുലർ നിയമ വിദ്യാർത്ഥികൾ എല്ലാ ദിവസവും കോളേജിൽ പോകേണ്ടവരാണ്. പക്ഷെ അവരും പരീക്ഷയ്ക്ക് മാത്രമേ കാൺപൂരിൽ വരികയുള്ളൂ.

കോളേജിലെ  ഹാജർ ഒരു പ്രശ്നമല്ല. അത് ഫൈൻ അടച്ച് പരിഹരിക്കാം. ഫൈൻ അത്ര വലിയ തുകയൊന്നുമല്ല. പലപ്പോഴും ഫൈനും വേണ്ടി വരാറില്ല. കാരണം വിവേക് അവസ്തി എന്ന വിദ്യാർത്ഥി മഹാമന്ത്രിക്ക് സർവ്വകലാശാലയിലുള്ള സ്ഥാനവും അധികാരവും അത്ര വിപുലമാണ്. അത് മുതലാക്കിയിരുന്നത് മല്ലു നിയമവിദ്യാർത്ഥികളാണ്. പരീക്ഷയ്ക്ക് മാത്രം എത്തും. ബാക്കി സമയം നാട്ടിൽ ട്യൂഷൻ എടുത്ത് കാശുണ്ടാക്കും.

    പരീക്ഷയ്ക്ക് എത്തുമ്പോൾ നിയമവിദ്യാർത്ഥികൾ അവസ്തിയ്ക്ക് നല്ല ഒന്നാന്തരം അണ്ടിപ്പരിപ്പ് സമ്മാനിക്കും. മിക്കവാറും ഒരു കിലോ പാക്കറ്റ്. അവസ്തിയ്ക്ക് അത് മതി. അവസ്തിയെ  മാത്രമല്ല ഉത്തരേന്ത്യയിലെ ഏതൊരു കൊലകൊമ്പനേയും ഒരു പാക്കറ്റ് അണ്ടിപ്പരിപ്പില്‍ ഒതുക്കാന്‍ കഴിയും. കാരണം അണ്ടിപ്പരിപ്പ് ഉത്തരേന്ത്യന്‍റെ ഒരു ദൗർബ്ബല്യമാണ്. അണ്ടിപ്പരിപ്പിൽ ഒതുങ്ങാത്തവന്‍ ഹൽവയിൽ ഒതുങ്ങും.  ഒന്നുകിൽ അണ്ടിപ്പരിപ്പ് അല്ലെങ്കിൽ അണ്ടിപ്പരിപ്പും ഹൽവയും. ഇതിൽ രണ്ടിലും ഒതുങ്ങാത്തവന്‍ ഏത്തയ്ക്കാ ചിപ്സില്‍ ഒതുങ്ങും. ഇതിൽ മൂന്നിലും ഒതുങ്ങാത്തവൻ ഇതുവരെ  ഉത്തരേന്ത്യയിൽ ജനിച്ചിട്ടില്ല.

 

വര :സതീഷ്‌ തോപ്രാത്ത്

കുര്യൻ പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പേ എത്തി. പക്ഷേ കുര്യൻ എൻറെ ധാരണയാകെ മാറ്റിമറിച്ചു കളഞ്ഞു. ഞാൻ കുര്യനെപ്പറ്റി താലോലിച്ചു മനസ്സിൽ കൊണ്ടു നടന്ന ഭീകര രൂപം ഒറ്റയടിക്ക് ഇടിഞ്ഞ് നിലംപരിശായി.

കുര്യൻ അതിസുന്ദരനായിരുന്നു. കട്ടിമീശയുള്ള സുന്ദരൻ. ക്ലീൻ ഷേവ് ചെയ്ത് സാരി ഉടുത്താൽ സ്ത്രീകളെ പോലും അസൂയപ്പെടുത്തുന്ന  സുന്ദരി ആയിരിക്കും കുര്യൻ. കുര്യന് ഒരു സ്ത്രൈണ സൌന്ദര്യമായിരുന്നു ഉണ്ടായിരുന്നത്.  നാണം കലർന്ന ചിരിയായിരുന്നു കുര്യന്റേത്. ലജ്ജാലുവായ മനുഷ്യൻ.

കുര്യൻ വളരെ പെട്ടെന്നാണ് എൻറെ അടുത്ത സുഹൃത്തായത്. കുര്യനേക്കാൾ പ്രായത്തിൽ ഒരു വയസ്സ് കുറവായിരുന്നു എനിക്ക്. എങ്കിലും എന്നെ കുര്യൻ അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. കുര്യൻ പൊതുവേ എല്ലാവരെയും പ്രായഭേദമന്യേ സൗഹാർദ്ദപൂർവ്വം അണ്ണൻ എന്നാണ് സംബോധന ചെയ്യുന്നത്.  

ആരോഗ്യത്തിലും ഭക്ഷണത്തിലും കുര്യൻ അതീവ ശ്രദ്ധാലുവായിരുന്നു. കോളേജിൽ പോകുമ്പോൾ സാമാന്യം വലിയൊരു ഫ്ലാസ്കിൽ വെള്ളം തിളപ്പിച്ച് കൊണ്ടുപോവുകയാണ് പതിവ്. പുറത്തുനിന്നും ഒന്നും കഴിക്കില്ല. എന്തിന് ചായ പോലും വാങ്ങി കുടിക്കില്ല. അതിനു മതിയായ ഒരു കാരണമുണ്ട്. ഒരു പഴയ നേപ്പാള്‍ യാത്രയുടെ അനുഭവം.

കുര്യന്റെ പിതാവ് ഒരു ഹൈസ്കൂൾ അധ്യാപകനാണ്. ഇംഗ്ലീഷ് ആണ് വിഷയം. മലയാളം മീഡിയത്തിൽ പഠിച്ചു വന്ന കുര്യന് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ടാക്കാൻ അദ്ദേഹം പരമാവധി ശ്രദ്ധിച്ചിരുന്നു.

കുര്യൻ വീട്ടിലേക്ക് കത്തെഴുതുമ്പോൾ ഇംഗ്ലീഷിൽ തന്നെ എഴുതണം എന്ന് അദ്ദേഹത്തിനു നിർബന്ധമാണ്. ഭാഷാപരമായി കുര്യൻ അല്പം പിന്നിലായിരുന്നു. പ്രത്യേകിച്ചും ആംഗലേയത്തിൽ.

എന്നാൽ കുര്യൻ എപ്പോഴും ആംഗലേയത്തിൽ തന്നെ വീട്ടിലേക്ക് കത്ത് എഴുതും. രണ്ടാഴ്ചക്കുള്ളിൽ ആ കത്തും അതിൻറെ മറുപടിയും ഒരു വലിയ കവറിൽ കുര്യന് കിട്ടും. കത്തിലെ ഗ്രാമർ മിസ്റ്റേക്ക് ചുവന്ന മഷി കൊണ്ട് അണ്ടർലൈൻ ചെയ്തിരിക്കും. പിന്നെ അതിൻറെ ശരിയായ രൂപം മാർജിനിൽ എഴുതിയിട്ടിരിക്കും. ഈ രീതിയിലാണ് കുര്യന് മറുപടി വരിക. കുര്യൻ എന്ന മകനിൽ ആ സ്കൂൾ അധ്യാപകന് അത്ര വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്.

 

വര :സതീഷ്‌ തോപ്രാത്ത്

    പി. ജിക്ക് രണ്ടാം വർഷം പഠിക്കുമ്പോഴാണ് കുര്യനും മറ്റ് അഞ്ചു കൂട്ടുകാരും കൂടി നേപ്പാളിൽ പോയത്. ഒരു സൗഹൃദ സന്ദർശനം. നാട്ടിൽ നിന്നും വരുമ്പോൾ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ചില കന്യാസ്ത്രീകൾ നേപ്പാളിലെ ഒരു മഠത്തിൽ ഉണ്ടായിരുന്നു. അവർ കുര്യനേയും കൂട്ടുകാരെയും നേപ്പാളിലേക്ക് ക്ഷണിച്ചു. ഒരു ഔപചാരികമായ ക്ഷണം.

പക്ഷേ കന്യാസ്ത്രീകളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത വിന്റർ വെക്കേഷന് കുര്യനും കൂട്ടുകാരും നേപ്പാളിൽ എത്തി. അത്ര സുന്ദരിമാരായിരുന്നു ആ കന്യാസ്ത്രീകൾ. സാധാരണ വിന്റർ വെക്കേഷന് എല്ലാവരും നാട്ടിലേക്ക് ട്രെയിൻ പിടിക്കുകയാണ് പതിവ്. എന്നാൽ ആ പ്രാവശ്യം അവർ നേപ്പാളിലേക്ക് പോയി. മൂന്നു നാല് ദിവസം അവിടെ അവർ ചിലവഴിച്ചു. പിന്നെ തിരിച്ചു പോന്നു.

തിരികയുള്ള യാത്രയിൽ ട്രെയിനിൽ വച്ചുള്ള ഏതോ ഭക്ഷണം മോശമായിരുന്നു. കുര്യൻ ഒഴികെയുള്ള അഞ്ചുപേരും ശര്‍ദ്ദില്‍ ആരംഭിച്ചു. ഉടൻതന്നെ എല്ലാവരേയും ഹോസ്പിറ്റലിൽ ആക്കി. മൂന്നാല് ദിവസം കൊണ്ട് അവരുടെ ശര്‍ദ്ദില്‍ അവസാനിച്ചു. ഫുഡ് പോയ്സൺ ആയിരുന്നു കാരണം.

കുര്യൻ ഇത് ഒരു ആഘോഷമാക്കി. കാരണം എല്ലാവരിലും വെച്ച് ദുർബ്ബലനായ കുര്യൻ പിടിച്ചു നിന്നു. മറ്റുള്ളവർ വീണുപോയി. കുര്യൻ അത് നന്നായി ആഘോഷിച്ചു. പക്ഷേ ആ ആഘോഷം അധികം നീണ്ടു നിന്നില്ല.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുര്യന് പെട്ടെന്ന് പനി പിടിച്ചു. ഏതാനും ദിവസത്തിനുള്ളിൽ കുര്യനെ ഹോസ്പിറ്റലിലാക്കി. പക്ഷേ പനിക്ക് ശമനം ഉണ്ടായില്ല.

ക്രമേണ കുര്യൻറെ ശരീരം നീര് വെച്ച് വീർത്തു തുടങ്ങി. കിഡ്നി ഫെയിലുവറിന്റെ ലക്ഷണം. ട്രെയിനിലെ ഭക്ഷണത്തിന്റെ വിഷാംശം എല്ലാവരും ചർദ്ദിച്ചു കളഞ്ഞപ്പോൾ കുര്യന് അത് പറ്റിയില്ല. അത് കുറച്ചു ഗുരുതരമായ രീതിയിലാണ് കുര്യനെ ബാധിച്ചത്. അല്പം വൈകിയാണെങ്കിലും.

കുര്യൻറെ അവസ്ഥ നാൾക്കു നാള്‍ മോശമായി വന്നു. ഒരു മരുന്നും ഫലിച്ചില്ല. ഒരു മരുന്നിനോടും കുര്യൻറെ ശരീരം പ്രതികരിക്കാതെയായി. അതോടെ ട്രീറ്റ്മെൻറ് നിർത്തി. ഡോക്ടർമാർ നിസ്സഹായരായി. ചീഫ് ഡോക്ടർ കൂട്ടുകാരോട് വിവരം പറഞ്ഞു.

യുറീമിയ ആണ് അവസ്ഥ. ഒന്നും ചെയ്യാൻ കഴിയില്ല. യാഥാർഥ്യം കൂട്ടുകാർക്ക് മനസ്സിലായി. എങ്കിലും അവർ കുര്യനെ ഹോസ്പിറ്റലിൽ നിന്നും നീക്കിയില്ല.

അവസാനം അവർ കുര്യനോട് ആ കാര്യം വ്യക്തമാക്കി. മരണത്തിന്റെ വക്കിലാണ് കുര്യൻ എന്ന സത്യം.  അതല്ലാതെ ആർക്കുമൊന്നും കൂടുതലായി ചെയ്യാനുണ്ടായിരുന്നില്ല.

    വിവരം അറിഞ്ഞതിന് ശേഷം കുര്യൻ കുറെ നേരം മുകളിലേക്ക് നോക്കിക്കിടന്നു. പിന്നെ ഒരു പേപ്പറും പേനയും വേണമെന്നാവശ്യപ്പെട്ടു. അവസാന കത്ത് വീട്ടിലേക്ക് അയക്കാനുള്ള പുറപ്പാടിലാണ് കുര്യന്‍ എന്ന് കൂട്ടുകാർക്ക് മനസ്സിലായി. പക്ഷേ കുര്യൻ ഒരു കത്തും വീട്ടിലേക്കയച്ചില്ല.

എപ്പോൾ വേണമെങ്കിലും കുര്യൻ കൈവിട്ടു പോകാം. മൊത്തത്തിൽ ദുഃഖമയം. പക്ഷേ അവിടെ ഒരു അത്ഭുതം സംഭവിച്ചു.

 

വര :സതീഷ്‌ തോപ്രാത്ത്

മൂന്നു ദിവസം കഴിഞ്ഞപ്പോൾ ക്രമേണ കുര്യൻറെ കിഡ്നി പ്രവർത്തിച്ചു തുടങ്ങി. ഒരു ചികിത്സയുമില്ലാതെ. ഒരാഴ്ചയ്ക്കുള്ളിൽ അത് പരിപൂർണ്ണമായി പ്രവർത്തന ക്ഷമമായി. കുര്യൻ യമനോട് യാത്ര പറഞ്ഞു തിരിച്ചു പോന്നു. എല്ലാവർക്കും സന്തോഷമായി. ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും കുര്യനെ ഡിസ്ചാർജ് ചെയ്തു.

കുര്യൻറെ വസ്തുക്കൾ പാക്ക് ചെയ്യുമ്പോൾ തലയിണയുടെ അടിയില്‍ നിന്നും ഒരു പേപ്പർ കൂട്ടുകാർക്ക് കിട്ടി. കുര്യന്‍ പിതാവിന് എഴുതിയ അവസാനത്തെ കത്തായിരുന്നു അത്.  

ആ കത്ത് വായിച്ച് കൂട്ടുകാർ കുര്യനെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പിന്നെ സ്വകാര്യമായി ഒരുപാട് കരഞ്ഞിട്ടും ഉണ്ട്.

കത്തില്‍ കുര്യന്‍ വിശദീകരിച്ചിരുന്നത് തങ്ങൾ നടത്തിയ നേപ്പാൾ യാത്രയെപ്പറ്റിയാണ്. യാത്രയിലെ ഭക്ഷണത്തെപ്പറ്റി. ഭക്ഷ്യ വിഷബാധയെപ്പറ്റി എല്ലാം വിശദമാക്കിയിരുന്നു. കുര്യൻ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതും കിഡ്നി രണ്ടും പ്രവർത്തനരഹിതമായതും എല്ലാം വിശദമായി വിവരിച്ചിരുന്നു. എന്നിട്ട് കത്തിന്റെ അവസാന ഭാഗത്ത് കുര്യൻ എഴുതി. ‘എൻറെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല. ഭക്ഷ്യവിഷബാധ മാത്രമാണ് കാരണം. എനിക്ക് എന്ത് സംഭവിച്ചാലും അതിൻറെ പരിപൂർണ്ണ കാരണക്കാരൻ ഞാനാണ്. അതിനാൽ എൻറെ മരണത്തിൽ ദുരൂഹത കണ്ട് എൻറെ കൂട്ടുകാരെ സംശയിക്കരുത്. അവർ തികച്ചും നിരപരാധികളാണ്. അവരെ എൻറെ മരണത്തിൻറെ പേരിൽ ഉപദ്രവിക്കരുത്. പോലീസ് കേസിൽ                  കുടുക്കരുത്.’

പിന്നീട് എത്രയോ പ്രാവശ്യം കുര്യനെ മറ്റുള്ളവര്‍ ഈ കത്തിന്റെ പേരില്‍ കളിയാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം കുര്യൻ സൈക്കിളിൽ നിന്ന് വീണ് എണീറ്റ് നിന്നിട്ടുള്ള ഒരു ചിരി ചിരിക്കും. ചമ്മിയ ചിരി.

കുര്യന്‍റെ പരീക്ഷ ആദ്യമേ കഴിഞ്ഞു. കുര്യന്‍ ഏതാനും ദിവസങ്ങളെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഞങ്ങൾക്കിടയിൽ വർഷങ്ങളുടെ ചിരപരിചിതത്വവും ബന്ധവും ഉണ്ടായിരുന്നതായി എനിക്കു തോന്നി. അത്രമാത്രം സൗഹൃദം ആ കുറഞ്ഞ ദിവസത്തിനുള്ളിൽ ഞങ്ങൾക്കിടയിൽ രൂപപ്പെട്ടിരുന്നു.

കുര്യന്റെ ഏറ്റവും വലിയ പ്രത്യേകത പൊങ്ങച്ചം പറയുന്ന രീതിയില്ല എന്നതാണ്. കുര്യന് പറ്റിയിട്ടുള്ള എല്ലാ അബദ്ധങ്ങളെപ്പറ്റിയും യാതൊരു മറയുമില്ലാതെ കുര്യൻ പറയും.

    രണ്ടാം വർഷം പഠിക്കുമ്പോൾ കുര്യന് ഒരു പെണ്ണിൻറെ പേര് വെച്ച ഒരു കത്ത്  വന്നതും, കത്ത് വിശ്വസിച്ച് അവളെ കാണാൻ മോത്തിജി പാർക്കിൽ പോയതും, അവിടെ വച്ച് കൂട്ടുകാർ കുര്യനെ കയ്യോടെ പൊക്കിയതും, പിന്നെ ആ വിവരം പുറത്ത് പറയാതിരിക്കാൻ അവർക്ക് ചെലവ് ചെയ്തതും ഒക്കെ കലവറയില്ലാതെ കുര്യൻ പറയുമായിരുന്നു. അബദ്ധങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. പെങ്ങളുടെ കൂടെ മാർക്കറ്റിൽ പോകുമ്പോൾ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ നോക്കിയാൽ പെങ്ങള്‍ ചെള്ളയ്ക്ക് കുത്തുന്നത്. പുതിയതായി വാങ്ങിയ കൂര്‍ത്തയിട്ടു അതിഥികളുടെ മുന്നിലെത്തിയപ്പോൾ, കൂർത്തയുടെ കെട്ട് ലൂസ് ആയി കൂര്‍ത്ത അഴിഞ്ഞു വീണത്. ഷേവിങ് പെർഫെക്റ്റ് ആക്കാൻ കൊല്ലനെ കൊണ്ട് പ്രത്യേകം കത്തി ഉണ്ടാക്കി ഷേവ് ചെയ്തപ്പോൾ കവിൾ മുറിഞ്ഞുപോയത്. അങ്ങനെ പോകുന്നു കുര്യന്റെ തമാശകൾ.

കുര്യന് കിഡ്നി പ്രശ്നം ഉണ്ടായതിനുശേഷം, ആഹാരകാര്യത്തിൽ വളരെ ഭയവും ശ്രദ്ധയും ഉണ്ടായിരുന്നു. അതുകൊണ്ട് കഴിവതും കുര്യൻ പുറത്തു നിന്നും ഭക്ഷണം കഴിക്കുമായിരുന്നില്ല. നാട്ടിൽ നിന്നും വരുമ്പോൾ ട്രെയിൻ യാത്രയിൽ പഴം മാത്രമേ കുര്യൻ കഴിച്ചിരുന്നുള്ളൂ. ഇടയ്ക്ക് ഓരോ ചായയും കഴിക്കും. ട്രെയിനിൽ കിട്ടിയ വേറെ ഒരു ഭക്ഷണവും വാങ്ങി കഴിച്ചില്ല.

പരീക്ഷ കഴിഞ്ഞ് കുര്യൻ തിരിച്ചു നാട്ടിലേക്ക് പോകുമ്പോഴും അതു തന്നെയായിരുന്നു അവസ്ഥ. എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു വിടാൻ എനിക്ക് കഴിയുമായിരുന്നു. പക്ഷേ കുര്യൻ അതു  സമ്മതിച്ചില്ല. അവസാനം അല്പം പാല്‍ തിളപ്പിച്ച് ഫ്ലാസ്കില്‍ കൊണ്ടുപോകാം എന്ന് കുര്യൻ സമ്മതിച്ചു.

കുര്യൻ പുറപ്പെടുന്ന ദിവസം രാവിലെ അയലത്തെ തിവാരിയുടെ വീട്ടിൽ പോയി ഒരു ലിറ്റർ പാൽ വാങ്ങി. പതിവിനു വിപരീതമായി തിവാരി ഒരു രൂപ കൂടുതല്‍ വാങ്ങി. അത് എന്തിനെന്ന്  എനിക്ക് മനസ്സിലായില്ല. തിവാരി കാരണം വ്യക്തമാക്കി. ‘എരുമയുടെ കറവ തീരാറായി. അറുതിപ്പാലാണിത്. അതിനാൽ ഇതിന് കൊഴുപ്പ് കൂടുതലാണ്’. അതുകൊണ്ട് ഒരു രൂപ കൂടുതൽ എടുത്തു എന്നു സാരം.

‘അറുതിപ്പാലിന് ഗുണനിലവാരം കൂടുതലാണെന്ന്’. തിവാരിയുടെ കച്ചവട മന:സ്ഥിതി അംഗീകരിക്കാതിരിക്കാൻ പറ്റില്ല. തിവാരി മാസങ്ങളായി ഞങ്ങളെ കാണുകയും അത്യാവശ്യം പലപ്പോഴും ഞങ്ങളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നിട്ടും കാര്യം വന്നപ്പോള്‍ തനിനിറം കാട്ടി.  ‘പണത്തിനു മീതെ പരുന്തും പറക്കില്ല.’ അത് കേരളത്തിൽ മാത്രമല്ല കാൺപൂരും അതങ്ങനെ തന്നെ.

തിവാരി പറഞ്ഞപോലെ അറുതിപ്പാല്‍, നല്ല കട്ടിയുള്ളതായിരുന്നു. കൊഴുപ്പ് വളരെ കൂടുതൽ. എന്തുമാകട്ടെ, ഒരു രൂപ കൂടിയതിൽ നഷ്ടമില്ല.

പാല്‍ കണ്ടപ്പോഴേ കുര്യൻ അതിൽ ഇരട്ടിയിൽ കൂടുതൽ വെള്ളം ഒഴിക്കാൻ പറഞ്ഞിരുന്നു. എന്നിട്ടും പാലിന് നല്ല കട്ടിയുണ്ടായിരുന്നു. പാല്‍ തിളപ്പിച്ചാറ്റിച്ച് ഞാൻ ഫ്ലാസ്ക്കില്‍ നിറച്ചു.  

കുര്യനെ യാത്രയാക്കാൻ കുര്യനൊപ്പം ഞാന്‍ റെയിൽവേ സ്റ്റേഷനിൽ പോയി. അന്ന് ട്രെയിന്‍  രണ്ടു മണിക്കൂര്‍ ലേറ്റായിരുന്നു. എന്നിട്ടും ബോറടിച്ചില്ല. ആ സമയമത്രയും കുര്യൻ തന്റെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. അബദ്ധങ്ങളുടെ കഥകള്‍.

ട്രെയിനിൽ കയറുന്നതിനു മുമ്പ്, കുര്യൻ എന്നോട് പറഞ്ഞു. ‘ഞാൻ എൻറെ എല്ലാ വിശേഷങ്ങളും അണ്ണനെ അറിയിച്ചിരിക്കും. സമയാസമയത്ത്.’

 

വര :സതീഷ്‌ തോപ്രാത്ത്

അത് വ്യക്തമാണ്. കുര്യന് കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരുന്നു. പഠനം, ജോലി, വിവാഹം അങ്ങനെ. ജനിക്കാൻ പോകുന്ന കുട്ടിയുടെ പേരിൻറെ കാര്യത്തിൽ വരെ കുര്യന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതായിരുന്നു ജേക്കബ് സാമുവൽ കുര്യൻ.

    കുര്യന്‍ നാട്ടിലെത്തി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുര്യന് ജോലി ശരിയായി. കോയമ്പത്തൂരിൽ. ഒരു അഗ്രികൾച്ചർ ഫാമിൻറെ മാനേജർ. യോഗ്യമായ ശമ്പളവും താമസ സൗകര്യവും ഉണ്ട്. യാത്രയ്ക്ക് ഒരു ബൈക്ക്. ഈ വിവരം ചൂടാറും മുമ്പേ കുര്യൻ എന്നെ അറിയിച്ചിരുന്നു. കുര്യൻറെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.

‘താമസിയാതെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷം ഞാൻ അണ്ണനെ അറിയിക്കും.’

അതെനിക്ക് അറിയാമായിരുന്നു. കുര്യൻറെ പ്ലാനിൽ ആദ്യത്തേത് ജോലി. പിന്നെ  വിവാഹം....

കുര്യൻ പോയി ആറാഴ്ചകൾക്ക് ശേഷം  എന്റെ പരീക്ഷ കഴിഞ്ഞു.  പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞിട്ട് അല്പം താമസിച്ചാണ് ഞാൻ വീട്ടിലെത്തിയത്.

വീട്ടിലെത്തുമ്പോൾ അവിടെ നന്ദുവേട്ടൻ ഉണ്ടായിരുന്നു. നന്ദുവേട്ടൻ നാഷണൽ     ഷുഗർ ഇൻസ്റ്റിറ്റൂട്ടിലെ ക്ലർക്കാണ്. മലയാളി. മൂവാറ്റുപുഴ സ്വദേശി. ഇടയ്ക്ക് സമയം കിട്ടുമ്പോൾ നന്ദുവേട്ടൻ കമ്പനി കൂടാൻ എൻ. എസ്. ഐ യ്യില്‍ നിന്നും ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ജോലി കിട്ടിയ പ്രാരംഭ കാലഘട്ടത്തില്‍ നന്ദുവേട്ടന്‍ താമസിച്ചിരുന്നത് ആ വീട്ടിലാണ്. പിന്നീടാണ് അദ്ദേഹത്തിന് എന്‍. എസ്. ഐ. യ്യില്‍ ഫാമിലി ക്വാര്‍ട്ടേഴ്സ് കിട്ടിയത്.

നന്ദുവേട്ടന് ഞാൻ ഒരു ചായ ഓഫർ ചെയ്തു. കാരണം ഞാനാണല്ലോ അവിടുത്തെ ആസ്ഥാന പാചകക്കാരന്‍. പക്ഷെ നന്ദുവേട്ടന്‍  നിഷേധാർത്ഥത്തിൽ തലയാട്ടി. സമീപത്ത് അണ്ണന്‍ മൗനമായിരിക്കുന്നു. പെട്ടെന്ന് നന്ദുവേട്ടന്‍ എന്നെയും അണ്ണനെയും മാറിമാറി നോക്കിയിട്ട് പുറത്തേക്ക് പോയി. അണ്ണന്‍ ആകെ മൂകനായിരുന്നു. അതുകൊണ്ട് ഞാനും അങ്ങോട്ട് കേറി കൂടുതൽ ഹെഡ് ചെയ്യാൻ പോയില്ല.

അത്താഴ സമയത്തും അണ്ണൻ തികച്ചും വിഷാദവാനായി കാണപ്പെട്ടു. ഒരു പീസ് ബ്രഡ് കഴിച്ചു എന്ന് വരുത്തിയിട്ട്  എണീറ്റു പോയി. സാധാരണ അത്താഴ സമയത്താണ് ഞങ്ങൾ കൂടുതൽ വാചാലരാവുന്നത്. പക്ഷേ ഇപ്പോൾ ആകെ ഒരു മൂകത.

അണ്ണൻ അന്ന് നേരത്തെ കിടന്നു. അതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടായില്ല.

പിറ്റേന്ന് ഞായർ. ഞാൻ തിങ്കളാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്. പതിവിനു വിപരീതമായി അണ്ണൻ അന്ന് പള്ളിയിൽ പോയി. ഉച്ചയ്ക്ക് എത്തും എന്ന് കരുതി. പക്ഷേ വൈകിട്ടാണ് അണ്ണൻ എത്തിയത്. എന്തോ, അണ്ണൻ എന്നെ മന:പൂർവ്വം ഒഴിവാക്കുന്നതായി എനിക്കു തോന്നി. എനിക്കും വാശിയാണ് തോന്നിയത്. അങ്ങോട്ട് കേറി കൂടുതൽ ലോഹ്യം കാണിക്കാൻ ഞാൻ മെനക്കെട്ടില്ല. അന്ന് അണ്ണൻ അത്താഴത്തിന് കൂടിയില്ല. മുറിയിൽ തന്നെ ഇരുന്നു.

അടുത്ത ദിവസം എനിക്ക് നാട്ടിലേക്ക് പുറപ്പെടേണ്ടതാണ്. ഞാൻ ടെറസിലേക്ക് പോയി. ഏറെ നേരം കാറ്റുകൊണ്ടു നിന്നു. ഞാൻ അതുവരെയുള്ള എൻറെ കാൺപൂർ  ദിനങ്ങളെപ്പറ്റി ആലോചിച്ചു. സുഖ-ദുഃഖ സമ്മിശ്രമായ ദിനങ്ങൾ. ഏറെ നേരത്തിനു ശേഷം ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി.

മുറിയിൽ എത്തിയപ്പോൾ അണ്ണൻ ഉറങ്ങിക്കഴിഞ്ഞിരുന്നു. പുലർച്ചെ ഞാൻ എണീറ്റു. ഒറ്റയ്ക്ക് ചായ കുടിക്കാൻ പോയി. സാധാരണ അണ്ണനും കൂടെ ഉണ്ടാവേണ്ടതാണ്. പക്ഷേ അന്ന് അതുണ്ടായില്ല. ചായകുടി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, അണ്ണൻ ഡൈനിങ് ടേബിളിന് സമീപമുണ്ട്. കയ്യിൽ ഒരു ഗ്ലാസ് കട്ടൻകാപ്പി.

എനിക്ക് ആ വീട്ടിൽ ഇനിയും ഒന്നര മണിക്കൂർ മാത്രം. കൂടുതല്‍ ഒന്നും പാക്ക് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്പം വസ്ത്രം. പിന്നെ കുറെ പുസ്തകങ്ങൾ. കഴിഞ്ഞു, എൻറെ സ്ഥാവര ജംഗമ വസ്തുക്കൾ. അത് പാക്ക് ചെയ്യാന്‍ പത്ത് മിനിറ്റ് ധാരാളം.

“എടോ വൈശാഖ്” അണ്ണനാണ്.

ഞാൻ ഡൈനിങ് ടേബിളിനടുത്ത് എത്തുമ്പോൾ, അണ്ണൻ ഇരിക്കാൻ പറഞ്ഞു. അണ്ണന്റെ കയ്യിൽ ഒരു പ്രിന്റഡ് പേപ്പർ ഉണ്ടായിരുന്നു. അണ്ണൻ ഒന്നും മിണ്ടാതെ അതെന്റെ നേരെ നീട്ടി. ഒരു ടെലഗ്രാം. ഞാൻ തുറന്നു നോക്കി.

“കുര്യന്‍ പാസ്ഡ എവേ”

നാട്ടിൽ നിന്നും ഞങ്ങളുടെ ഒരു പൊതുസുഹൃത്ത് ധർമ്മേന്ദ്ര അയച്ച സന്ദേശമായിരുന്നു അത്. എൻ. എസ്. ഐ. യില്‍ നന്ദുവേട്ടന്റെ പേരിൽ.

ആ സന്ദേശവുമായിട്ടാണ് നന്ദുവേട്ടൻ രണ്ടുദിവസം മുമ്പ് അണ്ണന്റെ അടുത്ത് എത്തിയത്. അണ്ണന്‍ ആ സന്ദേശം എന്നിൽ നിന്നും മറച്ചു പിടിച്ചു. പരമാവധി സമയം. കാരണം കുര്യൻ ഏറ്റവും അടുത്ത് ഇടപഴകിയിരുന്നത് എന്നോടാണ്.

ഞാൻ അമ്പരപ്പോടെ അണ്ണനെ നോക്കി. അണ്ണന്‍ ഗ്ലാസ്സ് അലസമായി തിരിച്ചുകൊണ്ടിരുന്നു. എന്നെ നോക്കിയില്ല. ഞങ്ങൾ ഒന്നും മിണ്ടിയില്ല. അല്പസമയം. പിന്നെ അണ്ണൻ പറഞ്ഞു.

“കോയമ്പത്തൂർ വച്ചായിരുന്നു. ഒരു റോഡ് ആക്സിഡന്റ്. വിശദവിവരം ടെലഗ്രാം കിട്ടിയ ഉടനെ നന്തുഭയ്യ ധർമ്മേന്ദ്രയെ വിളിച്ചറിഞ്ഞു.”

ഞാൻ ടെലഗ്രാമിലേക്ക് തന്നെ നോക്കിയിരുന്നു. ഒരു മാസം മുമ്പ് വരെ ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടായിരുന്ന വ്യക്തിയെപ്പറ്റിയാണ് അണ്ണൻ പറയുന്നത്.

“കുര്യൻ നാട്ടിലെത്തി, മൂന്നാഴ്ചയ്ക്കകം കോയമ്പത്തൂരിലെ ഒരു അഗ്രികൾച്ചർ ഫാമിൽ  മാനേജരായി ജോലി കിട്ടി. അത്യാവശ്യം നല്ല ശമ്പളം. ഫാമിലി ക്വാർട്ടേഴ്സ്. പിന്നെ ഒരു പാചകക്കാരന് ഉള്ള ശമ്പളവും കമ്പനി നൽകും. കുര്യൻ പാചകത്തിനായി അവന്‍റെ  ഒരു അയൽക്കാരൻ പയ്യനെക്കൂടി കൊണ്ടുപോയിരുന്നു. യാത്രയ്ക്ക് ഒരു ബൈക്ക് വാങ്ങി.” അണ്ണൻ ഒന്നു നിർത്തി. അല്പം കഴിഞ്ഞു തുടർന്നു.

“അപകടം നടന്ന ദിവസം, വൈകിട്ട് ഫാമിൽ നിന്നും വന്ന കുര്യൻ പയ്യനെയും കൂട്ടി മാർക്കറ്റിൽ പോയി. സാധനങ്ങൾ വാങ്ങി. സാധനങ്ങളുമായി തിരിച്ചു വരുന്ന വഴി, പ്രധാന റോഡിലേക്ക് കയറവെ, അപ്രതീക്ഷിതമായി സൈഡ് എടുത്തുവന്ന പാണ്ടിലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് കുര്യന്‍ ആയിരുന്നു. ഇടിച്ച സ്പോട്ടിൽ വച്ച് തന്നെ കുര്യൻ.....” അണ്ണന്‍ ഒന്ന് നിര്‍ത്തി. പിന്നെപ്പറഞ്ഞു.

    “പയ്യൻ ലോറി ഇടിച്ച സമയത്ത് തെറിച്ചു പോയി. മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്നു. കുര്യൻറെ ബോഡി കമ്പനി ആംബുലൻസിൽ കൊല്ലത്ത് എത്തിക്കുകയായിരുന്നു.”

ഞാൻ വെറുതെ കേട്ടിരുന്നു. ഒരു വല്ലാത്ത നിസംഗത. അല്പം കഴിഞ്ഞ് അണ്ണൻ പതിയെ പറഞ്ഞു.

“അവൻ ജോലിക്ക് കയറിയിട്ട് ഒരു മാസം തികച്ചായില്ല.”

    ഞാൻ ടെലഗ്രാം മടങ്ങി പോക്കറ്റിൽ ഇട്ടു. പിന്നെ മുറിയിൽ പോയി സാധനങ്ങൾ എടുത്തുവച്ചു. കുളികഴിഞ്ഞ് അല്പസമയത്തിനകം പുറപ്പെട്ടു.

യാത്ര അയക്കാൻ. നന്ദുവേട്ടന്‍ എത്തിയിരുന്നു. ഞാനൊന്നും മിണ്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ഐ. ഐ. ടി. യിൽ നിന്നും ബസ് നീങ്ങുമ്പോൾ ഞങ്ങൾ പരസ്പരം യാന്ത്രികമായി കൈവീശി.

റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോള്‍ ട്രെയിൻ പ്ലാറ്റ്ഫോമിൽ പിടിച്ചിരുന്നു. എൻറെ കൂപ്പയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത റിസർവേഷൻ ഝാൻസിയിൽ നിന്നാണ്. അവിടെ എത്തുമ്പോഴേക്കും ഏതാണ്ട് ബോഗി നിറയും. അതുവരെ ഒറ്റക്കിരിക്കാം. ഏകദേശം മൂന്നു മണിക്കൂർ.

    പതുക്കെ ഞാൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ടെലഗ്രാം എടുത്ത് തുറന്നു. ഒരുപാട് പ്ലാനുകൾ ഉള്ള വ്യക്തിയായിരുന്നു കുര്യൻ. കൃത്യമായ ജീവിത പ്ലാനുകൾ. പഠനം.ജോലി .വിവാഹം അങ്ങനെ.....

ഞാൻ ടെലഗ്രാമിലെ വരികളിലൂടെ കണ്ണോടിച്ചു. വക്ക് തേഞ്ഞുപോയ ടെലഗ്രാമിലെ വാക്കുകൾ എന്നെ നിശബ്ദനാക്കി. എൻറെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. ടെലഗ്രാമിൽ ഉള്ളത് കുര്യനെപ്പറ്റിയുള്ള വിവരമാണ്. അവനെപ്പറ്റിയുള്ള പ്രധാനപ്പെട്ട വിവരം.  പക്ഷേ അതറിയിച്ചിരിക്കുന്നത് അവനല്ല.

ഞാൻ ടെലഗ്രാമിലേക്ക് ഒന്നുകൂടി നോക്കി. പിന്നെ കണ്ണുകൾ പതുക്കെ അടച്ചു.

ഒരിക്കൽക്കൂടി... ഒരിക്കൽക്കൂടി... അവൻറെ നിറഞ്ഞു ചിരിക്കുന്ന മുഖം മനോമുകരത്തിൽ തെളിഞ്ഞു കാണാന്‍.... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക