Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ 15-ാമത് ആഗോള സമ്മേളനത്തിന് ഡാളസില്‍ ഉജ്ജ്വല തുടക്കം ; ലോകമെമ്പാടുമുള്ള പ്രവാസി പ്രമുഖരും വിവിധ റീജിയണുകളും പങ്കെടുത്തു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 August, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ 15-ാമത് ആഗോള സമ്മേളനത്തിന് ഡാളസില്‍ ഉജ്ജ്വല തുടക്കം ; ലോകമെമ്പാടുമുള്ള പ്രവാസി പ്രമുഖരും വിവിധ റീജിയണുകളും പങ്കെടുത്തു.

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ  15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും അമേരിക്കയിലെ ഡാളസില്‍ ഉജ്ജ്വല തുടക്കം. പ്രൗഢഗംഭീരമായ ചടങ്ങില്‍ കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

ഡാളസില്‍ നടന്ന പ്രഭോജ്ജ്വലമായ ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍  എന്നിവര്‍ ചേര്‍ന്ന് കൗണ്‍സില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും വിളംബര റാലിയിലും അമേരിക്ക, മിഡില്‍ ഈസ്റ്റ് (യു.എ.ഇ ഉള്‍പ്പെടെ), യുകെ & യൂറോപ്പ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് & ഓസ്‌ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ റീജിയണുകളുടെയും പ്രൊവിന്‍സുകളുടെയും പ്രതിനിധികള്‍ അണിനിരന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ 5th ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ വെച്ച് ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയല്‍ ഹ്യൂമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍ അവാര്‍ഡ് പത്തനാപുരം ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂര്‍ സോമരാജന് സമ്മാനിച്ചു. ഡോ. പുനലൂര്‍ സോമരാജന് വേണ്ടി നൈനാന്‍ മത്തായി എം.പി ഫ്രാന്‍സിസ് ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് 'എന്‍കോണ്‍സ്' സ്ഥാപകനും സി.ഇ.ഒയുമായ മോബി കെ. ബാബുവിന് ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍ സമ്മാനിച്ചു. ചടങ്ങില്‍ പ്രത്യേക സ്മരണികയുടെ  പ്രകാശനവും നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ തലച്ചല്ലൂര്‍, അമേരിക്കന്‍ റീജിയണ്‍ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ഗ്ലോബല്‍ പ്രോഗ്രാം കണ്‍വീനര്‍ ആന്‍സി തലച്ചല്ലൂര്‍, ഇന്ത്യ റീജിയണ്‍ ചെയര്‍മാന്‍ അഡ്വ. കെ. വി. സാബു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് പിള്ള തുടങ്ങിയ പ്രമുഖ സംഘടന നേതാക്കളും വിവിധ റീജിയണുകളെ പ്രതിനിധീകരിച്ച് നേതാക്കളും പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് രേഷ്മ റോയ്  കൊറിയോഗ്രാഹി നിര്‍വഹച്ചു റോയല്‍ ഡാന്‍സ് സ്റ്റുഡിയോ അവതരിപ്പിച്ച ഡബ്‌ള്യൂഎംസി  തീം ഡാന്‍സ്, ശീതള്‍ സെബിന്‍ കൊറിയോഗ്രാഫി  നിര്‍വഹിച്ച നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സിന്റെ സ്വാഗതാഞ്ജലി നൃത്തം, കൃഷ്ണകിരണ്‍ കിഷന്റെ ഓപ്പണിംഗ് ഡാന്‍സ്, ഡോണ്‍ വര്‍ഗീസ്, ശങ്കര്‍ നാരായണന്‍ എന്നിവരുടെ ഗാനമേള, അജി പണിക്കര്‍ - രേഷ്മ ടീമിന്റെ നൃത്തം, ഡോളി പടയാറ്റിലിന്റെ കവിതാലാപനം എന്നിവ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറി.  

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ആഗോള സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ തിങ്കളാഴ്ച സമാപിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക