
മലയും കടലും തഴുകിത്തഴുകി;
ഹരിതം വിളയും നാട്;
കേരങ്ങള്‍ കഥകളിയാടുന്ന,
കേരളമെന്ന നാട്;
മാവേലിക്കഥ മാറ്റൊലിയായ,
മലയാളികളുടെ നാട്;
സസ്യസമൃദ്ധിയിലൂഞ്ഞാലാടി,
മാടിവിളിക്കും ദേശത്ത്,
പഞ്ഞമാസം കര്‍ക്കിടകംപോയ്,
പൊന്നിന്‍ ചിങ്ങം വരവായി.
കര്‍ഷകനുള്ളിലുണര്‍വിന്‍ കാലം,
വിളവെടുപ്പിന്നാഹ്‌ളാദം;
ഇല്ലം നിറയെ, വല്ലം നിറയെ-
പതിരില്ലാത്ത പുന്നെല്ല്;
മേലാളര്‍ക്കും, കീഴാളര്‍ക്കും-
ഒരുമിക്കാനൊരുകാലം.
അത്തം തൊട്ടു പത്തു ദിനങ്ങള്‍,
ഓണത്തപ്പനെയെതിരേല്‍ക്കാല്‍,
പൂവിളികള്‍ക്കു കാതോര്‍ക്കാന്‍,
'പൂവേപൊലി' കള്‍ പാടീടാന്‍;
തിരുവോണത്തിന്‍ വര്‍ണ്ണവസന്തം,
തിരുമുറ്റത്തു പൂക്കളമായ്;
കാണം വിറ്റും പാവങ്ങള്‍ക്ക്-
ഓണമുണ്ണാനതിമോഹം;
മാലോകര്‍ക്കു കോടിയുടുത്തു,
മേളിക്കാനൊരുകാലം.
സമത്വസുന്ദരനാടിന്നോര്‍മ്മകള്‍-
കൊട്ടാരം, കുടിലോരുപോലെ;
സദ്യവട്ടം വിഭവ സമൃദ്ധം-
ആഘോഷങ്ങള്‍ പലമട്ടില്‍;
ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി,
കുമ്മാട്ടിക്കളി, പുലിക്കളി,
വഞ്ചിപ്പാട്ടിന്നാവേശത്തില്‍-
തുഴകള്‍ക്കമ്പേ, ഗതിവേഗം;
വായ്ത്താരികളാ,യുത്സവലഹരി,
കണ്‍കരളൊപ്പും ദൃശ്യങ്ങള്‍...
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ഓണംകേമം, കെങ്കേമം!