
ഏറെക്കാലമായി അമേരിക്കയിൽ താമസിക്കുന്ന എഴുത്തുകാരൻ സ്വന്തം നാടും ഭാഷയും തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമമാണ് തൻ്റെ കവിതയിലൂടെ നടത്തുന്നത്. ഗൃഹാതുര സ്പർശമുള്ള വികാരങ്ങൾ താലോലിക്കുവാൻ 'സഹ്യപുത്രി' എന്ന ഈ കവിതാസമാഹാരം വായനക്കാർക്കും അവസരം നൽകും.
സാമൂഹ്യപ്രതിബദ്ധതയുള്ള ഈ എഴുത്തുകാരൻ രചന നിർവ്വഹിക്കുന്നത് സൗന്ദര്യപ്രപഞ്ചം സൃഷ്ടിക്കുവാൻ മാത്രമല്ല, സമൂഹത്തെ വിമർശിക്കാനും തിരുത്തുവാനും കൂടിയാണ്. കവിയ്ക്ക് ചുറ്റുമുള്ള ലോകത്തോട് ചിലതൊക്കെ പറയാനുള്ളതു കൊണ്ടാണ് നിരന്തരമായി എഴുതുന്നത്, തനിക്ക് വഴങ്ങുന്ന മാധ്യമമായ കവിതയിലൂടെയാണ് ഈ കവി സംവേദിക്കുന്നത്.
സമാഹാരത്തിലെ ആദ്യകവിതയായ 'കൂടണയുമ്പോൾ' എന്ന കവിതയുടെ സന്ദർഭം റോഡിൽ താൻ ദൃക്സാക്ഷിയായ ഒരു വാഹനാപകടമാണ്. ഒരു സാധാരണ കാഴ്ചയെ ജേസിജെ കവിതയിലൂടെ അസാധാരണ അനുഭവമായി മാറ്റുന്നതിൽ വിജയിച്ചിരിക്കുന്നു.
"ഇന്നു നീയണയേണ്ടിയിരുന്ന
മനോഹര ചില്ലയിലൊരു
ദുഃഖം ചെന്നു ചേക്കേറുമല്ലോ"
എന്ന് പാടുന്നു. ഈ കവിതയിൽ മനുഷ്യരേയും പക്ഷികളേയും ഒരു പോലെ കാണുന്നു. കൂടും വീടുമൊക്കെ മാറിയും മറിഞ്ഞും വരുന്നു. നമുക്കു ചുറ്റും എന്തൊക്കെ സംഭവിച്ചാലും വേഗത്തിൽ കൂടണയണമെന്നു തന്നെയാകും മിക്കവരുടേയും ആഗ്രഹം.
കവിയുടെ ഉള്ളിലുള്ള വികാര വിചാരങ്ങളിൽ പ്രധാനം സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയാണ്. കവിതയിലൂടെ ഇദ്ദേഹം തൻ്റെ ധാർമ്മിക രോഷം പ്രകടിപ്പിക്കുന്നു.
"തീവ്രവാദത്തിൻ്റെ ലഹരിപൂണ്ടവർ
കാട്ടുചെന്നായ്‌ക്കളായ്
തെരുവിൽ നിങ്ങളെ കടിച്ചു ചീന്തവേ
പകച്ചതെന്തിനു കൂട്ടക്കൊല ചെയ്തു
പഴക്കമുള്ള മനുഷ്യസംസ്‌കാരമേ"
എന്ന് 'തെരുവ് നായ്‌ക്കൾ' എന്ന കവിതയിലുടെ കവി പൊട്ടിത്തെറിക്കുന്നത് നമുക്ക് കാണാം. സന്ദർഭത്തിനനുസരിച്ച് ശക്തമായ ഭാഷ ഉപയോഗിക്കുന്നതിൽ കവി വിജയിച്ചിരിക്കുന്നു.
"ആ നീലക്കടലിലെ
നീർ മുത്തുമണികളെ
വാനിൽ വച്ചാരോ നേർത്ത
വെള്ളപ്പട്ടണിയിച്ചു,
താഴേക്കു വിടുന്നിതാ
മുകിൽ മറനീക്കി
കാറ്റിൻ്റെ രഥമേറ്റി
വാനസേനകൾ പോലെ"

എന്ന് 'മായാജാലം' എന്ന കവിതയിൽ കാണുന്നത് ജേസിജെ യുടെ ജന്മസിദ്ധമായ കവിതാവാസനയ്‌ക്ക് ഉദാഹരണമാണ്.
'അതിരുകൾ' എന്ന കവിതയിൽ തനിക്ക് ചേരികളില്ലാത്ത അതിരുകളില്ലാത്ത അയൽപക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ചേരിയും അതിരുകളുമില്ലാത്ത ഒരു ലോകം ഉണ്ടാകണമെന്ന് കവി ആഗ്രഹിക്കുകയാണ്. തമ്മിൽ തച്ചുമുടിക്കാത്ത അയലെന്ന സ്വർഗ്ഗത്തിൽ നിസ്സാരനായി കവി ജീവിക്കുമ്പോൾ ആയുധമേന്തി അതിരുകാക്കുന്ന അജ്ഞാതനായ കൂട്ടുകാരനെയും വരച്ചിടുന്നുണ്ട്.
മൂല്യങ്ങളുടെ പ്രതിരൂപമായി കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് ക്രിസ്തുവാണ്. സ്നേഹം, ദയ, കരുണ, ക്ഷമ, വിനയം, തുടങ്ങിയ മൂല്യങ്ങളുടെ പ്രതിബിംബമായാണ് ക്രിസ്തു ഈ കവിതകളിൽ വരുന്നത്. ഏതു കവിതയിലും ഏതു നേരത്തും പ്രത്യക്ഷമായോ പരോക്ഷമായോ കടന്നുവരാവുന്ന സാന്ത്വനമൂർത്തിയാണ് ക്രിസ്തു.
"മെഴുകുതിരികൾ നിന്നെരിയും അൾത്താരയിൽ
ക്രൂശിതരൂപത്തിൻ്റെ ചുവട്ടിലിരിക്കുക
ക്രൂശിതൻ തൃക്കൺപാർക്കും സമ്പാദ്യസർവസ്വമേ"
എന്ന് 'ചില്ലിക്കാശുകൾ' എന്ന കവിതയിൽ ഭക്തി വഴിയുന്ന വരികൾ എഴുതുവാൻ പ്രാപ്തി നൽകും വിധം ആ വിശ്വാസം ശക്തമാണ്. എങ്കിലും ശ്രദ്ധ മതാനുഷ്ഠാനങ്ങളിലോ, മതാചാരങ്ങളിലോ അല്ല പിന്നയോ മൂല്യങ്ങളിലാണ്, മാനുഷിക മൂല്യങ്ങളിലാണ്.
"ശൂന്യമാണുപയോഗ-
ശൂന്യമാം വസ്തുക്കളെ
കൊണ്ടുചെന്നെറിഞ്ഞൊരാ
പാതയോരവും വീടും"
ഉപയോഗം കഴിഞ്ഞാൽ പിന്നെ എന്തും വലിച്ചെറിയാം, വലിച്ചെറിയണം അതൊക്കെ ബൾക്ക് പിക്കപ്പുകാർ വന്നു ശേഖരിച്ചു കൊണ്ടു പോയി ഇല്ലാതാക്കിക്കൊള്ളും എന്ന സമകാലിക സമ്പ്രദായം കുടുംബ ബന്ധങ്ങളിൽ പോലും സ്വാധീനം ചെലുത്തുന്നത് 'ബൾക്ക് പിക്കപ്പ്' എന്ന കവിതയിൽ വായിക്കാം.
പ്രകൃതിയെപ്പറ്റിയുള്ള തൻ്റെ കരുതൽ കവിതകളിൽ പ്രകടമാണ്. പക്ഷികളും മൃഗങ്ങളും ഇഴജാതികളുമെല്ലാം ഈ കവിതകളിൽ കഥാപാത്രങ്ങളായിത്തീരുന്നു. മനുഷ്യപ്രകൃതിയുടെ വൈരൂപ്യങ്ങളിൽ മനം മടുത്താണ് കവി പ്രകൃതിയിലേക്ക് കൂടുതൽ ചേർന്ന് നിൽക്കുന്നത്.
'ഭോജനശാല' എന്ന കവിതയിൽ ഒരു ഫ്യൂണറൽ ഹോമും ഒരു റെസ്റ്റോറൻ്റും തമ്മിലുള്ള സാമ്യം കവി കണ്ടെത്തുന്നു. ഈ ലോകം തന്നെ നമുക്കൊരു റെസ്റ്റോറൻ്റായിരുന്നല്ലോ, നാം എല്ലാം തിന്നുതിമിർത്തപ്പോൾ ലോകം നമ്മെയും തിന്നു തീർക്കുകയായിരുന്നു.
'കവിയുടെ സ്വപ്നങ്ങൾ' എന്ന കവിതയിൽ ഹൃത്തടങ്ങളെ കുളിരണിയിക്കുന്ന മഴയാണ് കവി സങ്കല്പങ്ങൾ. സ്വയം തപിച്ച് ഹൃദയാകാശത്തിലേക്ക് ഉയർന്ന് കാർമേഘമായി നീങ്ങി ലക്ഷ്യത്തിലെത്തും മുൻപ് ആർത്തിരമ്പി പെയ്യുന്ന ഒരു മഴയാണ് കവിയുടെ സ്വപ്നം.
"ദുഃഖിക്കുവോരുടെ കണ്ണിർക്കടലിലെ ഉപ്പുനീരാണ് കവിത" എന്ന നിർവ്വചനം മനസ്സിൽ തട്ടാതിരിക്കില്ല. തൻ്റെ കവിതയെ 'പോറ്റി വളർത്തിയൊരു പ്രാവായ് വാനിൽ പറത്തുന്നു' എന്ന മോഹം ഹിംസ പെരുത്ത ഇക്കാലത്ത് വളരെ പ്രസക്തമാണ്.
എം. എൻ. കാരശ്ശേരിയാണ് അവതാരിക എഴുതിയിരിക്കുന്നത്. 45 കവിതകളുടെ 101 പേജുള്ള ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് തിരുവനന്തപുരത്തുള്ള പരിധി പബ്ളിക്കേഷൻസാണ്. വില 100 രൂപ.

ജേ സി ജെ (ജേക്കബ് ജോൺ)
തിരുവനന്തപുരത്ത് ജനനം. പട്ടം സെൻ്റ് മേരീസ് ഹൈസ്കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി. കേരള സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം പഠിച്ചത് ഇംഗ്ളീഷ് സാഹിത്യത്തിലാണ്. റവന്യൂ ഡിപ്പാർട്ടുമെൻ്റിൽ ഉദ്യോഗസ്ഥനായിരുന്നു.
1992 ൽ വടക്കേ അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോൾ കുടുംബ സമേതം ന്യൂയോർക്കിൽ താമസിക്കുന്നു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന), ന്യൂജേഴ്സിയിലെ മാലിക എന്നീ സാഹിത്യ സാംസ്‌കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നു. 2023 - 2025 ൽ ലാനയുടെ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ആയിരുന്നു.
സഹ്യപുത്രി , ദൈവത്തിൻ്റെ സ്നേഹിതൻ, പരിഭ്രമത്തിൻ്റെ പാനപാത്രം, ദർശകൻ എന്നീ നാല് കവിതാസമാഹാരങ്ങൾ ഇതിനോടകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ എഴുതുന്നു.
ഭാര്യ :- ഉഷാ ജേക്കബ്, മക്കൾ :- ജെയ്സൺ ജേക്കബ്, ക്രിസ്റ്റീന ജേക്കബ്, email :- jacobjohn460@gmail.com