
ഓണം ഇതുപോലെ അടിപൊളിയായ കാലം ഓർമ്മയില്ല. ജലോത്സവങ്ങളും തൃപ്പൂണിത്തുറയിലെ അത്തച്ചമയവും തൃക്കാക്കരയിലെ ദശദിന മഹോത്സവവും, തൃശൂർ, പാലക്കാട്ടു ജില്ലകളിലെ ഓണത്തല്ലും മാറിനിൽക്കും, ഇത്തവണത്തെ ഓണസദ്യ ഓഫറുകൾ കണ്ടാൽ.
പത്ര, വാരികളും ചാനലുകളും ഓണം ഓഫറുകൾ കൊണ്ട് ആഗോളമലയാളിയെ മാസ്മരലോകത്തേക്കു മാടിവിളിക്കുന്നു. ആലീസ് ഇൻ വണ്ടർലാൻഡ് പോലെ. സ്വിഫ്റ്റ് മുതൽ മെഴ്‌സിഡസ് ബെൻസ് വരെ സമ്മാനങ്ങൾ. തമിഴ് നാട്ടിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരി മുളനാരുകൾ കീറി നെയ്ത 'വിശേഷ മുണ്ട്' അവതരിപ്പിക്കുന്നു. മറ്റൊരുകൂട്ടർ എലാസ്റ്റിക് പിടിപ്പിച്ച് പാന്റുപോലെ വലിച്ചു കയറ്റാവുന്ന മുണ്ടും.

തൂശൻ ഇല നിറയെ കുത്തരിച്ചോറും കറികളും
കാറും കസവു സാരിയും സ്വർണവും കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഓടിയടുക്കുന്നത് രണ്ടു പായസം ഉൾപ്പെടെ ഡസൻ കണക്കിന് വിഭവങ്ങൾ അണി നിരത്തിയ ഓണസദ്യയ്ക്ക് മുമ്പിലാണ്. കേരളത്തിലെ ഭക്ഷ്യനിർമ്മാണസ്ഥാപനങ്ങൾ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ഓണകിറ്റ് എത്തിക്കുന്നു. എറണാകുളത്തെ ഫ്രൂട്ടോമാൻസ്, പാലായിലെ ഡെയിലി ഡിലൈറ്റ് മുതൽ മുളംതുരുത്തി ആരക്കുന്നത്തെ അമ്മച്ചീസ് വരെ.

എറണാകുകുളം കുടുംബശ്രീ പ്രീമിയം കഫേയിലേക്കു സ്വാഗതം
വിഴിഞ്ഞവും ഓണവും തമ്മിയിൽ എന്ത് ബന്ധം? ഉണ്ട്. ഓണവിഭവങ്ങൾ കയറ്റിയ ആദ്യത്തെ കണ്ടൈനർ വിഴിഞ്ഞം തുറമുഖത്തുനിന്നു കഴഞ്ഞദിവസം സ്പെയിനിലെ വലെൻസ്യയിലേക്ക് പുറപ്പെട്ടു. നിലമേൽ എക്സ്പോർട്ടേഴ്‌സിന്റെ ശീതീകരിച്ച കണ്ടെയ് നറിൽ യൂറോപ്പിലെ മലയാളികൾക്ക് എന്നും ഓണം ഘോഷിക്കാനുള്ള ഉപ്പു മുതൽ കർപ്പൂരം വരെ കയറ്റിയിട്ടുണ്ട്.

തൃക്കാക്കരയിലെ ഓണസദ്യ
ശർക്കര, പഴംപൊരി, ചക്കച്ചുള വറുത്തത്, ഇലയട, ഇഡ്ഡലി, സാമ്പാർ എന്നിവ ആദ്യകണ്ടെയ്നറിൽ വിട്ടു. അടുത്തതിൽ മുരിങ്ങക്കാ സാമ്പാർ, തൊണ്ടൻ മുളകിട്ട മധുര പുളിശ്ശേരി, മധുര ഇഞ്ചിക്കറി, കുമ്പളങ്ങ ഓലൻ തുടങ്ങി 23 കറികളും ഇലയും പോകും. കപ്പൽ 28 ദിവസം കൊണ്ട് സ്പെയിനിൽ അടുക്കുന്നതിനാൽ യൂറോപ്യൻ മലയാളികൾക്ക് കുറഞ്ഞ ചെലവിൽ നല്ല ഓണം ആസ്വദിക്കാൻ കഴിയുമെന്ന് നിലമേൽ കമ്പനി ഉടമ സുരേഷ് മാത്യു പറഞ്ഞു. അതാണ് വിഴിഞ്ഞത്തിന്റെ ഗുണം.

വിഴിഞ്ഞത്തു നിന്ന് യൂറോപ്പിലേക്ക് ഓണം; സുരേഷ് മാത്യു
ന്യുയോർക്കിലെ കോണ്ടിനാസ്റ് ട്രാവലർ മാസികയുടെ ഇന്ത്യൻ പതിപ്പിൽ ഇത്തവണ കവർ സ്റോറി തന്നെ ഇന്ത്യയിൽ എവിടൊക്കെ ഓണം സദ്യ കഴിക്കാം എന്നതിനെക്കുറിച്ചാണ്. മലയാളം പതിപ്പ് പണ്ടേ പൂട്ടിക്കെട്ടി യെങ്കിലും ഇന്ത്യ ടുഡേ ഇംഗ്ളീഷും അതേ വിഷയത്തിൽ ഫോക്കസ് ചെയ്യുന്നു.

കോണ്ടിനാസ്റ് ട്രാവലർ ഇന്ത്യ പതിപ്പിലെ ഓണം ഓഫറുകൾ
ഡൽഹിയിൽ ആളൊന്നിന് 300-999 രൂപയ്ക്കു ഇലയിട്ടുസദ്യ കിട്ടുമെന്ന് ട്രാവലർ പറയുന്നു. ബോംബെയിൽ ഒരു പ്രശസ്ത സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റിൽ സദ്യയ്ക്ക് നിരക്ക് 2050. ബാംഗളൂരിൽ 350 രൂപമുതൽ മുകളിലേക്കാണ് റേറ്റ്. ഐടിസി വിൻഡ്സറിന്റെ ദക്ഷിണിയിൽ 2200. ഹൈദ്രബാദിലെയും കൊച്ചിയിലെയും ഓണസദ്യകളെക്കുറിച്ചും ട്രാവലർ പറയുന്നുണ്ട്.

ചെന്നൈ, ഡൽഹി ഗുഡ് ഗാവ് നഗരങ്ങളിലെ ഓണം കേളികൊട്ട്
കേരളത്തിന്റെ വിഭവസമൃദ്ധമായ ഓണസദ്യ രുചിയിലും ഗുണത്തിലും മികച്ചു നിൽക്കുന്ന സമീകൃതാ ഹാരമാണെന്നു വിദഗ്ദ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ സമർഥിക്കുന്നു. പ്രോട്ടീൻ നിറഞ്ഞ പരിപ്പും നെയ്യും പ്രോബയോട്ടിക് തൈരും പച്ചടിയും നാരു നിറഞ്ഞ തവിടു കളയാത്ത കുത്തരിച്ചോറും ഏത്തക്ക ഉപ്പേരിയും ശർക്കരവരട്ടിയും ഒക്കെ ചേർന്നാൽ സംപൂർണ്ണ ഭക്ഷണമായി. ഓണസദ്യയിലെ 35 വിഭവങ്ങളുടെ ലിസ്റ്റും ഇന്ത്യടുഡേ കൊടുത്തിട്ടുണ്ട്.
കേരളത്തിൽ ലുലുമാൾ ഉൾപ്പെടെ എല്ലാ മാളുകളിലും റെസ്റ്റോറന്റുകളിലും ഓണസദ്യയുണ്ട്. ലുലുമാളുകളിൽ ഓണകിറ്റ് നേരത്തെ ബുക്ക് ചെയ്യണം. തിരുവോണ നാളിൽ പോയി വാങ്ങാം. ഒരാളുടെ പായ്ക്കിന് 345 രൂപ.

കൊച്ചി ബൈപാസിൽ കാർത്യായിനിയിലെ താരങ്ങൾ
കേരളത്തിൽ ഇത്തവണ ഓണത്തിന് വിപ്ലവം നെയ്യുന്നതു കുടുംബശ്രീ ആണ്. സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന 288 റസ്റ്റോറന്റുകൾ സംസ്ഥാനത്തുടനീളം അവർക്കുണ്ട്. എ.സി. റെസ്റ്റോറന്റും ടേക്ക് എ ബ്രേക്ക് സൗകര്യവും അണിനിരത്തുന്ന 12 പ്രീമിയം കുടുംബശ്രീ കഫേകളും തുറന്നിട്ടുണ്ട്.
അങ്ങിനെയൊരെണ്ണം എന്റെ വീടിനടുത്ത് കുറവിലങ്ങാട് സയൻസ് സിറ്റിക്കു സമീപം എംസി റോഡരികിൽ ഉണ്ട്. തിരുവോണം പ്രമാണിച്ച് ഇലയും കപ്പും ഉൾപ്പെടെ 25 വിഭവങ്ങൾ കിറ്റിലാക്കി നൽകുമെന്നാണ് അവരുടെ ഓഫർ. അഞ്ചു പേർക്ക് കഴിക്കാവുന്ന സദ്യക്ക് നികുതി ഉൾപ്പെടെ 2500 രൂപ.

കോട്ടയം കോഴയിലെ പ്രീമിയം കഫെ സാരഥികൾ
ഉപ്പു മുതൽ ഉപ്പേരി, ശർക്കര വരട്ടി പഴം. മുളകു കൊ ണ്ടാട്ടം, നാരങ്ങ അച്ചാർ, മാങ്ങാ അച്ചാർ, ഇഞ്ചിക്കറി, കൂട്ടുകറി, കിച്ചടി, പച്ചടി,ഓലൻ, തോരൻ, അവിയൽ, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, കാളൻ , പച്ചമോര്, പരിപ്പ്-പാലട പായസങ്ങൾ, പപ്പടം എന്നിങ്ങനെയാണ് വിഭവങ്ങൾ.
എറണാകുളത്തു നിന്ന് ഇൻഫോപാർക്, കരിമുകൾ പിറവം, മോനിപ്പള്ളി വഴി കോട്ടയത്തേക്ക് വരുമ്പോൾ കോഴയിലെ റെസ്റ്റ്റോറന്റിന് മുമ്പിൽ ഞങ്ങൾ ചെന്നു പെട്ടു. വിശാലമായ പാർക്കിങ് സ്‌പേസിൽ നിരവധി കാറുകൾ. കെഎം മാണി തണൽ വിശ്രമകേന്ദ്രത്തിലാണ് റെസ്റ്റോറന്റ്.
അമ്പതോളം സ്ത്രീകൾ കൈകാര്യം ചെയ്യുന്ന കോഴ കഫെ തുറന്ന് മൂന്ന് മാസത്തിനകം മാസം അമ്പത് ലക്ഷത്തിന്റെ വിറ്റു വരവ് നേടിയെന്നു കുടുംബശ്രീ കൺസോർഷ്യത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ബീന തമ്പി പറഞ്ഞു. മിനി സജിയാണ് സെക്രട്ടറി. വിറ്റുവരവ് ഒരുലക്ഷം കവിഞ്ഞ ദിവസങ്ങളുമുണ്ട്.

കേരളത്തിൽ ആദ്യത്തെ പ്രീമിയം കഫേ അങ്കമാലിയിൽ
ദോശ, ഇഡ്ഡലി, ഇടിയപ്പം, മസാല ദോശ, പൂരി, പുട്ടു, വടകളോടെ രാവിലെ ആറരക്ക് കഫേ തുറക്കും. രാത്രി പതിനൊന്നര വരെ. 68 അതിഥികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ സങ്കേതം ഒരുങ്ങുന്നു. രണ്ടാം നിലയിലെ എസി ഹാളിൽ 110 പേർക്കിരിക്കാം. അവിടെ ഗ്രിൽഡ് വിഭവങ്ങൾ നൽകാനും പ്ലാനുണ്ട്.
കഫെ നിയന്ത്രിക്കുന്നത് വെളിയന്നൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലെ കുടുംബ ശ്രീയൂണിറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ബീന തമ്പി പ്രസിഡന്റ്, മിനി പി.പവിത്രൻ സെക്രട്ടറി. കഫെ സിഇഒ അശ്വതി, ഉഷഹരിദാസ്, മോളിരാജ്‌കുമാർ, സിന്ധു രമേശ്, ഷഹാന ജയേഷ് എന്നിവരാണ് അംഗങ്ങൾ. അവർ കഫെയിൽ എല്ലാ സേവനവും ചെയ്യും.

തിരുവനന്തപുരത്തെ ഓണം ഊണ്
ബി.കോം കാരി അശ്വതിയാണ് കഫെയുടെ ചീഫ് എക്സിക്യൂട്ടീവും അക്കൗണ്ടന്റും. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച അനൂപാണ് മാനേജർ. കോട്ടയം ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ പ്രതീക്ഷിച്ചതിലേറെ വിജയിച്ചതിൽ ഇരുവർക്കും അതിയായ ചാരിതാർഥ്യം ഉണ്ട്.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തു പാലോളി മുഹമ്മദ് കുട്ടി പഞ്ചായത്ത് മന്ത്രിയായിരിക്കുമ്പോഴാണ് കുടുംബശ്രീ പ്രസ്ഥാനം ആരംഭിക്കുന്നത്. 1998 ഫെബ്രുവരി 17നു പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അത് ഉദ്‌ഘാടനം ചെയ്‌ത പ്രസ്ഥാനം ഏഷ്യയിലെ ഏറ്റവും വലിയ വനിതാ സംഘടനയായി വളർന്നിട്ടുണ്ട്. 10 -20 സ്ത്രീകൾ അംഗങ്ങളായ 3,17,724 പ്രൈമറി യൂണിറ്റുകൾ ഇന്ന് കുടുംബശ്രീയിലുണ്ട്.