
ന്യൂഡൽഹി: ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പരിക്കേറ്റ 19-കാരനായ വിദ്യാർത്ഥിക്ക് നീതി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരിക്കേറ്റ വിദ്യാർഥിയുമായി ഡൽഹിയിലെ പൊലീസ് സ്റ്റേഷന് മുന്നിൽ അഞ്ച് മണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് സമരം നടത്തിയ രാഹുൽ ഗാന്ധി, എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.
വിദ്യാർത്ഥിയായ സാഹിൽ ലോച്ചബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാർച്ചിനിടെ പെല്ലറ്റ് ഗൺ പ്രയോഗം ഉണ്ടായെന്ന ആരോപണത്തിലാണ് കണ്ടാലറിയാവുന്ന വ്യക്തികൾക്കെതിരെ നിലവിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും പ്രതിയായി പേരെടുത്ത് പരാമർശിച്ചിട്ടില്ല.
ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സഹില്‍ ലോച്ചബ് എന്ന വിദ്യാര്‍ഥിയേയും കൂട്ടിയായിരുന്നു രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
പൊലീസ് അതിക്രമത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി നേരത്തെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് സെന്‍ട്രല്‍ ഡിസിപിയെയും രാഹുല്‍ കണ്ടിരുന്നു.
കേസെടുക്കുന്നതില്‍ വിസമ്മതം തുടര്‍ന്നതോടെയാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ധര്‍ണ നടത്തിയത്. പരാതി ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ താന്‍ പൊലീസ് സ്റ്റേഷനിലെ ധര്‍ണ തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ജന്തര്‍മന്തര്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്.