
രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ഒരു വാക്ക് മതി. ചിലപ്പോള്‍ ഒരു തലക്കെട്ട് മതി. അതും ഒരു പത്രത്തില്‍ വന്നാല്‍ പിന്നെ വാക്കിന് സ്വന്തം കാലും പാര്‍ട്ടിക്ക് സ്വന്തം തലയും പത്രത്തിന് സ്വന്തം തലവേദനയും ഉണ്ടാകും. ദേശാഭിമാനി പത്രത്തിന്റെ പുറംലോകം കാണാത്ത വാരാന്ത്യപ്പതിപ്പിലെ 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ട് കേരളത്തിലെ രാഷ്ട്രീയ നിഘണ്ടുവില്‍ കലിപ്പിന്റെ പുതിയൊരു അധ്യായം തുറന്നു. ഫീച്ചര്‍ ആരെക്കുറിച്ചാണെന്ന് വായിച്ചാല്‍ മനസ്സിലാകും. പക്ഷേ രാഷ്ട്രീയം വായിക്കുന്നത് അങ്ങനെ അല്ലല്ലോ. ഇവിടെ തലക്കെട്ട് വായിക്കും, അതില്‍ സ്വന്തം രാഷ്ട്രീയ സൗകര്യത്തിന് അര്‍ത്ഥം കണ്ടെത്തും, പിന്നെ അതിന്റെ പേരില്‍ യോഗം ചേരും. പ്രമേയം പാസാക്കി ഇങ്ക്വിലാബ് വിളിച്ച് കലഹത്തിനായി അണികള്‍ക്ക് വിട്ടുകൊടുക്കും.
അങ്ങനെ പുല്ലാംപാറ നാടക ഗ്രാമത്തിലെ 'കള്ളന്‍ വിജയന്‍' എന്ന നാടക പ്രവര്‍ത്തകന്റെ വിളിപ്പേര് ഒരു ദിവസം കൊണ്ട് രാഷ്ട്രീയ പ്രഹേളികയായി മാറി. നാടകത്തിലെ കഥാപാത്രം ആരായിരുന്നു എന്നതിനെക്കാള്‍, തലക്കെട്ടിലെ 'വിജയന്‍' ആരാണെന്ന ചോദ്യമാണ് പ്രധാനമായത്. സാഹിത്യത്തിന് രാഷ്ട്രീയം കയറിവന്നതല്ല; രാഷ്ട്രീയമാണ് സാഹിത്യത്തിലെ ഓരോ വാക്കിനും വോട്ടര്‍ ഐ.ഡി ചോദിക്കാന്‍ തുടങ്ങിയത്. നാടകപ്രവര്‍ത്തകനെക്കുറിച്ചുള്ള ഫീച്ചറായിരുന്നു അത്. പക്ഷേ, തലക്കെട്ടില്‍ തന്നെ ആള് തെളിഞ്ഞിരിപ്പുണ്ട്. ഭൂലോക കള്ളത്തരത്തിന്റെ മാസപ്പടിക്കേസ് ഇപ്പോള്‍ ലൈവായി നില്‍ക്കുകയും ചെയ്യുന്നു.
അത് പ്രവചന ബുദ്ധിയോടെ കണ്ട്, ഈ തലക്കെട്ട് രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന വിലയിരുത്തലില്‍ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് മാനേജ്‌മെന്റ് തടയുകയായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ ഒരു ഞായറാഴ്ച വാരാന്തപ്പതിപ്പ് ഒഴിവാക്കുന്നുവെന്ന് പത്രത്തില്‍ അറിയിപ്പ് നല്‍കുകയും പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്‌യ്തു. എന്നാല്‍ ഒരു ദിവസം വൈകിയ വാരാന്ത്യപ്പതിപ്പ് ഒടുവില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചെങ്കിലും ലേഖനം പൂര്‍ണ്ണമായും വാനീഷ് ചെയ്തു. വി.എസ് അച്യുതാനന്ദന്റെ പ്രത്യേക സ്മാരക പതിപ്പിലായിരുന്നു ഈ ഇരട്ടച്ചങ്കുള്ള കത്രിക വീണത്. പാര്‍ട്ടിയില്‍ അച്യുതാനന്ദനും വിജയനും രണ്ട് വഴിയിലാണല്ലോ.
ഫീച്ചര്‍ മൊത്തത്തില്‍ വെട്ടും മുമ്പ് തലക്കെട്ട് മാറ്റണോ വേണ്ടയോ എന്നതിനെച്ചൊല്ലി പത്രത്തിന്റെ ഡെസ്‌കില്‍ കൂലംകക്ഷമായ ചര്‍ച്ച നടന്നു. ഫീച്ചര്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നതിനെച്ചൊല്ലി തലപുകച്ചായിരുന്നു ആലോചന. പ്രസിദ്ധീകരണം വൈകിയതിന്റെ കാരണം സാങ്കേതിക പ്രശ്‌നമോ രാഷ്ട്രീയ പ്രശ്‌നമോ എന്നതിനെച്ചൊല്ലി വേറൊരു വട്ടമേശ സമ്മേളനം കൊടുമ്പിരി കൊണ്ടു. ഒടുവില്‍ ചര്‍ച്ചകളെല്ലാം തീര്‍ന്നപ്പോള്‍ ജോലി പോയത് പാവം എഡിറ്ററുടെ. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ആര്‍ അജയന്റെ കസേരയാണ് 'കള്ളന്‍ വിജയന്‍' തൂക്കിയത്. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ എഡിറ്റര്‍ ചുമതല വഹിച്ചിരുന്ന അജയനെ നേരത്തെ തല്‍ സ്ഥാനത്തുനിന്ന് ക്ലിയര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെ രാജിവയ്ക്കാനോ അല്ലെങ്കില്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാനോ ചീഫ് എഡിറ്റര്‍ വാക്കാല്‍ കല്‍പ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം 'പണി' വേണ്ടെന്ന് വച്ചത്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശന്‍ ചീഫ് എഡിറ്ററും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് റസിഡന്റ് എഡിറ്ററുമായി സിംഹഗര്‍ജനം നടത്തുമ്പോഴാണ് പാര്‍ട്ടി മുഖപത്രത്തിലെ നയപരമായ നോട്ടക്കുറവ് വിമര്‍ശനം വിളിച്ചുവരുത്തിയത്. ടി.സി രാജേഷ് സിന്ധു എഴുതിയ ഫീച്ചര്‍ മാറ്റണമെന്ന് മാനേജ്‌മെന്റ് മുന്‍കൂട്ടി ആവശ്യപ്പെട്ടിട്ടും വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന കെ.ആര്‍ അജയന്‍ അതിന് തയ്യാറാവാതിരുന്നതാണ് നേതൃത്വത്തിന് ചൊറിച്ചിലുണ്ടാക്കിയത്. ഏറ്റവും മികച്ചത് എന്ന നിലയിലാണ് 'കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ട് നല്‍കിയതെന്നും, തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ കെ.ആര്‍ അജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കടുത്ത തീരുമാനത്തിലേക്ക് പാര്‍ട്ടി കടക്കുകയായിരുന്നത്രേ.
ഇതോടെ കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു പുതിയ എഡിറ്റോറിയല്‍ നിയമം വന്നതുപോലെയാണ് തോന്നുന്നത്. വാര്‍ത്ത എഴുതാം. വാര്‍ത്ത പ്രസിദ്ധീകരിക്കാം. പക്ഷേ തലക്കെട്ട് ഇടുമ്പോള്‍ ആദ്യം പാര്‍ട്ടിയോട് ചോദിക്കണം. അല്ലെങ്കില്‍ അതിലും സുരക്ഷിതമായ മാര്‍ഗമുണ്ട്. തലക്കെട്ട് വേണ്ട. വാര്‍ത്ത മാത്രം ഇടാം. വായനക്കാര്‍ തന്നെ തലക്കെട്ട് കണ്ടെത്തിക്കോളും. വിചിത്രമെന്ന് പറയട്ടെ, ഒരു പത്രത്തിലെ തലക്കെട്ടിനെക്കുറിച്ചുള്ള വിവാദം ഒടുവില്‍ പത്രത്തിന്റെ എഡിറ്ററുടെ കസേരയിലേക്കെത്തി. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യയശാസ്ത്രം കൂട്ടിക്കലര്‍ത്തി വിളമ്പുന്നവരുടെ കാലത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഈ കഥയിലെ ഏറ്റവും വലിയ രാഷ്ട്രീയ പരിഹാസം. അതും അവരുടെ സ്വന്തം ചുവന്ന പത്രത്തില്‍.
ഒരു തലക്കെട്ട് പാര്‍ട്ടിയെ പേടിപ്പിക്കുമ്പോള്‍, ആ തലക്കെട്ടിന് അര്‍ത്ഥമുണ്ടോ എന്നതല്ല ചോദ്യം. ആര്‍ക്കാണ് പേടി തോന്നിയത് എന്നതാണ് ചോദ്യം. 'കള്ളന്‍ വിജയന്‍' എന്നത് ഒരു നാടകപ്രവര്‍ത്തകന്റെ പേരാണെങ്കില്‍ അത് അവിടെ തീരേണ്ട കാര്യമായിരുന്നു. പക്ഷേ പേരില്‍ 'വിജയന്‍' ഉണ്ടെന്നത് തന്നെ പ്രശ്‌നമായി. ഇനി മുതല്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകളോട് സാമ്യമുള്ള പേരുകളുള്ളവരെക്കുറിച്ച് ലേഖനം എഴുതുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാഗ്രത വേണം. 'വിജയന്‍' എന്ന പേര് ഉപയോഗിച്ചാല്‍ രാഷ്ട്രീയ പ്രശ്‌നം. 'സഖാവ്' എന്ന വാക്ക് ഉപയോഗിച്ചാല്‍ വ്യാഖ്യാന പ്രശ്‌നം. 'വികസനം' എന്നു പറഞ്ഞാല്‍ ഫയല്‍ പരിശോധിക്കണം. 'അഴിമതി' എന്നു പറഞ്ഞാല്‍ കേസ് വരാം. 'കള്ളന്‍' എന്നു പറഞ്ഞാല്‍ എഡിറ്റര്‍ പണി പോകാം.
ഒരു രാഷ്ട്രീയ നേതാവിന്റെ സ്മരണയെ സംരക്ഷിക്കാനായി ഒരു പത്രം സ്വന്തം തലക്കെട്ടുകളെ ഭയക്കേണ്ടി വരുമെങ്കില്‍, ആ പത്രത്തിന്റെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്..? അത് ഒരുപക്ഷേ ലോക്കറിലായിരിക്കും. ലോക്കറിന്റെ താക്കോല്‍ ആരുടെ കൈയിലാണെന്ന് വ്യക്തമല്ലേ. ഒരു തലക്കെട്ട് എഴുതാന്‍ പേന മതി. പക്ഷേ അതിന്റെ വില കൊടുക്കാന്‍ ചിലപ്പോള്‍ ഒരു കസേര തന്നെ വേണം. കേരളത്തിലെ രാഷ്ട്രീയ നാടകത്തിന് ഇടവേളയില്ല. അടുത്ത ഒരു ബെല്ലോടു കൂടി പുതിയ അങ്കം തുടങ്ങുകയായി. കാരണം തിരശ്ശീല വീണത് എഡിറ്ററുടെ മേലാണല്ലോ.