Image

'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍' പ്രകാശനം ചെയ്തു.

Published on 21 August, 2026
'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍' പ്രകാശനം ചെയ്തു.

പെന്‍സില്‍വേനിയ: പ്രവാസി മലയാള സാഹിത്യകാരനും എഡിറ്ററുമായ ബെന്നി നെച്ചൂരിന്റെ പുതിയ നാടകസമാഹാരം 'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍' പെന്‍സില്‍വേനിയ സംസ്ഥാനത്തെ പോക്കനോസിലുള്ള കലഹാരി റിസോര്‍ട്ടില്‍ വെച്ചു നടന്ന ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനിലെ ലളിതമായ ഒരു ചടങ്ങില്‍ പ്രകാശനം ചെയ്തു.

സാഹിത്യകാരനായ  മുരളി ജെ. നായര്‍, പ്രമുഖ എഴുത്തുകാരായ ഡോ. പ്രമീള ദേവി, ടി.ഡി. രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. വ്യത്യസ്ത സാമൂഹ്യപ്രമേയങ്ങള്‍ കൈകാര്യംചെയ്യുന്ന മൂന്ന് നാടകങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ നാടകങ്ങളെപ്പറ്റിയുള്ള ഹൃസ്വപഠനങ്ങള്‍ താന്‍ പുസ്തകത്തിന്റെ അവതാരികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുരളി ജെ. നായര്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ കഥകളും കവിതകളും ധാരാളമായി ഉണ്ടാകുന്നുണ്ടെങ്കിലും, നാടകരചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് വളരെ അപൂര്‍വ്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ അബ്ദുള്‍ പുന്നയൂര്‍ക്കുളം, സാംസി കൊടുമണ്‍, ഷീല എം.പി., ജേസിജെ., ഗീത ജോര്‍ജ് എന്നിവര്‍ പങ്കെുടുക്കുകയും ബെന്നി നെച്ചൂരിന് ഭാവുകങ്ങള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.

വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ജീവിതം തുടിക്കുന്ന 65 കഥകള്‍ കോര്‍ത്തിണക്കി ബെന്നി നെച്ചൂര്‍ എഡിറ്റ് ചെയ്ത 'അമേരിക്കന്‍ കഥക്കൂട്ടം', അനുഭവക്കുറിപ്പുകളായ 'പുല്ലാന്തറയാറിലെ ചുഴികള്‍' എന്നീ പുസ്തകങ്ങള്‍ക്ക് ശേഷമാണ് പുതിയ നാടകസമാഹാരം പുറത്തിറങ്ങുന്നത്.

 

https://greenbooksindia.com/pullantharayarile-rangamanchangal-benny-nechoor

 

പുസ്തക വിവരങ്ങള്‍:

കൃതി: പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍ (നാടകം)
രചന: ബെന്നി നെച്ചൂര്‍
പ്രസാധകര്‍: ഗ്രീന്‍ ബുക്‌സ്, തൃശൂര്‍
വില: 130

 

Join WhatsApp News
Jayan Varghese 2026-08-21 10:25:00
സാഹിത്യം ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന മഹാനായ സാഹിത്യ പ്രവർത്തകനാണ് എന്റെ ആത്മസുഹൃത്ത് ശ്രീ ബെന്നി നെച്ചൂർ. അദ്ദേഹത്തിന് ആദരവുകളോടെ അഭിവാദനങ്ങൾ. ജയൻ വർഗീസ്.
Abdul 2026-08-21 11:33:38
Good to see, Benny. congratulations.
കോരസൺ 2026-08-21 13:15:30
ഒരു യാത്രയ്ക്കിടെ, പച്ചനിറത്തിൽ പൊതിഞ്ഞ ഒരു ചെറുപുസ്തകം ശ്രീ. ബെന്നി തന്റെ കോട്ടിന്റെ ഹൃദയഭാഗത്തുനിന്ന് പുറത്തെടുത്ത് എന്റെ കൈകളിലേക്ക് നീട്ടി. “ഒന്ന് വായിച്ചുനോക്കൂ…” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഞാനും അധികം ആലോചിക്കാതെ, ആ പുസ്തകത്തിന് എന്റെ കോട്ടിന്റെ ഹൃദയഭാഗത്തുതന്നെ ഒരിടം നൽകി. യാത്ര തുടർന്നു. പിന്നീട് ‘പുല്ലാന്തയാറിലെ രംഗമഞ്ചങ്ങൾ’ തുറന്നുവായിച്ചപ്പോൾ, അതൊരു പുസ്തകം മാത്രമല്ലെന്ന് തിരിച്ചറിഞ്ഞു. ശ്രീ. ബെന്നിയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന മനുഷ്യരും ജീവിതാനുഭവങ്ങളും ഓർമ്മകളും വികാരങ്ങളും ഇഴചേർന്ന, ഹൃദയഹാരിയായ ഒരു അവതരണമായിരുന്നു അത്. വായനയുടെ വിശാലമായ വിഹായസ്സിൽ ബെന്നി പലർക്കും ഇന്നും ഒരു പിടികിട്ടാപ്പുള്ളിയായിരിക്കാം. എന്നാൽ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാർക്ക് ബെന്നി എന്നും ഒരു പ്രചോദനവും പ്രോത്സാഹനവുമാണ്. മറ്റുള്ളവരുടെ എഴുത്തിനെ ചേർത്തുപിടിക്കുകയും, അവരിലെ സർഗാത്മകതയെ ഉണർത്തുകയും ചെയ്യുന്നതിനൊപ്പം, എഴുത്തിന്റെ ലോകത്ത് തന്റേതായ ശൈലിയും ഇടവും കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു യാത്രയിൽ കോട്ടിന്റെ ഹൃദയഭാഗത്ത് ഇടം നേടിയ ആ ചെറിയ പുസ്തകം, വായന കഴിഞ്ഞപ്പോൾ മനസ്സിന്റെ ഹൃദയഭാഗത്തും ഇടം നേടി. ‘പുല്ലാന്തയാറിലെ രംഗമഞ്ചങ്ങൾ’ക്ക് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ. ബെന്നിയുടെ എഴുത്തുയാത്രയ്ക്ക് ഇനിയും അനേകം രംഗമഞ്ചങ്ങളും വെളിച്ചങ്ങളും ഉണ്ടാകട്ടെ. - കോരസൺ
Sudhir Panikkaveetil 2026-08-21 13:36:49
ആശംസകൾ അഭിനന്ദനങ്ങൾ പ്രിയ ബെന്നി !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക