Image

കാണാതായ പെൺകുട്ടി (ഓണം സ്പെഷ്യല്‍ ചെറുകഥ: സുരേന്ദ്രൻ മങ്ങാട്ട്)

Published on 21 August, 2026
കാണാതായ പെൺകുട്ടി (ഓണം സ്പെഷ്യല്‍ ചെറുകഥ: സുരേന്ദ്രൻ മങ്ങാട്ട്)

" ഒരൊറ്റ  സംശയം ബാക്കി .......''

പരിക്ഷീണിതനായ മധ്യവയസ്കൻ മുന്നോട്ടാഞ്ഞിരുന്ന്, ഇൻസ്പെക്ടറുടെ മുഖത്തേക്ക് നോക്കി. പോലീസ് ഉദ്യോഗസ്ഥൻ മുന്നിലിരിക്കുന്ന കബീറിനെയും തന്റെ ഇരിപ്പിടത്തിന് ഇടതുവശത്തായി നിൽക്കുന്ന പെൺകുട്ടിയെയും യുവാവിനെയും ആകെയൊന്ന്  നോക്കിയശേഷം പ്രതിവചിച്ചു,

" കബീർ പറയ്യ്..."

വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി കാണാതായ മൂന്നുനാൾ കൊണ്ട് മൂന്നു കാലങ്ങൾക്കപ്പുറത്തേക്ക് അപരിചിതയായി പരിണാമം കൊണ്ട മകളെ കബീർ നിറഞ്ഞ കണ്ണുകളോടെ നോക്കി. അവൾ ജനിച്ചതിനു ശേഷം പിച്ചവച്ചതും വളർന്നതും പൊട്ടിച്ചിരിച്ചതും ക്യാമറയിൽ പകർത്തി, വലിയ ചിത്രങ്ങളായി അയാൾ തന്റെ ഒറ്റമുറി സ്റ്റുഡിയോയുടെ ചുമരിലൊരു ഭാഗത്ത് അലങ്കരിച്ചിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ പത്തൊമ്പത് വയസ്സ് തികഞ്ഞയന്നാണ് അവൾക്ക്  ശലഭങ്ങളുടെ ചിത്രമുള്ള ഒരു ഉടുപ്പും വിലകൂടിയ മൊബൈൽഫോണും അയാൾ വാങ്ങി കൊടുത്തത്. ഒരു ചിത്രശലഭം പോലെ അവൾ ഉയർന്നുപൊങ്ങിയതും മൊബൈൽ ഫോണിൽ മുഖം ചേർത്ത് വച്ചതും അയാളെടുത്ത അവളുടെ അവസാന ചിത്രമായിരുന്നു. പിന്നെ,പിന്നെയാണ് അയാൾക്കും ഭാര്യക്കും അവളുടെ സൗഹൃദം നഷ്ടപ്പെട്ടു തുടങ്ങിയത്. പെൺകുട്ടി അവരുടെ ഏക മകളാണ്. മൊബൈൽ ഫോണിൽ ഡിജിറ്റൽ ലോകത്തിലിരുന്ന് അവൾ അവരേക്കാൾ വിവരവും ബോധവും ഉളളവളായി.

അവളുടെ ചിരിയിൽ പുച്ഛത്തിന്റെ രസമുകുളങ്ങൾ തെളിഞ്ഞു. വാപ്പയെ പഴഞ്ചനെന്ന് അവൾ ബോധ്യപ്പെടുത്തിയത് ഈയിടെ അയാളുടെ വിഫലമായ തിരുത്തൽശ്രമങ്ങൾക്കിടയിലായിരുന്നു.

"കബീർ ഒന്നും പറഞ്ഞില്ല ....' ഇൻസ്പെക്ടർ ഓർമ്മപ്പെടുത്തി.

" ഇങ്ങനെയൊരു ബന്ധം എന്റെയറിവിൽ ഇല്ല. ഒരു ഹിന്ദു പയ്യനുമായി  അടുപ്പമുള്ളതറിയം.അപ്പോളിതെങ്ങനെ....?

ഇൻസ്പെക്ടറുടെ പ്രതികരണം അല്പമുയർന്ന ശബ്ദത്തിലായി.

" അതാണല്ലോ മിസ്സിങ്ങ് കേസ് എടുക്കാതെ തന്നെ കബീർ വിവരം പറഞ്ഞ പിറ്റേന്ന്  വിഷ്ണുരാജിനെ വണ്ടിയടക്കം പിടിച്ചുകൊണ്ടുവന്നത്.."

ഇൻസ്പെക്ടർ തുറന്നിട്ട ജനാലയിലൂടെ സ്റ്റേഷൻ കോമ്പൗണ്ടിൽ, മതിലിനോട് ചേർത്ത് സ്റ്റാൻഡിൽ ചെരിഞ്ഞ് നിർത്തിയിരിക്കുന്ന കറുത്ത പൾസർ ബൈക്കിലേക്ക് കണ്ണയച്ചു.

"വാപ്പ പറഞ്ഞതിൽ കാര്യമുണ്ടോ..?"


വര: പി ആര്‍ രാജന്‍

പെൺകുട്ടിയോട് പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത് യുവാവ് ചോദിക്കാനാഗ്രഹിച്ചതാണെന്ന് ഉത്കണ്ഠ മുറുകിയ അവന്റെ മുഖം വെളിപ്പെടുത്തി.

മുറിക്ക് പുറത്തുനിന്നും  അൽത്താഫിന്റെ ഉമ്മയുടെ തട്ടമിട്ട് പാതി മറച്ച മുഖം, വാതിലിന്റെ മറവിൽ നിന്നും അകത്തേക്ക് നീണ്ടു.

പെൺകുട്ടി കണ്ണുകൾ താഴ്ത്തി.

" അവൻ ഞാൻ വിളിച്ചിട്ട് എടുത്തില്ല. തിരിച്ചും വിളിച്ചില്ല .."

പെൺകുട്ടി  ഒന്നു നിർത്തി, പിന്നെ ഇൻസ്പെക്ടറെ നോക്കി,

"വിഷ്ണുനെ ഒന്നുകാണാൻ  പറ്റോ, ഞാൻ ഇവന്റെ കൂടെയുള്ള വിവരം അവന് അറിയില്ല..."

പെൺകുട്ടിയുടെ ഒരു ക്ലാസ്സ് സീനിയറായിരുന്നു വിഷ്ണു.

പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണുവിനെ എത്തിക്കാൻ ഏർപ്പാട് ചെയ്തു.

മുറിയിലേക്കപ്പോൾ അൽത്താഫിന്റെ ഉമ്മ സംസാരിക്കാനുള്ള ധൈര്യം സംഭരിച്ചു കൊണ്ട് കയറി വന്നു.

"സാർ, കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇവന്റെ കൂടെ വീട്ടിലെത്തീട്ട് മൂന്നു ദിവസായി. ഞാനിവരടെ നിക്കാഹ് നടത്താനുള്ള ഓട്ടത്തിലാ. കുട്ടീടെ വീട്ടുകാരെ അറിയിക്കാൻ പള്ളി കമ്മറ്റീനെ ബന്ധപ്പെട്ടതാ . അപ്പോഴാ ഇവിടന്ന് വിളി വന്നത്....."

മേശപ്പുറത്ത് വെച്ചിരുന്ന കോൾ ഡീറ്റെയിൽസ് റെക്കോർഡുകൾ ഫയലിൽ കെട്ടി, ഒരു വശത്തേക്ക് മാറ്റവേ ഇൻസ്പെക്ടർ ശാന്തമായി പറഞ്ഞു,

"തട്ടികൊണ്ടുപോയതൊന്നുമല്ല എന്ന് കുട്ടീടെ വാപ്പക്കും എനിക്കും അറിയാം."

 അൽത്താഫ് ഗൾഫിൽ നിന്ന് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ.

ഡിഗ്രി പഠനം പാതിവഴിയിലിട്ട്  ഉപ്പയുടെ കൂടെ വിദേശത്ത് പോയത് നാല് വർഷം മുമ്പാണ്. പത്താം ക്ലാസിൽ പഠിക്കുന്ന അനിയത്തിയുടെ കൂട്ടുകാരിയോട് ഒരിഷ്ടമുള്ളതു തുറന്നു പറയാൻ അവന് മടിയുണ്ടായില്ല. അവളുത്തരമൊന്നും അന്നു പറഞ്ഞിരുന്നില്ല.

ഇടയ്ക്കൊക്കെ സന്ദേശങ്ങളയക്കാറുണ്ടെങ്കിലും വളരെ ഗൗരവത്തിൽ കാണണം എന്നും വീട്ടിൽ നിന്നിറങ്ങിയെന്നും പറഞ്ഞപ്പോൾ അൽത്താഫ് അത്ഭുതം കൂറി. ചേറ്റുവ പാലത്തിനടുത്ത് കാത്തു നിന്ന ഹൂറി നാല് വർഷങ്ങൾക്കുശേഷം അവനുത്തരം കൊടുത്തു.

സ്റ്റേഷൻ മുറ്റത്ത് ഉയരത്തിൽ വളർന്ന് പടർന്നു നിൽക്കുന്ന ബദാം മരത്തണലിൽ നിന്ന് ചെറു ചർച്ചകളിലായിരുന്നു അൽത്താഫിനോടൊപ്പം രണ്ടു കാറുകളിലായി വന്ന ബന്ധുക്കൾ. അവർക്കിടയിലൂടെ നീളൻമുടി കോതിയൊതുക്കി ഒരു ചെറുപ്പക്കാരൻ സ്റ്റേഷനകത്തേക്ക് കയറി.

പ്രസന്നമായ മുഖത്ത് കഴിഞ്ഞ പകൽ മുഴുവൻ സ്റ്റേഷനിൽ മൂലയ്ക്കിരുത്തിയതിന്റെ വൈഷമ്യങ്ങളൊന്നുമില്ല.

"വിഷ്ണു എത്തിയല്ലോ ...."

ഇൻസ്പെക്ടർ ഇനിയെന്തെന്ന മട്ടിൽ പെൺകുട്ടിയെ നോക്കി.

"എനിക്കിവനോട് സംസാരിക്കണം.."

അൽത്താഫിന്റെ ചിന്താഭാരങ്ങളെ അവഗണിച്ച് ഇൻസ്പെക്ടറുടെ ഓഫീസ് മുറിയോട് ചേർന്ന് റൈറ്ററുടെ കുടുസ്സായ മുറിയിലേക്ക് ചെറുപ്പക്കാരനു മുന്നിലായി അവൾ നീങ്ങി. അവൾ അവനെ ശകാരിക്കുകയാണോ, അവൻ ചിരിക്കുകയാണോ അറിയില്ല. ഒരു പക്ഷേ വാക്പോരായിരിക്കാം.

"അവർ സംസാരിക്കട്ടെ....''

പോലീസ് ഉദ്യോഗസ്ഥൻ കബീറിനോടെന്ന രീതിയിൽ ശബ്ദം താഴ്ത്തി പറഞ്ഞപ്പോൾ മധ്യവയസ്കനിൽ നിന്നും അതിലും നേർത്ത ശബ്ദം പുറത്തുചാടി.

" കഴിഞ്ഞയാഴ്ച  ഈ പയ്യന്റെ പേരും പറഞ്ഞായിരുന്നു വീട്ടിൽ വഴക്ക്.  ഇറങ്ങിപ്പോക്ക് ഭീഷണി....."

റൈറ്ററുടെ മുറിയിൽ നിന്നും പെൺകുട്ടി വിഷ്ണുവിന്റെ കൈപിടിച്ചു ഓഫീസ് മുറിയിലേക്ക് തിരിച്ചു  വന്നു.

" ഇവന്റെ മൊബൈൽ തകരാറ് വന്നതു കൊണ്ടാ വിളിച്ചിട്ട് കിട്ടാഞ്ഞത്. ഞാൻ വീട്ടീന്നിറങ്ങിയതുകൊണ്ട് മടങ്ങീല്ല. അതാ അൽത്താഫിനെ വിളിച്ചത്...."

അൽത്താഫിന്റെ തൊണ്ടയിൽ ശ്വാസം തടഞ്ഞു.

കണ്ണുകൾ തുടിച്ചു.


വര: പി ആര്‍ രാജന്‍

ഓഫീസിനകത്തു നിന്നിരുന്ന ഉമ്മ ചുമരിലേക്ക് ചാഞ്ഞു നിന്നു.

വിഷ്ണുവിന്റെ മുഖത്ത് അപ്പോഴും സ്വതസിദ്ധമായ പുഞ്ചിരി നിറഞ്ഞു.

" ഞാൻ വിഷ്ണുവിന്റെ കൂടെ പോകുന്നു. കല്യാണം ഇന്നുതന്നെ രജിസ്റ്റർ ചെയ്തു തരാൻ ഇവന്റെ വീട്ടുകാരുണ്ട്.''

അവൾ വാപ്പയെ നോക്കുവാൻ ശ്രമിച്ചില്ല.

അയാൾ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു.

അൽത്താഫിന്റെ  തകർന്നൊടിഞ്ഞു വീഴാൻ പാകത്തിൽ വിറ കൊളളുന്ന രൂപം അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല.

"എന്റെ വണ്ടിയുടെ താക്കോൽ തരാമോ, സാർ  ...''

താക്കോൽ വാങ്ങി ചെറുപ്പക്കാരൻ പെൺകുട്ടിയുമായി പുറത്തേക്ക് നടന്നു.

ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതും മുറ്റത്തെ പൂഴിമണലിൽ വൃത്തം വരച്ച്, അവർ ഒട്ടി ചേർന്നിരുന്ന് പുറത്തേക്ക് പറന്നു പോകുന്നതും ഇൻസ്പെക്ടർക്ക് കാണാമായിരുന്നു.

മധ്യവയസ്കൻ കസേരയിൽ നിന്നെഴുന്നേറ്റു .

അയാളുടെ മുഖത്ത് അപ്പോൾ അസാധാരണമായ ഘനമുള്ള നിർവ്വികാരത തുടിച്ചു നിന്നിരുന്നു.

"പ്രായപൂർത്തിയായവരല്ലെ......"

പോലീസ് ഉദ്യോഗസ്ഥൻ അയാളെ ആശ്വസിപ്പിക്കാനായി വെറുതെ പറഞ്ഞു.

" ശരിതന്നെ.പക്ഷേ, വീണ്ടുമൊരു സംശയം,  സർ ...."

ഇൻസ്പെക്ടർ ചോദ്യഭാവത്തിൽ കബീറിനെ നോക്കി.

"പയ്യന് ഇരുപത്തൊന്നായിട്ടില്ലെന്ന് തോന്നുന്നു. "

ഓഫീസ് മുറിയും പരിസരവും ആളൊഴിഞ്ഞിരുന്നു. ഒരു പക്ഷിയുടെ വട്ടമിട്ടു പറക്കൽപ്പോലെ,

പൾസർ ബൈക്കിന്റെ മടങ്ങി വരവും കാത്ത് കബീർ ഓഫീസിനു പുറത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക