Image

എഴുത്തിന്‍റെ പുതിയ ആകാശങ്ങള്‍ (ഓണം സ്പെഷ്യല്‍: മാങ്ങാട് രത്‌നാകരൻ)

Published on 21 August, 2026
എഴുത്തിന്‍റെ പുതിയ ആകാശങ്ങള്‍ (ഓണം സ്പെഷ്യല്‍: മാങ്ങാട് രത്‌നാകരൻ)

പത്രത്താളും സൈബറാകാശവും: ചിതറിയ ചില ചിന്തകൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തെ കാൽനൂറ്റാണ്ടിൽ മലയാളസാഹിത്യരംഗത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എന്താണ്? ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ നാല്പതോളം വർഷങ്ങളിൽ ജീവിച്ച ഇതെഴുതുന്നയാളെ സംബന്ധിച്ചിടത്തോളം, അത് എഴുതാൻ താല്പര്യമുള്ളവർക്കെല്ലാം എഴുത്തുകാരനാവാൻ അവസരമൊരുങ്ങി എന്നതാണ്. സാങ്കേതികവിദ്യ അവന്റെ വിരൽത്തുമ്പിൽ കുടിയിരുന്ന് സ്‌നേഹത്തോടെ മന്ത്രിച്ചു: എഴുതു; എന്തെങ്കിലും എഴുതു. ആ പ്രലോഭനത്തിൽ വംശവദനായി എഴുതാൻ വലിയ താല്പര്യമില്ലാത്തവർപോലും വാളെടുത്ത് വാളിൽ (wall) 'രക്തലിപി'കൾ കോറിയിട്ടു. രക്തലിപികൾ എന്ന് ബോധപൂർവം എഴുതിയതാണ്. മുറിവേല്പിക്കാനാണല്ലോ പലരും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതുതന്നെ!

ആരെയും കുറച്ചുകാണിക്കാൻ പറഞ്ഞതല്ല, കാരണം, എന്റെ സുഹൃത്തുക്കളിൽ പലരും വാളിൽ എഴുതി ജനപ്രീതി നേടിയവരാണ്. ഒരു ഉദാഹരണത്തിന്, ഈയിടെ നമ്മെ വിട്ടുപോയ, പ്രിയപ്പെട്ട സുഹൃത്ത് എൻ.രവിശങ്കർ, മലയാളത്തിൽ അതേ പേരിലും ഇംഗ്ലീഷിൽ റാഷ് (Ra Sh) എന്ന പേരിലും എഴുതി. ഫേസ്ബുക്ക് പ്രചുരപ്രചാരമാർജിച്ചതിനുശേഷമാണ് ആത്മകഥാപരമായ ദില്ലി കി കലാകാർ ആദ്മി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്.

മുമ്പെല്ലാം നമ്മുടെ എഴുത്തുകാർ അഭിമാനപൂർവം പറയാറുണ്ടായിരുന്നു: എന്റെ രചന എൻ.വി.കൃഷ്ണവാരിയരുടെ കയ്യിലൂടെ, അല്ലെങ്കിൽ എം.ടി.വാസുദേവൻ നായരുടെ കയ്യിലൂടെ  കടന്നുപോയിട്ടാണ് വായനക്കാരുടെ കൈയിലെത്തിയത് എന്ന്. ഇന്ന് എഴുത്തുകാർ ഇങ്ങനെ പറഞ്ഞേക്കും: കിഴവൻ പത്രാധിപന്മാരുടെ ഭാവുകത്വം ജീർണ്ണമാണ്, അവരിലൂടെ എന്റെ രചന വരുന്നതുതന്നെ നാണക്കേടാണ്. എനിക്കും വായനക്കാരനും നടുവിൽ പത്രാധിപർ എന്ന കടൽക്കിഴവൻ വേണ്ട. പണ്ട് കുഞ്ഞുണ്ണിമാഷ് ഒരു കവിതയിൽ പറഞ്ഞതുപോലെ, ''ഗുരുവിനും ശിഷ്യനും മധ്യത്തിൽ പുസ്തകം ഗുരുതരമായ തടസ്സമല്ലോ.'' പുസ്തകം മാത്രമല്ല, പത്രാധിപരും ഗുരുതരമായ തടസ്സമായിത്തീർന്നിരിക്കുന്നു. മലയാളത്തിലെ ആധുനികതയുടെ കാലത്ത് പരമ്പരാഗത മാസികകളിൽ പ്രവേശനം കിട്ടാതിരുന്ന എഴുത്തുകാർ ലിറ്റിൽ മാഗസിനുകളിലൂടെയും കവിയരങ്ങുകളിലൂടെയുമാണ് വായനക്കാരിലേക്കും കേൾവിക്കാരിലേക്കും എത്തിയത്. അതു വലിയൊരു പ്രതിരോധവും പോരാട്ടവുമായിരുന്നു.

ചരിത്രമോ സാഹിത്യമോ ഒറ്റയടിപ്പാതയല്ലല്ലോ. സൈബർ പ്രപഞ്ചത്തിൽ പല ഭ്രമണപഥങ്ങളിലൂടെ നീങ്ങിയ സാഹിത്യഭാവന, ഗുട്ടൻബർഗ് പ്രപഞ്ചത്തെയും വശീകരിച്ചു. സൈബർലോകത്ത് കീർത്തിനേടിയവരുടെ പ്രഭാവലയം അച്ചടിമാധ്യമങ്ങളിൽ തിളങ്ങിയവരുടേതിനേക്കാൾ വ്യാസത്തോടെ പ്രഭചൊരിഞ്ഞപ്പോൾ പത്രാധിപന്മാർ മയന്റെ കൊട്ടാരത്തിലെ ദുര്യോധനനെപ്പോലെ സ്ഥലജലവിഭ്രാന്തിയിൽപ്പെട്ടു. സൈബർ ലോകത്തിലെ എഴുത്തുകാരനെ കേട്ടിട്ടില്ലെന്നു പറഞ്ഞാൽ ആളുകൾ പഴഞ്ചനായി കൂട്ടുമോ? അങ്ങനെ സൈബർ സഞ്ചാരികൾ മണ്ണിലേക്കിറങ്ങി, ഗുട്ടൻബർഗ് വെട്ടിയ പാതയിലൂടെ തലയുയർത്തി നടന്നുപോയി.

സൈബർ ലോകത്തിൽ കുത്തിമറിയുന്ന എഴുത്തുകാർ കേൾക്കാറുള്ള പ്രധാനപ്പെട്ട പഴി, സ്വയം വാഴ്ത്തി പ്രസ്ഥാനത്തിലെ അംഗങ്ങളാണ് അവർ എന്നതാണ്, അഥവാ ആത്മാനുരാഗികൾ. ആത്മാനുരാഗത്തിലും സ്വയം വാഴ്ത്തലിലും എന്താണ് തെറ്റ്? ആത്മാനുരാഗികൾ ചോദിക്കുന്നു. കുറച്ചുനാൾ മുമ്പ് ഒരു കോളമിസ്റ്റ്, തന്റെ കോളത്തിൽ തന്നെത്തന്നെ വാനോളം പുകഴ്ത്തി കുറിപ്പിട്ടപ്പോൾ മറ്റൊരു കോളമിസ്റ്റിനു രസിച്ചില്ല, ക്രൂരമായി പരിഹസിച്ചു, അപ്പോൾ പരിഹാസവിധേയനായ ഒന്നാം കോളമിസ്റ്റ്, ചന്ദ്രഹാസമിളക്കുകയാണ്: എന്നെ ആരും പുകഴ്ത്തുന്നില്ല. താങ്കൾ എന്നെ പുകഴ്ത്തി താങ്കളുടെ കോളത്തിൽ എഴുതിയാൽ ഞാൻ എന്റെ കോളത്തിൽ സ്വയം പുകഴ്ത്തുന്നത് നിർത്താം. എങ്ങനെയുണ്ട്!

മറ്റൊരു വഴിക്കാലോചിച്ചാൽ, ഇതൊരു 'മൂന്നാംലോക പ്രതിസന്ധി'യാണ്. ഒരുപക്ഷേ യൂറോപ്പിലേയോ അമേരിക്കയിലേയോ വിജയിച്ച, അതായത് പുസ്തകങ്ങൾ നല്ല മാതിരി വിറ്റുപോകുന്ന ഒരെഴുത്തുകാരന്, വില്പനയെക്കുറിച്ച് ആലോചിക്കാതെ, ഒരു ഏജന്റിനെയോ സെക്രട്ടറിയേയോ വെച്ച്, എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ഇതുമായി ബന്ധപ്പെട്ട്, ഞാൻ നേരിട്ടു കേട്ടിട്ടുള്ള രണ്ടു കഥകൾ എഴുതട്ടെ:

ഒന്ന്, മലയാളത്തിലെ എക്കാലത്തെയും വിജയിച്ച എഴുത്തുകാരനായ എം.ടി.വാസുദേവൻ നായർ പറഞ്ഞതാണ്. ജർമ്മനിയിൽ പോയപ്പോൾ, വിഖ്യാത എഴുത്തുകാരനും നൊബേൽ ജേതാവുമായ ഗുന്തർ ഗ്രസ്സിനെ കാണാനും ഒരഭിമുഖം നടത്താനും ആഗ്രഹിച്ചു. ഗ്രസ്സിന്റെ ഒരു പ്രസാധകൻ നൽകിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ എഴുത്തുകാരന്റെ സെക്രട്ടറിയെ കിട്ടി. ഇന്ത്യയിൽ നിന്നുവന്ന ഒരു എഴുത്തുകാരനാണെന്നു പരിചയപ്പെടുത്തിയപ്പോൾ, വളരെ സന്തോഷത്തോടെയാണ് മറുപടി പറഞ്ഞത്. ''ഗ്രസ്സ് ആൽപ്‌സിന്റെ താഴ്‌വരയിലുള്ള വിശ്രമകാല വസതിയിൽ, പുതിയ നോവലിന്റെ പണിപ്പുരയിലാണ്, ഈ വർഷം ആർക്കും തന്നെ അഭിമുഖം അനുവദിക്കുന്നില്ല. അടുത്തവർത്തം ചിലപ്പോൾ ഒന്നുരണ്ടു ദിവസങ്ങൾ ജർമ്മനിയിലേക്കു തിരിച്ചുവന്നേക്കും. ഞാൻ അന്വേഷിച്ച് അറിയിക്കാം. താങ്കൾ എപ്പോഴാണ് തിരിച്ചുപോകുന്നത്?'

മറ്റൊന്ന് എന്റെ ഡൽഹി ജീവിതകാലത്ത് ഞാൻ നിത്യേനയെന്നോണം സന്ദർശിച്ചിരുന്ന ഒ.വി.വിജയൻ പറഞ്ഞതാണ്. ഒരുനാൾ കൂടെയിരിക്കുമ്പോൾ അദ്ദേഹത്തിന് അന്നത്തെ തപാൽ വന്നു. അവ ഓരോന്നായി പൊട്ടിച്ചുകൊണ്ടിരിക്കെ ഒരു ചെക്ക് എടുത്തുനോക്കി മേശവലിപ്പിലിട്ടു.

''അറ്റ്‌ലാന്റിക്കിൽ ഒരു കഥയെഴുതിയാൽ അയ്യായിരം ഡോളറാണു പ്രതിഫലം. കഥയുടെ പ്രതിഫലമായിട്ടാണെങ്കിലും അതിനുമാത്രമല്ല അവർ അതു നൽകുന്നത്. കഥയെഴുതാനുള്ള പ്രതിഭയുണ്ട്, അപ്പോൾ മറ്റു ജോലികൾക്കൊന്നും പോകാതെ കഥയിൽ മാത്രം ശ്രദ്ധിച്ച് അടുത്ത കഥ രചിക്കട്ടെ എന്നു വിചാരിച്ചാണ്,'' വിജയൻ തുടർന്നു. ''ഇവിടെയോ? സ്റ്റേഷണറിയുടെ പൈസ പോലും പ്രതിഫലമായി കിട്ടില്ല.''

എഴുത്തിന്റെ കാര്യത്തിൽ വലിയൊരു ജനാധിപത്യവൽക്കരണം നടന്നു എന്നതാണ് ശുഭോദർക്കമായ സംഗതി. സാമൂഹികമാധ്യമങ്ങളിലെ റീൽസിലൂടെയും മറ്റും ചില ജനപ്രിയ നോവലുകൾ ലക്ഷക്കണക്കിനു പ്രതികൾ വിറ്റു. അതുവരെയും അവഗണിച്ചിരുന്ന വൻകിട പ്രസാധകർ അവരുടെ പിന്നിൽക്കൂടി. മുതലാളിമാരെയെല്ലാം തൂക്കിക്കൊല്ലാൻ വിധിച്ചാൽ അവരിലൊരാൾ തൂക്കുകയർ വില്പന തുടങ്ങും എന്നാണല്ലോ കേൾവി! മിടുക്കനായ ഒരു പ്രമോട്ടർക്ക് ഇത്തരമൊരു 'സാഹിത്യപ്രതിഭാസം' സംഭവിപ്പിക്കാവുന്നതേയുള്ളൂ. ''യൂസ് ആൻഡ് ത്രോ,'' സംസ്‌കാരത്തിലേക്ക് സാഹിത്യത്തിന്റെ ഒരു ധാര സഞ്ചരിക്കുന്നുണ്ടെങ്കിൽ ആർക്കു ചേതം?

ഇതുവരെ എഴുതിയതെല്ലാം കഥാസമൃദ്ധമായിരുന്നുവല്ലോ. മറ്റൊരു അനുഭവകഥ കൂടി ചേർത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.

കുറച്ചു മാസങ്ങൾ മുമ്പ് ഒരുദിവസം എന്നെ വലിയൊരു പുസ്തകശാലയുടെ തലപ്പത്തുള്ള സുഹൃത്ത് വിളിച്ചു. കാര്യം ഇത്രയും: ഞാൻ അദ്ദേഹത്തിന് ഒരു സഹായം ചെയ്യണം. എന്റെ ഒരു സുഹൃത്തും മറ്റു മൂന്നു ചങ്ങാതിമാരും ചേർന്ന് ഒരു നല്ല പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നൂറു കോപ്പി മാത്രമേ അച്ചടിച്ചിട്ടുള്ളൂ എന്നാണ് അതച്ചടിച്ച പ്രസ്സിൽ നിന്ന് അറിഞ്ഞത്. നെറ്റിൽ നിന്ന് ആർക്കും ഡൗൺലോഡ് ചെയ്യാവുന്നതേയുള്ളൂ, അതൊന്നും പുസ്തകത്തിനു പകരമാവില്ലല്ലോ എങ്കിലും പകർപ്പവകാശം ഞങ്ങൾക്ക് കൈമാറുകയാണെങ്കിൽ ആയിരം കോപ്പി തുടക്കത്തിൽത്തന്നെ അച്ചടിക്കാൻ ഒരുക്കമാണ്. റോയൽറ്റിയുടെ പകുതി തുക അഡ്വാൻസായി നൽകാം. ഒന്നു സംസാരിച്ച് അറിയിക്കാമോ?

സുഹൃത്തിനെ വിളിച്ചു, കാര്യം പറഞ്ഞു.

''വേണ്ട, കുത്തകകൾ ആ പുസ്തകം അടിക്കേണ്ട,'' സുഹൃത്ത് അറുത്തുമുറിച്ചു പറഞ്ഞു.

''പുസ്തകം കൂടുതൽ ആളുകളിലേക്ക് എത്തില്ലേ? നല്ലതല്ലേ? ഗ്രന്ഥകർത്താവിന്റെ കുടുംബത്തിന് കുറച്ച് പൈസയും കിട്ടുമല്ലോ,'' ഞാൻ ചില വാദങ്ങൾ ഉന്നയിച്ചു.

''അതെല്ലാം ശരിതന്നെ,'' സുഹൃത്ത് പറഞ്ഞു, ''നിലപാടിന്റെ പ്രശ്‌നമാണ്.  കുത്തകകൾ ആ പുസ്തകം അച്ചടിക്കേണ്ട.''

''ശരി, പെൻഗ്വിൻ കാൾ മാർക്‌സിനെ അച്ചടിച്ച് ലക്ഷക്കണക്കിനു കോപ്പികൾ വിൽക്കുന്നുണ്ട്, പെൻഗ്വിൻ മാർക്‌സിസ്റ്റൊന്നുമല്ലല്ലോ.''

''അതല്ല. ഇതുവേണ്ട, പിടിവാശിയെന്നു വച്ചോളൂ,'' സുഹൃത്ത് മറ്റു വർത്തമാനത്തിലേക്കു കടന്നു.

ആരുടെ ഭാഗത്താണു ശരി? പുസ്തകം കൂടുതൽ ആളുകൾ വായിക്കണമെന്നാണു താല്പര്യമെങ്കിൽ എന്റെ ഭാഗത്താണു ശരി. വിറ്റുപോകുന്ന പുസ്തകങ്ങളിൽ കണ്ണുവെച്ച് ലാഭമുണ്ടാക്കുന്നത് എതിർക്കപ്പെടേണ്ടതെങ്കിൽ സുഹൃത്തിന്റെ ഭാഗത്താണ് ശരി.

അതായത്, ഏതു ഭാഗത്തുനിന്നു നോക്കുന്നു എന്നതാണ് ശരിയെ നിർണയിക്കുന്നത്. അല്ലാത്തൊരു ശരി ഇല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക