
നീണ്ട പാതയാണ്.
നേർത്തകല്ലുകളുടെ
കൊമ്പും
കൂർത്തമുള്ളുകളുടെ
അരികും..
അരികുപറ്റിയോടി
തീർത്ത തീവണ്ടിജീവിതം
കിതച്ചും പുകച്ചും
മുന്നോട്ട്..
ഇടയ്ക്കിടെ പ്ലാറ്റ്ഫോമിൽ
നിന്നുമെടുത്തു ചാടുന്നു..
ശ്വാസംകിട്ടാ
നിലവിളികൾ ഉയരുന്നു..
വാതിൽപ്പുറത്തെ ലോകകാഴ്ചകൾ..
തളം കെട്ടി നിൽക്കുന്ന
വീർപ്പുപ്പാടങ്ങൾക്ക്
മീതേ
നനഞ്ഞ കൊറ്റികൾ
ഒറ്റധ്യാനത്തിലമരുന്നു..
എന്റെ പാടങ്ങൾ
ഒരുപാടകലെയാണ്..
സൂര്യനസ്തമിക്കാത്ത
നാട്ടിൽ..
വിളയുന്ന വിത്തുകളിൽ
കിളയ്ക്കുന്ന മണ്ണകങ്ങളിൽ
ചേർപ്പ് നിൽപ്പിന്റെ
ചേർത്തുമിടിപ്പുകൾ..
നീയൊരു കാറ്റാണ്..
ഉദയമസ്തമിക്കാത്ത
താക്കോൽപഴുതിൽ
നിന്നിറ്റിറ്റ് വീഴും
മഴതുള്ളികൾ..
പേരറിയാകലത്തിൽ
അടുത്തും മറഞ്ഞുമെന്നേ
അകറ്റിയും ചേർത്തും
നിർത്തുന്ന ചേർപ്പ്..
ആകാശം മുട്ടെ
സങ്കടം.
ഇടിച്ചുനിൽപ്പിന്റെ
ചങ്കിടിപ്പ്.
നമ്മുടെ രാജ്യം
നീലിമ.
കവിതകളുടെ
ഈറൻ പെയ്യൽ..
ഈർപ്പമുള്ളയോർമ്മകൾ കളിവഞ്ചികളോഴുക്കുമ്പോൾ
നീ മലയുടെ
മുകളിൽ ധ്യാനബുദ്ധനോടൊപ്പം
നടപ്പ് തുടങ്ങുന്നു..
പുകയുന്ന ഒരു
ഭൂമിശാസ്ത്രം
നമുക്ക് മുന്നിൽ
പിടിമുറുക്കുന്നു..
കാറ്റിനെ തടുക്കാൻ
ഞാനാളല്ല..
കടലിന്റെ സൗന്ദര്യം
നീ പറയുമ്പോഴും..
കൊറ്റികളപ്പോഴും
കണ്ണടയ്ക്കുന്നു..
നിൽപ്പ് നീരിന്റെ
പക്ഷിശാസ്ത്രം..
പിറക്കാത്ത നാളേകളെ
നമുക്ക് മറക്കാം..
പിറന്നു വീഴുന്ന ഇന്നുകളുടെ
ഭംഗിയെ കുറിച്ച്
കവിതയെഴുതാം..
ജീവിതം ഗൗരവമുള്ള
ഒറ്റധ്യാനമല്ലെന്നുറപ്പിച്ചു
മലകയറാം..
വീണാൽ തീരുന്നേയുള്ളൂ എല്ലാം..
വീഴ്ച
ഒന്നാം പാഠമാക്കാം.
കൈത്തിരി
ഒന്നാം ബഞ്ചും..
ക്ലാസിനു പിറകിലിരിക്കുന്ന
കുട്ടി
ഓർമകളെ തോണ്ടുമ്പോൾ
ഉമ്മകളെ കൊണ്ട്
പാട്ടുപാടിക്കാം..
നീണ്ട പാതയാണ്.
വിണ്ടകാലടികളുടെ
ആൾത്താര..
പുകയുന്ന മുറിയിലപ്പോൾ
മരകുരിശിൽ
പേറിയൊരാൾ..
ചേർപ്പിന്റെ ജീവശാസ്ത്രം..
രക്ത സാക്ഷിത്വത്തിന്റെ
ജൈവഗന്ധം...