
ജീവിതത്തിലെ ഓരോ നാഴികക്കല്ലും പിന്നിടുമ്പോൾ ഒന്നു തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്. താണ്ടിവന്ന വഴികൾ കണ്ടൊന്നഭിമാനം കൊള്ളാൻ, തെല്ലൊന്ന് തല ഉയർത്തി നിൽക്കാൻ. കുറ്റങ്ങളും കുറവും ഉണ്ടെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാനൊക്കെ അത് സഹായിക്കും. തനിക്ക് ഈ ഭൂമിയിൽ അറുപതുവർഷം പൂർത്തീകരിക്കുവാനുള്ള അവസരം കൈവന്നപ്പോൾ, അറുപതിൻ്റെ ഓർമ്മയ്‌ക്ക് അതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള കഥകളിൽ നിന്നും അനുഭവക്കുറിപ്പിൽ നിന്നും അറുപതെണ്ണം തെരഞ്ഞെടുത്താണ് അറുപതിൽ അറുപത് എന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൽ കഥകൾക്കു പുറമേ ചില കവിതകളും ലേഖനങ്ങളും കൂടെ ഇടം പിടിച്ചിട്ടുണ്ട്.
താൻ കണ്ടചില കാര്യങ്ങൾ, കേട്ട ചില സത്യങ്ങൾ അതിൽ നിന്നും സഹജീവികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവ, അല്പസ്വല്പം അതിശയോക്തി കലർത്തി ഹാസ്യത്തിൻ്റെ മേമ്പോടി ചേർത്ത് ജനശ്രദ്ധയിൽ കൊണ്ടുവരുവാനുള്ള ശ്രമമാണ് ഈ കഥകൾ. ആദ്യകാല അമേരിക്കൻ മലയാളിയുടെ അനുഭവങ്ങൾ, ജീവിത രീതികൾ, പാളിച്ചകൾ ഇവയൊക്കെയാണ് കഥകൾക്ക് വഴിമരുന്നായത്. അനുഭവങ്ങളിൽ നിന്നും പാളിച്ചകളിൽ നിന്നും സ്വയം പഠിച്ച കാര്യങ്ങൾ കഥയായി വായനക്കാർക്കു ലഭിച്ചതിലൂടെ അവർക്കും ചിലതൊക്കെ പഠിക്കുവാനും ജീവിതത്തിൽ പ്രയോജനപ്പെടുത്തുവാനും സാധിക്കും.

കഥകൾ എഴുതിയ കാലഘട്ടങ്ങൾ തമ്മിൽ വലിയ അന്തരമുള്ളതിനാൽ ഓരോ കഥയും എഴുതിയ മാസവും വർഷവും കൂടെ ചേർത്തിട്ടുണ്ട്. ഒരു തലമുറയുടെ ഘട്ടംഘട്ടമായുള്ള ജീവിത രീതിയുടെ ഒരു ഏകദേശരൂപം ഇതിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും. അമേരിക്കൻ മലയാളിയുടെ ജീവചരിത്രത്തിൻ്റെ രേഖാചിത്രമാണ് ഈ കഥകൾ.
അമേരിക്കൻ മലയാളികളൂടെ ജീവിതത്തിൽ കാണപ്പെടുന്ന നർമ്മമധുരമായ അനുഭവങ്ങളെ ആർക്കും അലോസരം ഉണ്ടാക്കാത്ത വിധത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ അനിതരസാധാരണമായ കഴിവുള്ള ആളാണ് രാജു മൈലപ്രായെന്ന് ഇതിനോടകം എല്ലാവർക്കും അറിയാം. കാവ്യാത്മകവും, പ്രസാദമധുരവും ആയ ശൈലിയിലൂടെ സഹൃദയ ഹൃദയങ്ങളിൽ ദാർശനിക ചിന്തകൾ പാകിപ്പിടിപ്പിക്കുന്നവയാണ് ഇദ്ദേഹത്തിൻ്റെ കഥകൾ.
ഈ പുസ്തകത്തിലെ 'അവൻ കള്ളനെപ്പോലെ വന്നു' എന്ന കഥ 1976 ജനുവരിയിൽ എഴുതിയതാണ്. അമേരിക്കയിൽ ജോലിയുള്ള പണക്കാരിയും പരിഷ്‌ക്കാരിയുമായ കൊച്ചമ്മിണിയെ കല്ല്യാണം കഴിച്ച് അമേരിക്കയിലേക്ക് ആദ്യമായി വരുന്ന കൊച്ചാപ്പിയുടെ കഥയാണിത്. കൊച്ചമ്മിണിക്ക് സർപ്രൈസ് കൊടുക്കാനായിട്ടാണ് വരുന്നകാര്യം അവളെ അറിയിക്കാതെ വന്നത്. എങ്കിലും കൊടുത്ത സർപ്രൈസ് ഒരു ഒന്നൊന്നര സർപ്രൈസായിരുന്നു.

'ഒരു കവിയുടെ മരണം' എന്ന കഥ 1992 ഡിസംബറിൽ വെളിച്ചം കണ്ടതാണ്. കൃഷ്ണൻകുട്ടി എന്ന പാവത്താൻ പാർത്ഥസാരഥി എന്ന പേരിൽ പ്രശസ്തനായ കവിയാകുന്ന കഥയാണിത്. കവിയുടെ ജനനം മുതൽ മരണം വരെ വിവരിക്കുമ്പോൾ കളിയായും കാര്യമായും കവിയേയും സമൂഹത്തേയും വിമർശിക്കുന്നുണ്ട്. ഈ വിമർശനങ്ങളോക്കെ ഇന്നും പ്രസക്തമാണ്.
'ബട്ടൺസ്' എന്നത് വലുപ്പത്തിൽ വളരെ ചെറിയൊരു കഥയാണെങ്കിലും വിശാലമായ അർത്ഥതലങ്ങളുള്ള കഥയാണ്. ചെറുപ്പത്തിൽ കഥാനായകൻ്റെ ഷർട്ടിൽ മൂന്നു ബട്ടൺസുകളേ ഉണ്ടായിരുന്നുള്ളൂ. നാലോ അതിലധികമോ ബട്ടൺസുകളുള്ള ഷർട്ടിടുന്നവരെ കാണുമ്പോൾ സ്വോഭാവികമായും അസൂയ ഉണ്ടാകുമല്ലോ. വർഷങ്ങൾക്ക് ശേഷം അഞ്ചോ ആറോ നൂറോ ബട്ടൺസുള്ള ഷർട്ട് വാങ്ങിക്കാനുള്ള കഴിവുണ്ടായപ്പോഴേക്കും, ബട്ടൺസുകളുടെ ഭംഗി ആസ്വദിക്കാനുള്ള കഴിവും അവയുടെ നിറത്തെപ്പറ്റി ആലോചിക്കുവാനുള്ള സമയവും ഇല്ലാതായതായി കഥാനായകൻ പരിതപിക്കുന്നത് ഇന്നിൻ്റെയും അനുഭവമാണ്
വെൽക്കം ടു അമേരിക്ക, അളിയാ ഞാനും അച്ചനായി, പൂമുഖവാതിലിൽ, ഹരിത വിപ്ളവം, ദന്ത വിചാരം, സ്വർഗ്ഗവാതിൽ, അരിമണിപ്രാവ്, പുരോഹിതൻ തുടങ്ങിയയൊക്കെ ഈ സമാഹാരത്തിലെ മികച്ച കഥകളാണ്. എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് കഥകൾ പറഞ്ഞിരിക്കുന്നത്.
അമേരിക്കൻ മലയാളികൾക്കിടയ്‌ക്ക് ഇതിനകം തന്നെ ലബ്ധപ്രതിഷ്ഠ നേടിയ നർമ്മസാഹിത്യകാരനാണ് രാജു മൈലപ്രാ, പൊട്ടിച്ചിരിച്ചു കൊണ്ടു വെറുതെ വായിച്ചു പോകുന്ന കഥകൾ മാത്രമാണിവയെന്ന് കരുതുന്നത് ശരിയല്ല. പുറമേയുള്ള ഹാസ്യത്തിനു പിന്നിൽ ചില പ്രധാനപ്പെട്ട ജീവിത പാഠങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ലളിതാംബിക ഐ.എ.എസ് അഭിപ്രായപ്പെടുന്നു.
'സ്വതസിദ്ധമായ ഹാസ്യത്തിൻ്റെ ഉടമ' എന്നു പറഞ്ഞ് പ്രസിദ്ധനിരൂപകൻ പ്രൊഫ. എം. കൃഷ്ണൻ നായർ ഇദ്ദേഹത്തെ അഭിനന്ദിച്ചിട്ടുണ്ട്.
രാജുവിൽ പൊങ്ങച്ചം തീരെയില്ലാത്ത ഒരു സഹൃദയനുണ്ട്. അദ്ദേഹത്തിൻ്റെ ഹാസ്യരചനകൾ അതു വെളിവാക്കുന്നു. ചിരിപ്പിക്കാനും ചിരിക്കാനുമുള്ള കഴിവ് ദൈവം അറിഞ്ഞു നൽകിയതാണ്. അതങ്ങനെ നിലനിൽക്കട്ടെയെന്ന് പി. സി. സനിൽകുമാർ ഐ. എ. എസ്. ആശംസിച്ചിരിക്കുന്നു.
തൻ്റെ എഴുത്ത് കഥയാണോ കവിതയാണോ ലേഖനമാണോ എന്ന് നിരൂപകർ തർക്കിക്കുമ്പോഴും ഇദ്ദേഹം നിരന്തരമായ എഴുത്തിലൂടെ വായനക്കാരുടെ മനസ്സ് കീഴടക്കി മുന്നേറുകയാണ്.

രാജു മൈലപ്രാ (ജോർജ്ജ് വറുഗീസ്)
പത്തനംതിട്ട ജില്ലയിലെ മൈലപ്രാ പീടികയിൽ ഡോ. പി. റ്റി. ജോർജ്ജിൻ്റെയും സാറാമ്മ ജോർജ്ജിൻ്റെയും മകനായി 1951 ൽ ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും, റെയ് പൂർ രവിശങ്കർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
ബോംബെ സർദാർ പട്ടേൽ ഇംഗ്ളീഷ് മീഡിയം സ്‌കൂൾ, കൊട്ടാരക്കര കിംഗ്സ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1974 മുതൽ അമേരിക്കയിൽ കുടിയേറി. ഇപ്പോൾ ഫ്ളോറിഡായിലെ ജിബ്സൺൻ്റണിൽ താമസിക്കുന്നു.
മാധ്യമപ്രവർത്തകൻ, ഫ്രീലാൻസ് എഴുത്തുകാരൻ, 'അശ്വമേധം' ഓൺലൈൻ പോർട്ടലിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തനാണ്. വിവിധ സാമുദായിക സാംസ്‌കാരിക സാഹിത്യ സംഘടനകൾക്ക് നേതൃത്വം നൽകി. ഫൊക്കാനാ, ഫോമാ, ലാന കൺവെൻഷനുകളിലെ 'ചിരിയരങ്ങി' ൻ്റെ അവതാരകനായിരുന്നു.
ബാലസാഹിത്യം, കഥ, നാടകം, ലേഖനം തുടങ്ങിയ വിവിധ സാഹിത്യശാഖകളിൽ കേരളാ സെൻ്റർ സാഹിത്യ പുരസ്‌കാരം, ഇമലയാളിയുടെ ജനപ്രീയ എഴുത്തുകാരനുള്ള അവാർഡ്, ഫൊക്കാനയുടെ മുണ്ടശ്ശേരി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
എൻ്റെ ഹണി (കഥ), പിരിവിളക്കം (ലേഖനം), സ്നേഹത്തോടെ (കഥ) അച്ചൻകോവിലാറ് (നോവൽ), അന്നാമ്മച്ചേടത്തിക്കൊരുമ്മ (ഹാസ്യ നാടകം), എനിക്കു നരകം മതി (നാടകം), ആനപ്പാറ അവറാച്ചൻ (നാടകം), മൈലപ്രാക്കഥകൾ (കഥ), അറുപതിൽ അറുപത് (കഥ) തൂടങ്ങിയവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും നർമ്മലേഖനങ്ങളും കഥയും എഴുതുന്നു.
ഭാര്യ :- പുഷ്പ വറുഗീസ്, email :- geevee410@gmail.com