Image

വായനക്കാരന്‍റെ പുസ്തകം ; എഴുത്തുകാരന്‍റെ വെല്ലുവിളി (ഓണം സ്പെഷ്യല്‍: എസ് സുന്ദര്‍ദാസ്)

Published on 20 August, 2026
 വായനക്കാരന്‍റെ പുസ്തകം ; എഴുത്തുകാരന്‍റെ വെല്ലുവിളി (ഓണം സ്പെഷ്യല്‍: എസ് സുന്ദര്‍ദാസ്)

വായനക്കാരനും 21-ആം നൂറ്റാണ്ടിലെ മലയാളസാഹിത്യവും


ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജനിച്ച ശരാശരി
അല്ലെങ്കിൽ അതിൽ താഴെയുള്ള ഒരു വായനക്കാരന്റെ അനുഭവമാണ്
എന്റേത്. സ്‌കൂൾ പാഠപുസ്തകങ്ങളിലെ കഥകളും കവിതകളും ലേഖനങ്ങളും
കഴിഞ്ഞാൽ ചിത്രകഥാപുസ്തകങ്ങളിലൂടെയുമാണ് എന്റെ പരിമിതമായ
വായന പിച്ചവെച്ചെത്.. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും വീട്ടിൽ
പതിവായി വായിക്കപ്പെടുന്നതുകൊണ്ട് കേട്ടുമനസ്സിലാക്കിയവയായിരുന്നു..
കർക്കടകമാസത്തിൽ എല്ലാ ദിവസവും മുടങ്ങാതെ രാമായണം
വായിക്കുമായിരുന്നു. വായിക്കാനറിയാത്ത മുത്തശ്ശി കുട്ടികളെക്കൊണ്ട്
അത് വായിപ്പിക്കുകയായിരുന്നു. 

എം ടി ,സുഗതകുമാരി ,വിഷ്ണു നാരായണന്‍ നമ്പൂതിരി നയാഗ്രയില്‍

ഉച്ചാരണം ചെറുതായൊന്ന് പിഴച്ചാൽ പോലും മുത്തശ്ശി ഇടപെടും തിരുത്തും. മുത്തശ്ശി ആസന്നമരണയായി കിടക്കുമ്പോൾ നാട്ടുകാരനായ ഒരാൾ വന്ന് തലക്കൽ ഇരുന്ന് രാമായണം
പകുത്തെടുത്ത് വായിക്കുമായിരുന്നു. മരണാനന്തര സൽഗതിക്കായി നടത്തുന്ന
ഒരു ചടങ്ങാണ് അത്. അത്തരം ആസന്നമരണാവസ്ഥകളിൽനിന്ന് പലതവണ
മുത്തശ്ശി രക്ഷപ്പെട്ടു. അങ്ങനെ രക്ഷപ്പെട്ട ഒരവസ്ഥയിൽ ആ
രാമായണവായനക്കാരൻ വീട്ടിൽ വന്നപ്പോൾ മുത്തശ്ശി ചോദിച്ചു : " നീ എന്താ
അന്ന് വായിച്ചത്? പറപറച്ച എന്നോ. പപ്രച്ഛ നീയാരായച്ചുവന്നു കപേ എന്നല്ലേ
"വായിക്കാനറിയാത്ത മുത്തശ്ശി വായനക്കാരന്റെ ഭാഷായെ തിരുത്തുന്നു!!

മുട്ടത്തു വര്‍ക്കി 
             
ഹൈസ്ക്കൂൾ പഠനകാലത്താണ് വായന പതിവാകുന്നത്,
പാഠപുസ്തകങ്ങളുടെ പുറത്തേക്കുകൂടി അത് വ്യാപിക്കുന്നത്. നാട്ടിലെ
ഗ്രാമീണവായനശാലയിൽനിന്ന് ലഭ്യമായ പുസ്തകങ്ങളും വാരികകളും
പത്രങ്ങളും വായനയുടെ ഒരു പുതിയലോകം നൽകി. പാഠങ്ങളും
ഉപപാഠപുസ്തകങ്ങളുമായി ക്ലാസ്സിൽനിന്നുതന്നെ തകഴി, കേശവദേവ്, ബഷീർ,
ഉറൂബ്, കെ മാധവിയമ്മ, കാരൂർ തുടങ്ങി പല ഏഴുത്തുകാരെയും  പരിചയപ്പെടാൻ
ഞങ്ങളുടെ തലമുറയിലെ വായനക്കാർക്ക് കഴിഞ്ഞു. ക്ലാസ്സുകളിൽ
പരിചയപ്പെടാനാവാത്ത എഴുത്തുകാർ പലരുമുണ്ടായിരുന്നു.

ബഷീറും വി കെ എന്നും 

വായനശാലയുടെ അലമാരകളിൽ. ഡിറ്റക്ടീവ് നോവലുകൾ, ഹാസ്യരചനകൾ
(പി കെ രാജരാജവര്മയുടെ പഞ്ചുമേനോനും  കുഞ്ചിയമ്മയും പോലുള്ളവ )
മുട്ടത്തുവർക്കിയുടേതുപോലുള്ള ജനപ്രിയ നോവലുകൾ.
വിശ്വസാഹിത്യത്തിലെ പ്രമുഖ കൃതികളുടെ വിവർത്തനങ്ങൾ ആ
അലമാറകളുടെ മുകളില്‍ നിന്നും എത്തിപ്പിടിച്ച് വായിക്കുന്നവരും ഞങ്ങളുടെ
കൂട്ടത്തിൽ ഉണ്ടായിരുന്നു. വിക്ടർ യൂഗോയുടെ പാവങ്ങൾ, പേൾ എസ്
ബക്കിന്റെ നല്ലഭൂമി, ടോൾസ്റ്റോയിയുടെയും ഡോസ്റ്റോവ്സ്കിയുടെയും
നോവലുകൾ എന്നിവയൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവയോടൊപ്പം
മിക്കവരും കൈയിലെടുത്തിരിക്കാവുന്ന ഒരു പുസ്തകമാണ്
പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോ. അത് വിവർത്തനം ചെയ്തത്
മലയാളത്തിലെ "പൈങ്കിളി " നോവലുകളുടെ ചക്രവർത്തിയായി പലരും
വിശേഷിപ്പിച്ചിരുന്ന മുട്ടത്തുവർക്കിയായിരുന്നുവെന്നു  വളരെ
കാലത്തിനുശേഷമാണ് ഞാൻ മനസ്സിലാക്കിയത്. ഏറെ കാലത്തിനുശേഷം
മുട്ടത്തുവർക്കിയുടെ വീട്ടിൽ പോകാൻ ഒരവസരമുണ്ടായത് ഓർക്കുന്നു.അന്ന്
അദ്ദേഹം ജീവിച്ചിരിപ്പില്ലായിരുന്നു; എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ അവിടെ
ഉണ്ടായിരുന്നു. അവർ വർക്കിയുടെ വായനാമുറി എന്നെ
കാണിക്കുകയുണ്ടായി. ലോകക്ലാസ്സിക്കുകളുടെ ഒരു വലിയശേഖരം ആ
അലമാരികളിൽ തിങ്ങിനിറഞ്ഞിരുന്നു. അവയ്ക്കു നാടുവിലിരുന്നാണല്ലോ
അദ്ദേഹം പാടാത്ത പൈങ്കിളിയും മയിലാടുംകുന്നും കരകാണാക്കടലുമൊക്കെ
എഴുതിയത്!

മാധവിക്കുട്ടി 

ബഷീറും തകഴിയും ഉറൂബും എല്ലാം ഇരുപതാം നൂറ്റാണ്ടിന്‍റെ 
ആദ്യപകുതിയിൽത്തന്നെ എഴുതിത്തുടങ്ങിയതാണ്. എം ടി വാസുദേവൻനായർ
ആനൂറ്റാണ്ടിന്‍റെ  രണ്ടാമത്തെ പകുതിയിലെ എഴുത്തുകാരനാണ്. എം ടിക്ക്
ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഘട്ടത്തിൽ ഞാൻ മഹാകവി അക്കിത്തത്തോട്
ചോദിച്ചു,എന്താണ് എംടിയുടെ പ്രത്യേകത എന്ന് . "ആ ഭാഷ തന്നെ. ഓപ്പോൾ
എന്ന പേരുതന്നെ നോക്കൂ. ജ്യേഷ്ഠ സഹോദരിയെ പരാമർശിക്കാൻ
മലബാറിലെ ഒരു ഇത്തിരിവട്ടത്തിൽമാത്രം പ്രചാരത്തിലുള്ള ആ പദം
പ്രയോഗിക്കാനും കഥക്ക് ആ പേരുതന്നെ നൽകാനും എം ടി തയാറായി"
ബഷീറിനെയും തകഴിയേയും ഉറൂബിനെയും എല്ലാം അവരുടെ
ഭാഷകൊണ്ടുതന്നെയാണ് മലയാള വായനക്കാർ തിരിച്ചറിഞ്ഞത്.
ആധുനികതയുടെ കാലത്തും സവിശേഷമായ ഒരു ജീവിതവീക്ഷണം
പങ്കുവെക്കുമ്പോഴും ഭാഷയുടെ വ്യതിരിക്തത തന്നെയായിരുന്നു
എഴുത്തുകാരന്റെ വ്യക്തിത്വം.വി കെ എന്നിനെ നോക്കൂ, സവിശേഷമായ ആ
ഭാഷയല്ലാതെ മറ്റെന്താണ് വി കെ എൻ? ആധുനിക കഥാകൃത്തുക്കളിൽ ഞാൻ
ആദ്യം പരിചയപ്പെടുന്നവരിൽ ഒരാൾ എസ് വി വേണുഗോപൻ
നായരായിരുന്നു. എന്റെ അധ്യാപകൻകൂടിയായിരുന്ന അദ്ദേഹം അന്വേഷണം
മാസികയിൽ എഴുതിയ ഒരു കഥ. അക്കാലത്ത് പ്രമുഖ വാരികകളിൽ
ആധുനികര്‍ക്കു  അധികം പ്രവേശനമില്ലായിരുന്നു. അതുകൊണ്ട്
സമാന്തരമാസികകളിലും ലിറ്റിൽമാസികകളിലും പടപൊരുതിയാണ് പല
ആധുനിക കവികളും കഥാകാരന്മാരും ശ്രദ്ധനേടിയത്. ഒ വി വിജയൻ,സക്കറിയ ,
കാക്കനാടൻ, ആനന്ദ് തുടങ്ങി ഏറെപ്പേർ ഞങ്ങളുടെ വായനയുടെ
ഭാഗമായിത്തുടങ്ങി.

സച്ചിദാനന്ദന്‍  

ഞങ്ങളിൽ കവിതകൾ വായിക്കുന്നവർ കുറവായിരുന്നു. പാഠപുസ്തകങ്ങളിൽ
പരിചയപ്പെട്ട കവിത്രയങ്ങൾ, ജി, പി കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി,
ബാലാമണിയമ്മ, അക്കിത്തം, ഇടശ്ശേരി തുടങ്ങിയവർക്കാപ്പുറത്തേക്ക്
വായനയെ കൊണ്ടുപോകാൻ പലരും മിനക്കെട്ടില്ല. സാഹിത്യ
നിരൂപണത്തെപ്പറ്റി ഒട്ടും അറിയാതെതന്നെ പലരും ജീവിതത്തിന്റെ
കൃത്യാന്തരങ്ങളിലേക്ക് കടന്നു. കോളേജ് പഠനത്തിൽ പ്രവേശിച്ചവരും
അല്ലാതെതന്നെ വായനാശീലം തുടർന്നവർക്കുമായി കാലം ഒരു വലിയ
വിസ്മയം/ ആഘാതം കാത്ത് വെച്ചിട്ടുണ്ടായിരുന്നു: സാഹിത്യത്തിലെ
ആധുനികത, പ്രത്യേകിച്ചും കവിതയിലെ. ആധുനികകവികളെന്നനിലയിൽ
ഞാൻ ആരാദ്യം പരിചയപ്പെടുന്നത് എൻ എൻ കക്കാട്, ആർ രാമചന്ദ്രൻ
എന്നിവരെയാണ്. പുതു /ലിറ്റിൽ മാഗസിനുകളിലൂടെ ഒട്ടേറെ പുതിയ കവികൾ
രംഗത്ത് വന്നുകൊണ്ടിരുന്നു. അവയിലൂടെയാണ് സച്ചിദാനന്ദന്റെ കവിതകൾ
പരിചയപ്പെടുന്നത്. പിന്നീട് ആറ്റൂർ രവിവർമ, കെ ജി ശങ്കരപ്പിള്ള
തുടങ്ങിയവർ. രണ്ടുപേരും പട്ടാമ്പി കോളേജിൽ എന്റെ
അധ്യാപകനായിരുന്നു. അക്കാലത്താണ് കെ ജി എസ് ബംഗാൾ എഴുതുന്നത്.
പട്ടാമ്പിയിൽനിന്നുള്ള പ്രസക്തി മാസികയിലാണ് അത് പ്രസിദ്ധീകരിച്ചത്.
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ കഥയിലും കവിതയിലും
ഉണ്ടായ മാറ്റങ്ങളെയാണ് ആധുനികോത്തരത  എന്ന് പറയുന്നത്.
ആധുനികതയുടെ ഗഹനമായ ദാര്ശനികതയും സങ്കീർണതകളും ദുരൂഹതയും
വിട്ടൊഴിയുകയും സാഹിത്യം പുതിയ സാമൂഹിക സത്യങ്ങളെ കൈകാര്യം
ചെയ്യുകയും ചെയ്തുതുടങ്ങി. ദളിത്, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ
സാഹിത്യസൃഷ്ടികളിൽ ആവിഷ്കൃതമായി. ആധുനികതയുടെ കാലത്ത്
എഴുതിത്തുടങ്ങിയ കവികളും കഥാകൃത്തുക്കളും തന്നെയായിരുന്നു ഈ
മാറ്റത്തിന്റെ വക്താക്കളിൽ അധികവും.

ജി ശങ്കരക്കുറുപ്പ് 

മലയാളത്തിലെ സാഹിത്യനിരൂപണത്തിലും കാതലായ മാറ്റങ്ങൾ ഇക്കാലത്ത്
സംഭവിച്ചു. കുട്ടിക്ക്ര്ഷ്ണ മാരാരുടെയും ജോസഫ്  മുണ്ടശ്ശേരിയുടെയും
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും എസ്  ഗുപ്തന്‍ നായരുടെയും സുകുമാർ
അഴീക്കോടിന്റെയുമൊക്കെ  നിരൂപണരീതിയിൽനിന്നും
വ്യത്യസ്തമായി ആധുനികതയെയും ഉത്തരാധുനികതയെയും
വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന
പുതിയ നിരൂപകർ. അവരിൽ പ്രമുഖനാണ് കെ പി അപ്പൻ. വി രാജകൃഷ്ണൻ,
വി സി ശ്രീജൻ, പി കെ രാജശേഖരൻ തുടങ്ങി പലരെയും
എടുത്ത്‍ പറയേണ്ടതുണ്ട്. 1990-കൾക്കുശേഷം രൂപപ്പെട്ടുതുടങ്ങുകയും
പുതിയ നൂറ്റാണ്ടിൽ തുടരുകയും ചെയ്യുന്ന സാഹിത്യരംഗരത്തെ മാറ്റങ്ങളെ കെ
പി അപ്പൻ";അപാരമ്പര്യത്തിന്റെ ഉർജ്ജപ്രവാഹം"എന്ന് വിളിച്ചു.
പാരമ്പര്യത്തിൽനിന്നും പതിവുരീതികളിൽനിന്നും സാഹിത്യം എങ്ങനെ
വേറിട്ടുപോകുന്നു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.

1990-കളിൽനിന്നുള്ള ഒരു തുടർച്ചതന്നെയാണ് 21-ആം നൂറ്റാണ്ടിലെ മലയാള
സാഹിത്യം കഥയെയും കവിതയെയും സംബന്ധിച്ച്. എസ് ഹരീഷ്, പി വി
ഷാജികുമാർ, ഇ സന്തോഷ്‌കുമാർ, ബെന്യാമിൻ, കെ ആർ മീര, സന്തോഷ്
ഏച്ചിക്കാനം, ടി ഡി രാമകൃഷ്ണൻ തുടങ്ങിയ കഥാകൃത്തുക്കളും 
നോവലിസ്റ്റുകളും പി എൻ ഗോപീകൃഷ്ണൻ, പി പി രാമചന്ദ്രൻ, വി എൻ
ഗിരിജ തുടങ്ങിയവരൊക്കെ ഇപ്പോഴും ശ്രദ്ധേയരാണ്. പുതിയ എഴുത്തുകാർ
വന്നെത്തുന്നുമുണ്ട്. എന്നാൽ വിമര്ശനം കുറ്റിയറ്റുപോയ നിലയാണ്.
പ്രശംസയല്ലാതെ വിമര്ശനം നേരിടാൻ ഒരു എഴുത്തുകാരനും
ആഗ്രഹിക്കുന്നില്ല. തൊണ്ണൂറുകളിൽ സാഹിത്യത്തിലെ വൻ
വിഗ്രഹങ്ങളെപ്പോലും വിമർശിക്കുന്ന നിരൂപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ
ഓർമയിൽ വരുന്ന ഒരു പ്രധാന സംഭവം വി രാജകൃഷ്ണൻ ഒ എൻ വിയുടെ
ഉജ്ജയിനിയെ വിമര്ശിച്ചുകൊണ്ടെഴുതിയ നിരൂപണമാണ്.

അക്കിത്തം 

ഇന്ന് അങ്ങനെ ഒന്ന് എഴുതാനാകുമോ? എഴുത്തിൽ മാത്രമല്ല
സാഹിത്യസമ്മേളനങ്ങളിലും വിമർശനങ്ങളുടെ തീപ്പൊരി പാറിയിരുന്ന ഒരു
കാലമുണ്ടായിരുന്നു. അത്തരം വേദികളിൽ വിമര്ശകരായിരുന്നു ഗജവീരന്മാർ.
ഇന്ന് അതൊക്കെ അവിശ്വസനീയമായ ഓർമ്മകൾ മാത്രം.
ഒരു കാലത്ത് ലോക ക്ലാസിക്കുകൾ മാത്രമല്ല ഹിന്ദി, ബംഗാളി തുടങ്ങിയ
ഇന്ത്യൻ ഭാഷാ പുസ്തകങ്ങളും വ്യാപകമായി തോതിൽ മലയാളത്തിൽ
പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാൽ മലയാളത്തിൽ നിന്ന്
മറ്റുഭാഷകളിലേക്കോ? ആഗോളവൽക്കരണത്തിന്റെയും
വിവരസാങ്കേതികവിദ്യാവിസ്ഫോടനത്തിന്റെയും ഈ കാലത്ത്
മലയാളത്തിലെ പുസ്തകങ്ങളുടെ മികച്ച വിവർത്തനങ്ങൾക്ക് വലിയ
വിപണിസാധ്യതയുണ്ട്. റൊമാനിയൻ എഴുത്തുകാരനായ യൂജിൻ ഓ
ചിരോവിചിയുടെ (Eugen O. Chirovici) അനുഭവം ഓർമ്മവരുന്നു. റൊമാനിയൻ
ഭാഷയിൽ കറ്റാന്വേഷണ കഥകൾ എഴുതിയിരുന്ന അദ്ദേഹം അവിടത്തെ
വിപണന പരിമിതികൾ മറികടക്കാനായി ലണ്ടനിലേക്ക് താമസം മാറ്റുകയും
ഇംഗ്ലീഷിൽ "ഡി ബുക്ക് ഓഫ് മിറേഴ്സ് " എന്ന തന്റെ ആദ്യപുസ്തകം
പ്രസിദ്ധീകരിക്കുകയും അത് വൻ വിജയമാകുമായും ചെയ്തു. നമുക്ക്
അത്രയൊന്നും വേണ്ട നല്ല വിവർത്തനങ്ങൾ ഉണ്ടായാൽ മതി.

വി രാജകൃഷ്ണന്‍ 

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി വായനക്കാരന്റെ അവസ്ഥ എന്താണ്?
പുതിയ തലമുറയിലെ വായനക്കാരിൽ അധികവും പുസ്തകങ്ങളില്‍ നിന്ന് 
ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് മാറിക്കഴിഞ്ഞു. എന്നാൽ മിക്ക എഴുത്തുകാരും
അത് അംഗീകരിക്കാൻ തയാറായിട്ടില്ല . എന്നാൽ അനിവാര്യമാണ് ഈ മാറ്റം.
ഇപ്പോൾ വൻതോതിൽ പത്രമാസികകളെ ബാധിച്ചുകഴിഞ്ഞ ഈ പ്രശനം
അതിവേഗം പുസ്തകങ്ങളെയും ബാധിക്കും. പുതിയ സാഹചര്യത്തിൽ
ആഗോളതലത്തിൽ സാഹിത്യത്തിൽ നടക്കുന്ന ചലനങ്ങൾ വായനക്കാരന്
അതിവേഗത്തിൽ ലഭ്യമാകുന്നു. ഇത് ഒരു പുതിയ മൂല്യവിചാരത്തിന് അവനെ
പ്രേരിപ്പിക്കുന്നു അല്ലെങ്കിൽ പ്രാപ്തനാക്കുന്നു. അതായത് എഴുത്തിൽ
പ്രാദേശികമായ കൺകെട്ടുവിദ്യകൾക്ക് സ്ഥാനമില്ലാതായിരിക്കുന്നു.

എഴുത്തിന്റെ ഉടമസ്ഥാവകാശം തന്നെ പ്രശ്നത്തിലാകുന്ന ഒരു
സാഹചര്യമുണ്ട്. എ ഐ അഥവാ കൃത്രിമബുദ്ധി എഴുത്തിൽ എങ്ങനെ
ഇടപെടുന്നു എന്നതാണത്. പല എഴുത്തുകാരും എ ഐ യെ ഇന്ന് എഴുത്തിൽ
ഉപയോഗപ്പെടുത്തുന്നുണ്ട്. സയൻസ് ഫിക്ഷനുകളിൽ ഇത് വൻതോതിലുണ്ട്.
ജപ്പാനിൽ ഏറെ പ്രചാരമുള്ള മാൻഗ (manga) എന്ന വിളിക്കപ്പെടുന്ന ഗ്രാഫിക്സ്
നോവലുകളുടെ രചനകളിൽ ചില എഴുത്തുകാർ എ ഐ യെ ഉപയോഗിക്കുന്നു.
എ ഐ യെ ഉപയോഗിച്ച് ഒരു മുഴുവൻ നോവലോ കഥയോ
എഴുതിക്കാനുമാകും. എ ഐ യെ ഭാഗികമായി ഉപയോഗപ്പെടുത്തുന്ന
ഹൈബ്രിഡ് രചനകൾ ഇന്ന് അത്ര അസാധാരണമല്ലാതായിട്ടുണ്ട്.
പകർപ്പവകാശപ്രശ്നങ്ങളിലൊക്കെ വലിയ പൊളിച്ചെഴുത്തിന്റെ
ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

സുകുമാര്‍ അഴിക്കൊട്

പുതിയ വായനക്കാരന്റെ മനോനിലയും പരിഗണിക്കേണ്ടതാണ്. ന്യൂയോർക്ക്
ടൈംസിൽ ഈയുടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോർട്ട് വളരെ
ശ്രദ്ധേയമാകുന്നു.എസ് എം എസുകളും ചാറ്റുകളും ശീലമാക്കിയ
വായനക്കാർക്ക് ദീർഘ വാചകങ്ങൾ ഗ്രഹിക്കാൻ പ്രയാസമാണ്. 1958-ൽ
അമേരിക്കയിൽ പ്രസിദ്ധീകരിച്ച പാസ്റ്റർനാക്കിന്റെ ഡോക്ടർ ഷിവാഗോയുടെ
ഇംഗ്ലീഷ് വിവർത്തനത്തിലെ ഒരു ദീര്ഘവാചകം ഉദ്ധരിച്ചുകൊണ്ട് അത്
ഇന്നത്തെ വായനക്കാർക്ക് ഗ്രഹിക്കാൻ വിഷമമാണെന്ന് പഠനം പറയുന്നു.
ഇന്നത്തെ എഴുത്തുകാർതന്നെ ഇതുമനസ്സിലാക്കുന്നുണ്ട്. അവരുടെ
രചനകളിലെ വാക്യഘടന അത് വ്യക്തമാക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളവായനക്കാരന്റെ മനോഗതിയെയും
ആഭിമുഖ്യങ്ങളെയും മനസ്സിലാക്കാൻ കവിതയെയും ചെറുകഥയേയുംകാൾ
നോവലുകളെ ആശ്രയിക്കുന്നതാകും നല്ലത്.ഇന്ന് മാധ്യമങ്ങളിലും
പൊതുവേദികളിലും ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന സാഹിത്യവിഭാഗം
നോവലാണ്. നോവൽ നൽകുന്ന സമഗ്രാനുഭവത്തിൽ അഭിരമിക്കുന്നവരാണ്
വായനക്കാർ അധികവും. കഥാപാത്രങ്ങളുടെ ആന്തരിക ലോകത്തെ എങ്ങനെ
സവിശേഷമായും സൂക്ഷ്മമായും നോവലിസ്റ്റ് ആവിഷ്കരിക്കുന്നു
എന്നതിലാണ് വായനക്കാരന്റെ കൗതുകം . സമീപകാലത്തെ
ചിലനോവലുകൾ പരിശോധിക്കാം. ആധുനിക ജീവിത സമസ്യകൾ
തീവ്രതയോടെ ആവിഷ്കരിക്കാൻ പുരാണ കഥാ സന്ദര്ഭങ്ങളെയും
കഥാപാത്രങ്ങളെയും നോവലിസ്റ്റ് ഉപയോഗിക്കുന്നു. അംബ എന്ന
ഒരമ്മയുടെയും ഓട്ടിസം ബാധിച്ച, യുവാവായ അവരുടെ മകന്റെയും
കഥയാണിത്. മഹാഭാരതത്തിലെ സഹനത്തിന്റെ പ്രതിരൂപമായ അംബയുടെ
ആധുനികകാലത്തെ ജന്മമായാണ് നോവലിസ്റ്റ് അവരെ അവതരിപ്പിക്കുന്നത്.
നമ്മുടെ കാലഘട്ടത്തിലെ ഒരു സ്ത്രീയുടെ സഹനങ്ങൾക്ക് അതിലൂടെ  പുതിയ
ആഴവും വ്യാപ്തിയും ദീപ്തിയും നോവലിസ്റ്റ് നൽകുന്നു. മഹാഭാരതത്തിലെ
ഭൂപടത്തിലില്ലാത്ത, അല്ലെങ്കിൽ നമുക്ക് പരിചിതമല്ലാത്ത. ഒരു ഇടമാണ് ആർ

രാജശ്രീയുടെ ആത്രേയകം. നോവലിലെ കഥാപാത്രങ്ങൾ ഇതിഹാസത്തിൽ നാം
പരിചയപ്പെട്ടതുപോലുള്ളവരല്ല. കഥാപാത്രങ്ങളെ മെനഞെടുക്കാനും 
സന്ദർഭങ്ങൾക്ക് രൂപം നൽകാനും നോവലിസ്റ്റിന് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ
ആഘോഷമാണ് ഈ നോവൽ. കാലവും ദേശവും മാറിയാലും മാറാത്ത
ദാരുണമായ മനുഷ്യാവസ്ഥയെ വായനക്കാരൻ സ്വന്തം
അനുഭവമണ്ഡലത്തിൽനിന്നുതന്നെ മനസ്സിലാക്കുന്നു.

കെ പി അപ്പന്‍ 

വായനയെ ഒരു വ്യത്യസ്താനുഭവമാക്കുന്ന നോവലാണ് പി വി
ഷാജികുമാറിന്റെ മരണവംശം. ഏർക്കാന എന്ന സാങ്കല്പിക ഗ്രാമത്തിലെ
ഭൂതാവേശിതമായ ജനജീവിതം. ദൈവങ്ങളും മനുഷ്യരും വ്യവഹരിക്കുന്ന
വൈകാരിക പ്രധാനമായ അനുഭവലോകാം. ഇതിൽനിന്നും വളരെ
വ്യത്യസ്തമാണ് എസ് ഹരീഷിന്റെ പട്ടുനൂൽപ്പുഴു എന്ന നോവൽ. സാംസ്
എന്ന പതിമൂന്നുകാരനാണ് പ്രധാന കഥാപാത്രം. അവന്റെ ഭാവനാലോകവും
അവനെച്ചുറ്റിനിൽക്കുന്ന ലോകവും തമ്മിലുള്ള സംഘർഷമാണ് നോവലിൽ
ആവിഷ്കൃതമാകുന്നത്. സാധാരണമെന്ന് നമുക്ക് തോന്നാവുന്ന
ജീവിതാവസ്ഥകളിലെ, നമുക്ക് ആഘാതമാകാവുന്ന അസാധാരണത്വം
വെളിപ്പെടുത്തുന്ന ആവിഷ്കരണരീതിയാണ് ഹരീഷിന്റേത്.
സമകാലീന മലയാളനോവൽസാഹിത്യത്തിലെ ഈ വൈവിധ്യതയായിരിക്കാം
വായനക്കാരനെ ആകർഷിക്കുന്നത്. ഭാഷയിലും ആവിഷ്കരണരീതിയിലും
വ്യത്യസ്തമായിരിക്കുമ്പോൾത്തന്നെ അവയെല്ലാം നമ്മുടെ
ജീവിതാനുഭങ്ങളുടെ വിശാലഭൂമികയിൽ വേരുകൾ പടർത്തുന്നവയാണ്.
അച്ചടിച്ച പുസ്തകങ്ങളുടെ കാലം അവസാനിച്ചാലും വായന തുടരും.

പുതിയ ഫോര്മാറ്റിലേക്ക് വായനക്കാർ മാറും. ഇ -ബുക്കുകൾ
സര്‍വ്വ സാധാരണണമായിക്കഴിഞ്ഞ് സാഹചര്യത്തിൽ വായനക്കാരനു  വലിയ
പ്രശ്നമൊന്നുമില്ല. കൂടുതൽ പരിസ്ഥിതിസൗഹൃദമായ ഒരു
വായനസംസകാരത്തിലേക്ക് അവൻ പ്രവേശിക്കും എന്നാലും
അച്ചടിപുസ്തകങ്ങൾ അത്രവേഗം നാടുനീങ്ങുമോ? ജപ്പാനിൽ
ഗ്രാഫിക്സ് നോവലുകൾ വൻ തോതിലാണ് വിറ്റഴിയുന്നത്. കൂടാതെ അവയുടെ
ഡിജിറ്റൽ പതിപ്പുകളും. ഇക്കഴിഞ്ഞ ദിവസം കണ്ട ഒരു പത്രവാർത്ത
അനുസരിച്ച് ജപ്പാനിലെ kodansha limited, Dai Nippon printing company limited എന്നിവ
ഇന്ത്യയിൽ അവരുടെ ഗ്രാഫിക്സ് നോവലുകൾ മലയാളമടക്കമുള്ള ഭാഷകളിൽ
വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനായി ഒരു ഇന്ത്യൻ കമ്പനിയുമായി
കരാറിലേർപ്പെട്ടിരിക്കുന്നു. അമര്ചിത്രകഥയുടെയും മറ്റും പാരമ്പര്യമുള്ള
ഇന്ത്യൻ പുസ്തകവിപണിയിൽ നല്ല സാധ്യതയാണ് അവർ കാണുന്നത്.
ഇന്നത്തെ വായനക്കാരന്റെ മനോനില, അഭിരുചി എന്നിവയൊക്കെ
കണക്കിലെടുക്കുമ്പോൾ അത് അസ്ഥാനത്തതാകാനും ഇടയില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക