Image

ഘടികാരം പാടുന്നു (ഓണം സ്പെഷ്യല്‍ കവിത: സീന ശ്രീവത്സൻ)

Published on 20 August, 2026
ഘടികാരം പാടുന്നു (ഓണം സ്പെഷ്യല്‍ കവിത: സീന ശ്രീവത്സൻ)

കൈമറിഞ്ഞന്യമായൊരു കടലാസിൽ

സമയം ഒട്ടിപ്പിടിച്ചതാണ് .

ചിതറിപ്പോയില്ല !

മരിച്ചു പോയില്ല!  


തൊണ്ണൂറ്റിമൂന്ന് വർഷങ്ങൾ _

ഭൂമിയുടെ  ഉള്ളറകളിലേയ്ക്ക് വലിച്ചെടുക്കപ്പെട്ട

ഒരു ശ്വാസം പോലെ

അതവിടെ മറപറ്റിയിരുന്നു .

നഗരങ്ങൾ പുകയുടെ ഭാഷ

പഠിച്ചു കൊണ്ടിരിക്കുന്ന

ഈ സമയത്ത്

യുദ്ധകാഴ്ചകൾക്കിടയിൽ

പത്രത്തിന്റെ

ഒടുവിലത്തെത്താളിലൊരറ്റത്ത്  

ലോർക്കയെ വായിയ്ക്കുന്നു.

നീലിച്ചധമനികളിൽ

തകർന്ന കെട്ടിടത്തിനുള്ളിലെ

ഇനിയും നിലയ്ക്കാത്ത

ഘടികാരത്തിന്റെ ഞരക്കം പോലെ

ജീവിതം നിൽക്കുന്നു.

"ഈ ഭയത്തിനുള്ളിൽ

നീ ആരെയാണ് ഒളിപ്പിക്കുന്നത്"?

പുകഞൊറിവുകൾക്കിടയിൽ

മങ്ങിപ്പോയൊരു  കടലാസ്  പിടയ്ക്കുന്നു.
--------

*ഈയിടെകണ്ടെടുത്ത ലോർക്കയുടെ കവിത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക