Image

ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് (രചയിതാവ്: അശ്വതി ജോയ് അറയ്ക്കൽ) -ബുക്ക് റിവ്യൂ തയാറാക്കിയത്: രേഷ്മ ലെച്ചൂസ്‌

Published on 20 August, 2026
ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് (രചയിതാവ്: അശ്വതി ജോയ് അറയ്ക്കൽ) -ബുക്ക് റിവ്യൂ തയാറാക്കിയത്: രേഷ്മ ലെച്ചൂസ്‌

പബ്ലിഷർ: K Zero Publications
 പേജുകൾ: 120 | വില: ₹200


ജീവിതപാതയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യർക്ക് എത്രയെത്ര മുഖങ്ങളാണ്! ആർക്കും വേഗത്തിൽ പിടികൊടുക്കാത്ത, ഉള്ളിലിരിപ്പ് പുറത്തുകാണിക്കാത്ത മുഖങ്ങൾ. ചിന്തിച്ചുനോക്കിയാൽ എല്ലാവരിലും കാണില്ലേ അത്തരം ചില ഇരട്ടമുഖങ്ങൾ?
ഈ പുസ്തകത്തിലെ ഓരോ കഥയും കെട്ടുകഥകളല്ല, മറിച്ച് പച്ചയായ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. ജീവിതസാഹചര്യങ്ങൾ കാരണം അങ്ങനെയൊക്കെയോ ജീവിച്ചുതീർക്കാൻ നിർബന്ധിതരായ സാധാരണക്കാരുടെ അനുഭവങ്ങൾ.

1. റോസിലി
പെണ്ണിന് എത്രത്തോളം യാതനകൾ സഹിക്കാൻ കഴിയും? "നാളെ എല്ലാം ശരിയാകും" എന്ന ഒരൊറ്റ പ്രതീക്ഷയിലല്ലേ ഓരോ സ്ത്രീയും ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നത്? എന്നിട്ടും റോസിലിയെപ്പോലുള്ളവർക്ക് കണ്ണീര് മാത്രമാണ് ബാക്കിയാകുന്നത്. എന്തു സംഭവിച്ചാലും തെറ്റുകാരി പെണ്ണാണെന്ന സമൂഹത്തിന്റെ ചിന്താഗതി, "മുള്ള് വന്നു ഇലയിൽ വീണാലും കേട് ഇലയ്ക്കാണ്" എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു.

തന്റെ ഡയറിയിൽ അവൾ കുറിച്ച വാക്കുകൾ ഏതൊരു അമ്മയുടെയും ഉള്ളുലയ്ക്കുന്നതാണ്: "നോവറിഞ്ഞു പെറ്റ അമ്മയാണ് ഞാൻ. ഞാൻ പോലുമറിയാതെ എന്റെ ഉദരത്തിൽ ഞാൻ ചുമന്നവൻ. എന്റെ സങ്കടങ്ങളും കഥകളുമെല്ലാം ഞാൻ അവനോട് പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും, എന്റെ മകൻ എത്രയോ കുഞ്ഞുങ്ങളെയാണ് നോവിച്ചത്! ആ കുഞ്ഞുങ്ങളിലൊക്കെയും എന്റെ സ്വന്തം മുഖമായിരുന്നു. സ്വന്തം മകന് ഇങ്ങനെയൊരു പൈശാചിക മുഖമുണ്ടെന്ന് തിരിച്ചറിയാൻ കഴിയാതെപോയതിൽ എനിക്ക് വലിയ കുറ്റബോധമുണ്ട്. എന്നാൽ അവനെ ഇല്ലാതാക്കിയതിൽ എനിക്കൊട്ടും സങ്കടമില്ല. കാരണം, പാപത്തിന്റെ ശമ്പളം മരണമാണ്. ഇനിയിവിടെ ഒരു ആണിനും, അത് പെൺകുഞ്ഞാകട്ടെ മുതിർന്ന സ്ത്രീയാകട്ടെ, അവരുടെ അനുവാദമില്ലാതെ തൊടാൻ ഭയം തോന്നണം. അതിന് ഞാൻ തുടക്കമിടുകയാണ്. ഇതുപോലെ ചിന്തിക്കുന്ന അമ്മമാർ ഉണ്ടായാൽ, തെറ്റ് ചെയ്യാൻ തുനിയുന്ന ഏതൊരു മകനും ഒരു നിമിഷം ഭയക്കും."

2. ജാതിവേലികൾ
സ്വതന്ത്ര ഇന്ത്യയിലെ ബിഹാർ എന്ന സംസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചകൾ ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്. വിശപ്പ് എന്ന പ്രാഥമിക വികാരത്തിനു മുന്നിൽ പൊരുതുന്ന മനുഷ്യർക്ക് എന്തിനാണ് വിദ്യാഭ്യാസം? ഇതിനിടയിലും ജാതിയുടെ പേരിൽ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. വിശപ്പില്ലാത്ത ഒരു രാജ്യമാണ് നമ്മുടേതെന്ന് പറയാൻ കഴിയില്ലെങ്കിലും, ഈ കാര്യത്തിൽ നമ്മുടെ കേരളം എത്രയോ ഭേദമാണ്. വിശപ്പിന്റെ സങ്കടം അത് അനുഭവിക്കുന്നവനു മാത്രമേ മനസ്സിലാകൂ.

3. ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ്
പെണ്ണായി ജനിച്ചാൽ കടമ്പകൾ ഏറിയ പാതയിലൂടെ വേണം സഞ്ചരിക്കാൻ. മകളായി, ഭാര്യയായി, അമ്മയായി നീളുന്നതാണ് അവളുടെ യാത്ര. വിവാഹശേഷം സ്വന്തം ആഗ്രഹങ്ങളെയെല്ലാം മാറ്റിവെച്ച് അവൾ ആ വീടിനുള്ളിൽ ഒതുങ്ങുന്നു. പുറമെ കാണുന്ന ഭംഗിയൊന്നുമല്ല അകത്തുള്ളത്. ദിവസങ്ങളുടെ കണക്കറിയില്ലാതെ ഒറ്റയ്ക്ക് ആ വീടിന് കാവലിരിക്കുമ്പോൾ, ആ ഏകാന്തത അവളെ ഭ്രാന്തിയാക്കുന്നു. "അവൾക്കെന്താ പണി, വീട്ടിൽ വെറുതെയിരുന്ന് തിന്നാമല്ലോ" എന്ന് പുച്ഛിക്കുന്നവരുണ്ട്. സ്വന്തം വസ്ത്രം പോലും കഴുകാൻ മടിക്കുന്ന, എല്ലാം വിളമ്പി മുന്നിലെത്തിക്കണമെന്ന് നിർബന്ധമുള്ള ചില പുരുഷന്മാർ ഇപ്പോഴുമുണ്ട്. ഒരു ദിവസം പെണ്ണിന് വയ്യാതെ കിടന്നാൽ ആ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എത്ര പേർ തയ്യാറാകും? അവളൊന്ന് മരിച്ചാൽ ആ ചിതയടങ്ങും മുൻപ് അടുത്ത വിവാഹത്തിന് ആണുങ്ങൾ തിടുക്കം കൂട്ടുന്നത് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ അറിയാത്തതുകൊണ്ടാണ്.

4. സ്നേഹം കൊണ്ട് മുറിവേറ്റവർ
ചില മനുഷ്യർ സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരുടെ സ്വപ്നങ്ങളെ എത്ര നിസ്സാരമായിട്ടാണ് തച്ചുടയ്ക്കുന്നത്! ആത്മാർത്ഥമായ സ്നേഹം പോലും വഴിയിൽ വെച്ച് ഉപേക്ഷിക്കപ്പെടുന്ന കാലമാണിത്. സ്വന്തം മക്കളുടെ ഇഷ്ടപ്പെട്ട വസ്ത്രം, നിറം, കരിയർ എന്നിവപോലും മാതാപിതാക്കളുടെ സ്വാർത്ഥതയിൽ പൊലിഞ്ഞുപോകുന്നു. ചിലർക്ക് സ്നേഹം എന്നത് മറ്റുള്ളവരെ സ്വന്തം ഇഷ്ടത്തിന് ചലിപ്പിക്കുന്ന ഒരു ആയുധം മാത്രമാണ്.

5. ഇരട്ടമുഖമുള്ള പെണ്ണുങ്ങൾ
ഇന്നത്തെ ലോകത്ത് ആരെയാണ് വിശ്വസിക്കേണ്ടത്? പ്രത്യേകിച്ച്, കൂടെനിന്ന് ഇരട്ടമുഖം കാണിക്കുന്ന സ്ത്രീകളെ തിരിച്ചറിയാൻ പ്രയാസമാണ്. തങ്ങൾക്ക് കിട്ടുന്ന അംഗീകാരമോ സന്തോഷമോ മറ്റാർക്കും കിട്ടരുത് എന്ന് കരുതുന്നവർ. "ഞാനില്ലെങ്കിൽ ഈ വീട്ടിൽ ഒന്നും നടക്കില്ല" എന്ന അഹങ്കാരവും, സ്നേഹം നടിച്ചു വഴക്കുണ്ടാക്കാനുള്ള മിടുക്കും ഇക്കൂട്ടർക്കുണ്ട്. നാണയത്തിന് രണ്ടു വശങ്ങളുള്ളതുപോലെ, കാര്യങ്ങളുടെ ഇരുവശവും കേട്ടതിനു ശേഷം മാത്രം തീരുമാനമെടുക്കുക. കാരണം ഇരട്ടമുഖമുള്ളവർ അവർക്ക് അനുകൂലമായ ഭാഗം മാത്രമേ എപ്പോഴും പറയൂ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക